ഫാദര്‍ സ്റ്റാൻ സ്വാമി അന്തരിച്ചു
മനുഷ്യാവകാശ പ്രവര്ത്തകൻ ഫാദര്‍ സ്റ്റാൻ സ്വാമി(84) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മുംബൈ ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായിരുന്ന സ്റ്റാൻ സ്വാമിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അടിയന്തരമായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ കോടതിയെ ഇന്ന് രാവിലെ സമീപിച്ചിരുന്നു. മെയ് 30 മുതൽ ആശുപത്രിയിൽ ചികിത്സയിലാണ് ഫാദർ സ്റ്റാൻ സ്വാമി. ജയിലിൽ കഴിയവേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാൻ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനോട് സ്റ്റാൻ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്ത് നൽകിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. 2018 ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
https://www.mediaoneonline.com/india/stan-swamy-passes-away-145091
Comments are closed.