DCBOOKS
Malayalam News Literature Website

വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ബിരിയാണി

“വെറും ബിരിയാണിയല്ല.കുയിമന്തിവരെയ്ണ്ട് മോനേ. ഇദു ഈടത്തെ ലോക്കൽ ഇച്ചാമാരെ മംഗലത്തിനു കിട്ടണ ചല്ലുപുല്ല്
ബിരിയാണിയല്ല ഒന്നാം തരം ബസുമതി അരീന്റെ ബിരിയാണിയാ. പഞ്ചാബീന്ന് ഒരു ലോഡ് അങ്ങനെ തന്നെ ഇറക്കി.
ബിരിയാണി

“വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ബിരിയാണി. ” സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയെക്കുറിച്ചുള്ള നിരൂപണങ്ങളിലും, ചർച്ചകളിലും, വായനാകുറിപ്പുകളിലും കണ്ടൊരു വാചകമാണിത്. കലന്തൻ ഹാജിയുടെ ഊട്ടു പുരയിൽ നിന്നും അന്തരീക്ഷത്തിൽ ഒഴുകി പരക്കുന്ന ബിരിയാണിയുടെ ഗന്ധവും, രുചിയും ഗോപാൽ യാദവിലൂടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ കണ്ണുകൾ നിറയാത്ത വായനക്കാരുണ്ടാവില്ല. വരികൾക്കിടയിലൂടെ വായിക്കപ്പെടുന്ന രചനയാണ്‌ ബിരിയാണിയെന്ന ചെറുകഥ. കേരളം മുതൽ ബീഹാറും, ഗൾഫുമെല്ലാം കടന്നു വരുന്ന ബിരിയാണി പറഞ്ഞു വെക്കുന്നത് സമകാലിക ജീവിതത്തിന്റെ നേർകാഴ്ചയാണ്. വിശപ്പ് എന്ന വികാരത്തെ പലരും പല രീതിയിൽ അവതരിപ്പിച്ചപ്പോഴും ബിരിയാണി അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഉൾക്കാഴ്ചകൾ തുറന്നു നൽകി.
അടുത്ത കാലത്ത് ഏറെ വായിക്കപ്പെടുകയും ചർച്ചാ വിഷയം ആവുകയും ചെയ്തൊരു കൃതിയെന്ന നിലയിൽ ബിരിയാണിക്ക് വീണ്ടും ഒരു നിരൂപണമെഴുതുക എന്നെപ്പോലുള്ള സാധാരണ വായനക്കാർക്ക് അസാധ്യമാണ്. അത്ര മേൽ ഹൃദയത്തെ കൊളുത്തി വലിക്കുന്ന കഥയും കഥാപാത്രങ്ങളും അരങ്ങു തകർക്കുന്ന ഒരു ചെറുകഥ സമീപ കാലത്ത് വായിച്ചിട്ടുമില്ല.

മനുഷ്യാലയങ്ങൾ

“പക ഓർമ്മയുടെ വിന്നാഗിരിയിൽ ഇട്ടു വെച്ച കാന്താരി മുളക് പോലെയാണ്. കാലപ്പഴക്കം മൂലം ഇത്തിരി എരിവ് കുറഞ്ഞേക്കാമെങ്കിലും അതൊരിക്കലും നശിച്ചു പോവില്ല.”

എത്ര മനോഹരമായ സത്യം. കടവി രാജുവിന്റെ പകയുടെ നേർചിത്രം വരച്ചിടുന്ന മനുഷ്യാലയങ്ങൾ എന്ന ചെറുകഥ ഞെട്ടിച്ചത് ചതഞ്ഞരഞ്ഞ കുരുവിക്കൂട് ഒരു പ്രതീകമായി കഥയവസാനിക്കുമ്പോഴാണ്. പള്ളിയിലെ നെയ്‌ച്ചോറിൽ മണ്ണെണ്ണയൊഴിച്ചു വർഗ്ഗീയ വാദിയെന്ന പേര് സമ്പാദിച്ച കടവിയെ എഴുത്തുകാരൻ വായനക്കാർക്ക് പരിചയപ്പെടുത്തുമ്പോഴും സംശയത്തിന്റെ ഒരു ചെറു കണികക്കു പോലും ഇട നൽകാതെ അനായാസമായി ഒരു കുരുവിക്കൂടിലൂടെ പകയുടെ വേറിട്ട മുഖം അനാവരണം ചെയ്ത എഴുത്തുകാരന്റെ മികവിനെ അഭിനന്ദിക്കാതെ തരമില്ല.

uvwxyz,ആട്ടം, ലിഫ്റ്റ്, സിനിമാകഥയെഴുതാൻ മോഹിച്ചു ഇളയച്ഛനെ കാണാൻ പുറപ്പെടുന്ന കഥാനായകന്റെ അനുഭവം പറയുന്ന നായക്കാപ്പ്, ശ്രീപത്മനാഭനെ ഇതിവൃത്തമാക്കിയ മരപ്രഭു എന്നീ ചെറുകഥകളും ബിരിയാണിയെ ഗംഭീരമാക്കുന്നു.
ഒരു യഥാർത്ഥ വായനക്കാരൻ നിർബന്ധമായും വായിച്ചിരിക്കേണ്ട ബുക്കുകളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ബിരിയാണിക്ക് സ്ഥാനമുണ്ട്.

 

സന്തോഷ് ഏച്ചിക്കാനത്തിന്റെ  ബിരിയാണി  എന്ന ചെറുകഥാസമാഹാരത്തിന് ജിയോ ജോര്ജ്ജ് എഴുതിയ വായനാനുഭവം

ബിരിയാണി എന്ന ചെറുകഥാസമാഹാരം സ്വന്തമാക്കാന് സന്ദര്ശിക്കുക

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.