DCBOOKS
Malayalam News Literature Website

ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ കണ്ണും കാതും സമര്‍പ്പിച്ച സര്‍ഗധനനായ മലയാളത്തിന്‍റെ പ്രിയകവി സച്ചിമാഷിന് ഇന്ന് പിറന്നാള്‍

മലയാള കവിതറ്റയുടെ ധന്യതയാണ് സച്ചിദാനന്ദ‌ന്‍. ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ കണ്ണൂംകാതും സമര്‍പ്പിച്ച സര്‍ഗധനനായ മലയാളത്തിന്‍റെ പ്രിയകവി സച്ചിമാഷിന് ഇന്ന് പിറന്നാള്‍. മാനവചരിത്രം ഇതുവരെ കടന്നുപോകാത്ത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്തിന് അഭിമുഖം നില്ക്കുന്ന കവിതകളാണ് സച്ചിദാനന്ദന്‍റേത്. സമൂഹത്തിന്റെ എല്ലാ വശത്തേക്കും ശിരസ്സ് തിരിച്ചുകൊണ്ട് കവിതയെ അനുഭൂതികളുടെ ചരിത്രനിർമ്മാണത്തിന്റെ ഭാഗമാക്കുകയാണ് സച്ചിദാനന്ദൻ.

കെ സച്ചിദാനന്ദന്‍
1946 മെയ് 28-ന് തൃശൂര്‍ ജില്ലയിലെ പുല്ലൂറ്റ് (കൊടുങ്ങല്ലൂര്‍) ജനിച്ചു. പുല്ലൂറ്റ് എല്‍.പി., യു.പി. സ്‌കൂളുകളിലും കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും കൊച്ചി മഹാരാജാസ് കോളജിലും വിദ്യാഭ്യാസം. എം.എ. (ഇംഗ്ലിഷ്), പിഎച്ച്.ഡി. (ഘടനാവാദാനന്തരവിമര്‍ശം; കോഴിക്കോട് സര്‍വ്വകലാശാല). ജോലികള്‍: ലെക്ചറര്‍, പ്രൊഫസര്‍ (ക്രൈസ്റ്റ് കോളജ്), ഇംഗ്ലിഷ് എഡിറ്റര്‍, സെക്രട്ടറി (സാഹിത്യ അക്കാദമി), ഭാഷോപദേഷ്ടാവ് (ഇന്ത്യാ ഗവണ്‍മെന്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ്), എഡിറ്റര്‍ (കഥ), ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഇഗ്‌നൗ, ഡല്‍ഹി), കവിത, ലേഖനം, നാടകം, യാത്രാവിവരണം, ഇവയില്‍ അമ്പതോളം സ്വതന്ത്രകൃതികള്‍, 18 കാവ്യപരിഭാഷകള്‍, 2 നാടകപരിഭാഷകള്‍, 4 ഇംഗ്ലിഷ് ലേഖനസമാഹാരങ്ങള്‍, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (5 വിഭാഗങ്ങളില്‍), എന്‍.ടി. രാമറാവു ദേശീയ പുരസ്‌കാരം, ഗംഗാധര്‍മെഹെര്‍ ദേശീയ പുരസ്‌കാരം, കുസുമാഗ്രജ് ദേശീയ പുരസ്‌കാരം, ആശാന്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഉള്ളൂര്‍ പുരസ്‌കാരം, പ്രഥമ പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, പ്രഥമ കടമ്മനിട്ട അവാര്‍ഡ്, മസ്‌കറ്റ്, ബഹ്‌റൈന്‍ മലയാളി സമാജ പുരസ്‌കാരങ്ങള്‍, ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നൈറ്റ് ഹുഡ്, ബിര്‍ളാ ഫെല്ലോഷിപ്പ് (താരതമ്യ സാഹിത്യം) തുടങ്ങിയ ബഹുമതികള്‍. പ്രധാന ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലിഷ്, ഐറിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക് ഭാഷകളില്‍ സ്വന്തം കവിതയുടെ വിവര്‍ത്തന സമാഹാരങ്ങള്‍. 20 വര്‍ഷമായി ഡല്‍ഹിയില്‍. ഇ-മെയില്‍: satchida@gmail.com

പ്രധാന കൃതികള്‍
കവിത
അപൂര്‍ണം, ഇവനെക്കൂടി, കവിബുദ്ധന്‍, ദേശാടനം, മലയാളം, മറന്നുവെച്ച വസ്തുക്കള്‍, വിക്ക്, വീടുമാറ്റം, സച്ചിദാനന്ദന്റെ കവിതകള്‍ (3 വാല്യങ്ങള്‍), സാക്ഷ്യങ്ങള്‍, സംഭാഷണത്തിന് ഒരു ശ്രമം, ബഹുരൂപി, നില്‍ക്കുന്ന മനുഷ്യന്‍, സച്ചിദാനന്ദന്റെ കവിതകള്‍, 1965-2015, സമുദ്രങ്ങള്‍ക്കു മാത്രമല്ല, പക്ഷികള്‍ എന്റെ പിറകേ വരുന്നു
ഗദ്യം
പല ലോകം പല കാലം-യാത്രയുടെ പുസ്തകം, മുഹൂര്‍ത്തങ്ങള്‍
പഠനം
ഭാരതീയ കവിതയിലെ പ്രതിരോധപാരമ്പര്യം

Comments are closed.