‘മറപൊരുള്’ അദ്വൈത വേദാന്തത്തിന്റെ പരമാചാര്യനായ ശ്രീ ശങ്കരാചാര്യരെ അടുത്തറിയാനൊരു ചരിത്ര നോവൽ
രാജീവ് ശിവശങ്കറിന്റെ ‘മറപൊരുള്’ എന്ന നോവലിന് രഹ്ന ഖാദര് എഴുതിയ വായനാനുഭവം
‘ശ്രീ ശങ്കരാചാര്യരെ കുറിച്ചെഴുതാൻ കേവലനായ താനാര്’ എന്ന് ശിഷ്യൻമാർ തമ്മിലുള്ള സംഭാഷണമധ്യേ ഭാനുമരീചി ചിൽസുഖനോട് അഭിപ്രായപ്പെടുന്നതുപോലെ, മറപൊരുൾ എന്ന നോവലിന് ആസ്വാദനക്കുറിപ്പെഴുതാൻ നിസ്സാരയായ ഞാൻ ആയിട്ടില്ല എന്ന തിരിച്ചറിവിൽ ഉറച്ചു നിന്നു തന്നെയാണ് അത്തരമൊരു ഉദ്യമത്തിനു മുതിരുന്നത്. ഈ നോവൽ രചനക്കു വേണ്ടി എഴുത്തുകാരൻ നടത്തിയ ആത്മാർപ്പണത്തിനോടും കഠിനാധ്വാനത്തിനോടും നീതി പുലർത്താൻ എനിക്ക് കഴിയുമോ എന്ന ആശങ്കയും പിൻതിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്.
അദ്വൈത വേദാന്തത്തിന്റെ പരമാചാര്യനായ ശ്രീ ശങ്കരാചാര്യരെ അടുത്തറിയാനൊരു ചരിത്ര നോവൽ; അതാണ് രാജീവ് ശിവശങ്കറിന്റെ മറപൊരുൾ. ജ്ഞാനികൾക്ക് മാത്രം ഗ്രാഹ്യമായ ശങ്കരദർശനങ്ങളെ സാധാരണക്കാർക്കും അനുഭവവേദ്യമാകത്തക്ക വിധത്തിൽ ശങ്കരാചാര്യരുടെ ജീവചരിത്രവും ചരിത്രസത്യങ്ങളും എഴുത്തുകാരന്റെ ഭാവനയും ഇഴ ചേർത്ത് അത്യന്തം ആസ്വാദ്യകരമാക്കി അവതരിപ്പിച്ചിരിക്കുന്നു.
ലോകനന്മയ്ക്കായി വിഷം വിഴുങ്ങിയ ആലവായന്റെ കാലടി പതിഞ്ഞ നാട്ടിൽ പൂർണ്ണാനദിക്കരയിൽ അടുത്തടുത്ത രണ്ടു ഇല്ലങ്ങളിൽ വളരെ അടുത്ത സുഹൃത്തുക്കളുടെ മക്കളായാണ് ശങ്കരനും വിഷ്ണു ശർമയും ജനിച്ചത്. തന്നേക്കാൾ അഞ്ചു വയസ്സിന് ഇളപ്പമാണെങ്കിലും വിഷ്ണുവിന് ശങ്കരൻ ഉറ്റ ചങ്ങാതി തന്നെയായിരുന്നു. അഞ്ചു വയസ്സാകുന്നതിന് മുൻപ് തന്നെ പ്രാകൃതവും മാഗധിയും സംസ്കൃതവും പഠിച്ചെടുത്ത് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയ കുഞ്ഞു ശങ്കരന്റെ ഉപനയനം ആചാരങ്ങൾ ലംഘിച്ച് അഞ്ചു വയസ്സിൽ നടത്തുന്നു. സന്യാസം സ്വീകരിക്കുന്നതിനായി എട്ടു വയസ്സിൽ തന്നെ ശങ്കരൻ വീടു വിട്ടിറങ്ങുന്നു. മൂന്നര വർഷങ്ങൾക്കിപ്പുറം ചങ്ങാതിയെ തേടി വിഷ്ണുവും പുറപ്പെടുന്നതിൽ പിന്നെ ശങ്കരന്റെ നിഴലായി വിഷ്ണുവുമുണ്ട്. ആദ്യം ഓംകാരേശ്വരത്തേക്കും അവിടുന്ന് കേദാരത്തിലേക്കും നീളുന്ന അവിശ്വസനീയമായ യാത്രക്കൊടുവിൽ അവർ ജഗത്ഗുരു ശങ്കരാചാര്യനും അരുമ ശിഷ്യൻ ചിൽസുഖനും ആയി പരിണമിക്കുന്നു. ഈ യാത്രയിലൂടെയാണ് ഭാരതത്തിന് ഇന്ന് കാണുന്ന സാംസ്കാരിക ഭൂപടം രചിക്കപ്പെട്ടതെന്ന് എഴുത്തുകാരൻ അടിവരയിട്ടു പറയുന്നു.
