DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇ-പതിപ്പിന് ഇന്ന് തുടക്കമാകും

കോട്ടയം: ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ-പതിപ്പിന് (ഇ-കെ.എൽ.എഫ്) ഇന്ന് (28 മെയ് 2021) തുടക്കമാകും. രാവിലെ പത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇ-കെ.എൽ.എഫ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി , ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുക്കും. കവിതയിലെ കാലമുദ്രകൾ എന്ന വിഷയത്തിൽ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെ ഇ-കെ.എൽ.എഫ് പരിപാടികൾക്ക് തുടക്കമാവും. സച്ചിദാനന്ദന്റെ കാവ്യജീവിതം അടയാളപ്പെടുത്തുന്ന കാലചരിത്രത്തെ പരിശോധിക്കുന്ന മുഖാമുഖമാണ് കവിതയിലെ കാലമുദ്രകൾ.

സമയക്രമം അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ക്ലിക്ക് ചെയ്യൂ

തുടർന്ന് അന്താരാഷ്ട്ര കാവ്യോത്സവം നടക്കും. ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോത്സവം ഫലസ്തീൻ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈൻ എന്നിവരുടെ കവിതയോടെ ആരംഭിക്കും. വൈകീട്ട് 8.30 വരെയാണ് കാവ്യോത്സവം.
അന്താരാഷ്ട്ര കാവ്യോത്സവത്തിൽ ഫലസ്തീൻ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയർലണ്ട് തുടങ്ങി ഒൻപതുരാജ്യങ്ങളിൽ നിന്നുള്ള കവികളോടൊപ്പം തസ്ലീമ നസ്രീൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സൽമ, കെ ജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടിൽ, കുട്ടിരേവതി, നിഷി ചൗള, പി പി രാമചന്ദ്രൻ, റഫീക്ക് അഹമ്മദ് തുടങ്ങി അമ്പതിലേറേ കവികൾ പങ്കെടുക്കുന്നു.

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കും. നേരിട്ട് എത്താൻ കഴിയാത്ത പല ദേശങ്ങളിൽ നിന്നുള്ള പ്രമുഖരെ ഇ-കെ.എൽ.എഫ് ൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നതും വിവിധ ദേശങ്ങളിൽ കഴിയുന്ന ആളുകൾക്ക് പരിപാടികളിൽ പങ്കാളികളാകാൻ അവസരം ലഭിക്കുമെന്നതും ഇ-കെ.എൽ.എഫ് നെ ശ്രദ്ധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.

സമയക്രമം അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ക്ലിക്ക് ചെയ്യൂ

Comments are closed.