പിതാക്കളുടെ പാപം മക്കളെ സന്ദര്‍ശിക്കുന്നു എന്ന പ്രമാണം സത്യമാണെന്ന് തെളിയുന്ന നോവല്‍
ദുരാത്മാക്കളുടെ കാന്തികവലയം അത്രക്ക് ശക്തമാണ്. പാഴ്നിലം അവരുടെ കളിനിലമാണ്.
പി. എഫ് മാത്യൂസിന്റെ ചാവുനിലം എന്ന പുസ്തകത്തിന് ജിയോ ജോര്‍ജ്ജ് എഴുതിയ വായനാനുഭവം
‘ഒന്നരയേക്കറില്‍ വിസ്തരിച്ചു കിടക്കുന്ന പാഴ്നിലത്തിന്റെ തെക്കു വശത്തു ലക്ഷണപിശക് പോലെ പന്നിക്കൂടിന്റെ അവശിഷ്ടം അവക്ക് താഴെ ഭൂതകാലം മുഴുവന്‍ സംഭരിക്കപ്പെട്ടിരിക്കുകയാണെന്നു തോന്നി. ‘യോനാസച്ചന്റെ വാചകങ്ങളിലൂടെ ചാവുനിലത്തിലേക്കുള്ള വായനക്കാരന്റെ യഥാര്‍ത്ഥ യാത്ര ആരംഭിക്കുകയാണ്. ആത്മാക്കളുടെ ഭയനാകമായ നോട്ടങ്ങളും, അലര്‍ച്ചയും, പിതാക്കന്മാരുടെ പാപം പേറുന്ന മക്കളുടെയും, പാപബോധത്തില്‍ നരകിച്ചു ജീവിക്കുന്നവരുടെയും ജീവിതം തുടര്‍ന്നുള്ള നൂറ്റി എഴുപത്തി ആറു പേജുകളിലായി തുറന്നിടുകയാണ് പി. എഫ് മാത്യൂസിന്റെ ചാവുനിലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തിയ ഈ. മാ. യൗ എന്ന സിനിമ ചാവുനിലത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന് അറിഞ്ഞപ്പോഴുണ്ടായ ആകാംഷക്ക് വിരാമം ഇട്ടു കൊണ്ട് ചാവുനിലം വായിച്ചു പൂര്‍ണ്ണമാക്കിയപ്പോള്‍ തലക്ക് മോളില് ചുറ്റിപ്പറന്ന കിളികളുടെ എണ്ണം എണ്ണിയെടുക്കാന്‍ കഴിയില്ല. ഭാഷയുടെ മനോഹരിതയും, എഴുത്തിലും വായനയിലുമുണ്ടാവുന്ന ചടുലമായ ഒഴുക്കും ചാവുനിലത്തെ വേറിട്ടു നിര്‍ത്തുന്നു. മലയാളത്തില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ പൂര്‍ണ്ണമായും ക്രൈസ്തവബോധത്തിലൂന്നിയുള്ള നോവലാണ് ചാവുനിലം. കാലത്തിനും, രാഷ്ട്രീയത്തിനും ഇടം നല്‍കാതെ ക്രൈസ്തവ സമൂഹത്തിന്റെ പാപബോധവും, മരണവുമാണ് പ്രധാനമായും നോവല്‍ ലക്ഷ്യം വച്ചിരിക്കുന്നത്.
ഒരുപാട് കഥാപാത്രങ്ങള്‍ വന്നുപോവുന്ന നോവലാണ് ചാവുനിലം. എങ്കില്‍ പോലും ആ കഥാപാത്രങ്ങള്‍ ഒന്നും തന്നെ എന്നെ വിട്ടൊഴിഞ്ഞില്ല വായനക്കു ശേഷവും. കഥാപരിസരവും ഈയൊരുവിധത്തിലാണ് എഴുത്തുകാരന് രൂപപ്പെടുത്തിയിരിക്കുന്നത്. തുരുത്ത് വിട്ട് നോവല്‍ ഒരിക്കലും പുറത്തോട്ടു സഞ്ചരിക്കുന്നില്ല. ലോല ഹൃദയരായ വായനക്കാരനെ അലോസരപ്പെടുത്തുന്ന അല്ലെങ്കില്‍ വേട്ടയാടുന്ന കഥാപരിസരങ്ങളും, കഥാപാത്രങ്ങളും ചാവുനിലത്തില്‍ ദര്‍ശിക്കാം. എങ്കില്‍ പോലും ഈ നോവല്‍ ഒരു യഥാര്‍ത്ഥ വായനാപ്രേമിക്ക് ആസ്വദിച്ചു വായിക്കുവാന്‍ കഴിയും.
‘ദുരാത്മാക്കളുടെ കാന്തികവലയം അത്രക്ക് ശക്തമാണ്. പാഴ്നിലം അവരുടെ കളിനിലമാണ്.’ ഇടക്കെപ്പോഴോ കടന്നു വരുന്ന ഈ വാചകങ്ങള്‍ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍ കൂടുതല്‍ ആഴത്തില്‍ പാകുന്നു. ഇതുവരെ വായിച്ച നോവലുകളില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്ന ആഖ്യാന ശൈലിയും, അര്ഥതലങ്ങളാലും സമ്പന്നമായ നോവലാണ് ചാവുനിലം. എത്ര തവണ വായിച്ചാലും വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം അദൃശ്യമായതെന്തോ ഓരോ പേജുകളിലും എഴുത്തുകാരന് സമര്‍ത്ഥമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
‘ചാവിന്റെ പുസ്തകം‘ ചാവുനിലത്തെ ഇങ്ങനെയൊരു വാചകത്തിൽ അടയാളപ്പെടുത്താൻ കഴിയുമോ എന്നറിയില്ല. പക്ഷെ കാച്ചിക്കുറുക്കിയ ഓരോ വരികളും പാഴ്നിലത്തെ ആത്മാക്കളെ പോലെ എന്നെ പിന്തുടരുന്നു. ചാവിന്റെ പുസ്തകം കയ്യിലെടുക്കുമ്പോൾ ഭീതികരമാവും വിധം പൂർവ്വപിതാക്കന്മാരുടെ പാപം എന്നെയും വിടാതെ പിന്തുടരുന്ന തോന്നൽ ഉളവാക്കാൻ ചാവുനിലത്തിനു കഴിഞ്ഞിരിക്കുന്നു. പുറത്തിറങ്ങിയ ആദ്യ കാലത്ത് വായനക്കാരാൽ തിരസ്കരിക്കപ്പെടുകയും കാലങ്ങൾക്കപ്പുറം അവരുടെ തലമുറകൾ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും ചെയ്ത ഈ നോവൽ വരും തലമുറകൾക്കും ഒരു പാഠമാണ്. ഇനിയുമേറെ വായിക്കപ്പെടെണ്ടതുമാണ്.
Comments are closed.