DCBOOKS
Malayalam News Literature Website

വധത്തിന്റെ തത്വശാസ്ത്രം ; പി.എസ്.വിജയകുമാർ എഴുതുന്നു

പി.എസ്.വിജയകുമാർ

സക്കറിയയുടെ ‘ഇതാണെൻ്റെ പേര്’ എന്ന നോവൽ സ്വതന്ത്രഭാരതചരിത്രത്തിലെ ശ്രദ്ധേയമായ വധം നിറവേറ്റിയ ഘാതകൻ്റെ മനസ്സിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ധ്യാത്മികമായ ഒരു തലത്തിൽനിന്നുകൊണ്ട് അർഹിക്കുന്ന ശിക്ഷ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത് എന്ന അടിയുറച്ച ബോദ്ധ്യമാണ് ഘാതകൻ വെച്ചുപുലർത്തുന്നത്.

മഹാത്മാഗാന്ധി എന്നത് ആധുനിക ഭാരതീയ വിചാരങ്ങളുടേയും, സാമൂഹിക-സാംസ്കാരിക പരിവർത്തനങ്ങളുടേയും മൂലാധാരമായി വർത്തിക്കുന്ന അവസ്ഥാവിശേഷത്തിൻ്റെ പേരാണ്. പുതിയ ഇന്ത്യൻകാഴ്ചപ്പാടിനെ പഠിക്കുമ്പോഴൊക്കെ മഹാത്മജിയെ അടിസ്ഥാനമാക്കാതെ വയ്യ! പലപ്പോഴും ആ പേര് ഉച്ചരിക്കാൻ മന:പൂർവ്വം മറക്കുകയോ, മറവി ഭാവിക്കുകയോ ചെയ്യുമ്പോഴും ഗാന്ധിസം ഭാരതത്തിൻ്റെ അടിയൊഴുക്കുകളിലൂടെ പടരുന്ന ഘടകമായി നിൽക്കുന്നുണ്ട്. ഗാന്ധി പകരുന്ന സാംസ്കാരികവിന്യാസങ്ങൾ ദേശീയരും വിദേശീയരുമായ പല എഴുത്തുകാരേയും പ്രചോദിപ്പിച്ച സംഗതിയാണ്. മലയാളത്തിലും അത്തരത്തിൽ ശ്രദ്ധേയങ്ങളായ സാഹിത്യകൃതികൾ ദൃശ്യമാണ്.

Text2001 ൽ സക്കറിയ ഗാന്ധിവധം പ്രമേയമാക്കി എഴുതിയ നോവലാണ് ‘ഇതാണെൻ്റെ പേര്’. ഒരുപക്ഷേ ഏറെ വിവാദങ്ങൾക്ക് ഇടകൊടുത്തേക്കാവുന്ന ഒരു നോവലായിരുന്നു അത്. എന്തുകൊണ്ടോ, നോവൽ പുറത്തിറങ്ങിയ കാലത്ത് വലിയ ചർച്ചകളൊന്നും ഉണ്ടായതായി തോന്നുന്നില്ല. ആ കാലം ശീലിച്ച മിതപരിതസ്ഥിതി കൊണ്ടുമാവാം, ചിലപ്പോൾ! പിന്നീടും ഏറെ സംവാദങ്ങൾക്കു സാദ്ധ്യതയുള്ള ഈ നോവൽ ഏതിൻ്റെയൊക്കെയോ കുത്തൊഴുക്കിനിടയിൽ വിസ്മരിക്കപ്പെടുന്നതുമാണ് കണ്ടത്. നോവലിലെ പ്രധാന കഥാതന്തുവായ ഗാന്ധിജിയുടെ വിധിപോലെത്തന്നെ! ഇന്ന് ഈ നോവൽ വീണ്ടും എടുത്തുയർത്താനിടവന്നാൽ, അതുണർത്തിവിടുന്ന ചിന്തകളെ താങ്ങിനിറുത്താനുള്ള ത്രാണി ഈ കാലത്തിനുണ്ടാവുമോ, അറിയില്ല!

