DCBOOKS
Malayalam News Literature Website

ഫേസ്‌ബുക്ക് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി ഒരു നോവല്‍!

അമലിന്റെ ‘വ്യസന സമുച്ചയം’ എന്ന നോവലിന് സുരേഷ് ബാബു എഴുതിയ വായനാനുഭവം.

ഗ്രാമങ്ങള്‍ നഗരത്തെ വളയുന്നു എന്നാണല്ലോ. കേരളത്തിന് പക്ഷെ അങ്ങനെ ഒരവസ്ഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം നഗരമല്ലാത്ത ഒരു തുണ്ടു പോലും കേരളത്തിലില്ല തന്നെ. ഭൂഭാഗം മാത്രമല്ല നഗരവത്കരിക്കപ്പെടുന്നത്. ഭൂമിയിൽ പാർക്കുന്ന മനുഷ്യരുടെ മനസ്സു കൂടിയാണ്. ഒരുപക്ഷെ മനസ്സാണാദ്യം നഗരവത്കരിക്കപ്പെടുന്നത്. നഗരവത്കരിക്കപ്പെടുന്ന ചിന്തകളാണ് മണ്ണിനെ പിന്നീട്, പ്രത്യക്ഷനഗരമാക്കി മാറ്റുന്നത്.

നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. നഗരം വേരില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയാണ്. ധനസമ്പാദനത്തിനുള്ള ഉപാധി തേടി വന്നവരാണ് അന്തേവാസികൾ. അവർക്ക് നഗരത്തിനോട് പ്രത്യേകിച്ച് മമതയൊന്നുമില്ല. നഗരവാസികളിൽ അധികം പേരും ഗ്രാമത്തെ മനസ്സിൽ പേറുന്നവരാണ്. എന്നെങ്കിലും നഗര കാന്താരത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് ഗ്രാമത്തിന്റെ കുളിരണിയണം എന്ന് കിനാക്കാണുന്നവരാണ്. നഗരത്തിലുള്ളവർ താന്താങ്ങളുടെ ജീവിതം മാത്രം കാണുന്നവരാണ്. അപവാദങ്ങൾ ഇല്ലെന്നല്ല. ഉണ്ട് ധാരാളം. പുത്തൻ തലമുറയിൽ പക്ഷെ, കുറവാണീ അപവാദങ്ങളും. ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിർവശം രണ്ട് പെൺകുട്ടികൾ താമസിക്കുന്നു. കൊച്ചിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയിൽ ജോലി. ആപ്പീസിലേക്കും തിരിച്ചും സ്ക്കൂട്ടറിൽ യാത്ര. ഈ കുട്ടികൾ കർണാടകക്കാരാണെന്നല്ലാതെ അവരുടെ കുടുംബത്തെയും മാതാപിതാക്കളെയും കുറിച്ചൊന്നും ഞങ്ങൾക്കെന്നല്ല ഞങ്ങളുടെ പാർപ്പിട സമുച്ചയത്തിലെ ആർക്കും തന്നെ അറിയില്ല. ഞങ്ങളുടെ നിലയിലുള്ള ബാക്കി രണ്ടു ഫ്ലാറ്റുകളിലൊന്നിൽ രാഹുലും കുടുംബവും. നിലയിൽ, മറ്റ് ബ്ലോക്കുകളിൽ ആരൊക്കെ? ലിഫ്റ്റിനകത്ത് മൂക്ക് മൂക്കോട് കുത്തിപ്പോയാൽ പോലും ചിരിക്കാത്ത മനുഷ്യർ…

എന്റെ കുറ്റ്യാടിയിലാവട്ടെ ഒരു അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരെയൊക്കെ എനിക്കറിയാം. കുടുംബത്തിൽ ആരൊക്കെയുണ്ടെന്നും അവർക്കെന്താണ് ജോലിയെന്നും Textഏകദേശ വരുമാനമെന്തെന്നും ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണെന്നും, എങ്ങനെ ചിന്തിക്കുന്നു എന്നു പോലും പരസ്പരമറിയാം. കാരണം എന്റെ വേര് അവിടെ ആഴ്ന്നിരിക്കുന്നു. വേര് നഷ്ടപ്പെടുന്ന മനുഷ്യൻ പോഷണക്കുറവുമൂലം ശോഷിക്കുക തന്നെ ചെയ്യും. ജലസ്രോതസ്സുകൾ തേടിത്തേടി എങ്ങുമെത്താതെ ശുഷ്കിച്ച് ചുരുണ്ടു പോയ തായ് വേരും ശാഖാവേരുകളും എന്തിനോടെങ്കിലും പറ്റിച്ചേർന്ന് പൈദാഹമാറ്റാൻ വെമ്പുന്നു. വലിച്ചെടുത്താഹരിക്കുന്നത് സ്വന്തം രക്തം തന്നെയാണെന്നറിയാതെ, മറ്റുള്ളവർക്ക് മുന്നിൽ നിറവയറിന്റെ ഭോഷ്ക് കാട്ടുന്നു. പുറത്തേക്ക് ചിരിക്കുമ്പോഴും സമൃദ്ധിയുടെ ഭള്ള് പറയുമ്പോഴും നഗരവാസിക്കറിയാം തന്റെയകം പൊള്ളയാണെന്ന്.

