ഗിരീഷ് കര്‍ണാട്; ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിച്ച വിഖ്യാത ചലച്ചിത്രകാരന്
പ്രശസ്ത കന്നട ചലച്ചിത്രകാരന് ഗിരീഷ് കര്‍ണാടിന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്സ്. നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായി വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു ഗിരീഷ് കര്‍ണാട്.
1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേണിലായിരുന്നു ഗിരീഷ് കര്‍ണാടിന്റെ ജനനം. ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍നിന്ന് റോഡ്സ് സ്കോളര്ഷിപ്പിനൊപ്പം തത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിക്കുന്നതായിരുന്നു ഗിരീഷ് കര്‍ണാടിന്റെ രചനാശൈലി. അദ്ദേഹം കന്നട ഭാഷയില്‍ എഴുതിയ യയാതിയും ഹയവദനയും തുഗ്ലക്കും രാജ്യാന്തരശ്രദ്ധ നേടിയ നാടകങ്ങളാണ്. കന്നട സിനിമാരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കര്‍ണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സിനിമാസംവിധായകനുമായി. നിരവധി ഹിന്ദി സിനിമകളിലും ആര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ദി പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1974-ല്‍ പത്മശ്രീ, 1992-ല്‍ പത്മഭൂഷണ്‍, സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം (1998) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ ചെയര്മാന് സ്ഥാനവും വഹിച്ചിട്ടുണ്ട്. പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഗിരീഷ് കര്‍ണാടിനെക്കുറിച്ച് ഇ.പി. രാജഗോപാലന്‍ എഴുതിയ ലേഖനത്തില്‍ നിന്നും പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം
“1983-84-ല്‍ ഞാന്‍ ഷിമോഗയില്‍ പഠിച്ചിരുന്നു. മംഗലാപുരത്തുനിന്ന് ആഗുംബെ ചുരംവഴി അവിടെ എത്താം. വനപ്രകൃതി നശിച്ചുപോകാത്ത പട്ടണമായിരുന്നു ഷിമോഗ. ഞങ്ങളുടെ ഒരു അദ്ധ്യാപകന് എ.ജി. ഗോപാലകൃഷ്ണ കോല്‍ത്തായ എന്ന ചെറുപ്പക്കാരന്. ഇരുപത്തിയേഴു വയസ്സുണ്ടാവും. ഉത്സാഹം പകരുന്ന വ്യക്തിത്വമായിരുന്നു. ഒരു കൃതിക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ സാധ്യമാണ് എന്ന് എ.ജി.ജി. പറഞ്ഞിട്ടാണ് ആദ്യമായി കേട്ടത്. ശിവന് ഇലക്ട്രോണുകളുടെ രഥത്തിലാണു സഞ്ചരിക്കുന്നത് എന്ന അരബിന്ദോയുടെ ‘സാവിത്രി’യിലെ വരി അദ്ദേഹം നീണ്ട സമയം വ്യാഖ്യാനിച്ചിരുന്നു. ഒരിക്കല്‍ ഗാന്ധിജിയുടെ ലൈംഗികനിലപാടുകളെക്കുറിച്ചു ‘മിറര്‍’ മാസികയില്‍ വന്ന (ആഷിഷ് നന്ദിയുടേതെന്നു വിചാരിക്കുന്നു) ലേഖനത്തെപ്പറ്റി ക്ലാസ്സില്‍ പറഞ്ഞു. വൈകുന്നേരം അദ്ദേഹത്തിന്റെ മുറിയില്‍ പോയപ്പോള്‍ അതു വായിക്കാന്‍ തന്നു. മിറര്‍ തിരിച്ചുകൊടുത്ത ദിവസം തന്ന പുസ്തകമാണ് ‘സംസ്കാര.’ യു.ആര്. അനന്തമൂര്‍ത്തിയുടെ നോവല്‍ എ.കെ.രാമാനുജന് വിവര്‍ത്തനം ചെയ്തത്. അതേപ്പറ്റി ഞങ്ങള്‍ മാത്രമായി സംസാരിച്ചുപോന്നു. അനന്തമൂര്‍ത്തിയുടെ ഭാര്യ എസ്തേര്‍ ക്രിസ്തുമതവിശ്വാസിയാണ് എന്ന് എ.ജി.ജി. പറഞ്ഞത് ‘സംസ്കാര’യിലെ പൗരോഹിത്യ വിമര്‍ശനത്തിനു ജീവിതംകൊണ്ട് അടിവരയിടുന്ന അനന്തമൂര്‍ത്തിയെ കാട്ടിത്തരാനാണ്.
