എം മുകുന്ദനും ആന്തണി ഹോപ്കിൻസും രണ്ടു സിനിമകളും!
ജെ എസ് അനന്ത കൃഷ്ണൻ (എഴുത്തുകാരൻ, വിവർത്തകൻ- ദേശീയ – അന്തർ ദേശീയ പുരസ്കാര ജേതാവ്)
ഈ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാര ജേതാവ്, ഫിലിപ്പ് ആന്തണി ഹോപ്കിൻസും മലയാള സാഹിത്യത്തിന്റെ അഭിമാനമായ എം. മുകുന്ദനും തമ്മിലെന്താണ് ബന്ധം?
ക്ലാസ്സിക്കുകൾ എന്തെന്ന് നിർവചിക്കുവാൻ മാജിക്കൽ റിയലിസത്തിന്റെ അത്ഭുത കാഴ്ചകളൊരുക്കിയ ഇറ്റാലോ കാൽവിനോ എന്ന വിശ്വ വിഖ്യാത സാഹിത്യകാരൻ പതിനാല് മാനദണ്ഡങ്ങൾ അദ്ദേഹത്തിന്റെ 1991ൽ പുറത്തിറങ്ങിയ എന്തിന് ‘ക്ലാസ്സിക്കുകൾ വായിക്കണം'( Why Read the Classics?) എന്ന പുസ്തകത്തിൽ മുന്നോട്ടു വയ്ക്കുന്നു. അതിലാദ്യത്തേത് ക്ലാസ്സിക്കലായ സാഹിത്യം പുനർവായനകൾ സാധ്യമാക്കുന്നവയാണ് എന്നതാണ്. ഹോപ്കിൻസിന്റെ അഭിനയവും എം മുകുന്ദന്റെ രചനകളും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ഓരോ കാഴ്ചയിലും പുതിയ അർത്ഥങ്ങൾ സഹൃദയൻ ഹോപ്കിൻസിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കുന്നത് പോലെ ഓരോ വായനയിലും എം മുകുന്ദന്റെ അക്ഷരങ്ങളുടെ അർത്ഥവും വ്യാപ്തിയും കൂടിക്കൊണ്ടേയിരിക്കും. എം മുകുന്ദന്റെ പുസ്തകങ്ങൾ ജീവിതത്തിന്റെ പകർത്തിയെഴുത്തുകൾക്കപ്പുറം , അനേകം അടരുകൾ ഉള്ള അനുഭവങ്ങളുടെ ഒരു ശ്രേണിയാണ്. കാലത്തിന്റെ പ്രയാണത്തിൽ പുനർവായനക്ക് വിധേയമാകുമ്പോൾ മുകുന്ദന്റെ നോവലുകൾ ആ അടരുകളിലേക്കുള്ള പുതിയ വാതിലുകൾ തുറന്നിടുന്നു.
ഒരു കഥ പറയാം. ഒരു സിനിമാക്കഥ
84 ചേറിങ് ക്രോസ്സ് റോഡ്( 84 Charing Cross Road) എന്ന ഡേവിഡ് ജോൺസ് ചിത്രം. ആന്റണി ഹോപ്കിൻസും ജൂഡി ടെഞ്ചും ആൻ ബാങ്ക്രോഫ്റ്റും മേഴ്സിഡസ് റൂളും ഉൾപ്പെടെയുള്ള സമ്പന്ന താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ഹെലീൻ ഹാൻഫ് (Helene Hanff) എന്ന അമേരിക്കൻ എഴുത്തുകാരിയുടെ ജീവിതത്തിലെ ഒരു ഏടാണ്, അവരുടെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ചലച്ചിത്ര രൂപമാണ് ഈ സിനിമ. ഉയർന്നുവരുന്ന ഒരു എഴുത്തുകാരി എന്ന നിലയിൽ ബുദ്ധിമുട്ട് നേരിടുന്ന ഹെലീൻ സാറ്റർഡേ റിവ്യൂവിൽ ഒരു പരസ്യം കാണുന്നു. ലണ്ടനിൽ 84, ചേറിങ് ക്രോസ് റോഡ് എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന മാർക് ആൻഡ് കോ. എന്ന ആന്റീക് പുസ്തകശാല ആണ് താരതമ്യേന വിലകുറവുള്ള പഴയ പുസ്തകങ്ങളെക്കുറിച്ചുള്ള പരസ്യം നൽകിയിരിക്കുന്നത്. ഈ കടയും അതിലെ ജീവനക്കാരും ആയുള്ള അവരുടെ കത്തിടപാടുകൾ തുറന്നിടുന്നത് സൗഹൃദത്തിന്റെ അതിവിസ്തൃതമായ ഒരു ലോകമാണ്. ഏതൊരു പുസ്തകപ്രേമിയെയും ഭ്രമിപ്പിക്കുന്ന അക്ഷരങ്ങളുടെ അതീവഹൃദ്യമായ ഒരു ലോകം പതിയെ അനാവൃതമാക്കപ്പെടുന്നു.