 

സക്കറിയയുടെ ‘ഇതാണെൻ്റെ പേര്’ എന്ന നോവൽ സ്വതന്ത്രഭാരതചരിത്രത്തിലെ ശ്രദ്ധേയമായ വധം നിറവേറ്റിയ ഘാതകൻ്റെ മനസ്സിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ധ്യാത്മികമായ ഒരു തലത്തിൽനിന്നുകൊണ്ട് അർഹിക്കുന്ന ശിക്ഷ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത് എന്ന അടിയുറച്ച ബോദ്ധ്യമാണ് ഘാതകൻ വെച്ചുപുലർത്തുന്നത്. അതിന് താത്വികമായ ന്യായവാദങ്ങൾ നിരത്തുന്നുമുണ്ടയാൾ. സനാതനമായ ഭാരതീയധർമ്മമായി കരുതിപ്പോരുന്ന ഒരു സമൂഹ്യജീവിതത്തിൻ്റെ ഭാഗമാണയാൾ. വേദാന്തവും സംസ്കാരവും രാഷ്ട്രീയവും പാരമ്പര്യസിദ്ധാന്തങ്ങളും കൂട്ടിയിണക്കിയകണ്ണികളിൽ മോചനമാശിക്കാതെ കുരുങ്ങിക്കിടക്കാൻ വിധിക്കപ്പെട്ടിട്ടുള്ളയാളുമാണ് ഘാതകൻ. അയാളുടെ ഒരിക്കലും സുതാര്യമല്ലാത്ത മാനസികപഥങ്ങളിലൂടെ  നോവലിസ്റ്റ് നടത്തുന്ന സഞ്ചാരമാണ് ‘ഇതാണെൻ്റെ പേര്’ എന്ന നോവൽ.

ഹൈന്ദവം എന്ന സ്ഥാപനത്തിനുവേണ്ടി രക്തം ചിന്തുന്നത് ദൈവീകവും വിശുദ്ധവുമായ കർമ്മാണെന്ന മാനസികനിലയിലാണ് ഘാതകൻ തൻ്റെ ഭാഗധേയം പൂർത്തിയാക്കുന്നത്. അതിൻ്റെ ഫലപ്രാപ്തിയുടെ സഫലത അയാൾ അനുഭവിക്കുമ്പോഴും, അതിൻ്റെ കർമ്മനിലപാടുകൾ നിരാശയിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. ചെയ്ത കൃത്യം പുണ്യമെന്നപോലെ അയാളെ ഉന്മത്തനാക്കുമ്പോൾത്തന്നെ, ഒരു രാജ്യത്തെ രക്ഷിച്ച തൻ്റെ നേരെ അക്രമത്തിനൊരുങ്ങുന്ന രാജ്യവാസികളെയോർത്ത് നൈരാശ്യംകൊള്ളുകയും ചെയ്യുന്നു. വെടിയുതിർത്തതിനുശേഷം തോക്കിൻകുഴലിലൂടെ വരുന്ന നീലപ്പുകയുടെ ഗന്ധം താൻ രാത്രിയിൽ പ്രാപിച്ച ബാലൻ്റെ ശരീരഗന്ധംപോലെയും തോക്കിൻകുഴൽ അവൻ്റെ ലിംഗംപോലെയും  അനുഭവിക്കുമ്പോൾ, ഘാതകൻ ലൈംഗികാഭിനിവേശംപോലെ കൊലയിൽ ആസക്തിയോടെ അഭിരമിക്കുകതന്നെയാണ്.

