‘ഡോൾസ്’; അപസർപ്പകവിഭാഗത്തിലെ വ്യത്യസ്തമായ പരീക്ഷണം
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഡോള്‍സ് ( റിഹാന്‍ റാഷിദ്)
എന്ന പുസ്തകത്തിന് അശ്വതി ഇതളുകൾ എഴുതിയ വായനാനുഭവം.
അപസർപ്പക നോവലുകൾക്ക് വലിയ സ്വീകാര്യതയുള്ള ഒരു കാലമാണ് കടന്നു പോകുന്നത്. ഈ വിഭാഗത്തിൽ ഒരുപാട് പുസ്തകങ്ങൾ കടന്നു വരുന്നുമുണ്ട്.. ലാജോ ജോസ് സൃഷ്ട്ടിച്ച ഈ സ്വീകാര്യത വൻതോതിൽ ക്രൈം പുസ്തകങ്ങളുടെ വരവിലേയ്ക്ക് വഴി തെളിച്ചിട്ടുമുണ്ട്.. എന്നാൽ വേറിട്ട പരീക്ഷണങ്ങൾ ഉണ്ടാകാത്തതും ഇംഗ്ലീഷ് ക്രൈം നോവലിന്റെ സ്വാധീനവും ഒക്കെ ചിലപ്പോഴൊക്കെ മലയാള അപർസർപ്പക വിഭാഗ വായനയെ
ബോറടിപ്പിച്ചിട്ടുണ്ട്…
എന്നാൽ 2020 ൽ ഡി സി ക്രൈം നോവൽ മത്സരത്തിൽ ഇടം പിടിച്ച റിഹാൻ റാഷിദ് ന്റെ നോവൽ ഒരു ശുഭസൂചനയാണ്.. തികച്ചും വ്യത്യസ്തമായ പരീക്ഷണം എന്നാണ് ഡോൾസിനെ വിളിക്കേണ്ടത്… അതുകൊണ്ട് തന്നെ സുദീർഘമായി നോവലിനെ വിലയിരുത്താൻ ആഗ്രഹിക്കുന്നു..
ക്രൈം നോവൽ എഴുത്തിലെ പതിവ് രീതികളൊന്നും നമുക്കിവിടെ കാണാൻ കഴിയില്ല.. കൊലപാതകങ്ങൾ അനേഷണം കഥാപാത്രങ്ങൾ കഥ പറയുന്ന രീതി അതൊന്നും ഇവിടെ ഇല്ല.. എന്നുകരുതി ഇവിടെ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നില്ല എന്നർത്ഥം ഇല്ല. ഈ പതിവ് രീതികളിൽ നിന്നൊക്കെ മാറി സ്വന്തമായൊരു ഇടം കണ്ടെത്താൻ ഡോൾസിന് കഴിഞ്ഞിട്ടുണ്ട്..
മറ്റു മലയാളം ക്രൈം നോവലിനെ പോലെ ഇതൊരു ഈസി റീഡ് ടൈപ്പിൽ ഉള്ള ഒരു പുസ്തകമല്ല.. ശ്രദ്ധാപൂർവം ക്ഷമയോടെ വായനയെ നയിക്കേണ്ട ഒന്നാണ്.
ഫേസ്ബുക്കും വാട്സ് അപ്പും വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ എല്ലാ പ്രവർത്തികളെയും വിലയിരുത്തുന്ന മൂന്നാം കണ്ണിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും നോവൽ പങ്കു വയ്ക്കുന്നുണ്ട്. ആധാർ പോലുള്ളവ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവിടെ ചൂണ്ടികാണിക്കുന്നുണ്ട്.
ക്രൈം വിഭാഗത്തിൽ വെറുതെ വായിച്ചു പോകേണ്ട ഒന്നല്ല ഡോൾസ്.. രാഷ്ട്രീയവും സാമൂഹികവുമായ ആക്ഷേപങ്ങളും പ്രതിബന്ധത യും ഒക്കെ ഈ നോവലിൽ ഉണ്ട്.
എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്ന വിഷയം എത്രത്തോളം വായനക്കാരിലേക്ക് എത്തും എന്നതിൽ എനിക്ക് സംശയമുണ്ട്. സാമ്പ്രദായക രീതികൾ പിന്തുടരുന്ന ഒരു വായനക്കാരന് ദഹിക്കുന്ന ഒരു പുസ്തകമാവില്ല ഡോൾസ്. പറയുന്ന വിഷയവും അവതരിപ്പിച്ചിരിക്കുന്ന രീതിയും ഭാഷയും ഒക്കെ വ്യത്യസ്തമാണ്.
ആരാണ് നോവലിൽ കഥ പറയുന്നത്. നോവലിൽ കൃത്യമായയൊരാൾ കഥ പറയുന്നില്ല. എല്ലാവരും ഇതിലൂടെ കടന്നു പോകുന്നുണ്ട്. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം. പകലും രാത്രിയും വെളിച്ചവും എല്ലാം കാണുന്ന ആ ഒരാളും ഒക്കെയും ഇവിടെ കഥ പറച്ചിലുകാരാണ്.
കഥാപാത്രങ്ങൾ നിരവധിയുണ്ട്. മുഴുനീളെ നോവിലൊരു കഥാപത്രമുണ്ട്. പേര് പറയുന്നില്ല.. കൊലപാതകി എന്നും വിളിക്കാം. ആ കഥാപാത്രത്തിന്റെ പൂർണത തികച്ചും അത്ഭുതപെടുത്തി എന്ന് പറയാം. അയാളുടെ പ്രവർത്തികൾ ദൗർബല്യങ്ങൾ പരിമിതികൾ എല്ലാം വളരെ നന്നായി വിശദീകരിക്കുന്നു.. എന്നാൽ പലയിടങ്ങളിൽ ആയി ഒഴുക്ക് നശിപ്പിക്കാതെ ആണെന്ന് മാത്രം…മാനസികമായും ശാരീരകമായും വളരെ സൂക്ഷ്മതയോടെ ഓരോ കൊലപാതകവും ചെയ്യുന്ന കൊലപാതകി. അഗത ക്രിസ്റ്റി നോവലുകളിൽ കാണുന്നത് പോലെ കെമിക്കൽ ആയിട്ടുള്ള മെറ്റീരിയൽസ് വളരെ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ഒരാൾ. കെമിക്കലുകളുടെ ഉപയോഗത്തിനെ കുറിച്ചും വിശദീകരണം നൽകുന്നുണ്ട്.
മാനസിക പിരിമുറുക്കങ്ങൾ ആയ സ്കീസോഫ്രീനിയ ptsd തുടങ്ങിയ അവസ്ഥകളെ കുറിച്ചും നോവലിൽ പ്രതിപാദിക്കുന്നുണ്ട്.
വിഷാദരോഗത്തിന് അടിമ പെട്ട ആളെ എങ്ങനെയാണ് സ്വയം ഹത്യയിലേയ്ക്ക് തള്ളി വിടുന്നത്. നെഗറ്റീവ് വീഡിയോ കളും വാചകങ്ങളും എങ്ങനെയാണ് അവരെ സ്വാധീനിക്കുന്നത് എന്നൊക്കെ വരച്ചു വച്ചിട്ടുണ്ട്.
ഭാഷ മുറുക്കമുള്ളതും എന്നാൽ മികച്ചതുമാണ്. ലളിതമായ ഭാഷ എന്ന് അവകാശപെടാൻ കഴിയില്ല. ക്രൈം നോവലുകളിൽ കണ്ടു വരാത്ത ഒരു മികച്ച ഭാഷയും ഈ നോവലിനുണ്ട്.
ഏതായാലും മലയാള അപർസർപ്പക ലോകത്തെ മികച്ച പരീക്ഷണം!
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.