‘യയാതി’ എന്ന നാടകത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം സംസാരിച്ചിരുന്നു. കന്നഡമൂലത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തിയേട്രിക്കല്‍ വീറോടെയായിരുന്നു ആ അവതരണം. പുരാണകഥ എങ്ങനെ ആധുനികതയുടെ പ്രകടനപത്രികയാവുന്നു എന്നാണ് അതില്‍നിന്നു മനസ്സിലാക്കാനായത്. ആ സംസാരത്തിനിടയിലാണ് ഗിരീഷ് കര്‍ണാട് എന്ന ശബ്ദം ആദ്യം കേട്ടത്. എ.കെ. രാമാനുജനും യു. ആര്. അനന്തമൂര്‍ത്തിയും ബി. വി. കാരന്തും ഗിരീഷ് കര്‍ണാടും പി. ലങ്കേഷും സ്വവ്യക്തിത്വങ്ങള് നിലനിര്‍ത്തിക്കൊണ്ടുതന്നെ കന്നഡത്തിലെ ആധുനികതയുടെ ഏറ്റവും പ്രസക്തമായ ധാരയുടെ നിര്‍വാഹകരായി അന്നത്തെ അവിടത്തെ യുവധിഷണകളുടെ ഒപ്പം ഉണ്ട്. എ.ജി.ജി. അങ്ങനെ ഉണര്‍ന്ന ഒരു ചെറുപ്പക്കാരനായിരുന്നു. ഇവരെയൊന്നും നേരില്‍ കാണാനോ കേള്‍ക്കാനോ അക്കാലത്തു കഴിഞ്ഞില്ല. പക്ഷേ, ഞങ്ങളുടെ അദ്ധ്യാപകന് അവരെല്ലാമായി സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ആധുനിക കലയില്‍നിന്ന് എത്രയൊക്കെ വേറിട്ടതാണ് ഒരയല്‍ സംസ്ഥാനത്തിലെ നീക്കങ്ങള്‍ എന്നതു ചെറിയ അന്ധാളിപ്പുപോലും നല്കി.
മറികടക്കലിന്റെ (transcendence) സന്ദര്‍ഭമാണ് ആധുനികത. എന്താണോ ഒരാള്‍ അതുമാത്രമായി തുടരുന്നതാണ് ഫ്യൂഡലിസം. കെട്ടിക്കിടക്കുന്ന ജലാശയം എന്ന രൂപകത്തിലൂടെയാണല്ലോ മാര്‍ക്സ് പഴയ ഇന്ത്യയെ സംഗ്രഹിക്കുന്നത്. ആധുനികത ആണിനെ പെണ്ണിനെക്കുറിച്ചു കൂടുതലറിയാന്‍ അവസരം നല്കുന്നു;വര്‍ത്തമാനത്തിനു ഭൂതത്തോടു മിണ്ടാന്‍ മാധ്യമം നല്കുന്നു; ശരീരത്തിനു മനസ്സോടു ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ സാധ്യതയെന്നല്ല, ബാധ്യതതന്നെയുണ്ട് എന്നു തെളിയിക്കുന്നു; മതവും പൗരോഹിത്യവും നിര്‍മ്മിതികളുടെ (constructs) സമുച്ചയമാണ് എന്നും അവയില്‍ അധികാരബന്ധങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്നും കാണിച്ചുതരുന്നു; കൃതിയിലെ ഒരര്‍ത്ഥത്തിനു വേറൊന്നായി പരിണമിക്കാനുള്ള പ്രവണതയുണ്ട് എന്നും (കൃതി ഇളകിയ സമൂഹത്തിന്റെ വകയായ ഭാഷയുടെ ഘടനയായതിനാല്‍) അത് തടവാനാവാത്തതാണെന്നും സിദ്ധാന്തിക്കുന്നു. ഇതൊക്കെയാണ് ഗിരീഷ് കര്‍ണാട് പ്രതിനിധാനം ചെയ്യുന്ന ആധുനികതയുടെ മുഖഭാവങ്ങള്‍. കുടുംബം, കല, ഭാഷ, തൊഴില്‍, എന്നിവയെല്ലാം ആധുനികമാകുന്നതിനു തെളിവു വേണമെങ്കില്‍ ഗിരീഷ് കര്‍ണ്ണാട്- എ.കെ. രാമാനുജന്- അനന്തമൂര്‍ത്തി- ലങ്കേഷ്-ബി.വി. കാരന്ത്-കൂട്ടായ്മയിലേക്കു നോക്കിയാല്‍ മതി. പൗരോഹിത്യത്തെയും വര്‍ഗ്ഗീയതയെയും ഒറ്റയര്ത്ഥത്തിലൂന്നുന്ന ഗ്രന്ഥകേന്ദ്രിതമായ സാഹിത്യാസ്വാദനശീലത്തെയും അവര്‍ സര്‍ഗ്ഗാത്മകമായി നിഷേധിച്ചുപോന്നു- നാടകങ്ങളിലൂടെ, നോവലുകളിലൂടെ, അവതരണങ്ങളിലൂടെ, വിവര്‍ത്തനങ്ങളിലൂടെ. സൗഹൃദത്തിന്റെ തുറസ്സുകള്‍ എന്നും സംവാദവെളിച്ചം കുറയാതെ നിലനിര്‍ത്തിക്കൊണ്ടും അവര്‍ ആധുനികരായി.