ശ്രീ ശങ്കരാചാര്യരുടെ ജീവിത കഥ പറയുക എന്ന ദൗത്യം നോവലിൽ ഏറ്റെടുക്കുന്നതും വിഷ്ണുവെന്ന ഈ ആത്മസ്നേഹിതൻ തന്നെയാണ്. കാലടിയിൽ നിന്ന് തുടങ്ങി കേദാരം വരെ നീണ്ട ഒട്ടനവധി വിദ്വൽ സഭകളും സംവാദങ്ങളും കടന്ന് എതിരാളികളെ പോലും അനുയായികളാക്കി മാറ്റി ആർഷധർമ്മത്തിന്റെ ധ്വജമുയർത്തി കാശ്മീരത്തിലെ ശാരദാക്ഷേത്രത്തിൽ വെച്ച് സർവജ്ഞപീഠമേറുന്ന ശ്രീശങ്കരന്റെ ജീവിത യാത്രയിൽ വായനക്കാരന്റെ കൈ പിടിച്ച് വിഷ്ണു ശർമ്മ വഴികാട്ടിയാവുന്നു. യാത്രയിലുടനീളം എത്തിച്ചേരുന്ന പുണ്യഭൂമികളെ കുറിച്ചും അവിടുത്തെ ആരാധനാസമ്പ്രദായങ്ങളെ കുറിച്ചും പ്രതിഷ്ഠയെ കുറിച്ചുമെല്ലാമുള്ള സന്ദർഭോചിതമായ ആത്മീയകഥകളും പുരാണ കഥകളും കൊണ്ട് സമ്പുഷ്ടമാണ് നോവലിന്റെ ആഖ്യാനം. ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളിൽ ഉദ്ധരിക്കുന്ന സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനവും ഉടനെ ചേർത്ത് വായനയുടെ ഒഴുക്കിന് യാതൊരു തടസ്സവും ഉണ്ടാക്കാതെ ശ്രദ്ധിച്ച എഴുത്തുകാരന്റെ അനായാസമായ ശൈലി ഈ നോവലിന് ഒരു മുതൽക്കൂട്ടാണ്. ശങ്കരാചാര്യരുടെ ദർശനങ്ങളിൽ വായനക്കാരന് ഉണ്ടായേക്കാവുന്ന ന്യായമായ ചില സംശയങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യരെ കൊണ്ടു തന്നെ ചോദിപ്പിച്ച് നോവൽ അതിന്റെ പൂർണത കൈവരിക്കുന്നു.