ഇത്രയും സുന്ദരമായ ഒരു കഥാപശ്ചാത്തലം ആണെങ്കിൽ പോലും ഈ ചിത്രം കാണുമ്പോൾ മനസ്സിൽ ഉടക്കി നിൽക്കുന്നത് ഹെലീനിന്റെ സുഹൃത്തായ സിസിലി പറയുന്ന ഒരു വാചകമാണ്.
” ലണ്ടനിലേക്ക് ഞാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ വായിച്ചുകേട്ട് ലണ്ടൻ തേടി പോവുകയാണ് എന്ന് ഞാൻ അയാളോട് പറഞ്ഞു, അപ്പോൾ അയാൾ തിരിച്ചു ചിരിയോടു കൂടി ഇങ്ങനെ മറുപടി പറഞ്ഞു, അത് അവിടെ ഉണ്ടാകും ”
വിശ്വസാഹിത്യത്തിലെ മഹാരഥൻമാരിൽ പലരും നമ്മെ പല ഭൂമികകളിലേക്കും തങ്ങളുടെ അക്ഷരങ്ങളിലൂടെ സ്വാഗതം ചെയ്തിരുന്നു. അത് ഹാർഡി ആകട്ടെ ട്രൊലോപ് ആകട്ടെ!
എം മുകുന്ദന്റെ പുസ്തകങ്ങളിലെ സ്ഥലങ്ങൾ എന്തുകൊണ്ട് നമ്മെ അവയിലേക്ക് വലിച്ചടുപ്പിക്കുന്നു? എന്തുകൊണ്ട് കാലമൊരുപാട് കടന്നുപോയിട്ടും, മുകുന്ദൻ എഴുതുന്ന കാലത്ത് ഉണ്ടായിരുന്ന നഗരത്തിന്റെയും നാടിന്റെയും ഭൂമികയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടും നാം അവിടങ്ങളിൽ ചെല്ലുമ്പോൾ നോവലിൽ നാം കണ്ട ആ സ്ഥലങ്ങൾ നമ്മെ തേടിയെത്തുന്നു?
കാരണം നോവലിൽ നിറയുന്നത് ആ സ്ഥലങ്ങളുടെ ബാഹ്യശരീരം അല്ല അന്തരാത്മാവ് ആണ്. ധ്യാനാത്മകമായി മനനം ചെയ്യുന്ന എഴുത്തുകാരന് മുന്നിൽ വെളിപ്പെടുന്ന ആത്മാവ് എന്നും നിലനിൽക്കുന്നു. അതു മാഹി ആകട്ടെ ഡൽഹി ആകട്ടെ. ഓ എൻ വി കുറുപ്പ് മാഷിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ ദൽഹി ഗാഥകൾ വായിക്കുമ്പോൾ നിരവധി മിനിയേച്ചറുകളിലൂടെ ദില്ലിയുടെ സമഗ്രചിത്രം മനസ്സിൽ അവശേഷിക്കുന്നു..
മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലത്തെ സ്ഥലം കൊണ്ട് തോൽപ്പിച്ച കഥാകാരനാണ് എം മുകുന്ദൻ.
