ആ നാട്ടു മധ്യസ്ഥനെ നോക്കി ഒന്ന് ചിരിക്കാൻ പോലും സമയമില്ലാതെ പെരുമ്പാടിക്കാർ നടന്നകലുമ്പോൾ കാലവും കഥയും സന്ധിക്കുന്നു!
വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന് രജീഷ് അക്ഷരവേദം എഴുതിയ വായനാനുഭവം
“ജറമിയാസ് പുറ്റിന് ചുവട്ടിൽ വന്ന് അതിലൊന്ന് തൊട്ടു നോക്കി ഉറച്ചു പോയ മണ്ണ് . അതിൽ അനേകം അറകളുണ്ടാകാം ഓരോ അറയിലും തിങ്ങി നിറഞ്ഞു പാഞ്ഞു കൊണ്ടിരിക്കുന്ന ജീവിതങ്ങളുണ്ടോ ? അയാൾ പുറ്റിന്റെ തലകളിലൊന്ന് മെല്ലെയടർത്തി അതിനുള്ളിലേക്ക് നോക്കി ”
പുറം പൂച്ചുകൾ കൊണ്ട് അടച്ചുറപ്പുണ്ടാക്കുന്ന മനുഷ്യന്റെ സാമൂഹ്യ-കുടുംബ ജീവിതം എന്ന മഹാ പുറ്റിന്റെ അടപ്പുകളിലൊന്ന് മെല്ലെയടർത്തി അതിനുള്ളിലേക്ക് , വായനയുടെ ; ഭാവനയുടെ ലോകത്തിലൂടെ വായനക്കാരന് യഥേഷ്ടം സഞ്ചരിക്കാനുള്ള ഒരവസരം തുറന്ന് വെക്കുക എന്നതാണ് ശ്രീ വിനോയ് തോമസ് “പുറ്റ് ” എന്ന നോവലിലൂടെ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
“പെരുമ്പാടി ” എന്നത് ഒരു സാങ്കല്പിക ഗ്രാമമാണ്. ഇരുപുഴയുടെ തീരത്ത് 1952 മുതൽ വിത്തിട്ട് , വളർന്ന് പടർന്ന ഒരു കുടിയേറ്റ സാംസ്കാരിക ഭൂമികയാണ് പെരുമ്പാടി . എവിടെ നിന്നൊക്കെയോ ജീവിത ചുഴലികളിൽ പെട്ട് പേരും വേരും നഷ്ടപെട്ട് , കൊടും വർഷത്തിൽ ഒഴുകിയെത്തി , ഇരു പുഴയുടെ തീരത്ത് മുളച്ച് പൊന്തിയ ഒരു സംസ്കാരമാണത്. ഇരു പുഴ പുഴയിലൂടെ ഒഴുകുന്ന വെളളവും , ഇലുമ്പി മരത്തെ തഴുകി ഒഴുകുന്ന കാറ്റും കുട്ടായി തുടങ്ങി വെച്ച; മകൻ പ്രസന്നനിലൂടെ തുടരുന്ന പീടികയിലെ നിരപ്പലകയിൽ രചിക്കപെടുന്ന പെരുമ്പാടി ചരിത്രത്തെ ഇരുപുഴയ്ക്കുമപ്പുറത്തേക്ക് സഞ്ചരിപ്പിക്കുന്നു. പള്ളിയും, പള്ളിക്കൂടവും , വായനശാലയും , ക്ലബും എന്ന തു പോലെ പെരുമ്പാടിയുടെ സാംസ്കാരിക നവീകരണത്തിന്റെ കാലഘട്ടത്തിലെ അതിപ്രധാനമായ ഒരു നാഴിക കല്ലാണ് നവീകരണ ഭവനം.
