സ്‌നേഹപൂര്‍വം നികിത; ചൈന കേരളത്തിന് സമ്മാനിച്ച ഒറാങ് ഊട്ടാന്റെ കഥ
കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും ചെയ്തുപഠിക്കാനുമായി ചന്ദ്രമതി എഴുതിയ തിരക്കഥയാണ് സ്‌നേഹപൂര്‍വം നികിത. ഒരിക്കല്‍ ചൈന കേരളത്തിലെ മൃഗശാലയിലേക്ക് ഒരു ഒറാങ് ഊട്ടാനെ സമ്മാനിച്ചു. നികിതയെന്നായിരുന്നു അവളുടെ പേര്. മൃഗശാലയിലെ ജോലിക്കാരായ ചന്ദ്രന്‍ പിള്ളയും രാഹുലും നികിതയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. ഭക്ഷണംപോലും നന്നായി കൊടുത്തിരുന്നില്ല. അങ്ങനെയിരിക്കെയാണ് ചന്ദ്രന്‍പിള്ളയ്ക്കും രാഹുലിനും ഒരബദ്ധം സംഭവിക്കുന്നത്. അക്കഥയാണ് സ്‌നേഹപൂര്‍വം നികിത.
പുസ്തകത്തിന് ചന്ദ്രമതി എഴുതിയ ആമുഖക്കുറിപ്പ്..
വര്‍ഷങ്ങള്‍ക്കുമുന്‍പ് വിവാഹങ്ങളുടെ ധൂര്‍ത്തും ആര്‍ഭാടവും പ്രമേയമാക്കി ഗവണ്‍മെന്റിനുവേണ്ടി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുകയുണ്ടായി. പ്രശസ്ത സംവിധായകന്‍ സഞ്ജീവ് ശിവന്‍ ആണ് ‘അരുണിമയുടെ കഥ’ എന്ന ആ സിനിമ സംവിധാനം ചെയ്തത്. പിന്നീട് അദ്ദേഹം എന്നോട് കുട്ടികള്‍ക്കുവേണ്ടി ഒരു ചെറിയ സിനിമ ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തു. സഞ്ജീവ് തന്ന ഒറാങ് ഊട്ടാന്‍ തീം വികസിപ്പിച്ചാണ് ഞാന്‍ സ്‌നേഹപൂര്‍വം നികിത എഴുതിയത്.
പലകാരണങ്ങള്‍കൊണ്ടും ആ പ്രോജക്ട് നടന്നില്ല. തിരക്കഥയുടെ ചിലഭാഗങ്ങള്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിട്ടിന്റെ തളിര് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ തിരക്കഥ ഞാന്‍ വായനക്കാരായ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു. സ്‌നേഹപൂര്‍വം നികിതയുമായി സ്‌നേഹപൂര്‍വം ചന്ദ്രമതി.
Comments are closed.