ആറ് വാക്കുകളിൽ ഒരു പ്രണയ നഷ്ടത്തെ ആവിഷ്കരിക്കുന്നതെങ്ങനെ!
ടോണിയുടെ ‘നമ്മള് ഉമ്മവച്ചതിന്റെ ചോര #ഹാഷ്ടാഗ് കവിതകള്‍’ എന്ന പുസ്തകത്തിന് ജിസ ജോമോൻ എഴുതിയ വായനാനുഭവം
ഹാഷ്ടാഗ് കവിതകൾ എന്നാണ് ഈ ചെറു പുസ്തകത്തിലെ വരികളെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഹാഷ്ടാഗ് എന്നത് പുതിയ കാലത്തിന്റെ ഒരു പദമാണ്. സമൂഹമാധ്യമങ്ങളിൽ പ്രയോഗിക്കപ്പെടുന്ന ഒരു സങ്കേതമാണ് അതെന്നു നമുക്കറിയാം.
പ്രണയവും മരണവും വിരഹവും ഏകാന്തതയുമെല്ലാം ഈ പുസ്തകത്തിൽ ഹാഷ്ടാഗുകളിൽ പ്രത്യക്ഷപ്പെടുന്നു.
നാലു വരികളുള്ള ഹൈക്കുകളാണ് ഈ ഹാഷ്ടാഗുകളിൽ മിക്കതും. അവയിൽ തന്നെ മിക്കവയും കവി സമൂഹമാധ്യമങ്ങളിൽ ആദ്യം കുറിച്ചവയുമാണ്. ഫെയ്സ്ബുക് സ്ഥാപകനായ മാർക്ക് സുക്കർബർഗിന് ആമുഖത്തിൽ പ്രത്യേകം നന്ദി പറയുന്നുമുണ്ട്.
നിമിഷത്തോന്നലുകൾ എന്നാണ് തന്റെ വരികളെ കവി വിശേഷിപ്പിക്കുന്നത്. അതു ശരിയുമാണെന്നു നമുക്കു തോന്നുകയും ചെയ്യും. അപ്പോഴപ്പോഴുള്ള വിങ്ങലുകൾ, നഷ്ടബോധങ്ങൾ, ശ്വാസംമുട്ടലുകൾ, ഫലിതോക്തികൾ, കുസൃതിത്തോന്നലുകൾ ഒക്കെ ഇതിൽ മിന്നി മറയുന്നതും അതുകൊണ്ടാണ്.
ഫുൾമൂൺ എന്ന ഹാഷ്ടാഗിലുള്ള വരികൾ ഇങ്ങനെയാണ്:
പൂക്കൾ
ഉണരുന്നതേയുള്ളൂ,
രാത്രി മുഴുവൻ
നിലാവുമായി
നീണ്ട ചാറ്റിലായിരുന്നു.
പുതിയ കാലത്തിന്റെ ഇമേജറികൊണ്ടാണ്, നമുക്കു ചിരപരിചതമായ നിലാവിനെയും അതിലേക്ക് ഉണർന്നിക്കുന്ന പൂവിനെയും അവതരിപ്പിക്കുന്നത്.
രാത്രിമുഴുവൻ നിലാവുമായി അങ്ങനെ ചാറ്റു ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു പൂവിനെ സങ്കൽപിക്കുക എന്തു രസമാണ്; അവരുടെ പ്രണയസന്ദേശങ്ങൾ എന്തായിരിക്കും എന്നാലോചിക്കുന്നതും!
പ്രണയത്തിൽ അവനവൻ ഇല്ലാതാവുമെന്നോ ഇരുവർ ഒന്നായിത്തിരുമെന്നോ ഒക്കെ പറയാറുണ്ടല്ലോ. വളരെ കൗതുകരമായമാണ് കവി ആ സങ്കൽപത്തെ ആവിഷ്കരിക്കുന്നത്. ‘ഗന്ധം’ എന്ന ഹാഷ്ടാഗിൽ അയാൾ ഇങ്ങനെ എഴുതുന്നു,
എന്നെ മണത്തു;
നിന്റേതെന്നു കരുതിയ
അതേ മണം.
അത്രയേറെ ലളിതമായി ആ ഇഴുകിച്ചേരലിനെ, ഒന്നാകലിനെ മറ്റെങ്ങനെ ആവിഷ്കരിക്കാനാണ്!
അത്രമേൽ സെൻഷ്വലായ ഈ വരികളിൽനിന്നു ഒരു വലിയ ചാട്ടമാണ് ‘റൺ ഓവർ’ എന്ന ഹാഷ്ടാഗിലുള്ള അടുത്ത വരികൾ, റൺ ഓവർ എന്ന ഹാഷ്ടാഗ് കൂടി ചേർത്തു വായിക്കണം:
‘‘കാട്ടിൽ
ഉപേക്ഷിക്കപ്പെട്ട
തീവണ്ടിപ്പാതയിൽ
കൈകൾ കോർത്തു
നടക്കുമ്പോഴായിരുന്നു’’
പെട്ടെന്ന് ഒരു തീവണ്ടി ചീറിപ്പാഞ്ഞ് അവരുടെ മേൽ കയറിയിറങ്ങിപ്പോകുന്നതു കാണുമ്പോഴെന്ന പോലെ നമ്മുടെ മനസ്സ് ഞെട്ടി വിറയ്ക്കുന്നു! ഇത്തരം നടുക്കങ്ങൾ ഈ പുസ്തകത്തിലെ പല വരികളിലും ഒളിപ്പിച്ചു വയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വരികൾ നോക്കൂ:
#ഞാൻ
‘‘ഷോകളെല്ലാം കഴിഞ്ഞ്
അടച്ചു പൂട്ടിയ
തിയറ്ററിലെ സ്ക്രീനിൽ,
അറിയാതെ തെളിഞ്ഞു വന്ന
ഇരുണ്ട ഫ്രെയിമിലെ
ഒറ്റക്കഥാപാത്രം!’’