യൂണിവേഴ്സിറ്റി വൈസ്ചാന്സിലറായപ്പോള് അനന്തമൂര്‍ത്തി അത് അധികാരസ്ഥാനമായി കണ്ടില്ല- അറിവിന്റെ ജനാധിപത്യവത്കരണത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരമായി കണ്ടു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതലയില്‍ കര്‍ണ്ണാട് വന്നപ്പോള്‍ സ്ഥാപനം ശരിക്കും ചലനാത്മകമായി. നസറുദ്ദീന്‍ ഷാ അക്കാലത്ത് അവിടെ വിദ്യാര്‍ത്ഥിയായിരുന്നു. വിദേശസര്‍വകലാശാലയില്‍ പ്രൊഫസറായിരിക്കുമ്പോഴും എ.കെ. രാമാനുജന് ഇന്ത്യന്‍ നാടോടിക്കഥകളിലേക്കും പാട്ടുകളിലേക്കും ബദല്‍ രാമായണങ്ങളിലേക്കും കടന്നുചെന്നു. പി. ലങ്കേഷ് കോളജധ്യാപകന്റെ പണിവിട്ട് പത്രമിറക്കിത്തുടങ്ങി. ജനാധിപത്യവാദത്തിന്റെ സര്ഗ്ഗാത്മകപ്രകാശനം എന്ത് എന്ന് ഇവര്‍ തെളിയിക്കുകയായിരുന്നു. ജ്ഞാനപീഠത്തിനും സാഹിത്യഅക്കാദമി അദ്ധ്യക്ഷസ്ഥാനത്തിനുമൊക്കെ അവരുടെ ബയോ-ഡേറ്റയില്‍ നന്നേ ചെറിയ സ്ഥാനമേയുള്ളൂ.
‘യയാതി’ യൗവനത്തിന്റെ ഉത്ഭവത്തിലാണു തീരുന്നത്. യൗവനം ഒരു മനോഭാവത്തിന്റെ പേരാണ് എന്നു ഗിരീഷ് കര്‍ണാട് സ്വജീവിതംകൊണ്ടു ധ്വനിപ്പിക്കുന്നുണ്ട്. ശരീരം മായയാണ് എന്ന ബ്രാഹ്മണികവാദത്തിലെ വലിയ തട്ടിപ്പ് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ശരീരം മിഥ്യയും ആത്മാവ് സത്യവുമായാല്പ്പിന്നെ അദ്ധ്വാനത്തിനും അദ്ധ്വാനികള്‍ക്കും വിലയുണ്ടാവില്ല. അതിനാല്‍ ശരീരത്തിന്റെ കാമനകളെയും അയവുകളെയും അഴകുകളെയും നാടകീകരിക്കുന്ന ‘നാഗമണ്ഡല’യും ‘ഹയവദന’യും ഉണ്ടായി. അതൊന്നും ആഖ്യായികകളായല്ല, ശരീരകലയായ നാടകമായിട്ടാണ് വന്നത് എന്നതിലെ ഔചിത്യം ചെറുതല്ല. ശരീരാധാരമായ പരിണാമസാധ്യതയിലൂടെ ജാതി-മതച്ചിട്ടകളുടെ മനകളും മഠങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടത്. സ്വന്തം രചനകളുടെ വരവിനെക്കുറിച്ച് ഗിരീഷ് കര്‍ണ്ണാട് പറയാറുണ്ട്. ‘യയാതി’ മഹാഭാരതകഥയാണ്- യുവാവായ താന്‍ ഇംഗ്ലണ്ടില്ച്ചെന്നു മദാമ്മയെ കെട്ടുമോ എന്നു പേടിച്ച സ്വന്തം പിതാവിന്റെ നിലയാണ് അതിന്റെ ആദിമൂലം. ‘ഹയവദന’ ഒരു ഇന്ത്യന്‍ നാടോടിക്കഥ പാശ്ചാത്യ നോവലാക്കിയതില് നിന്നുണ്ടായ ഇന്ത്യന്‍ നാടകമാണ്. ‘നാഗമണ്ഡല’ എ. കെ. രാമാനുജന് പറഞ്ഞ ഒരു നാടോടിക്കഥയില്‍ നിന്നുണ്ടായതാണ്; ചരിത്രനാടകങ്ങള്‍ വരുന്നില്ലല്ലോ എന്ന് ആരോ പറഞ്ഞപ്പോള്‍ പഴയ ചരിത്രം വായിച്ചു കുറിപ്പെടുത്തുണ്ടാക്കിയതാണ് ‘തുഗ്ലക്ക്’…ഈ മട്ടിലുള്ള അണിയറക്കാര്യങ്ങള്‍ അദ്ദേഹം സരസമായി പറയുമ്പോള്‍ മൗലികത എന്ന വ്യക്തിവാദാധിഷ്ഠിതമായ സങ്കല്പത്തെയാണ് സരളമായി ധിക്കരിച്ചുപോന്നത്. ഓരോ കൃതിക്കും ഒരുപാടു രചയിതാക്കള്‍ ഉണ്ട് എന്ന അറിവ് വളരെ വിലപ്പെട്ടതാണ്…”
Comments are closed.