‘അർത്ഥമറിയാതെ ചെയ്തു കൂട്ടുന്ന ജപവും പൂജകളും കർമ്മങ്ങളും എങ്ങനെ ഈശ്വരനു വേണ്ടിയാവും; കർമ്മത്തിലൂടെയല്ല,മറിച്ച് ജ്ഞാനത്തിലൂടെയാണ് ഈശ്വര സാക്ഷാൽക്കാരം ചെയ്യേണ്ടത് , ആത്മാവിന്റെ ശുദ്ധിയല്ലേ ശരീരത്തിന്റെ ശുദ്ധിയേക്കാൾ പ്രധാനം, ഇത്രയധികം കർമ്മങ്ങൾ ചെയ്തിട്ടും മനസ്സ് ശുദ്ധമായില്ലെങ്കിൽ കർമ്മങ്ങൾ കൊണ്ടെന്ത് പ്രയോജനം, അറിവ് നേടുകയാണ് മനസ്സ് ശുദ്ധമാക്കാനുള്ള ഏക പോംവഴി’ തുടങ്ങിയ ഉത്കർഷമായ ചിന്തകൾ അഞ്ചു വയസ്സിൽ തന്നെ ശങ്കരൻ വിഷ്ണുവുമായി പങ്കുവെക്കുന്നത് അത്ഭുതത്തോടെ മാത്രമേ വായിച്ചു തീർക്കാനാവൂ. പിന്നീട് ഭാരതമൊട്ടാകെ ബഹുമാനിക്കപ്പെടുന്ന മഹാഗുരുവാകുന്നതോടെ അർത്ഥരഹിതമായ യജ്ഞകർമ്മങ്ങൾക്കൊണ്ടും മറുനാട്ടിൽ നിന്നു വന്ന ചിന്താപദ്ധതികൾ കൊണ്ടും സംഘടിതമായി തല്ലിക്കെടുത്താൻ ശ്രമിച്ച ഭാരതത്തിന്റെ ചിന്താനഭസ്സിനെ ദീപ്തമാക്കിയ ഉപനിഷത്തിന്റെ ദിവ്യപ്രഭ തന്റെ അദ്വൈത മന്ത്രത്തിന്റെ ശക്തിയാൽ അദ്ദേഹം വീണ്ടെടുക്കുന്നു. ‘ഭക്തൻ ദൈവത്തെ പല രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നു. ഭക്തർ ആഗ്രഹിക്കുന്ന രൂപം ദൈവം കൈക്കൊള്ളുന്നു. ഏതു പേരു വിളിക്കുന്നോ ആ പേരിനു വിളി കേൾക്കുന്നു. ദൈവ ചൈതന്യം എല്ലാറ്റിലും കാണുക എന്നതാണ് ഏറ്റവും നല്ല ആരാധനാരീതി’ എന്നദ്ദേഹം ഉപദേശിക്കുമ്പോൾ ഏതൊരാൾക്കും ആ മഹാത്മാവിനോട് ആദരവ് തോന്നിപ്പോവുക സ്വാഭാവികം.
ഇന്നു നവമിയാണ്, അതിനാൽ വ്രതമനുഷ്ഠിക്കണം എന്ന് സത്യമറിയാത്ത ഒരു ജ്യോതിഷി പറഞ്ഞാൽ പോലും ഭക്തിയോടെ ഉപവാസം അനുഷ്ഠിക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീ ശങ്കരാചാര്യരുടേതായി ഇത്തരം പരാമർശങ്ങൾ നോവലിൽ ഉടനീളം വായിക്കുമ്പോൾ അവിടെ നിന്ന് അധികദൂരമൊന്നും ഇന്നത്തെ സമൂഹവും മുന്നോട്ട് പോയിട്ടില്ലല്ലോ എന്ന് വെറുതെയെങ്കിലും നമ്മൾ നൊമ്പരപ്പെടും.
പുസ്തകത്തിന്റെ പിറകു വശത്ത് പരാമർശിച്ചിട്ടുള്ള നാൽപ്പത്തിയേഴ് സഹായക ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി, പൊടിപ്പും തൊങ്ങലും ചേർത്ത അനേകം ദിവ്യാത്ഭുതങ്ങളിൽ നിന്നും യഥാർത്ഥ ശങ്കരനെ അടർത്തിയെടുത്ത്, ആറ്റിക്കുറുക്കി എഴുതിയ 350 പേജുള്ള ഒരു നോവൽ. എപ്പോൾ വേണമെങ്കിലും ഒരു നോവലിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ലേഖനത്തിലേക്ക് വീണു പോയേക്കാവുന്ന പ്രമേയം. ഇത്രയും എഴുതണമെങ്കിൽ അദ്ദേഹം ഇതേ കുറിച്ചൊക്കെ എത്രമാത്രം ഗൃഹപാഠം ചെയ്തിട്ടുണ്ടായിരുന്നിരിക്കും എന്ന വിസ്മയക്കണ്ണുകളെക്കൊണ്ടല്ലാതെ ഒരു പേജ് പോലും വായിച്ചു തീർക്കാനാവില്ല. ഈ നോവൽ എഴുതുക എന്നതായിരുന്നു തന്റെ സാഹിത്യ ജീവിതത്തിന്റെ നിയോഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി കലർന്നിട്ടില്ല.
Comments are closed.