DCBOOKS
Malayalam News Literature Website

അടൂര്‍ ഗോപാലകൃഷ്ണന് ജന്മദിനാശംസകള്‍

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ മൂന്നിനാണ് അടൂരിന്റെ ജനനം. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

അടൂരിന്റെ സ്വയംവരത്തിന് മുമ്പു വരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യവശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര’ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു.

കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ചതാണ്. അരവിന്ദന്‍, പി.എ.ബക്കര്‍, കെ.ജി. ജോര്‍ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു. അടൂരിന്റെ ചലച്ചിത്രങ്ങള്‍ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേര്‍ണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

പത്മശ്രീ പുരസ്‌കാരം, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം,മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച സംവിധായകര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Comments are closed.