‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മവാര്‍ഷികദിനം
അനുഗ്രഹീത ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ഇന്ന് 75-ാം ജന്മദിനം. പിറന്നാള്‍ ആശംസകള്‍ നേരാന്‍ സംഗീത ലോകത്തിനു കഴിയില്ല, ആശംസകള്‍ കേള്‍ക്കാന്‍ എസ്.പി.ബിയും ഇല്ല. എസ്.പി.ബി.യാത്രയായതിനു ശേഷമുള്ള ആദ്യ ജന്മദിനം കൂടിയാണ് ഇന്ന്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എസ്.പി.ബി. കഴിഞ്ഞ സെപ്റ്റംബർ 25-നാണ് മരിച്ചത്.
അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യൻ സംഗീത ചലച്ചിത്ര സംഗീത രംഗത്ത് നിറഞ്ഞ നിന്ന എസ് പി ബാലസുബ്രഹ്മണ്യം നാൽപ്പതിനായിരം പാട്ടുകൾ പാടിയിട്ടുണ്ട്. ഗായകൻ, സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ, ആന്ധ്രാപ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും, കലെെമാമണി, കർണ്ണാടക തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ് അദ്ദേഹത്തിനുള്ളത്. എഞ്ചിനിയറാകാൻ ആഗ്രഹിച്ചിരുന്ന എസ്.പി.ബി അനന്തപൂരിലെ JNTU എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ ചേർന്നു. പക്ഷേ അപ്പോഴൊക്കെയും സംഗീതം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ ചില ആലാപന മത്സരങ്ങളിൽ മികച്ച ഗായകനായി അദ്ദേഹം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.
അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം “നിലവെ എന്നിടം നെരുങ്കാതെകാതെ” ആയിരുന്നു. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടി. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ്.പി.ബിക്കാണ്.
Comments are closed.