DCBOOKS
Malayalam News Literature Website

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് പ്രൊഫ. എം.കെ. സാനുവിന് സമര്‍പ്പിച്ചു

13-ാമത് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് പ്രൊഫ. എം.കെ. സാനുവിന്  സമര്‍പ്പിച്ചു.  വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍  ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കെ ആര്‍ മീരയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.  ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം എന്ന സാഹിത്യനിരൂപണത്തിനാണ് അവാര്‍ഡ്.

കൃതികളിലൂടെ അമരത്വം നേടിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ ,
ലളിതവും സരളവുമായ അദ്ദേഹത്തിന്റെ രചനാശൈലി തന്നെയാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും പ്രസക്തമാക്കുന്നതെന്നും കെ.ആര്‍.മീര. പറഞ്ഞു. കണ്ടു പരിചയിച്ചവയെ സൗന്ദര്യബോധത്തോടെ അടുക്കിച്ചേര്‍ത്ത വ്യക്തിയാണ്  ബഷീറെന്നും സൗന്ദര്യബോധപരമായ ഇടപെടലാണ് ബഷീര്‍കഥയുടെ നിലനില്‍പ്പിന് കാരണമെന്ന് മറുപടിപ്രസംഗത്തില്‍ എം.കെ.സാനു പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ. ഹരികുമാര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജി മോള്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. വി.കെ. ജോസ്, ട്രസ്റ്റ് ജോ. സെക്രട്ടറി ടി.എന്‍. രമേശന്‍, ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമന്‍, ട്രസ്റ്റ് ട്രഷറര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാള സാഹിത്യ നിരൂപണ രംഗത്ത് തലയെടുപ്പാണ് പ്രൊഫ. എം കെ സാനു. ഒരുകാലഘട്ടത്തില്‍ സാഹിത്യ വിമര്‍ശനരംഗത്ത ശ്രദ്ധേയരായ സുകുമാര്‍ അഴിക്കോട്, എം. ലീലാവതി, എം എന്‍ വിജയന്‍, എന്‍.വി കൃഷ്ണവാര്യര്‍ എന്നിവര്‍ക്കൊപ്പം എത്തിയ സാനു.മാഷ് പിന്നീട് പകരക്കാരനില്ലാത്ത നിരൂപകനായി നിലയുറപ്പിച്ചു. ഒട്ടുമിക്ക എഴുത്തുകാരും അദ്ദേഹത്തിന്റെ അംഗീകാരത്തിനും വിമര്‍ശനത്തിനും പാത്രീഭവിച്ചു. സ്വസിദ്ധമായ ശൈലിയില്‍ കാര്യങ്ങളെ അനാവരണം ചെയ്യാന്‍ എം കെ സാനു മാഷിന് ഒരു പ്രത്യേക കഴിവുണ്ട്. ആ പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ നിരൂപണ രംഗത്തെ ഒറ്റയാനാക്കി നിര്‍ത്തുന്നതും.

എം. കെ സാനുവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.