DCBOOKS
Malayalam News Literature Website

വായിച്ചു വളരുക

ശ്രീകല ചിങ്ങോലി

നമ്മുടെ സ്കൂളുകളിൽ കേരളസർക്കാർ ഒരാഴ്ചത്തെ വായനാവാരം സംഘടിപ്പിക്കുന്നതിനും ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിനും തീരുമാനിച്ചത് 1996 മുതലാണ് . എന്താണ് ജൂൺ 19 ന്റെ പ്രത്യേകത? മലയാള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

“പുസ്തകത്തിലൂടെ വളരാത്തവൻ വെറും മൃഗമാണ് ” വില്യം ഷേക്സ്പിയർ പറയുന്നു. ” വിദ്യാവിഹീന പശു :”. മനുഷ്യന്റെ വളർച്ചയിലെ ഒരു പ്രധാനപ്പെട്ട ഘട്ടമായിരുന്നു എഴുത്തും വായനയും അഭ്യസിക്കൽ. പുസ്തകങ്ങൾ ചിന്തയുടെ നിറകുടങ്ങളാണ് മിൽട്ടൺ എന്ന ആംഗലേയ കവി ഇങ്ങനെ പറയുന്നു “മനുഷ്യനെ വധിക്കുമ്പോൾ ചിന്തിക്കുന്ന ഒരു ജീവിയെയാണ് വധിക്കുന്നത്. എന്നാൽ നല്ലൊരു പുസ്തകം നശിപ്പിക്കുമ്പോൾ അനേകരുടെ ചിന്ത തന്നെയാണ് നശിപ്പിക്കപ്പെടുന്നത്.”

ഗ്രന്ഥപാരായണം വിദ്യാർഥികൾ നിർബന്ധമായും ശീലിക്കേണ്ട ഒരു സ്വഭാവമാണ്.എന്തിനാണ് നമ്മൾ പുസ്തകങ്ങൾ വായിക്കുന്നത്?പരീക്ഷയിൽ ജയിക്കാൻ ആണോ? അതോ നല്ല അറിവ് ഉണ്ടാക്കാനാണോ? എന്തൊക്കെ അറിവുകൾ ആണ് വായനയിൽ നിന്ന് നമുക്ക് ലഭിക്കുക?

കവിയും എഴുത്തുകാരനും വാഗ്മിയും പത്രപ്രവർത്തകനും പരിഭാഷകനും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറും ആയിരുന്ന ശ്രീ.എൻ. വി. കൃഷ്ണവാര്യർ “പുസ്തകങ്ങളിൽ സഞ്ചിതമല്ലോ മർത്യ വിജ്ഞാന സാരസർവ്വസ്വം ” എന്ന് എഴുതിയിട്ടുണ്ട്. മനുഷ്യന് അറിയേണ്ടതെല്ലാം പുസ്തകങ്ങളിൽ ഉണ്ട്.പുസ്തകങ്ങളിൽ ഇല്ലാത്തത് ഒന്നുമില്ല. അതുകൊണ്ടാണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് “വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും”

നമ്മുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ പുസ്തകങ്ങൾ തന്നെയാണ്.കുട്ടിക്കാലം മുതലേ വായന ശീലമാക്കണം ഇതിന് ഏറ്റവും ഉചിതമായ കാലം നമ്മുടെ വിദ്യാഭ്യാസ കാലം തന്നെയാണ്. വായന എന്നാൽ കേവലം പാഠപുസ്തക പാരായണം മാത്രമല്ല.പാഠ്യതലത്തിലുള്ളതിനപ്പുറം നമുക്ക് അറിവ് തരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിക്കണം.

എന്നാൽ പുസ്തകം തിരഞ്ഞെടുക്കുന്നതിൽ അത്യന്തം ശ്രദ്ധ വേണം. പഠനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന പുസ്തകങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

വായന ഒരു ചടങ്ങല്ല. എത്ര പുസ്തകം വായിച്ചു എന്നതല്ല മറിച്ച് വായിച്ച പുസ്തകങ്ങളിൽ നിന്ന് എന്തുനേടി എന്നതാണ് പ്രസക്തം. പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാ ആശയങ്ങളും വളരെ സൂക്ഷ്മതയോടെ വായിക്കണം.

വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ പുസ്തകങ്ങളാണ് മഹാന്മാരുടെ ജീവചരിത്രങ്ങൾ. അതിലൂടെ അവർ എങ്ങനെയാണ് ആസ്ഥാനത്തേക്ക് ഉയർന്നത് എന്ന അറിവ് നമുക്ക് പ്രചോദനം ആകും. രാഷ്ട്രപിതാവിന്റെ ആത്മകഥ എത്ര പേരെയാണ് സ്വാധീനിച്ചിരിക്കുക?

“അപരിഷ്കൃതലോകമൊഴികെ സംസ്കാരസമ്പന്നരായ എല്ലാ ജനതയെയും ഭരിക്കുന്നത് ഗ്രന്ഥമാണ് ” വോൾട്ടയറുടെ ഈ പ്രസ്താവന ഗ്രന്ഥങ്ങൾ മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നു.

നല്ല സുഹൃത്തുക്കളുമായുള്ള സംസർഗ്ഗം നമ്മിൽ മാറ്റം വരുത്തുന്നപോലെ, നല്ല പുസ്തകങ്ങളുമായുള്ള പരിചയവും നമ്മെ നല്ലവരാക്കും.

ഇന്ന് ഓൺലൈൻ വായനയാണ് വ്യാപകമായി കാണുന്നത്. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായനയുടെ ലോകം തീർച്ചയായും കൗതുകകരമാണ്. എന്നാൽ അതിൽ ചതിക്കുഴികളുമുണ്ട്. കുട്ടികളുടെ കാര്യത്തിൽ, മുതിർന്നവർ ഇതിൽ ഇടപെട്ട് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു നൽകണം.

മണവും സ്പർശവും അറിഞ്ഞുള്ള വായനയാണ് ഹൃദ്യം. പുതിയ പാഠപുസ്തകങ്ങൾ തുറക്കുമ്പോൾ ആകണം പലരിലും ഇന്നും ഗൃഹാതുര ചിന്തകൾ ഉണരുന്നത്.

ഓരോ വായനയും സൂക്ഷ്മപൂർവ്വമാകണം. ഓരോ വായനയും ബുദ്ധിപൂർവ്വമാകണം.വായനയുടെ സുന്ദരലോകം നമുക്ക് ആനന്ദദായകവും അനുഭൂതി ധാന്യവുമാകണം. ഡോക്ടർ ജോൺസന്റെ വാക്കുകൾ ഇപ്രകാരമാണ് ” പുസ്തകങ്ങൾ വെറും സുഹൃത്തുക്കളല്ല. ഉത്തമ സുഹൃത്തുക്കൾ തന്നെയാണ്”.

 

 

Comments are closed.