അതേസമയം, മരണപ്പെട്ടയാളുടെ ഗ്രഹനില മനസ്സിൽ ഗണിച്ചപ്പോൾ ഘാതകനെ നിരാശയുടെ പടുകുഴിയിൽ വീഴ്ത്തി. ഈ മരണസമയംകൊണ്ട് മരിച്ചയാൾ സദ്ഗതി പ്രാപിച്ചിരിക്കുന്നു. തൻ്റെ കർമ്മവും സമയവും പിഴച്ചതോർത്ത് ഘാതകൻ വ്യാകുലപ്പെടുന്നുണ്ട്. മരിച്ചയാളെ ബ്രഹ്മപാദത്തിലേക്കയച്ചതും, അഖണ്ഡഭാരതത്തിനുവേണ്ടിയുള്ള തൻ്റെ കർമത്തെയറിയാതെ തന്നെ മർദ്ദിക്കുന്നവരുടെ യുക്തിരാഹിത്യത്താലും തൻ്റെ പൂർവ്വ ജന്മപരമ്പരകളുടെ വ്യർത്ഥതയോർത്ത് അയാളെ മഥിക്കുന്നുണ്ട്. ആദിജന്മത്തിൽ ദേവതകളാൽ പരിത്യക്തനായി ജന്മം ഹോമിക്കപ്പെട്ട ചിത്രശലഭവും വണ്ടുമായിരുന്നു അയാൾ. മറ്റൊരു ജന്മത്തിൽ യഹൂദനിർവ്വഹണപ്രകാരം നക്ഷത്രദിക്കുനോക്കിപ്പോയ ജ്ഞാനികളിലൊരാളായി സഞ്ചരിക്കവേ, അഗമ്യഗമനം നടത്താനൊരുങ്ങവേ കൊല്ലപ്പെട്ടു. ഇനിയുമൊരു ജന്മത്തിൽ ഫ്രഞ്ച് പ്രഭുകുടുംബത്തിൽ പുരോഹിതനായിരിക്കവേ പടയോടുകൂടിപ്പോയി ദേശവാസികളെ ക്രൂരമായി കൊന്നൊടുക്കി. ഒരു ജന്മത്തിൽ കാശിയിലെ സന്യാസിയായിരിക്കേ ശവഭോഗം നടത്തവേ ഭീഭത്സമായി മരണപ്പെട്ടു. വേറൊരു ജന്മത്തിൽ സോദോം നഗരത്തിലെ വണിക്കുകളിലൊരാളായി, രതിവൈകൃതങ്ങൾക്കടിപ്പെട്ട് മരണമടഞ്ഞു. ദിതിയുടെ ഗർഭപാത്രത്തിൽ ഇന്ദ്രനാൽ നാല്പത്തൊൻപത് കഷ്ണങ്ങളായി വെട്ടിനുറുക്കിയിട്ട ഒരു ജന്മവും, ദ്വാരകയിൽ എരകപ്പുല്ലുകൊണ്ട് പരസ്പരം വെട്ടിമരിക്കാൻ കാരണമായ മദ്യക്കച്ചവടക്കാരൻ്റെ ജന്മവും ഘാതകനെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു! ജന്മബന്ധങ്ങൾ വേട്ടയാടിയ സരയൂനദിയിലെ മത്സ്യജന്മമായും, ഛത്രപതി ശിവജിയുടെ കുതിരയുടെ ജന്മമായും, കണ്ണകി മുലയറുത്തെറിഞ്ഞപ്പോൾ പിടിച്ചെടുത്ത തെരുവുതെണ്ടിയുടെ ജന്മമായും തുടങ്ങി ഒരുപാട് സ്വാസ്ഥ്യംതരാത്ത ജന്മപരമ്പരകൾ അയാളെ വേട്ടയാടുകയായിരുന്നു.