നവീകരണ ഭവനത്തിന് ആ പേര് കിട്ടുന്നതിനുണ്ടായ കാരണം ആ ഗ്രാമത്തെ നവീകരിക്കുന്ന പ്രക്രിയയ്ക്ക് നവീകരണ ഭവനവും അതിലെ കാരണവരും മുഖ്യ പങ്കു വഹിച്ചു എന്നതാണ്. ഇരുപുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് കുടിയേറിയവരുടെ ഒന്നാം തലമുറ – നാട്ടിൽ പല പ്രശ്നങ്ങൾക്കും ഉത്തരവാദിയായി ഇരിക്കപ്പൊറുതിയില്ലാതെ പെരുംമ്പാടി കയറിയവരാണ് – വീടും നാടും വേരും പറിച്ചെറിഞ്ഞ് അകലേക്ക് ഓടി മറിഞ്ഞവരുടെ – ആരും പരസ്പരം തിരിച്ചറിയപ്പെടരുതെന്ന് ആഗ്രഹിച്ച് ജീവിച്ചവരുടെ ഒരു സമൂഹം അതായിരുന്നു ആദ്യ കാല പെരുമ്പാടി – പെരുമ്പാടി പോലുള്ള ഗ്രാമമുണ്ടാകുമോ എന്നു ചോദിച്ചാൽ കഥയിൽ – ഭാവനയിൽ അതിനപ്പുറവും ആവാം എന്നാണ് ഉത്തരം. അവിടെ സദാചാരം വെറും പുറം പൂച്ച് മാത്രമാകുന്നു. ജീവിതത്തിന്റെ ഉള്ളു കളിലേക്ക് തൂലിക ചൂഴ്ന്നിറങ്ങുമ്പോൾ – കെട്ട് പൊട്ടിയ പട്ടം പോലെയും – കുത്ത് പൊട്ടിയ പുസ്തകം പോലെയും – ഭാവനയുടെ ഭൂമികയിൽ കഥാപാത്രങ്ങൾ – അവർക്കനുവദിച്ച ജീവിതം – ആസ്വദിച്ചു ജീവിക്കുന്നു. അപരിഷ്കൃതമായ ആ സാമൂഹിക ജീവിതത്തിൽ പെരുമ്പാടിയുടേതായ മധ്യസ്ഥ നിയമം നടപ്പിലാക്കി അവരെ കുടുംബ ജീവിതത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ അടച്ചുറപ്പുകളിലേക്ക് ആനയിക്കുക എന്ന ദൗത്യമാണ് നവീകരണ ഭവനത്തിലെ കാരണവർ പോൾ സാർ ഏറ്റെടുക്കുന്നത്. പോൾ സാർ നാട്ടു മധ്യസ്ഥനാണ് പെരുമ്പാടിയിലെ പ്രശ്നങ്ങൾ ഇരു പുഴ്ക്കക്കരെ കടക്കാതെ പറഞ്ഞു തീർക്കാർ അദ്ദേഹത്തിനുള്ള സവിശേഷമായ കഴിവാണ് അദ്ദേഹത്തെ പെരുമ്പാടിയിലെ അനിഷേധ്യനായ നേതാവാക്കി മാറ്റിയത് – വാറ്റു ചാരായത്തിന്റെ കേന്ദ്രം പങ്കിട്ടെടുക്കുന്നതിനും – പന്നി മലർത്തൽ ചീട്ടിനും പെരുമ്പാടിയിൽ പോൾ സാറിന്റേതായ നിയമങ്ങൾ ഉള്ള കാലഘട്ടത്തിലൂടെയാണ് പെരുമ്പാടിയുടെ ചരിത്രം പുരോഗമിക്കുന്നത്. പോൾ സാറിന്റെ മകൻ ജറമിയാസും അച്ഛന്റെ പാത പിന്തുടർന്ന് അനിഷേധ്യനായ നാട്ടു മധ്യസ്ഥനാകുന്ന കാലത്തിലൂടെ കഥ പുരോഗമിക്കുന്നു. എന്നാൽ പെരുമ്പാടിയും അവരുടെ സാംസ്കാരിക ബോധവും കാലഘട്ടത്തിനനുസരിച്ച് വളർന്നപ്പോൾ – ജറമിയാസ് – ഒന്നു തളർന്നപ്പോൾ – ആ നാട്ടു മധ്യസ്ഥന്നെ നോക്കി ഒന്ന് ചിരിക്കാൻ പോലും സമയമില്ലാതെ പെരുംമ്പാടി ക്കാർ നടന്നകലുമ്പോൾ കാലവും കഥയും സന്ധിക്കുന്നു.