രണ്ടാമതായി ഒരു ചിത്രത്തെക്കുറിച്ച് കൂടി പറയട്ടെ. അത് 1993 ഇൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് ഹോപ്ക്കിൻസും ഡെബ്ര വിങ്ങറും തകർത്തഭിനയിച്ച ഷാഡോലാൻഡ്സ് ( Shadowlands) എന്ന ചിത്രമാണ്. സി എസ് ലൂയിസ് എന്നാ മഹാ സാഹിത്യകാരന്റെയും എഴുത്തുകാരിയായ,അദ്ദേഹത്തിന്റെ ഭാര്യയായ,
ജോയി ഗ്രീഷാമിന്റെയും ജീവിതകഥയാണ് സിനിമയ്ക്ക് ആധാരം. ഇതിനകത്ത് അതീവശ്രദ്ധയും ആയ ഒരു രംഗമുണ്ട്. ഒരു കഥ പിറക്കുന്ന രംഗം. വിശ്വവിഖ്യാതമായ ലയൺ വിച് ആൻഡ് ദ വാഡ്രോബ് എന്ന പുസ്തകം തുറക്കുന്ന നേരം. കയ്യിൽ ഒരു ബിയർ മഗുമായി, ” ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തീർത്തും അന്യമായ ഒരു ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ ഒരു അലമാരക്ക് ഉള്ളിലെ കോട്ടുകൾ നീക്കി ഒരു കൊച്ചുകുട്ടി മറ്റൊരു ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നതിനെ പറ്റിയുള്ള കഥ പറയുന്ന നിമിഷം “. ആ നിമിഷം ഹോപ്കിൻസ് കണ്ണുകളിൽ ഒരു തിളക്കം നമുക്ക് കാണാം. പലപ്പോഴും ഹോപ്കിൻസിന്റെ കണ്ണുകളാണ് സിനിമയിൽ കഥ പറഞ്ഞിട്ടുള്ളത്. അതിലെ തിളക്കത്തിന് ചെറു വ്യത്യാസങ്ങൾ പോലും രംഗങ്ങളെ തീക്ഷണമായി സ്വാധീനിച്ചിരുന്നു. ഹോപ്കിൻസിന്റെ അഭിനയത്തിന്റെ സൗകുമാര്യം ഏറ്റവും വെളിപ്പെടുന്നത് അയാളുടെ കണ്ണുകളിൽ ആണ്. ഓരോ സിനിമയിലും പിന്നെയും പിന്നെയും സ്വയം നവീകരിച്ച് കണ്ണുകളുടെ തിളക്കത്തിന് പുതിയ പുതിയ ചായക്കൂട്ടുകൾ നൽകിക്കൊണ്ടിരിക്കുന്നു ഹോപ്ക്കിൻസ്.
സ്വയം നവീകരിക്കാനും പായുന്ന കാലത്തിനൊപ്പം കുതിക്കാനുമുള്ള കഴിവാണ് ഏതൊരു കലാകാരനെയും ചെറുപ്പക്കാരൻ ആക്കുന്നത്. അതുകൊണ്ടാണ് എൺപത്തിമൂന്നാം വയസ്സിൽ ആന്തണി ഹോപ്ക്കിങ്സ് യുവനടൻ ആകുന്നതും എം മുകുന്ദൻ എഴുപത്തിയഞ്ചാം വയസ്സിൽ യുവ സാഹിത്യകാരൻ ആകുന്നതും. പുതിയ സഹസ്രാബ്ദത്തിലെ മലയാളസാഹിത്യത്തിലെ എഴുത്തുകാരുടെ പട്ടികയെടുത്താൽ, അതിനെ അധികരിച്ച് സമകാലിക മലയാള സാഹിത്യത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയാൽ മുൻപന്തിയിൽ തന്നെ എം മുകുന്ദൻ ഉണ്ടാകുന്നതിനും കാരണം മറ്റൊന്നല്ല.
മലയാളത്തിന്റെ ആദ്യ സൈബർ ഫിക്ഷൻ നോവലായ നൃത്തം മുകുന്ദന്റെ കൈകളാൽ സഹസ്രാബ്ദത്തോടൊപ്പം പിറന്നു വീഴുകയായിരുന്നു. ഇറങ്ങി 11 വർഷങ്ങൾക്ക് ശേഷമാണ് ആലൻ കിർബി എന്ന സൈദ്ധാന്തികൻ സ്യൂഡോമോഡേനിസം എന്ന പരികൽപ്പന മുന്നോട്ടുവയ്ക്കുന്നത്. കാലത്തിനൊപ്പമോ ഒരുപക്ഷേ കാലത്തിനു മുൻപോ സഞ്ചരിക്കുകയായിരുന്നു എം മുകുന്ദൻ. സഹസ്രാബ്ദത്തിന്റെ രണ്ടാം പതിറ്റാണ്ടിലേക്ക് എത്തുമ്പോഴേക്കും കുട നന്നാക്കുന്ന ചോയിയും ദൽഹി ഗാഥകളും മലയാളനോവൽ ലോകത്തെ വീണ്ടും സമ്പന്നമാക്കി.
ദൃശ്യപ്രപഞ്ചത്തിന് അപ്പുറമുള്ള വായനാനുഭവത്തിന്റെ ലോകത്തിലേക്ക് വായനക്കാരൻ എന്ന തുമ്പി മലയാളത്തിലെ സ്വന്തം കഥാകാരൻ ഒരുക്കിയ വഴിയിലൂടെ പറന്നു കൊണ്ടേയിരിക്കുന്നു.
Comments are closed.