ഓര്‍മകളില്‍ രാജീവ് ഗാന്ധി
രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984-1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരനു നല്കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്കി ആദരിച്ചുധ3പ .
കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയന്‍ വംശജയായ അന്റോണിയ അല്‍ബിനാ മൈനോ എന്ന പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികനായി ഉദ്യോഗത്തില്‍ ചേര്‍ന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തില്‍ രാജീവ് തീരെ തല്‍പ്പരനായിരുന്നില്ല. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ല്‍ 404 സീറ്റുകള്‍ കരസ്ഥമാക്കിയാണ് അത്തവണ കോണ്‍ഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒട്ടനവധി നവീന പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങള്‍ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു. അയല്‍രാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി.
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി തുടര്‍ന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ വധിക്കപ്പെട്ടു. രാജീവിന്റെ മകന് രാഹുല്‍ ഗാന്ധി ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്,.
രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991ഇല് ശ്രീപെരുമ്പത്തൂരില്‍ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ വെച്ച് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. എല്‍.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബര്‍ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശന് എന്ന എല്‍.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാന്‍ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തില്‍ ചേര്‍ത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയര്‍ത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തില്‍ ഹാരം അണിയിച്ചശേഷം, കാലില്‍ സ്പര്‍ശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററില്‍ വിരലമര്‍ത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേര് മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.
‘രാജീവിനെ അണിയിക്കാനായി കൈയ്യില്‍ പൂമാലയുമായി ഒരു സ്ത്രീ അദ്ദേഹത്തിന്റെ മുന്നില്‍ വന്നു കുമ്പിട്ടു. പിന്നീട് എല്ലാം കണ്ണടച്ചു തുറക്കുന്ന മാത്രയില്‍ കഴിഞ്ഞു. ഒരു രാജ്യത്തിന്റെ പ്രതീക്ഷമുഴുവന്‍ കര്‍ണകഠോരമായ ശബ്ദത്തോടെ ഒരു തീഗോളമായി കത്തിയെരിഞ്ഞു’ രാജീവിന്റെ കൊലപാതകത്തെക്കുറിച്ച് ടൈം മാഗസിനില്‍ വന്ന വാര്‍ത്ത. 1991 ഏപ്രില്‍ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തില്‍ തീവ്രവാദികള്‍ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറേയും തീവ്രവാദികള്‍ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറില്‍ ഹരിബാബുവിന്റെ ക്യാമറയില്‍ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകള്‍ക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.
2006 വരെ എല്‍.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ഇല് ഒരു അഭിമുഖത്തില്‍ തമിഴ് പുലികളുടെ വക്താവായ ആന്റണ്‍ ബാലശിങ്കം എല്‍.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കന്‍ വംശജരായ എല്‍.ടി.ടി.ഇ. അംഗങ്ങളും തമിഴ്നാട്ടില്‍ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യന്‍ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീര്‍ഭൂമി എന്ന സ്മാരകം ഡെല്‍ഹിയില്‍ രാജീവിന്റെ സമാധി സ്ഥലത്ത് നിര്‍മിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയര്‍ത്തിയ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നു.
Comments are closed.