പുരുഷവിചാരത്തിന്റെ പിന്നാമ്പുറം
ചെറായി രാമദാസ്
സ്മാര്‍ത്ത വിചാരണയിലെ തുല്യനീതി എന്ന പുതിയകാല സമ്മര്‍ദത്തിനു വഴങ്ങി, പുരുഷവിചാരം കൂടി ചേര്‍ത്തു താത്രീവിചാരം പരിഷ്കരിക്കാനിടയായത്, ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിലെ നിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിച്ച മാനുഷികമൂല്യങ്ങള്മൂലമാണ്.: ചരിത്രരേഖകള്‍ മുന്‍നിര്‍ത്തിയുള്ള തെളിവുകള്‍ അവതരിപ്പിക്കുന്നു.
1905-ല്‍ കൊച്ചി രാജ്യത്ത് കുറിയേടത്ത് താത്രിയുടെ പേരില്‍ നടത്തിയ സ്മാര്ത്തവിചാരണയിലെ ‘പുരുഷവിചാരം’ എന്ന പുതിയ ഏര്‍പ്പാട്, രാജാവ് കനിഞ്ഞനുവദിച്ചതാണ് എന്ന പറച്ചില് കഴമ്പില്ലാത്തതാണ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം അദ്ദേഹം ചോദിച്ചുവാങ്ങിയ നിയമോപദേശമാണ് ആ പരിഷ്കരണത്തിനു പ്രേരകമായത്.
തൊട്ടുമുമ്പ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ദിവാന് ബഹദൂര്‍ സര് വി. ഭാഷ്യം അയ്യങ്കാരുടെ അഭിപ്രായമാകാം രാജര്‍ഷി രാമവര്‍മ്മയെ ചലിപ്പിച്ചത്. നാട്ടില്‍ ഉയര്‍ന്നുവന്ന എതിര് ശബ്ദങ്ങള്‍ അതിനു കളമൊരുക്കും മുന്‍പേ മറ്റൊരു സ്മാര്‍ത്തവിചാരം കോടതിയില്‍ രാജാവിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. കുറിയേത്ത് താത്രിയുടെ സമീപപട്ടണമായ കുന്നംകുളങ്ങരയുടെ അടുത്തുള്ള താഴക്കുളം ഇല്ലത്തിലെ ശ്രീദേവിയാണ് ആ സ്മാര്‍ത്തവിചാര പീഡിത. അവര്‍ പിഴച്ചുപോയെന്നു ‘ദാസിവിചാര’ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ രാജാവ് സ്മാര്‍ത്ത വിചാരത്തിന് ഉത്തരവിട്ടു; സ്മാര്ത്തന്, അകക്കോയ്മ, പുറക്കോയ്മ, മീമാംസകര്‍ എന്നിവരെ നിയമിച്ചു. ഇതിനെക്കുറിച്ചുള്ളതെന്നു കരുതാവുന്ന ഒരു കുറിപ്പ് രാജാവിന്റെ 18-3-1901 തിങ്കളാഴ്ചയിലെ ഡയറിയിലുണ്ട്.
Attended to the preliminary ceremonies of a suspected adulta(e)ry case brought against Namboory window of Kunnamkulam District’ (D-4, Regional Archives Ernakulam). 15 പേരുമായി ശ്രീദേവി അവിഹിതവേഴ്ച നടത്തിയെന്ന് രണ്ടേകാല്‍ കൊല്ലം നീണ്ട വിചാരണയ്ക്കുശേഷമാണു സ്മാര്‍ത്തവിചാരക്കാര്‍ സ്ഥിരീകരിച്ചത്. ‘സാധന’ത്തെ തൃപ്പൂണിത്തുറയിലേക്കു കൊണ്ടുവന്നു ‘സ്വരൂപം ചൊല്ലി’ (ഭ്രഷ്ടയാക്കി). വിചാരത്തിന്റെ മുഴുവന്‍ നടപടികളുംസ്മാര്ത്തന് വിശദീകരിച്ചു. ഭ്രഷ്ടരാക്കപ്പെടുന്ന വേഴ്ചക്കാരുടെ പേരുകള്‍ ഒരു പട്ടര് വിളിച്ചു പറഞ്ഞു. (അതാണ് ആചാരം). സാധനവും 15 പുരുഷന്മാരുമാണു കുറ്റക്കാര്‍. അന്ന് (22.6.1903) രാജാവ് ഡയറിയില്‍ കുറിച്ചു:
“[at Thrippoonithura] Disposed of the adulto(e)ry case against the Tazakulam Antharjanam in the usual ceremonial way. The ceremonies occupied from 7.30 to 9 p.m. Retired to bed at 11′ (D-6, RAE). പിറ്റേന്നത്തെ ഡയറിയില്‍ Returned to this place (Ernakulam) at 9 a.m. Gave presents to the persons who took part in the inquiry into the case of adulta(e)ry in the Thazakulam Illom at 11′ (D-6, RAE).
