ഡോ.ബി.ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
ഡോ.ബി.ഉമാദത്തന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ‘ഡെഡ് മെന്‍ ടെല്‍ ടെയില്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രിയ കെ നായരാണ് വിവര്‍ത്തനം ചെയ്യുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസാധകര്. . ടി. ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’, ‘ആൽഫ’, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ തുടങ്ങിയ കൃതികൾ ഇതിനോടകം ഇംഗ്ലീഷിലേയ്ക്ക് തർജ്ജമചെയ്ത പ്രിയ കെ. നായർ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും മഹാത്മാഗാന്ധി സർവ്വകലാശാലക്കുകീഴിലെ ഗവേഷണ ഗൈഡും കൂടിയാണ്.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറേ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണ സംഭവങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാ കേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥൃങ്ങള്‍ അവയുടെ അന്വേഷകനായ ഗ്രന്ഥകാരന് അവതരിപ്പിക്കുന്നു.
ഓരോ അദ്ധ്യായവും വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുനയില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കഴിയുന്നു. ഒരു അപസര്‍പ്പക നോവല്‍ എന്നപോലെ ഒറ്റയിരുപ്പിന് വായിക്കുവാന്‍ കഴിയുന്ന ലളിതശൈലിയിലുള്ളതും ഹൃദ്യവുമായ ഒരു കലാസൃഷ്ടിയാണ് ഉമാദത്തന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
നാല്പത്തിയൊന്ന് അദ്ധ്യായങ്ങളിലായി തന്റെ അനുഭവക്കുറിപ്പുകള്‍ ഡോ ബി ഉമാദത്തന് പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്നു. കെ.പി.സോമരാജന് ഐ.എ.എസാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി സി.പിനായര്‍ ഐ.എ.എസ് സഫലമീ യാത്ര എന്ന പേരില്‍ എഴുതിയ നിരൂപണവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഡോ.ബി.ഉമാദത്തന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.