പരിസ്ഥിതി സംരക്ഷണം ഭാവിയുടെ ആവശ്യം; അത്യാവശ്യവും
ശ്രീകല ചിങ്ങോലി
പരിസ്ഥിതി എന്നതിനെ ഒറ്റവാക്കിൽ നിർവചിച്ചാൽ മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ എന്നേ പറയാനാവൂ. അതിനാൽ ഈ പരിസ്ഥിതി സമ്പൂർണവും സൗഭാഗ്യപൂർണമാകണമെങ്കിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും ജൈവ – അജൈവ ഘടകങ്ങളും തമ്മിൽ പരസ്പരാശ്രിതത്വവും സമരസപ്പെടലും ഉണ്ടായേ തീരൂ. ഹരിതാഭമായ നമ്മുടെ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും വേണ്ടുവോളം നൽകുന്നുണ്ട്. നമ്മുടെ മരങ്ങളും തണ്ണീർത്തടങ്ങളും കണ്ടൽകാടുകളും പാടങ്ങളും നദികളും മലകളുമെല്ലാം നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ സുന്ദരമായ ഈ ഭൂമിയാണ് മനുഷ്യൻ അധിവസിക്കുന്ന ഏകഗ്രഹം.അതിനാൽ മനുഷ്യവാസത്തിനുള്ള വിഭവങ്ങളെല്ലാം പ്രകൃതി ഇതിൽ ഒരുക്കിയിട്ടുണ്ട്.
ആദിമമനുഷ്യന് ആർത്തി ഇല്ലായിരുന്നു. അവർ ആവശ്യത്തിനുമാത്രം വിഭവങ്ങൾ വിനിയോഗിച്ച് ബാക്കി നാളെക്കായി കരുതി. എന്നാൽ ആധുനിക മനുഷ്യന് ആവശ്യത്തിനും അതിലധികവും എല്ലാ വിഭവങ്ങളും വേണമെന്നായി. അത് അമിത ചൂഷണത്തിലേക്ക് വഴിമാറി.അതോടെ ആവാസവ്യവസ്ഥയുടെ ചിട്ടവട്ടങ്ങൾ താറുമാറായി. മല തുരന്നും പുഴ തുരന്നും കാടു മുടിച്ചും കയ്യേറ്റം തുടരുന്നതിൽ മത്സരമായി.കാവുതീണ്ടരുതെന്നും മലതുരക്കരുതെന്നുമുള്ള പൂർവികരുടെ ചൊല്ല് കാറ്റിൽപറത്തി. അങ്ങനെ ആവാസവ്യവസ്ഥ പൂർണ്ണ നാശത്തിന്റെ വക്കിലെത്തി.
ഭൂമി തരുന്ന നന്മകൾ നമുക്കൊപ്പം മറ്റു ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും അവരുടെ കൂടി വീടാണ് പ്രകൃതി എന്നും നമ്മൾ, നന്ദി ശൂന്യരായ മനുഷ്യർ മറന്നു.മരങ്ങൾ വെട്ടി കിളികളെ കൂടില്ലാത്തവരാക്കി.കുളം നികത്തി മത്സ്യങ്ങളേയും മറ്റു ജീവജാലങ്ങളെയും കൊന്നൊടുക്കി. സഹ്യന്റെ മക്കളെ വെയിലത്ത് നിർത്തി അടിച്ചും ഇടിച്ചും പീഡിപ്പിച്ചു. മല തുരന്ന് അപൂർവങ്ങളായ മരുന്ന് ചെടികളും വൃക്ഷങ്ങളും ഇല്ലാതാക്കി.ഹരിതാഭ വിഷനീലമാക്കി. സുസ്ഥിര വികസനം എന്ന ഓമനപ്പേരിൽ വയലുകളും തണ്ണീർത്തടങ്ങളും കണ്ടൽകാടുകളും ഓർമയാക്കി.
” താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ”
എന്ന അവസ്ഥയിലാണ് നമ്മൾ ഇപ്പോൾ. ആഗോളതാപനവും ഉരുൾപൊട്ടലും പ്രളയവും സുനാമിയും വരൾച്ചയും നമ്മെ വിടാതെ പിന്തുടരുന്നു. ഒപ്പം ചുഴലികാറ്റുകളും വിഷവാതകങ്ങളും ഫാക്ടറി മാലിന്യങ്ങളും നമ്മെ ശ്വാസം മുട്ടിക്കുന്നു. ഋതുക്കൾ മാറി പോകുന്നു. പൂവിടേണ്ട ചെടികൾ അത് മറക്കുന്നു.വൃക്ഷങ്ങൾ കായ്ഫലങ്ങൾ ചൊരിയുന്നില്ല. പുഴകൾ വെറും മണൽ കൂമ്പാരങ്ങൾ. പശുക്കൾക്ക് മേയാൻ വയലോ മലയോരമോ ഇല്ല. ജലാശയങ്ങൾ വിഷമയങ്ങൾ. കിളിപ്പാട്ടില്ല.നല്ല മത്സ്യങ്ങൾ ഓർമ്മയായി. കാലാവസ്ഥ പ്രവചനാതീതം ആയി.
ഈ പരിസ്ഥിതി ദിനത്തിൽ നാം ഇത്രയും ഓർമ്മിച്ചാൽ മതി. നമുക്ക് മണ്ണുവേണം. പാറയും മണലും മരവും വേണം. പ്രാണവായു വേണം.കാവും കുളവും തണ്ണീർത്തടങ്ങളും വേണം. പൂക്കൾ വിരിയണം. കിളികൾ പാടണം. കിണറുകളിലെ ജലം ശുദ്ധമാകണം. എല്ലാ ജലവ്യൂഹങ്ങളും ശുദ്ധമാകണം. നദികൾ സ്ഫടികം പോലെ ഒഴുകണം. ഈ ഓർമ്മയാണ് പരിസ്ഥിതി ദിനാഘോഷത്തിൽ നിറയേണ്ടത്.നാശത്തിന്റെ പാരമ്യത്തിലെത്തിയ നമ്മുടെ ഭൂമിയെ കരുതലോടെ സംരക്ഷിക്കണം. നമ്മുടെ ഒപ്പം തിര്യക്കുകൾക്കും ജീവിക്കാൻ അനുവാദം നൽകണം. നമ്മുടെ ഹരിതഭൂമി ഹരിതമായിത്തന്നെ നിലനിൽക്കട്ടെ.പ്രാണവായു നഷ്ടമാകാതിരിക്കട്ടെ!!!
Comments are closed.