DCBOOKS
Malayalam News Literature Website

‘സ്ത്രീധന പീഡനം കോവിഡിനേക്കാൾ മാരകം; മരണങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രം’: സി.എസ്.ചന്ദ്രിക

കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. പാമ്പുകടിയേറ്റ് കൊല്ലം സ്വദേശി ഉത്ര കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് വിസ്മയയുടെ മരണവാര്‍ത്ത എത്തിയത്. ഈ സാഹചര്യത്തില്‍ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സി.എസ്. ചന്ദ്രിക പ്രതികരിക്കുന്നു

മഞ്ഞുമലയുടെ ഒരറ്റം മാത്രം

ഈ ആത്മഹത്യകളും കൊലപാതകങ്ങളും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സ്ത്രീധന–ഗാർഹിക പീഡനങ്ങൾ‌ക്ക് ഇരയായി മരിച്ചുജീവിക്കുന്ന പതിനായിരക്കണക്കിനു സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. ഗാർഹിക പീഡനക്കേസുകളിൽ ഒന്നാം സ്ഥാനത്താണു കേരളം. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതു ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ഗാർഹികാതിക്രമത്തിനെതിരായ നിയമവും ഇവിടെ ശക്തം. എന്നാൽ, പരാതികളുമായി മുന്നോട്ടുവരാൻ ആർക്കും ധൈര്യമില്ല. അതിനു മാത്രമുള്ള ശക്തി നമ്മുടെ സ്ത്രീകൾക്കില്ല.

ഭർത്താവിന്റെ വീടു വിട്ടാൽ അവർ എങ്ങോട്ടാണു പോവുക? സ്വന്തം വീട്ടിൽ അവർക്ക് ഇടം ഉണ്ടാവില്ല. ഓരോ തവണയും സഹിക്കാനുള്ള ഉപദേശം നൽകി തിരിച്ചയയ്ക്കുകയാണു പതിവ്. അത് ആവർത്തിക്കുമ്പോൾ പലരും പിന്നീട് ആത്മഹത്യയിൽ ആശ്രയം തേടും. അല്ലെങ്കിൽ കൊല്ലപ്പെടും. രണ്ടുമല്ലെങ്കിൽ എല്ലാം സഹിച്ചു ചത്തുജീവിക്കേണ്ടിവരും. ഈ വിധി സ്ത്രീകൾക്കുണ്ടാകുന്നതു നിയമ പിന്തുണ കിട്ടാത്തതു കൊണ്ടു മാത്രമല്ല, അതു ശക്തമായി ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടു കൂടിയാണ്. ഒരു മരണം നടക്കുമ്പോഴല്ല നിയമം ഇടപെടേണ്ടത്. അത് ഒഴിവാക്കുന്നതിനാണ്.

ഇപ്പോൾ കോവിഡ് മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എല്ലായിടത്തും നടക്കുന്നു. അതിനേക്കാൾ മാരകമായ മഹാമാരിയാണ് സ്ത്രീധന പീഡനങ്ങൾ. അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകണം. സ്ത്രീധന പീഡനത്തെത്തുടർന്നു പെൺകുട്ടി മരിക്കുമ്പോൾ കൊലക്കുറ്റത്തിനു ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുക്കാറുണ്ട്. സ്ത്രീധന പീഡനം സംബന്ധിച്ച പരാതികളിൽ ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ ഏർപ്പെടുത്തിയാൽ അതു മാതൃകയാകും. പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും മനസ്സു തുറക്കാനും പരാതിപ്പെടാനും സംവിധാനമുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള ശേഷി പലർക്കുമില്ല.

കുടുംബകോടതി കേസുകളിൽ തീർപ്പുവേണം

കുടുംബകോടതി പോലുള്ള സംവിധാനങ്ങൾ സ്ത്രീ സൗഹൃദപരമാണെന്നു കേട്ടിട്ടുണ്ട്. എന്നാൽ, ഒരു ലക്ഷം കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഈ കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാകരുത്. അത് കുട്ടികൾക്കും സ്ത്രീകൾക്കും കനത്ത മാനസിക സമ്മർദങ്ങൾ സമ്മാനിക്കും.

വേണം, തൊഴിൽ കേന്ദ്രങ്ങൾ

സ്ത്രീധന– ഗാർഹിക പീഡനങ്ങൾ സഹിക്കേണ്ടിവരുന്നത്, പലപ്പോഴും അവർക്കു ചെന്നുകയറാൻ ഒരു സ്ഥലം ഇല്ലാത്തതിനാലാണ്. മരുമക്കത്തായ കാലത്ത് പെൺകുട്ടികൾക്ക് സ്വന്തം വീടുകളിൽ ഒരു ഇടം ഉണ്ടായിരുന്നു. മക്കത്തായം വന്നതോടെ അതുമാറി. ആ സ്ഥാനം ആൺകുട്ടികൾക്കായി. പെൺകുട്ടിയുണ്ടെങ്കിൽ വിവാഹം കഴിച്ചിപ്പ് ‘ഒഴിവാക്കും’. ചെന്നുകയറുന്ന വീട്ടിൽ അവർ പലപ്പോഴും രണ്ടാംതരം പൗരകളാണ്. അവരുടെ വരുമാനവും സ്വത്തും ഭർത്താവിന്റെയോ ഭർതൃ വീട്ടുകാരുടെയോ ആകുന്നു. മിക്കവർക്കും ശബ്ദം പോലുമില്ല. ഇങ്ങനെ സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും നിശബ്ദം സഹിക്കേണ്ടിവരുന്നു.