അടച്ചു പൂട്ടിയ തീയറ്ററാണ്, ഓഫായ സ്ക്രീനാണ്, അവിടെ തെളിയുകയാണ്, ഒറ്റക്കഥാപാത്രം മാത്രമുള്ള ഒരു പ്രേതസിനിമ.
ഏകാന്തതയുടെ എത്ര ലെയറുകളാണ്, എത്ര ഭീതിതമാണത്.
ഇതേ എകാന്തതയെ വളരെ ലളിതമായും കവി ആവിഷ്കരിച്ചിട്ടുണ്ട്,
‘‘കാണുന്നില്ലേ
എന്നെ?
എകാന്തതയുടെ
ഒരു ബീച്ച്,
അതിന്റെ
തീരത്തിരിക്കുകയാണു
ഞാൻ! ’’
മറ്റൊരിടത്ത് ഇങ്ങനെയും:
‘‘തൊട്ടുതൊട്ടൊഴുകുന്ന
രണ്ടപരിചിത നദികൾക്കിടയിലെ
ഒറ്റത്തുരുത്തിൽ
എക ജീവിയായുണ്ട്
ഞാൻ! ’’
ഏകാന്തതയുടെ ബീച്ച്, ഒറ്റത്തുരുത്ത്, അപരിചിത നദികൾ, ഏക ജീവി – ജീവിതത്തിൽ കടന്നു പോകുന്ന ഏറ്റവും നിസ്സഹായമായ സങ്കടഭരിത നിമിഷങ്ങളിലെ നമ്മളെത്തന്നെ വരച്ചു കാട്ടാൻ ഈ വരികൾ പ്രയോജനപ്പെടില്ലേ?
ഈ പുസ്തകത്തിൽ നിരന്തരം കടന്നുവരുന്നുണ്ട്, നീ എന്ന കഥാപാത്രം. ഒരുപാടു കവിതകൾ ആ അവളെ/അവനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതുമാണ്.
‘സെഡേറ്റിവ്’ ഹാഷ്ടാഗിൽ കവി എഴുതുന്നു,
ഉറങ്ങാം,
നിന്നെ മറക്കാനുള്ള
മരുന്നു കൂടി തരൂ.
6 വാക്കുകളിൽ ഒരു പ്രണയനഷ്ടത്തെ ഇതിലേറെ തീവ്രമായി ആവിഷ്കരിക്കുന്നതെങ്ങനെ! മരണത്തിന്റെ കൂടി സൂചന കലർന്നതെന്നു തോന്നിപ്പിക്കുന്ന പ്രണയനഷ്ടത്തിന്റെ തീവ്ര ബിംബകൽപനകൾ വേറെയുമുണ്ട്. ഒരുദാഹരണം നോക്കൂ,
വീട് എന്ന കവിത:
നീയില്ലാത്ത
നിന്റെ വീട്ടിൽ
വരണം;
നിന്റേതായിരുന്ന
ഏകാന്തതയിൽ
തനിച്ചിരിക്കണം.
അവൻ/അവൾ ഇല്ല. അവന്റെ / അവളുടെ ഏകാന്തതയുമില്ല. അത് ഭൂതകാലത്തിലാണ്. ആ ഏകാന്തതയിലിരുന്ന് അവനെ/അവളെ സങ്കൽപ്പിക്കണം കവിക്ക്.
ഇത്തരത്തിൽ ഹൃദയത്തിൽ ചെറിയ സൂചി കൊണ്ടു കോറി വരയ്ക്കുന്ന പോലുള്ള സൂക്ഷ്മമായ, സാന്ദ്രമായ വരികളാണ് ഈ പുസ്തകത്തിന്റെ ഭൂരിഭാഗം താളുകളിലും.
അതിനിടെ, പ്രസ്താവനാ സമാനമായ ചില വരികളുമുണ്ടെന്നത് ശരിയാണ്. അതു നമുക്കു ക്ഷമിക്കാവുന്നതേയുള്ളൂ.
ഓട്ടോഗ്രാഫ് ബുക്കിലെഴുതാനും ഇൻസ്റ്റഗ്രാമിലൊക്കെ സ്റ്റാറ്റസ് അപ്ഡേറ്റാക്കാനും പ്രണയികൾക്കു വാട്സാപ്പിൽ പരസ്പരം കൈമാറാനുമൊക്കെ പാകത്തിലുള്ള ഇഷ്ടം പോലെ വരികളുണ്ട് ഈ പുസ്തകത്തിൽ. വെറുതെയല്ല, വാലന്റൈൻസ് ഡേയിൽ ഈ പുസ്തകം പുറത്തിറങ്ങിയത്!
ഇനി, അത്തരം ആവശ്യങ്ങളൊന്നുമില്ലാത്ത, ഏകാകികളായ മനുഷ്യർക്ക് ഒറ്റയ്ക്കിരുന്നു വായിക്കാം ‘നമ്മൾ ഉമ്മ വച്ചതിന്റെ ചോര,’ കഴിയുമെങ്കിൽ മഴ പെയ്യുന്ന ഒരു ജനാലയ്ക്കരികിലിരുന്ന്!
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.