പോൾ സാറിന്റെയും – മകൻ ജറമിയാസിന്റെയും ജീവിത കഥയിലൂടെയാണ് പെരുംമ്പാടി എന്ന ഗ്രാമത്തിന്റെ ചരിത്രവും വർത്തമാനവും വായനക്കാരിലേക്ക് എത്തുന്നത്. പോൾ സാറിന്റെ അമ്മ പതിനൊന്നു വയസ്സുകാരനായ പോളിനെയും കൂട്ടി പെരുംമ്പാടി കയറിയ കാലം മുതലാണ് പെരുമ്പാടിയുടെ ചരിത്രമാരംഭിക്കുന്നത്. പെരുംമ്പാടിയിലേക്കുള്ള ഒന്നാം കുടിയേറ്റക്കാരൻ ചെറു കാന ക്കാരാണ്. അപ്പന്റെ അവിഹിത ഗർഭം പേറി ,നാടും വേരുമുപേക്ഷിച്ച് ഇരു പുഴ തീരത്തെ കാടു വെട്ടി – മല വെട്ടി – ജീവിതം പറിച്ചു നട്ടതാണ് ചെറു കാനാ കുടുംബചരിത്രത്തിന്റെ ആമുഖം. ഇത്തരം പുറത്തറയിക്കാൻ ആവാത്ത ആ മുഖമാണ് പെരുംമ്പാടിയിലെ ഓരോ കുടുംബത്തിനുമുള്ളത് – പതിനാലാമത് കൂടിയേറ്റക്കാരായ പോൾ സാറിന്റെ കുടുംബം തിരുവിതാം കൂറിലെ കുമ്മണ്ണൂരിൽ നിന്ന് കുടിയേറിയവരാണ് . ഒന്നാം കുടുംബത്തിന്റെ ആമുഖ ചരിത്രം അച്ഛൻ മകളെ പിഴപ്പിച്ചതാണെങ്കിൽ പതിനാലാം കുടിയേറ്റക്കാരന്റെ ചരിത്രം – ഏട്ടത്തിയുടെ ഭർത്താവിന്റെ അവിഹിത കുഞ്ഞിനെയും കൂട്ടി നാടുകടത്തപെട്ട ഒരു അനിയത്തിയുടെ ജീവിത കഥ ആകുന്നു എന്ന വ്യത്യാസം മാത്രം. എന്നാൽ ചരിത്രത്തിന്റെ ചാരിത്ര്യത്തെ ചിള്ളി ചികയുക എന്നതിനപ്പുറം വർത്തമാന കാല ജീവിതത്തിന്റെ മാധുര്യം ആവോളം ആസ്വദിക്കുക എന്നതാണ് തങ്ങളുടെ ജീവിത ധർമ്മമെന്ന് ഓരോ പെരുമ്പാടിക്കാരനും വിശ്വസിച്ചു ജീവിച്ചു. അത്തരം അനേകം പെരുമ്പാടി ജീവിതത്തിന്റെ അടുക്കുകളിലൂടെയാണ് കഥാകാരൻ ” പുറ്റിന്റെ ” അറകൾ ഒരുക്കിയിരിക്കുന്നത്.