നഗരവാസികളെയെല്ലാം ഒരേ ഗണത്തിൽ പെടുത്തിയല്ല ഞാനിത് പറയുന്നത്. മഹാഭൂരിപക്ഷം പക്ഷെ ഇങ്ങനെയാണ്. ഇതിനെക്കാൾ കഷ്ടം ഇവരെ അനുകരിക്കുന്നവരുടെ കാര്യമാണ്. നഗര കെട്ടുകാഴ്ചകളുടെ പുറംപൂച്ചുകളിൽ ഇവർ ഇയ്യാംപാറ്റകളെപ്പോലെ വീണ് നശിക്കുന്നു. തുമ്മിയാൽ ശിഥിലമാകന്ന കുടുംബ ബന്ധങ്ങളും നിത്യേന കേൾക്കുന്ന പീഢന വാർത്തകളും കൂണുകൾ പോലെ പൊങ്ങുന്ന ക്ഷിപ്രാഹാര ശൃംഖലകളും റോട്ടറി, ലയൺസ് തുടങ്ങിയ ക്ലബ്ബുകളും എല്ലാം വേരില്ലായ്മയുടെ കെടുതികൾ മാത്രം.

നഗരം അർബുദമായിപ്പടർന്ന ഹൃദയങ്ങളിൽ ഗ്രാമത്തിന്റെ വിത്തുകൾ നടുകയാണ് വേണ്ടത്. എന്നാല്‍, കേരള ഗ്രാമ ഹൃദന്തങ്ങളിൽ നഗരം എത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു എന്ന് അമലിന്റെ ‘വ്യസന സമുച്ചയം’ നമുക്ക് കാട്ടിത്തരുന്നു. നഗരങ്ങൾക്ക് ഗ്രാമങ്ങളെ വിഴുങ്ങാൻ ഏറെ സഹായിച്ച ഉപാധികളിലൊന്നാണ് ഇൻറർനെറ്റ്. വളർന്നു വരുന്ന എല്ലാവരുടെയുമുള്ളിൽ നഗരത്തിന്റെ വിത്ത് ഈ വിവര മാധ്യമ ശൃംഖല, സമർത്ഥമായി നട്ടുപിടിപ്പിക്കുന്നു. ഉപഭോഗികളുടെ കനത്ത പടയെത്തന്നെ നിർമിക്കാൻ ഉപജ്ഞാതാക്കൾക്ക് ഇതിലൂടെ സാധിക്കുകയും ചെയ്തിരിക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തിൽ അമൽ പറയുന്നു. “2015 ഒക്ടോബർ 11 ന് (ഞാൻ വായിച്ച എഡിഷനിൽ 2105 ഒക്ടോബർ എന്നാണ് കാണുന്നത്. തീയതി എന്റെ ഊഹമാണ്) കോവളം സാഹിത്യോത്സവത്തിൽ പങ്കെടുത്ത് മറാത്തി സാഹിത്യകാരൻ കിരൺ നഗാർക്കർ പറഞ്ഞു: At the park opposite to where I live, I see the young and the old thumbing Facebook everyday. Minute by minute every moment of your life goes on Facebook. Where is time to read? I think it is a kind of disease”

സംശയിക്കേണ്ട അമൽ. ഇത് അസുഖം തന്നെയാണ്. അതിന്റെ ഭവിഷ്യത്തുകൾ ഒരളവോളം നോവലിൽ താങ്കൾ വരച്ചിടുന്നുമുണ്ട്. ഈ നോവൽ ഫേസ്ബുക് ഉള്ളവർക്കും ഇല്ലാത്തവർക്കുമായാണ് എഴുത്തുകാരൻ സമർപ്പിക്കുന്നത്. ഫേസ്ബുക്കാണ് ഇതിലെ പ്രധാന കഥാപാത്രം. രാംജിത്, ജംഷദ് എന്നീ യുവാക്കളാണ് വേറെ രണ്ട് കഥാപാത്രങ്ങൾ. സൈബർ ക്രൈമിന്റെ പേരിൽ ഈ യുവാക്കളെ അറസ്റ്റ് ചെയ്യുന്നിടത്താണ് നോവൽ തുടങ്ങുന്നത്. നന്നാട്ട്കാവ് പഞ്ചായത്ത് മെമ്പർ, റൊസാരിയോയുടെ മൊബൈലിലേക്ക് ഒഴുകി ഇറങ്ങിയ കന്യാകുളങ്ങര പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു കോളിലൂടെയാണ് നാം ഈ വിവരം മെമ്പറോടൊപ്പം അറിയുന്നത്. പോലീസുകാർ ആഘോഷത്തിലാണ്. എസ്.ഐ. ചന്ദ്രൻ, ആദ്യമായി കയ്യിൽ പെട്ട സൈബർ കേസിന്റെ ത്രില്ലിലാണ്. സി.ഐ.യും അങ്ങനെ തന്നെ. ഫേസ്ബുക്കിലൂടെ തന്റെ മകളെയാരോ പറ്റിച്ച് പണമപഹരിച്ചു എന്ന് കേസ് കൊടുത്തത്, വരമീശക്കാരൻ ഷോപ്പിംഗ് കോംപ്ലക്സ് ഉടമയാണ്.

