DCBOOKS
Malayalam News Literature Website

“എന്റെ ആണുങ്ങൾ”; അടുപ്പവും ആക്രമണവും കരുതലും ചൂഷണവും നിറഞ്ഞ ആഖ്യാനങ്ങള്‍!

നളിനി ജമീലയുടെ എന്റെ ആണുങ്ങൾ എന്ന പുസ്തത്തെക്കുറിച്ച് ദിലീപ് രാജ് പങ്കുവെച്ച കുറിപ്പ്

നളിനി ജമീലയുടെ “എന്റെ ആണുങ്ങൾ” രണ്ടു തരം സ്റ്റീരിയോ ടൈപ്പുകളെ ചോദ്യം ചെയ്യുന്നു. ലൈംഗിക തൊഴിലാളികൾ പ്രേമം അസാധ്യമായവരാണെന്ന മുൻ ധാരണയും അവരുടെ ക്ലയന്റുകൾ ഒരേ സ്വഭാവക്കാരാണെന്ന മുൻവിധിയുമാണ് ഈ പുസ്തകം തിരുത്തുന്നത്.
“ഇടവഴികളിലെ പ്രണയം “എന്ന അഞ്ചാമധ്യായത്തിൽ സുനിൽ എന്ന കാമുകൻ / ക്ലയന്റിനെക്കുറിച്ചാണ് പറയുന്നത്. തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു വാചകമാണ് കാണുക : Text” സുനിലിനെക്കുറിച്ച് പറയണമെങ്കിൽ ഇത്തിരി ചീവീട് അബുവിനെക്കുറിച്ച് പറഞ്ഞേ തീരൂ ” (പുറം 66 ). അതങ്ങനെയാണ് ഈ പുസ്തകത്തിൽ. ഒറ്റയ്ക്ക് ഒരാളെക്കുറിച്ച് പറയുക അസാധ്യം. (അതേ സമയം സെക്സ് വർക്കർമാർ ഓരോരുത്തരും ഒറ്റയ്ക്ക് ഒറ്റപ്പെട്ട് നിൽക്കുന്നുവെന്ന ധാരണയാണ് ആദ്യം സൂചിപ്പിച്ച വാർപ്പ് മാതൃകയനുസരിച്ച് നിലനിൽക്കുന്നത്.)
സുനിലും ചീവീട് അബുവും നളിനിയും തങ്കപ്പനും പരസ്പരം കരുതലും കുശുമ്പുമൊക്കെയുള്ള ഒരു സുഹൃദ് സംഘമാണ്. തൃശൂരിൽ ശക്തൻ തമ്പുരാൻ സ്റ്റാന്റിനടുത്തുള്ള വാഴത്തോപ്പാണ് അവരുടെ സംഗമ കേന്ദ്രം. ഇതിനിടയിൽ ഒരു ഭാഗം :
” സുനിൽ സുന്ദരനായിട്ടു വന്നാലും നല്ല വായ്നാറ്റമുണ്ട്. തങ്കപ്പൻ കറുത്ത് ഭയങ്കര വസൂരിക്കലയും മുഖത്ത് കുഴികളുമുള്ളയാൾ.
ഇത്തിരി മദ്യപിച്ച് കണ്ണൊക്കെച്ചുവന്നു എടാ എന്ന ഭാവത്തിലാണ് വരവ്. എന്നാൽ ജോലിയൊക്കെ കഴിഞ്ഞ് കുളിച്ചു ടിപ് ടോപ്പായിട്ടു വരുമ്പോൾ ഒരു നാറ്റവുമില്ല. … സുനിലിന്റെ മാസ ശമ്പളത്തേക്കാൾ വരുമാനവുമുണ്ട്. എന്നാൽ ഭയങ്കര സ്മാർട്ടായി വരുമ്പോൾ സുനിലിന്റെ ഭാവം തങ്കപ്പൻ തോട്ടിയാണല്ലോ താനൊരു ഉദ്യോഗസ്ഥനാണല്ലോ എന്നാണ് .”
വീട് വിട്ടിറങ്ങി തെരുവിൽ നിൽക്കുന്ന ഒരു യുവതിയുടെ സാമൂഹ്യ ബന്ധങ്ങൾ — വേറെയെല്ലാവരുടെയും ബന്ധങ്ങൾ പോലെ — അടുപ്പവും ആക്രമണവും കരുതലും ചൂഷണവും ഒക്കെ നിറഞ്ഞതാണെന്ന് ഇതിലെ ഓരോ ആഖ്യാനവും അനുഭവപ്പെടുത്തുന്നു.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ 

Comments are closed.