അനേകം അനേകം ജീവൻ തുടിക്കുന്ന കഥകൾ പുറ്റിലെ അറകൾ പോലെ പോൾ സാറിന്റെയും ജറമിയാസ് പോളിന്റെയും കഥയുടെ ഓരം ചേർത്ത് കഥാകാരൻ അടുക്കി വെച്ചിരിക്കുന്നു. ഈ നോവലിലുള്ളതൊന്നും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് നോവലിന്റെ ആമുഖത്തിൽ കഥാകാരൻ മുൻകൂർ ജാമ്യം തേടുന്നുണ്ട്. ആമുഖത്തിൽ കഥാകാരൻ പറയുന്നത് പെരുമ്പാടി പോലെ ഒരു സ്ഥലവും പക്കാ സദാചാര വിരുദ്ധരായ മനുഷ്യരും കുത്തഴിഞ്ഞ കുടുംബങ്ങളും കേരളത്തിലെന്നല്ല ലോകത്തൊരിടത്തും കാണുകയില്ല എന്നാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ കഥ നടക്കുന്ന കാലഘട്ടത്തിൽ പല ഗ്രാമങ്ങളിലുംഈ കഥയിലെ കഥാപാത്രങ്ങളായ വാച്ചിയും മകൾ ഭവാനിയും ഒക്കെ പല പേരിൽ ജീവിച്ചിരുന്ന വർ തന്നെയാകുന്നു. നാട്ടിൻ പുറങ്ങളിലെ നിരപ്പലകമേൽ വിടരുന്ന മസാല കൂട്ടുള്ള എത്ര എത്ര വാച്ചി കഥകൾ ആ കാലഘട്ടത്തിലെ പ്രസേനൻമാരുടെ നാവിൻ തുമ്പിലൂടെ പടർന്നിട്ടുണ്ടാകും. ആ കാലഘട്ടം ഓരോ നാട്ടിൻ പുറവും കഥ പറയുന്ന പ്രസേനൻ മാരാൽ അലംകൃതമായിരുന്നല്ലോ. പെണ്ണിന്റെ അകം കണ്ട ആണഹങ്കാരത്തിന്റെ – നിരപ്പലക കഥകളുടെ ജെ സി ബി ചക്രങ്ങൾ ഉരഞ്ഞു കയറി ചതഞ്ഞരഞ്ഞ എത്രയെത്ര പെൺജീവിതങ്ങൾ ആ കാലഘട്ടത്തിന്റെ സാക്ഷ്യപത്രമായി ജീവിച്ചിരുന്നിട്ടുണ്ടാവാം. അത്തരം നാട്ടിൻ പുറ കഥകളിൽ യഥാർത്ഥ ജീവിതം കണ്ടെത്തി (കുറച്ചെങ്കിലും ) – കഥാബീജത്തിൽ ഭാവനയുടെ ആത്മാവിനെ ഉൾച്ചേർത്ത് ശക്തിമത്തായ അനേകം കഥാപാത്രങ്ങളെ പുറ്റ് എന്ന കഥാപർവ്വത്തിൽ അണിനിരത്താൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞാപ്പു ഹോട്ടലും, ആധാരം പ്രഭാകരനും, കൊച്ചരാഘവനും , അപ്പം മേരിയും , മകൾ പ്രീതയും, ചായക്കട ചർച്ചക്കാരൻ സക്കീറുമൊക്കെ ഇരുപുഴയുടെ ഇരു കരയിലുമുള്ള യഥാർത്ഥ ജീവിതങ്ങൾക്ക് പരിചിതമായ ജീവിത കഥാബീജങ്ങളിൽ നിന്ന് ഉയിർ കൊണ്ട കഥാപാത്രങ്ങൾ തന്നെ. എന്നാൽ കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തിന്നും കഥാകാരൻ പറയാൻ ഉദ്ദേശിച്ച ആശയത്തിനും ഉതുകുന്ന രീതിയിൽ ഈ കഥാപാത്രങ്ങളെയെല്ലാം പുതു ചമയങ്ങൾ അണിയിച്ചു നിർത്താൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.
