DCBOOKS
Malayalam News Literature Website

ആരായിരുന്നു എം എഫ് ഹുസൈന്‍?

മഹാരാഷ്ട്രയിലെ പന്തര്‍പൂരില്‍ ജനിച്ച മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം.എഫ്. ഹുസൈന്‍ അത്യപൂര്‍വമായ വരകളിലൂടെയും വര്‍ണങ്ങളിലൂടെയുമാണ് ഇന്ത്യയെ ആവിഷ്കരിച്ചത്. ജീവിതത്തെ അടിമുടി ചിത്രകലക്കും പരീക്ഷണങ്ങള്‍ക്കും സമര്‍പ്പിച്ച അദ്ദേഹം ഇരുപതാം വയസ്സില്‍ സിനിമാപോസ്റ്ററുകള്‍ വരച്ചാണ് തുടങ്ങിയത്. കൂറ്റന്‍ കാന്‍വാസുകളും ക്യൂബിസ്റ്റ് ശൈലിയും ഭ്രമാത്മക ആവിഷ്കാരവും ഹുസൈന്‍െറ രചനകളെ ശ്രദ്ധേയമാക്കി.

സിനിമ പോസ്റ്റര്‍ രചയിതാവെന്ന നിലയില്‍ നിന്ന് വളര്‍ന്ന് ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇന്ത്യന്‍ ചിത്രകാരനായി വളര്‍ന്ന ഹുസൈന്‍ എക്കാലവും വിവാദങ്ങളുടെ തോഴനായിരുന്നു.

വിവാദങ്ങളും കേസുകളും വിടാതെ പിന്തുടര്‍ന്നപ്പോള്‍ 2006ല്‍ ഇന്ത്യ വിട്ട അദ്ദേഹം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ പന്ഥര്‍പുറില്‍ 1915 സപ്തംബര്‍ 17ന് ജനിച്ച ഹുസൈനെ പ്രശസ്തനാക്കിയത് 1952ല്‍ സൂറിച്ചില്‍ നടന്ന പ്രദര്‍ശനമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് യു.എസ്സിലും യൂറോപ്പിലും വന്‍ സ്വീകാര്യത ലഭിച്ചു. മദര്‍ തെരേസാ പരമ്പരയും ലോകത്തിലെ ഒമ്പത് മതങ്ങളെ അടിസ്ഥാനമാക്കിയും കുതിരകളെ അടിസ്ഥാനമാക്കിയുമുള്ള ചിത്രപരമ്പരകളും 40 അടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവര്‍ചിത്രവും ആസ്വാദകരുടെ മനംകവര്‍ന്നു. പിന്നീട്‌ ഹുസൈന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രകാരനായി മാറി. ക്രിസ്റ്റിലേലത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എട്ടുകോടി രൂപയ്ക്കാണ് വിറ്റുപോയത്.

മാധുരി ദീക്ഷിതിന്‍െറ ആരാധകനായിരുന്ന അദ്ദേഹം അവരുടെ ചിത്രശ്രേണികള്‍ വരച്ചു. അവരെ നായികയാക്കി ‘ഗജകാമിനി’ എന്ന ചിത്രം സംവിധാനം ചെയ്തു. മൂന്ന് സിനിമകള്‍ അദ്ദേഹം സംവിധാനംചെയ്തു. ‘ത്രൂ ദ ഐസ് ഓഫ് എ പെയിന്‍റര്‍’ 1967ല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് നേടി. 1955ല്‍ പത്മശ്രീയും 1973ല്‍ പത്മഭൂഷണും 1991ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഹിന്ദുത്വസംഘടനകള്‍ അദ്ദേഹത്തിന്‍െറ രചനകള്‍ക്കെതിരെ തുടര്‍ച്ചയായി രംഗത്തുവന്നു. വിവാദങ്ങള്‍ രൂക്ഷമായപ്പോള്‍ ഹുസൈന്‍ ഇന്ത്യവിട്ട് ഖത്തറിലത്തെി പൗരത്വംസ്വീകരിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ബാക്കിയാക്കി 2011 ജൂണ്‍ ഒമ്പതിന് 95ാം വയസ്സില്‍ ലണ്ടനില്‍ അന്തരിച്ചു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.