ജാതി അതിരുകള്‍ ഇല്ലാത്ത കേരളം
കെ എം സലിംകുമാര്‍
ജാതി അതിരുകളില്ലാതെ മനുഷ്യന് ഒന്നിച്ചുജീവിക്കുന്ന കേരളം ഒരു വിദൂര സ്വപ്നം മാത്രമാണെന്നാണ് യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യം വന്നു ജാതിപോയി-എന്നതുപോലുള്ള ലളിതയുക്തികള്‍ക്ക് വഴങ്ങുതല്ല നവോത്ഥാനാനന്തര കേരളത്തിലെ
സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍. ജനാധിപത്യ ചട്ടക്കൂടിന് വിരുദ്ധമാണ് അതിന്റെ ഉള്ളടക്കം. കാസ്റ്റ് ഹയറാര്ക്കിയും സവിശേഷമായ മേല്‍ക്കോയ്മാ സമ്പ്രദായവും പരമ്പരാഗത ഭരണവര്‍ഗങ്ങളുടെ സാമൂഹ്യദര്‍ശനവും സാമൂഹ്യവീക്ഷണവും നീതിസങ്കല്പവുമെല്ലാം ജനാധിപത്യ സമ്പ്രദായത്തിന് എതിരാണ്.
മിര്ചാപൂര് കലാപത്തില്‍ (ഹരിയാന-2010) പലായനം ചെയ്യപ്പെട്ട ദലിതരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഒരു പൊതുതാത്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കെ 2014 ആഗസ്റ്റ് 27-ന് ജസ്റ്റിസ് എസ്. ജെ. മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഒരു നിരീക്ഷണം ഇങ്ങനെയായിരുന്നു: ”ജാതി അതിരുകളില്ലാതെ മനുഷ്യന് ഒന്നിച്ചു ജീവിക്കുകയെന്ന ആശയം, ജാതിഹിംസകളും കലാപങ്ങളും അതിന്റെ അനന്തരഫലങ്ങളും മൂലം സാരോപദേശമായി മാറിയിരിക്കും.” കോടതിയുടെ ഈ നിരീക്ഷണമുണ്ടാകുമ്പോള്‍ എസ്സി എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം നിലവില്‍ വന്നിട്ട് 27 വര്‍ഷവും ജാതിവിവേചനം റദ്ദുചെയ്യുന്ന ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നിട്ട് 64 വര്‍ഷവും കഴിഞ്ഞിരുന്നു.
ജാതിഹിംസയുടെ രൂപത്തിലും തോതിലും വ്യത്യാസമുണ്ടാകുമെങ്കിലും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ബാധകമായൊരു നിരീക്ഷണമാണിത്. ജാതികളുടെ അതിരുകള്‍ മായ്ച്ചുകളഞ്ഞ് മനുഷ്യന് ഏകോദരസഹോദരങ്ങളായി ജീവിക്കുന്ന കാലം ഇന്നും കേവലം ഒരാശയംമാത്രമാണ്. മനുഷ്യബന്ധങ്ങളുടെ പുനരാവിഷ്കാരം അസാധ്യമാക്കു ന്ന ഒരു ഘടകമായി ജാതി ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഇതിന്നര്‍ത്ഥം. ഓരോ ഇന്ത്യാക്കാരന്റേയും ജനനവും ജീവിതവും മരണവും തീരുമാനിക്കുന്നത് ജാതിതന്നെയാണ്. പുറമെ ജനാധിപത്യവും അകമേ ജാത്യാധിപത്യവും– ഇന്ത്യയുടെ വര്ത്തമാനാവസ്ഥയാണിത്. ഒരു ഭാഗത്ത് ഭരണഘടനാതത്ത്വങ്ങളും മൂല്യങ്ങളും, മറുഭാഗത്ത് ജാതി-മത തത്ത്വങ്ങളും മൂല്യങ്ങളും. ജനാധിപത്യത്തിന്റെ മാര്ഗ്ഗത്തിലല്ല, ജാത്യാധിപത്യത്തിന്റെ മാര്‍ഗ്ഗത്തിലാണ് ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജാതി അതിരുകളില്ലാത്ത ഒരിന്ത്യയെക്കുറിച്ച് ചിന്തിക്കുവാന്‍പോലും അവര്‍ക്കാവില്ല. വിചിത്രമായൊരു കാര്യം, ഈ യാഥാര്‍ത്ഥ്യം തുറന്നു സമ്മതിക്കുവാനോ ചര്‍ച്ചചെയ്യുവാനോ ആരും തയ്യാറല്ല എന്നതാണ്.
