DCBOOKS
Malayalam News Literature Website

കളക്ടര്‍ ബ്രോ- ഇനി ഞാന്‍ തള്ളട്ടെ!

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യ്ക്ക് നിഖിലേഷ് മേനോന് എഴുതിയ വായനാനുഭവം

മുൻ കോഴിക്കോട് കളക്ടറും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ. പ്രശാന്ത് നായർ മലയാളത്തിലും ഇംഗ്ലീഷിലുമായി (പരിഭാഷ അല്ല ,രണ്ടു ഭാഷകളിലും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത് ) രചിച്ച ഏറ്റവും പുതിയ പുസ്തകമാണ് ‘കളക്ടർ ബ്രോ : ഇനി ഞാൻ തള്ളട്ടെ’.

തന്റെ ഔദ്യോഗിക ജീവിതത്തിലെ രസകരമായ സംഭവങ്ങളും , വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തതുമായ ഏറ്റവും ശ്രദ്ധേയവുമായ ചില പദ്ധതികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഓര്മക്കുറിപ്പുകളാണ് ഈ പുസ്തകമെന്നു ഒറ്റവരിയിൽ പറയാമെങ്കിലും ഇതൊരു Text‘സർവീസ് സ്റ്റോറി ‘ ലെവൽ ‘ബോറടിയിലേക്കു’ മാറാതെയിരിക്കുവാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട് . സ്വയം വെള്ളപൂശുവാനോ , ‘താൻ ഒരു നന്മ മരമാണ് ‘ എന്ന് സ്വയം പ്രസ്താവിക്കുവാനോ ഈ പുസ്തകത്തെ രചയിതാവ് ഉപയോഗിച്ചിട്ടില്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

കോഴിക്കോട് കളക്ടർ ആയിരുന്ന കാലഘട്ടത്തിലെ തന്റെ അനുഭവങ്ങളാണ് ‘കളക്ടർ ബ്രോ ‘ യുടെ പ്രധാന ഉള്ളടക്കം . ‘കംപാഷനേറ്റ് കോഴിക്കോട്’ എന്ന തന്റെ ആശയത്തിന്റെ വിവിധ തലങ്ങളെപ്പറ്റിയാണ് ഈ പുസ്തകത്തിലൂടെ പ്രധാനമായും അദ്ദേഹം പങ്കുവെക്കുവാൻ ശ്രമിക്കുന്നത് .ബ്യൂറോക്രറ്റുകളും പൊതുപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോഗിക്കുക എന്നുള്ളത് കേട്ട് കേൾവി മാത്രമായിരുന്ന കാലഘട്ടത്തിൽ ഫേസ്ബുക്കിന്റേയും സോഷ്യൽ മീഡിയയുടെയും ഫലപ്രദമായ ഉപയോഗം ജനനന്മയ്ക്കായി ഉപയോഗിക്കുകയും , അതിലൂടെ ആദ്യകാലത്തു ഒരുപാട് പഴികേൾക്കേണ്ടി വരുകയും പിന്നീട് ബോധപൂർവം അല്ലെങ്കിൽ പോലും ഒരു ‘ബ്രാൻഡ് ‘ ആയി മാറുകയും ചെയ്തതിനെപ്പറ്റിയും സരസമായി അദ്ദേഹം വിവരിക്കുന്നുണ്ട്. ലാഭേച്ഛയോ പ്രശസ്തിയോ ആഗ്രഹിക്കാതെ സഹജീവികളുടെ നന്മയ്ക്കായി ഈ ആശയങ്ങൾക്ക് തുണയായി പ്രവർത്തിച്ച ‘കോഴിക്കോട്ടുകാരെ’ ക്കുറിച്ചു അദ്ദേഹം വാചാലനാവുന്നുണ്ട്. അതെ സമയം ,’fake it if you can ‘t make it ” എന്ന ‘അതി ബുദ്ധിയെയും ‘ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും വരച്ചുകാട്ടുന്നുമുണ്ട്. ‘ഓപ്പറേഷൻ സുലൈമാനി ‘,’സവാരി-ഗിരിഗിരി’, ‘കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഗുണപരമായ മാറ്റങ്ങൾ’, ‘മിഠായി തെരുവിന്റെ മേക് -ഓവർ ‘ , ‘പ്ലാന്റേഷൻ ബംഗ്ലാവ്’ വിലെ പദ്ധതി വഴി തൊഴിലാളികളുടെ ഉച്ച ഭക്ഷണ പരിപാടി’ എന്നിങ്ങനെ സാമ്പ്രദായിക നടപടി ക്രമങ്ങളുടെ കാലതാമസങ്ങളിൽപ്പെട്ടു നടപ്പിലാക്കാതെ പോവാമായിരുന്ന ആശയങ്ങളെ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ഫലപ്രദമായി നടപ്പാക്കിയതിനെപ്പറ്റി പുസ്തകം വെളിച്ചം വീശുന്നു.