കഥയേക്കാൾ, നോവൽ ചർച്ച ചെയ്യുന്ന വിഷയമാണ് പ്രധാനം. റൊസാരിയോ നപുംസക രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്. വോട്ടു കൊടുത്ത് വിജയിപ്പിക്കുന്ന ജനം തന്റെ ഉന്നമനത്തിനുള്ള ഉപകരണങ്ങളാണെന്ന് ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരെയും പോലെ അയാളും കരുതുന്നു. എന്നാൽ, മാറിയ കാലം അയാളറിയാതെ അയാൾക്ക് കെണിയൊരുക്കുന്നു. വിശ്വസ്തരെന്ന് അയാൾ വിശ്വസിക്കുന്നവർ അയാൾക്കെതിരെ ടെക്നോളജിയുടെ കരുക്കൾ നീക്കുന്നു. എല്ലാറ്റിനെയും ഉല്ലംഘിച്ച് ടെക്നോളജി വളരുന്നു.

പ്രകാശവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതികവിദ്യ, സാധാരണക്കാരനെ എത്രത്തോളം നിരാലംബനാക്കുന്നുവെന്ന് അംബികയുടെ അവസ്ഥ നമുക്ക് കാട്ടിത്തരുന്നു. “അവരവനെ ഉപദ്രവിക്കുമോ? അവരവന് ഭക്ഷിക്കാൻ കൊടുക്കുമോ?” നിരന്തരം റൊസാരിയോവിനോട് അവർ ചോദിച്ചു കൊണ്ടിരിക്കുന്നു. ഈ അമ്മയുടെ രോദനമാണ് നോവൽ വായിച്ച തീരുമ്പോൾ നമ്മുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുക. ജനറേഷൻ ഗ്യാപ്പ് എന്ന്‍ നമ്മൾ വിവക്ഷിക്കുന്ന ആ കുഞ്ഞി സാധനമല്ല ഇതിനാധാരം. എനിക്ക് എന്റെ കുഞ്ഞിന്റെ വേഗത്തിൽ ഓടിയെത്താന്‍ ആവുന്നില്ലെന്ന വ്യസനമാണ് എന്നെ ഭരിക്കുന്നത്.

അതിമനോഹരമായ, കുറിക്കു കൊളളുന്ന, നർമ്മം ചാലിച്ച ഭാഷ എടുത്തുപറയേണ്ടത് തന്നെ. മുഖവുരയുടെ അവസാനത്തിൽ അമൽ പറയുന്നുണ്ട്, “ഇത് എന്റെ നോവലല്ല.” വർഷങ്ങൾക്ക് മുമ്പ് കുറ്റ്യാടിയിലെ ഞങ്ങളുടെ പഴയ വീട് പുതുക്കിപ്പണിയാൻ ഒരു കൽപ്പണിക്കാരന് അച്ഛൻ കരാർ കൊടുത്തു. വളരെ പ്രഗൽഭനായിരുന്നു അയാൾ. വളരെ വേഗത്തിൽ ചുമരുകൾ കെട്ടിയുയർത്തി. പഴയ വാതിലുകൾ കുത്തിയെടുത്ത് പുതിയവ സ്ഥാപിച്ചു. സിമന്റ് പൂശാൻ സമയമായപ്പേൾ അത് മറ്റാരേയുമേൽപ്പിക്കാതെ അയാൾ തന്നെ ചെയ്യാൻ തുടങ്ങി. ചുമര് കെട്ടിയത്രയും വേഗത്തിൽ ഈ പണി ചെയ്യാൻ അയാൾക്ക് കഴിഞ്ഞില്ല. ചുമരിൽ പലയിടത്തും നിമ്നോന്നതങ്ങൾ. “എന്താ ഇങ്ങനെ” എന്നച്ഛൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. “മാഷേ… ഇത്, എന്റെ പണി ആയിട്ടില്ല..”

അമൽ പറയുന്നു. “ഇത് എന്റെ നോവലല്ല.” അമലിന്റെ ‘കൽഹണൻ’ വായിച്ച ഒരു വായനക്കാരനും ഒരു പക്ഷെ ഇത് തോന്നാം…

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

കടപ്പാട്; Life Glint

 

Comments are closed.