വേണ്ടത് തുറന്നസംവാദമാണ്. എന്നാല്‍ യാഥാസ്ഥിതികഹിന്ദുക്കള്‍ മാത്രമല്ല പരിഷ്കരണവാദികളായ ഹിന്ദുക്കളും പുരോഗമനകാരികളായ ഹിന്ദുക്കളുമൊന്നും ജാതിപ്രശ്നം ചര്‍ച്ച ചെയ്യുവാന്‍ തയ്യാറല്ല. തന്നെ ക്ഷണിച്ച പരിഷ്കരണവാദികളായ ഹിന്ദുക്കളുടെ പിടിവാശി മൂലം, ജാതി പ്രശ്നവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ‘ജാതിഉന്മൂലനം’ എന്ന പ്രബന്ധം 1936-ല്‍ ലാഹോറില്‍ നടന്ന ജത്പത് തോഡക് സമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെപോയ ദുരനുഭവം ഡോ. ബി. ആര് അംബേദ്കറുടെ ജീവിതത്തിലുണ്ട്. ജനീവയില്‍ 2009-ഏപ്രിലില്‍ നടന്ന ദര്‍ബാന്‍ റിവ്യൂകോണ്ഫറന്സില് വര്‍ണ്ണ വിവേചനവുമായി ബന്ധപ്പെടുത്തി ജാതി പ്രശ്നം ചര്‍ച്ച ചെയ്യുവാന്‍ ഐക്യരാഷ്ട്രസഭ നടത്തിയ നീക്കത്തെക്കുറിച്ച് ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞത്: ”ജാതി നമ്മുടെ ആഭ്യന്തരപ്രശ്നമാണെന്നും ജാതിയെ അന്താരാഷ്ട്രവത്കരിക്കുവാനുള്ള ഏതു ശ്രമവും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും നമ്മുടെ സാമൂഹിക നിര്മ്മിതിയെയും തകര്‍ക്കുമെന്നുമാണ്. എന്തൊരുത്കണ്ഠയാണിത്. ജാതിപ്രശ്നം ചര്‍ച്ചചെയ്യപ്പെട്ടാല്‍ തങ്ങള്‍ വസുദൈവകുടുംബം എന്നും പിതൃഭൂമിയെന്നും പുണ്യഭൂമിയെന്നുമെല്ലാം പറയുന്ന ഇന്ത്യയുടെ സാമൂഹികനിര്‍മ്മിതി എത്രമാത്രം മനുഷ്യത്വവിരുദ്ധമാണെന്ന് ലോകം അറിയുമെന്നതാണ് ഈ ഉത്കണ്ഠയുടെ അടിസ്ഥാനം.
ഇതേ ഉത്കണ്ടണ്ഠതന്നെ ദേശീയപ്രക്ഷോഭകാലത്ത് അതിന്റെ നേതൃനിരയില്‍നിന്ന് ഉയര്‍ന്നുവരുന്നതു കാണാം. പരിമിതികള്‍ നിലനില്‍ക്കെത്തന്നെ ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ നേട്ടും ജാതിനിര്മ്മിതിയാണെന്ന് ലോകത്തോടു പറഞ്ഞ സ്വാമി വിവേകാനന്ദനെ (1896-ല്‍ അമേരിക്കയിലെ ഹാര്‍വേര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വേദാന്ത ദര്‍ശനത്തെക്കുറിച്ചു നടത്തിയ പ്രഭാഷണം) ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. ഇന്ത്യന്‍ സാമൂഹിക നിര്‍മ്മിതിയെക്കുറിച്ചുള്ള ഈ അഭിമാനബോധം ജാതിപ്രശ്നം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനെ തുടക്കത്തില്‍തന്നെ തടഞ്ഞിരുന്നു. രാഷ്ട്രീയമാണ് തങ്ങളുടെ അജണ്ട എന്നു തീരുമാനിക്കപ്പെട്ടതിന്റെ പിന്നാലെ സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ്സിന്റെ സമ്മേളനപ്പന്തല്‍ വിട്ടുനില്കിയാല് അത് ചുട്ടെരിക്കുമെന്നു പ്രഖ്യാപിച്ച ബാലഗംഗധരതിലകിനെപ്പോലുള്ള നേതാക്കള്‍ ഗാന്ധിക്കുമുമ്പ് കോണ്‍ഗ്രസിലുണ്ടായിരുന്നു. അയിത്തജാതിക്കാര്‍ സ്വയം സംസാരിച്ചുതുടങ്ങിയതാണ് കോണ്‍ഗ്രസിനു പ്രശ്നമായത്. അവരുടെ വാക്കും പ്രവൃത്തിയും വര്‍ണ്ണ/ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നുവെന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കിയത്. ഇന്ത്യയുടെ ആത്മാവിനുനേരേയുള്ള ആക്രമണമായിട്ടാണ് അവരതിനെ കണ്ടത്.
പൂര്‍ണ്ണരൂപം വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.