പ്രത്യേകം പരാമർശിക്കപ്പെടേണ്ടത് ഈ പുസ്തകത്തിന്റെ രൂപകൽപ്പനയും (ഡിസൈനർ -രഞ്ജിത്ത് രാമദാസൻ ) ,ഏതാണ്ട് എല്ലാ പുറങ്ങളിലുമുള്ള മനോഹരമായ ഇല്ലുസ്ട്രേഷൻസുമാണ് (നിത്യാ ദീപക് ). കുട്ടികളടക്കമുള്ള വായനക്കാരെപ്പോലും ആകർഷിക്കുന്ന രീതിയിലാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത് . പുസ്തകവായന ശീലമില്ലാത്തവരെപ്പോലും വാങ്ങാൻ പ്രേരിപ്പിക്കുന്നതരത്തിലുള്ള കവർ ഡിസൈനും എടുത്തു പറയേണ്ടത് തന്നെയാണ്.

ലളിതമായ രീതിയിൽ നർമ്മത്തിൽ ചാലിച്ച എഴുത്തു തന്നെയാണ് ഈ പുസ്തകത്തിന്റെ കരുത്തു. ബ്യൂറോക്രസിയുടെ സൂക്ഷ്മതകളിലേയ്ക്കോ നടപടിക്രമങ്ങളുടെ സങ്കീര്ണതകളിലേയ്ക്കോ എഴുത്തുകാരൻ കടന്നിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്. പുസ്തകത്തിൽ തന്നെ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ മനുഷ്യരിലെ ആർദ്രതയാണ് കൂടുതലായും എഴുത്തിലെ ഫോക്കസ്. എല്ലാത്തരത്തിലുള്ള വായനക്കാരിലേയ്ക്കും തന്റെ ആശയങ്ങൾ ലളിതമായി എത്തിക്കുവാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട് . ഓരോ അധ്യായങ്ങൾക്കും നൽകിയിട്ടുള്ള തലക്കെട്ടുകളും , ചിത്രങ്ങളും വളരെ യോജിച്ചവ തന്നെയാണ് . വര്ഷങ്ങള്ക്കു മുൻപുള്ള വകുപ്പ് സെക്രെട്ടറിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തെപ്പറ്റി (പോസിറ്റീവ് ആയ ) വിവരിച്ചപ്പോൾ, സമീപകാലത്തു സെർവിസിൽ നിന്ന് വിരമിച്ച മുൻ അഡിഷണൽ ചീഫ് സെക്രട്ടറി സാറിന്റെ പേര് പരാമർശിക്കുന്ന ചിത്രം അകമ്പടിയായി കൊടുത്തതു കൗതുകമായി. വായനയുടെ രസം വർധിപ്പിക്കുവാൻ സമീപകാലത്തു പ്രസിദ്ധമായ പല സിനിമാ പഞ്ച് ഡയലോഗുകളും ഉൾപ്പെടുത്തിയതും ഹൃദ്യമായി. എഴുത്തുകാരനിലെ സിനിമാ പ്രേമിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

സ്വയം വിഗ്രഹവൽക്കരിക്കപ്പെടുവാനോ, വീരസ്യം പറയുവാനോ ഉള്ള മാർഗ്ഗമായി ഉപയോഗിക്കാതെ , ‘ഒരു ജില്ലാ കളക്ടർക്കു തന്റെ അധികാര സാധ്യതകളെ ഉപയോഗപ്പെടുത്തി എന്തൊക്കെ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാകും എന്നു വായനക്കാരെ ബോധ്യപ്പെടുത്തുവാനും, തന്റെ പ്രവർത്തനങ്ങളെ കൃത്യമായി ‘document’ ചെയ്യുവാനുമാണു ‘കളക്ടർ ബ്രോ ‘ യിലൂടെ ശ്രീ പ്രശാന്ത് നായർ ശ്രമിച്ചിരിക്കുന്നത് . അത് തന്നെയാണ് പുസ്തകത്തിന്റെ വിജയവും .

പുസ്തകത്തിനായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.