തീര്‍ന്നു പോവരുത് എന്നു കരുതി വളരെ സമയമെടുത്ത് വായിച്ച 382 പുറങ്ങള്‍!
അഷ്ടമൂര്‍ത്തി
`ഉടമസ്ഥന്‘ എന്ന ഒരു കഥയിലൂടെയാണ് വിനോയ് തോമസ് എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. അതാവട്ടെ എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് `കരിക്കോട്ടക്കരി’ വായിക്കുന്നത്. അതിനു ശേഷം വിനോയുടെ `രാമച്ചി’, `മുള്ളരഞ്ഞാണം’ എന്നീ സമാഹാരങ്ങളും. `പുറ്റ്’ വായിക്കാന്‍ പിന്നെയും സമയമെടുത്തു.
എന്തൊരു നോവലാണിത്! പെരുമ്പാടി എന്ന ഒരു സാങ്കല്പികപ്രദേശത്തെ ചുറ്റിവരിയുന്ന ഒരു നൂറ്റാണ്ടു കാലഘട്ടത്തിലെ നാനൂറോളം കഥാപാത്രങ്ങള്‍, അതില്‍ത്തന്നെ നൂറോളം പ്രധാനപ്പെട്ടവര്‍. അവര്‍ പറയുന്നതും അവരെപ്പറ്റി പറയുന്നതുമായി എണ്ണമറ്റ കഥകള്‍. അവയെ കൂട്ടിക്കെട്ടുന്ന വിനോയുടെ കരകൗശലം കണ്ട് നമ്മള് അമ്പരന്നു പോവും.
തീര്‍ന്നു പോവരുത് എന്നു കരുതി വളരെ സമയമെടുത്താണ് 382 പുറങ്ങള്‍ വായിച്ചത്. വായനയില്‍ ഇത്തരമൊരാഹ്ലാദം വല്ലപ്പോഴുമൊക്കെയേ എനിക്ക് ഉണ്ടായിട്ടുള്ളു. ഈ പുസ്തകം നമ്മുടെ സാഹിത്യത്തില്‍ വലിയ തോതിലുള്ള അംഗീകാരങ്ങള്‍ നേടാനിരിക്കുന്നു. ഒപ്പം ഈ താരോദയം വിനോയ് തോമസും.
വിനോയ്, `പുറ്റ്’ വേണ്ടവിധം പരിചയപ്പെടുത്താന്‍ എനിക്കാവില്ല. ആദ്യവായന അതിന് പര്യാപ്തമല്ല. ഇനിയും മൂന്നോ നാലോ വട്ടം ഇതിലേയ്ക്കു തന്നെ എനിക്ക് തിരിച്ചുവരേണ്ടിവരും. അപ്പോഴൊക്കെ ഒരു പുതിയ പുസ്തകം വായിക്കുന്നതിന്റെ ഹര്‍ഷം ഞാന്‍ അനുഭവിക്കും. അതുവരെയും അതിനു ശേഷവും ഈ പുസ്തകം എന്റെ ഒപ്പമുണ്ടാവും.
Comments are closed.