കുറച്ചു ധൈര്യം ഉണ്ടെങ്കിൽ മരിക്കാം, പക്ഷെ ജീവിക്കാന്‍…!
അനീഷ് ഫ്രാന്‍സിസ് രചിച്ച വിഷാദവലയങ്ങള്‍ എന്ന പുസ്തകത്തിന് ബിജിന ഈശ്വരൻ വീട്ടിൽ എഴുതിയ വായനാനുഭവം
നമ്മുടെ മാനസികാവസ്ഥയെ മറ്റുപലരും സ്വാധീനിക്കുന്നതിന്റെ ഫലമായി വന്നു ചേരുന്ന മാനസികാവസ്ഥയെ പൊതുവെ വിഷാദം എന്നു പറയാറുണ്ട് .ഒരു മനുഷ്യന്റെ അന്ത്യത്തിലേക്ക് വരെ ചിലപ്പോൾ വിഷാദം വഴി നടത്തിക്കും .മനസ്സിന്റെ സങ്കീർണ്ണമായ സഞ്ചാരങ്ങളിലൂടെ. ചില വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാക്കിയ ഉലച്ചിലുകൾ പ്രതിപാദിക്കുന്ന നോവലാണ് അനീഷ് ഫ്രാൻസിസിന്റെ ‘വിഷാദവലയങ്ങൾ’. 2018 ലെ ഡി സി സാഹിത്യ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട നോവൽ.
വിഷാദ വലയങ്ങൾ കയ്യിൽ എത്തിയിട്ട് കാലം കുറച്ചു ആയെങ്കിലും എന്തോ പേരിലെ വിഷാദം ആണെന്ന് തോന്നുന്നു വായിക്കാതെ മാറ്റിവെക്കപ്പെട്ടിരുന്നു. ശേഷം വായിച്ചു തുടങ്ങിയപ്പോൾ ഒറ്റ ഇരുപ്പിൽ വായിച്ചവസാനിപ്പിച്ചു . അത്രയും താല്പര്യത്തോടെ വായിക്കാൻ കഴിയുന്ന ഒരു നോവലാണന്ന തിരിച്ചറിഞ്ഞു “വിഷാദവലയങ്ങൾ…” എന്ന നോവൽ
പുതിയ ലോകത്ത് ഏതൊരു മനുഷ്യനും നേരിടുന്ന പ്രതിസന്ധി.തരണം ചെയ്യാനാവാതെ ജീവിതം അവസാനിപ്പിച്ച നിരവധി ജന്മങ്ങൾ നമ്മുടെ ചുറ്റുപാടിലും ഉണ്ട്. ആക്സിഡന്റിൽ ശരീരത്തിനുണ്ടായ തളർച്ചയും പ്രണയനൈരാശ്യവും ഒറ്റപ്പെടലും വിഷാദരോഗത്തിൽ മുങ്ങിപ്പോവുകയും അതിന്റെ പാരമ്യത്തിൽ ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്ന കോടീശ്വരനായ ജോയലിന്റെ കഥ പറയുന്നു നോവൽ.
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ജോയൽ ഏതോ നിമിഷത്തിൽ തോന്നിയ ഉൾവിളിയിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുകയും പരേതരായ കുറച്ചു പേരെ അതിൽ ചേർക്കുകയും അവരുമായി സംവേദിക്കാൻ തുടങ്ങുകയും ചെയ്തു. ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ഒരു fake id ജോയലിനെ മരിച്ചവരെ പറ്റി അന്വേഷിക്കാൻ പ്രേരിപ്പിച്ചു.ആ വഴികൾ തേടി ഇറങ്ങിയ ജോയൽ ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.
നമ്മൾ കാണുന്ന ഏതു മനുഷ്യരോട് സംസാരിച്ചാലും അവരെയും നമ്മളെയും ബന്ധിപ്പിക്കുന്ന ഒരു പോയിന്റ് കാണാൻ കഴിയും.മനുഷ്യർ തമ്മിലുള്ള ഈ വിസ്മയിപ്പിക്കുന്ന ബന്ധം നോവലിലുടനീളം കാണാം. അതുപോലെ പ്രണയം എന്ന നിർവചിക്കാനാവാത്ത അനുഭൂതി നൽകുന്ന മുറിപ്പാടുകൾ സ്വയം നോവിച്ചു വിഷാദ ചുഴിയിലേക്ക് എടുത്തെറിയപ്പെടുന്നതും നോവലിൽ ഉണ്ട്.
നോവലിൽ പറഞ്ഞത് പോലെ ജീവിക്കാനാണ് പ്രയാസം …….മരിക്കാൻ എളുപ്പമാണ്.കുറച്ചു ധൈര്യം ഉണ്ടെങ്കിൽ മരിക്കാം.ജീവിക്കാൻ അതിലും എത്രയോ അധികം ധൈര്യം വേണം. നിരാശയുടെ പടുകുഴിയിൽ തുടങ്ങുന്ന കഥ നിരവധി വഴികളും ദൂരങ്ങളും താണ്ടി മരണം എന്ന ഉത്തരത്തിനപ്പുറം ജീവിതം എന്ന ചോദ്യം തെരെഞ്ഞെടുത്ത കുറേ ആളുകളുടെ കഥ.വിഷാദ രോഗത്താൽ ആത്മഹത്യ ചെയ്ത എഴുത്തുകാരുടെ ചിന്തകളും വരികളും ഓരോ അദ്ധ്യായത്തിന്റെ അന്ത്യത്തിലും ചേർത്തിരിക്കുന്നു.
ഏതു വിഷാദവും മറികടക്കാനുള്ള വഴികൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. ആ വഴികൾ കണ്ടെത്തി മുന്നോട്ട് പോവുക എന്നതാണ് നോവലിന്റെ സന്ദേശം.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.