മുകിലന്റെ കഥയല്ലാതെ മറ്റൊന്നുമെഴുതാന്‍ എനിക്കാകുമായിരുന്നില്ല!
‘മുകിലന്‍‘ എന്ന നോവലിനെക്കുറിച്ച് ഡോ. ദീപു പി കുറുപ്പ്
എന്റെ കൗമാരകാല ഭാവനകളില്‍ ഞാനൊരു നോവലിസ്റ്റും എഴുത്തുകാരനുമൊക്കെ ആയിരുന്നു. പക്ഷേ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തിരിച്ചറിവുണ്ടായി അതൊരു ഭ്രമാത്മക
സ്വപ്നം മാത്രമാണെന്ന്. കുടുംബക്ഷേത്രത്തിലെ പഴയ തിടപ്പള്ളിയുടെ തിണ്ണമേലിരുന്ന് ഒരു
പാട് പ്രായംചെന്ന കഥപറച്ചിലുകാര്‍ എന്റെ ഭാവനയെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു.
ഈ നാടിനെയും ക്ഷേത്രത്തിനെയും പണ്ട് ആക്രമിക്കാനെത്തിയ ഒരു മുകിലന്റെ കഥ ആവേശത്തോടെ അവര്‍ പറയുമായിരുന്നു. അവന്‍ കോട്ടകൊത്തളങ്ങളുയര്‍ത്തി നിധി കുംഭങ്ങള്‍ കുഴിച്ചിട്ട നാടാണത്രേ എന്റേത്. വാക്കുകള്‍ ഉള്ളിലെത്തി ആശയങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയ കാലം മുതല്‍ കേട്ട ഈ മുകിലകഥയെ വച്ച് ഒരു നോവല്‍ ഉണ്ടാക്കണമെന്നു തോന്നിയത് എട്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോളായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷത്തോളം ഞാനത് മനസ്സില്‍ കൊണ്ടുനടന്നു. ജീവിതച്ചുഴികളാല്‍ ചുഴറ്റിയെറിയപ്പെട്ട ഞാന്‍ ഭീകരമായ മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ഏതോ ഒരു തീവ്രപ്രചോദനത്തിന്റെ ഭാഗമായി ഈ കഴിഞ്ഞ ജൂണ്‍ മൂന്നാം തീയതി ഒരു സാഹസികതയ്ക്ക് മുതിര്‍ന്നു.
കൗമാര ഭാവനയെ വീണ്ടും പൊടിതട്ടിയെടുത്ത് പേപ്പറും പേനയുമായി ഞാനെന്റെ നോവലെഴുത്താരംഭിച്ചു. മുകിലന്റെ കഥയല്ലാതെ മറ്റൊന്നുമെഴുതാന്‍ എനിക്കാകുമായിരുന്നില്ല. ജീവിതക്ലേശങ്ങള്‍ എനിക്ക് സമ്മാനിച്ച അരവട്ട് ക്രമേണ മുഴുവട്ടായി പരിണമിച്ചു. ബോധാബോധങ്ങള്‍ വീണ്ടും പ്രളയച്ചുഴികളായി മാറിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ കടന്നുവന്ന നൂറോളം റഫറന്‍സ് പുസ്തകങ്ങളിലെ വിവരങ്ങള്‍ നാട്ടുകഥകളുമായിച്ചേര്‍ന്ന് ചിന്തയില്‍ വിസ്‌ഫോടനങ്ങള്‍ നടന്നു. ജൂലൈ പത്തൊമ്പതാം തീയതിയായപ്പോഴേക്കും ആരുടെയും സഹായമില്ലാതെ പെറ്റ പെണ്ണിന്റെ അവസ്ഥയായെനിക്ക്.
ആ ദിവസം ഇരുനൂറ്റിയന്‍പതോളം വരുന്ന വരയിട്ട കടലാസുകളില്‍ മുകിലന്‍ ഉച്ചത്തിലുള്ള ജ്ഞാനക്കരച്ചിലുമായ് കിടക്കുന്നുണ്ടായിരുന്നു. മനസ്സും ശരീരവും ചോരക്കളമായ് മാറിയിരുന്നു. ഞാന്‍തന്നെ സാക്ഷയിട്ട ആ ഏകാന്ത ഈറ്റുപുരയുടെ നാലുപാടും സൃഷ്ടിവേളയിലൊക്കെ എന്റെ അമ്മ നിലവിളിച്ചുകൊണ്ടു കിടന്നോടുന്നുണ്ടായിരുന്നു. ആ അടച്ചിട്ട മുറിയില്‍നിന്നും
പൊക്കിള്‍ക്കൊടിബന്ധം മുറിച്ച് മുകിലനെ പുറത്തെത്തിച്ചെങ്കിലും ഞാനിപ്പോഴും ആ ചോരക്കളത്തില്‍തന്നെ കിടക്കുന്നു.
Comments are closed.