ഇത്തരത്തിൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്കായി നവോത്ഥാനകാലത്ത് അന്തർജന സമാജം ആരംഭിച്ചതാണ് തൊഴിൽ കേന്ദ്രങ്ങൾ. അവർക്ക് വീടുവിട്ട് ഇറങ്ങിവന്ന് തൊഴിൽ ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റുന്ന സംവിധാനമായിരുന്നു അത്. അതിനു തുടർച്ചയുണ്ടായില്ല. നമ്മുടെ കുടുംബശ്രീ സംവിധാനം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തണം. എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് ഇടകലർന്നു പ്രവർത്തിക്കാനുള്ള സാഹചര്യം വേണം.

തൊഴിൽ കേന്ദ്രം കുടുംബശ്രീയുടെ ഭാഗമാക്കണം. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കണം. വനിതാ–ശിശു വകുപ്പ്, വനിതാ കമ്മിഷന്റെ ജാഗ്രതാ സമിതികൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അതു നടത്താവുന്നതേയുള്ളൂ. സ്ത്രീകൾക്കു തൊഴിലവസരം ഉണ്ടാക്കാനുള്ള കൃത്യമായ ഒരു ഡേറ്റ ബാങ്ക് ഉണ്ടായാൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താം. സ്ത്രീകൾക്കു സ്വന്തം വരുമാനത്തിൽനിന്നു വാടകനൽകി സുരക്ഷിതരായി അവിടെ താമസിക്കാം.

വിവാഹ സഹായധനം നിർത്തണം

നവോത്ഥാന കാലത്ത് പാർവതി അയ്യപ്പനും കെ.അയ്യപ്പനുമൊക്കെ പറഞ്ഞത് വിവാഹത്തിന്റെ അടിസ്ഥാനം പ്രേമം ആണെന്നാണ്. ഇപ്പോൾ അതുമാറി. വിവാഹത്തിന്റെ അടിസ്ഥാനം സ്വത്തും പണവും ജാതിയും മതവുമൊക്കെയാണ്. സാധാരണ വീട്ടിൽനിന്നുള്ള പെൺകുട്ടികളെ കെട്ടിച്ചയയ്ക്കാൻ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ വളരെയേറെ അധ്വാനിക്കുന്നുണ്ട്. അതിനു കഴിയാത്തവരും ഏറെ. അവരെ സഹായിക്കാനാണ് സർക്കാർ വിവാഹ സഹായധനം ഏർപ്പെടുത്തിയത്. അടിയന്തരമായി അതു നിർത്തലാക്കണം. ആ തുക പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനും തൊഴിൽ കണ്ടെത്താനും പ്രയോജനപ്പെടുത്തണം.

പെൺകുട്ടികളെ വളർത്തുന്നത് വിവാഹം കഴിക്കുന്നതിലേക്കു മാത്രമായി ചുരുക്കരുത്. അവരുടെ പ്രാഥമിക ലക്ഷ്യം വിദ്യാഭ്യാസവും തൊഴിൽ അന്വേഷണവും ആകണം. പിന്നീട് മാനസികമായും ആശയപരമായും പൊരുത്തവും വരുമാനവുമുള്ള ഒരാളെ കണ്ടെത്തി വിവാഹം കഴിക്കാം. അങ്ങനെ അവർ രണ്ടുപേർ ചേർന്നു പടുത്തുയർത്തുന്നതാകണം കുടുംബമെന്ന സങ്കൽപം.

വ്യക്തിത്വമാണ് സൗന്ദര്യം

സൗന്ദര്യ സങ്കൽപത്തെപ്പറ്റിയുള്ള ധാരണകൾ കുട്ടിക്കാലത്തുതന്നെ വ്യക്തികൾക്ക് ഉണ്ടാകണം. സ്വർണവും നിറംപിടിപ്പിച്ച വസ്ത്രങ്ങളും ആഡംബരങ്ങളുമാണ് സൗന്ദര്യത്തെ നിർണയിക്കുന്ന ഘടകമെന്ന തോന്നൽ പൊതുവേയുണ്ട്. അതു മാറണം. വ്യക്തിത്വമാണു സൗന്ദര്യത്തിന്റെ അടിസ്ഥാനം. ലാളിത്യമാകണം അതിന്റെ ഘടകം. ആ പാഠങ്ങൾ കുട്ടിക്കാലത്തുതന്നെ ലഭിക്കണം. അതിന് അമ്മമാർ മാതൃകയാകണം. അധ്യാപകരും അതു പകർന്നു കൊടുക്കണം.

മറ്റൊന്ന് മാനസിക സമ്മർദങ്ങളെ അതിജീവിക്കാനുള്ള വഴികളാണ്. അതിന് ശാസ്ത്രീയമായ കൗൺസലിങ് സംവിധാനം ലഭ്യമാണ്. അതു ചികിത്സയുടെ ഭാഗമാകണം. കുടുംബ ജീവിതത്തിലെ സമ്മർദങ്ങളിൽനിന്നു പുറത്തുവരാൻ അതു സ്ത്രീകളെ സഹായിക്കും. ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അത് അവർക്കു കരുത്തുപകരും. എന്നാൽ, മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ് കൗൺസലിങ്ങിനു പോകുന്നതെന്ന ഒരു തെറ്റായ ധാരണ നമ്മുടെ സമൂഹത്തിൽ വേരുറച്ചിട്ടുണ്ട്. അതുകാരണം പല സ്ത്രീകൾക്കു മുന്നിലും ആ സാധ്യതയും അടയുകയാണ്.

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട്; മനോരമ ഓണ്‍ലൈന്‍

Comments are closed.