ഒരു മെഡിക്കല്‍ ക്രൈം ഫിക്ഷന്‍ ലൗ സ്റ്റോറി!
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ട ന്യൂറോ ഏരിയ(ശിവന് എടമന) എന്ന പുസ്തകത്തിന് റില്‍വാന്‍ അബൂബക്കര്‍ ആക്കോട് എഴുതിയ വായനാനുഭവം.
ഈയിടെ വായിച്ച ക്രൈം ഫിക്ഷനുകളില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്കിയ പുസ്തകമാണ് ന്യൂറോ ഏരിയ. നല്ല ഭാഷ, കൃത്യതയുള്ള അവതരണം, അറിയാതെ അടുത്ത പേജുകള്‍ മറിക്കാനുള്ള മാന്ത്രിക വിദ്യ ഒരോ പേജിലും അടുക്കിവെച്ചത് പോലുള്ള അക്ഷരക്കൂട്ടുകള്‍. അപാര ട്വിസ്റ്റുകള്‍, സസ്പന്‍സ് തുടങ്ങി ഒരു ക്രൈം ഫിക്ഷന്‍ ചേരുവക്കാവശ്യമായതെല്ലാം കൃത്യമായി സമം ചേര്‍ത്ത് തന്നെ ഗ്രന്ഥക്കാരന് കൂട്ടൊരുക്കിയിട്ടുണ്ട്.
വളരെ നൂതനമായ എന്നാല്‍ ലോകത്തിന് ഒരു പോലെ ദോഷവും ഗുണവും ചെയ്യാന്‍ സാധ്യതയുള്ള ബ്രയിന്‍ അപ്ലോഡിങ് ആണ് കഥയുടെ പ്രധാന പ്രമേയം. ഇത് പറഞ്ഞത് കൊണ്ട് കഥയുടെ ഇതിവൃത്തമോ കഥയുടെ രസച്ചരടോ നഷ്ടപ്പെടുമെന്ന് കരുതുന്നില്ല.
മറ്റൊരു കോണിലൂടെ വീക്ഷിക്കുമ്പോള്‍ ഇതൊരു പ്രണയ കഥയാണോ എന്നും നമുക്ക് വിലയിരുത്താവുന്നതാണ്. പക്ഷെ, ആ പ്രണയ കഥയെ നാം വായിച്ചെടുക്കണമെങ്കില്‍ കഥയുടെ അവസാനപേജും മറിക്കണം. സാമ്പ്രദായിക കഥകളിലെ ക്ലീഷേ പ്രണയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മെഡിക്കല്‍ ക്രൈം ഫിക്ഷന്‍ ലൗ സ്റ്റോറിയെന്ന് വേണമെങ്കില്‍ നമുക്ക് പറയാം.
എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ഭാവിയില്‍ മനുഷ്യന് എങ്ങനെ മരണത്തെ അതിജീവിക്കാമെന്നും ഗ്രന്ഥക്കാരന് പറയാന്‍ ശ്രമിക്കുന്നുണ്ട്. മരണം എന്ന സത്യത്തെ നിഷേധിക്കാതെ തന്നെ തന്റെ മനസ്സില്‍ വിരിഞ്ഞ ഒരാശയം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. അത്രത്തോളം ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്ന ചര്‍ച്ചകള്‍ക്കപ്പുറം കഥക്ക് ഈ ആശയം നല്കുന്ന ശക്തി വളരെ വലുതാണ്. ഉദ്വേഗജനകമായും അവഗാഹത്തോട് കൂടെയുമുള്ള അദ്ദേഹത്തിന്റെ ഈ രചനാപാടവത്തെ വളരെ ബഹുമാനത്തോടെ നോക്കി കാണുന്നു.
ഡിസി ബുക്ക്സിന്റെ 2020ലെ ക്രൈം ഫിക്ഷന്‍ പുരസ്കാരം ന്യൂറോ എരിയക്കാണ് ലഭിച്ചത് എന്നതില്‍ ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം അര്‍ഹതക്കുള്ള അംഗീകാരമാണത്. മലയാളിക്ക് ഇതുപോലൊരു വായനാനുഭവം നല്കിയ ഗ്രന്ഥക്കാരനും അത് പുറത്തിറക്കിയ പ്രസാധകര്‍ക്കും കൃതജ്ഞതകള്‍.
Comments are closed.