DCBOOKS
Malayalam News Literature Website

‘രാമച്ചി’ വിനോയ് തോമസിന്റെ ഏഴ് ചെറുകഥകള്‍

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയായ വിനോയ് തോമസിന്റെ ആദ്യ നോവല്‍ കരിക്കോട്ടക്കരി 2014-ലെ ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായി. കരിക്കോട്ടക്കരിക്ക് ശേഷം വിനോയ് തോമസിന്റെ പുറത്തുവന്ന ചെറുകഥാ സമാഹാരമാണ് രാമച്ചി.

വിനോയ് തോമസ് രാമച്ചിക്കെഴുതിയ ആമുഖത്തില്‍ നിന്ന്

“ചെറുപ്പത്തില്‍ പൂവത്തിങ്കക്കാരുടെ കിണറ്റില്‍ നിന്നാണ് വെള്ളം കൊണ്ടു വന്നിരുന്നത്. ആ കിണറ്റില്‍ ഏത് പെരുമഴക്കാലത്തും ഒരു പടയിലധികം വെള്ളം പൊങ്ങാറില്ല. പക്ഷെ, കൊടുംവേനലിലും തൊട്ടിക്കുഴി നിറയെ വെള്ളമുണ്ടാകും. നാട്ടിലെ മുഴുവനാളുകള്‍ക്കും വേണ്ടി. കിണറാണ് എന്റെ നാടും. എത്ര കഥയില്‍ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു. ആ ജീവിതങ്ങളിലാണ് കഥയുള്ളതെന്ന പഠിപ്പിച്ചു തന്ന മുതിര്‍ന്ന എഴുത്തുകാര്‍ക്ക് നന്ദി.

വേണ്ട പ്രായമായി തടിയുറച്ചിട്ടും ചക്ക പിടിക്കാതെ നില്‍ക്കുന്ന പ്ലാവുകളോട് തനി നാടന്‍മാരായ കൃഷിക്കാര്‍ അറ്റകൈയായി ചെയ്യുന്ന ഒരു വിദ്യയെപ്പറ്റി വേളക്കൊമ്പില്‍ ബാബു പറഞ്ഞു. സന്ധ്യക്ക് പ്ലാവിന്റെ നേര്‍ക്ക് വാക്കത്തിയുമായി ഓടിച്ചെല്ലും. വെട്ടിക്കളയുമെന്ന് തെറികൂട്ടി ഭീഷണിപ്പെടുത്തുകയും തുണിപൊക്കി കാണിക്കുകയും ചെയ്യും. പിറ്റേക്കൊല്ലം ഉറപ്പായും തടിയേലും എരത്തേലും ചക്കയുണ്ടായിരിക്കുമത്രേ. കാലം പോകുന്നത് നോക്കി നിന്ന എന്നോട് കായ്‌ക്കെടായെന്ന് തെറികൂട്ടി പറഞ്ഞവര്‍. പിന്നീടുണ്ടായ ഓരോ ചക്കയും തിരിച്ചും മറിച്ചും നോക്കി അഴകുണ്ടോയെന്നും തുന്നിച്ചുനോക്കി ചുളയുണ്ടോയെന്നും അവര്‍ പറഞ്ഞു തന്നു…”

Comments are closed.