ആറാം നാള് കോട്ടയത്തെ മലയാള മനോരമയില്‍ (27.6. 1903) വന്ന വിമര്‍ശനം പി. ഭാസ്കരനുണ്ണിയുടെ ‘സ്മാര്‍ത്തവിചാരം’ എന്ന പഠനഗ്രന്ഥത്തിലുണ്ട്: – ”കൊച്ചി സംസ്ഥാനത്തു കുന്നംകുളങ്ങരയ്ക്കു സമീപമുള്ള ഒരില്ലത്തിലെ വിധവയായ ഒരന്തര്‍ജ്ജനത്തിനു വ്യഭിചാരദോഷമുണ്ടെന്ന് അറിവു കിട്ടിയതിനാല്‍ അവരെ തൃപ്പൂണിത്തുറ വരുത്തി വലിയ തമ്പുരാന് തിരുമനസ്സിലെ മേല്‍നോട്ടത്തില്‍ വൈദികന്മാര് ദോഷവിചാരം ചെയ്തതില്‍ ആക്ഷേപം യഥാര്‍ത്ഥമെന്നു തെളിയിക്കുകയും ‘സാധന’ത്തിനെ കൈകൊട്ടി പുറത്താക്കുകയും ഉടനെ പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ചാലക്കുടിയില്‍ കൊണ്ടുപോയി അവിടത്തെ പുഴയുടെ തീരത്ത് ഒരു വിജനസ്ഥലത്ത് ആരോടും യാതൊരു സംസര്‍ഗ്ഗത്തിനും ഇടയാകാത്ത വിധത്തില്‍ സര്‍ക്കാരു ചെലവിന്മേല്‍ താമസിപ്പിക്കണമെന്ന് കല്പനയാകുകയും ചെയ്തിരിക്കുന്നു. ഈ സാധനം കുലധര്‍മ്മത്തിനു വിരോധമായി പ്രവര്‍ത്തിച്ചെന്ന് സ്വന്തസമ്മതത്താലും വൈദികന്മാരുടെ ശ്ര(ാ)ദ്ധാപൂര്വ്വമായ വിചാരത്താലും തെളിഞ്ഞിരിക്കകൊണ്ട് ഇവര്‍ക്കു ലഭിച്ച ഈ ജീവപര്യന്തമായ തടവുശിക്ഷയെക്കുറിച്ച് ദുഃഖിക്കുന്നവര്‍ അധികം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇവരോടുകൂടി പത്തു പതിനാറുപേര്ക്കു ചേര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുകയും അതനുസരിച്ച് ഈ പതിനാറുപേര്‍ക്കും ഭ്രഷ്ട് കല്പിക്കുകയും ഇവരിലാരും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാതെയും കുളം മുതലായവ തൊടാതെയും സൂക്ഷിക്കുന്നതിന് പേഷ്കാരന്മാര്ക്ക് ഉത്തരവയയ്ക്കുകയും ചെയ്തിരിക്കുന്നു. ഈവക ദോഷവിചാരങ്ങളില് ഇരുകക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുക എന്നുള്ളത് ‘കീഴ്മര്യാദയ്ക്കു’ ചേര്‍ന്നതല്ലായ്കയാല്‍ ഈ സംഗതിയിലും കീഴ്മര്യാദയെ ലംഘിച്ചിട്ടില്ല. ഇതു കുറേ സങ്കടവും അന്യായവും അല്ലേ എന്നു ശങ്കിക്കുന്നു. സല്സ്വഭാവലേശമില്ലാത്ത ഈ സാധനത്തിനു സംഗതിവശാല്‍ വല്ല മാന്യന്മാരോടും ദ്വേഷം ഉണ്ടാകയോ അല്ലെങ്കില്‍ വല്ലവരുടേയും പ്രേരണയില്‍ വല്ല മാന്യന്മാരുടെയും പേര് അവരെക്കൊണ്ടു പറയിപ്പിക്കുകയും ചെയ്യാന്‍ അത്ര പ്രയാസമുണ്ടെന്നു തോന്നുന്നില്ല. ഭ്രഷ്ടാക്കപ്പെട്ട ഈ പതിനാറുപേരില്‍ നമ്പൂതിരിമാര്‍ മുതല്‍ ക്ഷുരകന്വരെയുള്ള ജാതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും നല്ല മാന്യന്മാരും ഗൃഹസ്ഥന്മാരും ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമാണ്. ഇവര്‍ക്കു ലഭിച്ചിരിക്കുന്ന ശിക്ഷ പ്രായശ്ചിത്തമോ മറ്റോകൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല. ഇവര്‍ ഭാര്യാപുത്രന്മാരില്നിന്ന് എന്നു വേണ്ട ഹിന്ദുസമുദായത്തില്നിന്നുതന്നെ തീരെ ഒഴിഞ്ഞുനില്ക്കണമെന്നു വന്നിരിക്കുന്നതു മഹാകഷ്ടമായിട്ടുള്ള ഒരു സംഗതിയാണെന്നു വിശേഷിച്ചും പറയണമെന്നില്ല.” (SPCS കോട്ടയം, 2000 ജൂലൈ, pp 169-170).
പൂര്‍ണ്ണരൂപം വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.