പൊയ്പ്പോയ ജന്മബന്ധങ്ങളുടെ നിരർത്ഥകതയാലാവണം, ലക്ഷ്യം പൂർത്തിയാക്കിയിട്ടും തനിക്ക് മനസ്സുഖം ലഭിക്കാതെ പോവുന്നതിനു കാരണമെന്ന് ഘാതകൻ വിചാരപ്പെടുന്നുണ്ട്. ബ്രാഹ്മണനായിരുന്നിട്ടും സ്വധർമ്മത്തിന് വിരുദ്ധമായി ഭാരതത്തിനുവേണ്ടി ശത്രുസംഹാരം നടത്തിയ തന്നെ ജനങ്ങൾ പ്രഹരിക്കുന്നതെന്തിന് എന്നയാൾ ആശ്ചര്യപ്പെടുന്നു. വിലങ്ങിട്ട് പോലീസ് വാഹനത്തിൽ കയറ്റുമ്പോഴും തന്നെയാരും തിരിച്ചറിയുന്നില്ലല്ലോയെന്ന് വ്യസനിക്കുകയും. പോലീസ് സ്റ്റേഷൻ്റെ മുറിയിൽ വിചാരണ നേരിടുമ്പോഴും കൊന്നവൻ്റെയും കൊല്ലപ്പെട്ടവൻ്റെയും പേരുകൾ ഹൈന്ദവനിരീക്ഷണത്തോടെ അയാളറിയുന്നു. ഹോമകുണ്ഡത്തിനു മുന്നിൽ തീക്കനൽശോഭയിൽ നോക്കിയിരുന്ന് സ്വപ്നം കണ്ടിരുന്ന ഒരു ബാലൻ്റെ ചിത്രമോർത്ത് അയാൾ വിതുമ്പുന്നു. ഹൈന്ദവതയിൽ അയാൾ തപ്പിത്തടയുന്നു. ക്രോധത്തിൻ്റെ വേദാന്തവും രക്തത്തിൻ്റെ വേദാന്തവുമാണ് തന്റേതെന്നും, രക്തത്താൽ ഭാരതാംബയ്ക്ക് അഭിഷേകം ചെയ്യുകയാണ് താൻ ചെയ്യുന്നതെന്നുമാണ് അയാളുടെ മതം. എന്നിട്ടും പോലീസിനുമുന്നിൽ അയാളുടെ പേരായി ഒപ്പിട്ടുനൽകുന്നത് മോഹൻദാസ് എന്നു മാത്രമാവുന്നു. ബ്രഹ്മത്തിങ്കൽ ഒന്നിനും പേരില്ലാത്തതിനാൽ മരിച്ചവനിനി പേരാവശ്യമില്ലെന്നാണ് ഘാതകൻ ചിന്തിക്കുന്നത്. എല്ലാപേരും ഇല്ലാതാവുമ്പോഴും മോഹൻദാസ് എന്ന പേരുമാത്രം ബാക്കിയാവുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.

ചരിത്രത്തെ ‘ക്രൂരമായി’ വിശകലനം ചെയ്യുന്ന നോവലാണ് സക്കറിയയുടെ ‘ഇതാണെൻ്റെ പേര്’. ഭാരതത്തിൻ്റെ മതേതരഭൂമികയെ നികത്തി വിഭാഗീയകൃഷിയിറക്കാനൊരുങ്ങുന്ന വിഘടനവാദികളെ മുൾമുനയിൽ നിറുത്തുന്നുണ്ടീ നോവൽ. ഒപ്പംതന്നെ ഗാന്ധിവധം ശേഷിപ്പിച്ച ചില അന്വേഷണങ്ങളുടെ വരികൾക്കിടയിലൂടെ നൂഴ്ന്നുകടക്കാനും ‘ഇതാണെൻ്റെ പേര്’ ശ്രമിക്കുന്നു. ആക്ഷേപഹാസ്യത്തിൻ്റെ നീട്ടിപ്പിടിച്ച ചൂണ്ടുവിരലാണ് സക്കറിയയുടെ കഥാപരിസരങ്ങൾ. അദ്ദേഹത്തിൻ്റെ ആനുകാലികവിശകലനങ്ങളും ആ ഗണത്തിൽപ്പെട്ടവയാണ്. ചരിത്രത്തെ സത്യസന്ധവും യുക്തിപൂർവ്വവുമായി സമീപിക്കാനുള്ളതാണ് സക്കറിയയ്ക്ക് എഴുത്തുകൾ. അത്തരത്തിൽ, ഈ കാലം അവരോധിച്ച ഭാരതീയമീമാംസകൾക്കു നേരെയുള്ള ശക്തമായ താക്കീതായിമാറുന്നു സക്കറിയയുടെ ‘ഇതാണെൻ്റെ പേര്’ എന്ന നോവൽ.

ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, പ്രെയ്‌സ് ദി ലോര്‍ഡ്, എന്തുണ്ടു വിശേഷം പീലാത്തോസേ?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് എന്നീ നോവെല്ലകളുടെ സമാഹാരം വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

കടപ്പാട്- sydneymalayalamlive

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.