“വലിയ പാരമ്പര്യവും അച്ചടക്കവും ദൈവഭയവും ശ്രേഷ്ഠത്വവുമുള്ള മഹദ് കുടും ബങ്ങളാണ് നല്ല ഒരു സമൂഹത്തിന്റെ അടിസ്ഥാനമെന്നും നമ്മുടെ ഭൂരിഭാഗം കുടുംബങ്ങളും അത്തരത്തിലുള്ളതാണെന്നുമുള്ള അഭിപ്രായം മാത്രമേ ഞാൻ പരസ്യമായി പറയുകയുള്ളൂ മറിച്ചുള്ള എന്റെ ചിന്തയെല്ലാം ഭാവനയാണ് ” എന്ന് കഥാകാരൻ ആ മുഖത്തിലൂടെ മറ്റൊരു മുൻകൂർ ജാമ്യം കൂടി എടുക്കുന്നതിന്റെ പൊരുൾ നോവൽ വായന പുരോഗമിക്കുമ്പോൾ തെളിഞ്ഞു വരുന്നതായി കാണാം. ജല ഗന്ധർവന്റെ മകനാണ് നീ എന്ന് അമ്മ പറഞ്ഞറിയുന്ന കൊച്ച രാഘവൻ – കൊച്ച രാഘവന്റെ ജലക്രീഡകൾ – മാക്കൂട്ടത്തേക്ക് അണ്ടി കെട്ടുന്നവർക്ക് – വിനോദിക്കാൻ ജീവിച്ച വാച്ചി – വാച്ചിയുടെ പാത പിന്തുടർന്ന – പിന്നിട് വെളിപ്പെട്ട് – ദൈവമായി മാറിയ മകൾ – ഭവാനി – ഭവാനി ദൈവം – ചന്ദന പാപ്പനും നീറു കുഴി അച്ഛനും പോളു കുട്ടിയെ ഓടക്കുഴൽ വായിപ്പിച്ചത് – കൊടം കാച്ചി അപ്പച്ചന്റെ ഭാര്യയുടെ ജലക്രീഡ – റെജിയുടെ ഭാര്യ സിൽവിക്ക് കുഞ്ഞുണ്ടായ കഥ – ജോസിന്റെ ഭാര്യ മോളിയുടെ രാത്രി കാല വെളിയിലിരിപ്പ് – ജോൺസൺ മാഷിന്റെ വായനാ ശീലം – അപ്പം മേരി – റോസ കുട്ടി – ഭർത്താവിന്റ അപ്പന്റെ ബീജം ഏറ്റുവാങ്ങേണ്ടിവരുന്ന പെണ്ണ്- മഠത്തിലെ സിസ്റ്റർ മാർക്ക് പേനെടുത്ത് കൊടുക്കുന്ന അരിവെപ്പ് കാരത്തി വൽസേടത്തി യുടെ രഹസ്യ ജീവിതം – സാമൂഹ്യ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ഇത്തരം അനേകമനേകം ജീവിതങ്ങളെ നോവലിന്റെ പൂമുഖത്ത് നിർത്തി ഇതും കൂടി ഉൾപ്പെട്ടതാണ് സാമൂഹ്യം എന്ന് കഥാകാരൻ ഉദ്ഘോഷിക്കുന്നു. എഴുത്തുകാരൻ കേവലം വാദി മാത്രമാണ് – പ്രതി ആരാണ്. – സാമൂഹ്യ ജീവിതത്തിന്റെ സാമാന്യവൽക്കരണമാണ് എന്നും പറഞ്ഞ് കാഴ്ചക്കാരായി നില്ക്കാനും വായനക്കാർക്ക് കഴിയും. മത പുരോഹിതൻമാർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് , ചെറിയ വീഴ്ചകളുണ്ടാകുന്ന സ്ത്രീകളെ – അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് അധമ ജീവിതത്തിലേക്ക് ചവിട്ടിയാഴ്ത്താനുള്ള സമൂഹത്തിന്റെ വ്യഗ്രത, പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയിൽ മദ്യം വരുത്തി വെയ്ക്കുന്ന രാക്ഷസീയ രൂപഭേദങ്ങൾ, ദൈവത്തിന്റെ മേക്കാട്ടു പണിക്കാരിയായി ജീവിതം മുഴുവൻ ജീവിച്ചു തീർക്കേണ്ടി വരുന്ന സ്ത്രീ ജൻമങ്ങൾ, ആഗ്രഹിക്കാതെ ദൈവത്തിന്റെ മണവാട്ടിയായി കാമനകളുടെ ഒളിച്ചു കടത്തിന് വിധിക്കപ്പെട്ട സ്ത്രീ ജൻമങ്ങൾ – കൂടോത്രവും – മനുഷ്യ ദൈവും പോലുള്ള അനാചാര ജീവിതങ്ങൾ – കഷ്ടപ്പാടിനെ കൂട്ടി കൊടുത്ത് തന്റെ സമ്പത്ത് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന അധമ ജീവിതങ്ങൾ – ആരും വെളിച്ചത്തിൽ കാണാൻ ഇഷ്ടപെടാത്ത – ഇത്തരം കെട്ട കാഴ്ചകളെ നോവലിന്റെ ഉമ്മറത്തിരുത്തുമ്പോൾ – കഥാകാരനെ നോക്കി പല്ലിളിക്കുന്ന പകൽ മാന്യൻമാർക്കുള്ള ഉത്തരമാണ് – കഥാകാരൻ ആ മുഖത്തിൽ കരുതി വെച്ചത് – അതെ സമൂഹം ഇങ്ങനയൊക്കെയാണ് എന്ന് നിങ്ങൾ സമ്മതിക്കില്ല എന്നെനിക്കറിയാം എന്നാൽ കാലമെത്ര പുരോഗമിച്ചാലും സമൂഹത്തെ പിന്നാമ്പുറ കാഴ്ചയിലേക്ക് കണ്ണോടിച്ചാൽ – കൊച്ച രാഘവൻ പറയുന്നത് പോലെ പുഴയിൽ നിന്ന് മേലോട്ട് നോക്കിയാൽ – അന്നും ഇന്നും കാഴ്ചകൾ ഒന്നു തന്നെയാകുന്നു. നാട്ടുകാരെ സദാചാരം പഠിപ്പിക്കാൻ വിധിക്കപ്പെട്ട് പരാജയമേറ്റു വാക്കുന്ന ജറമിയാസ് പോളിനോട് ബൗസിലി വക്കീൽ പറയുന്നതും മറ്റൊന്നല്ല. ബൗസിലി വക്കിൽ ജറമിയാസിനോട് പറയുന്നത് ഇങ്ങനെയാണ്” നിങ്ങൾക്ക് ഒരു വിചാരമുണ്ട് കുത്തഴിഞ്ഞ് കിടക്കുന്ന പെരുമ്പാടിയിലെ കുടുംബങ്ങളെ നിങ്ങൾ സദാചാരം പഠിപ്പിച്ച് അങ്ങ് തിരുകുടുംബങ്ങൾ ആക്കീന്ന് , ഒരു ചുക്കുമിവിടെ നടന്നിട്ടില്ല. , ദേ .. ഈ ഫോണിനകത്തിപ്പോ ഈ നാട്ടിലെ ഒരു പതിനഞ്ച് പതിവൃതകളുടെയെങ്കിലും തുണിയുരിഞ്ഞ പടങ്ങളുണ്ട് . ഞാനെടുത്തതല്ല അവരെടുത്ത് അയച്ചു തന്നതാ… രാത്രി ഒരു പത്തു മണിക്കു ശേഷം ഞാനീ ഫോണിലെ നെറ്റോണാക്കിയാൽ പത്താളുമാരുടെ കെട്ട്യോളുമാരെങ്കിലും ചാറ്റാൻ വരും ”
അതെ അസംതൃപ്ത കുടുംബ ജീവിതങ്ങൾ എന്നും എക്കാലത്തും ഉണ്ട് അത് കേവലം പെരുമ്പാടി എന്ന ചെറിയ ഭൂമികയിൽ മാത്രം ഒതുങ്ങുന്നതല്ല . കുടുംബ ബന്ധങ്ങൾക്ക് വലിയ വില നല്കുന്ന സാമൂഹ്യ ജീവിതം ഒരു ഹിമാലയ പർവ്വത നിരയാണെങ്കിൽ – ആ മല നിരയിൽ ഉയർന്നു കിടക്കുന്ന അനേകം കൊടുമുടികളിൽ ഒന്നു മാത്രമാണ് അസംതൃപ്ത കുടുംബമെന്നത് – സംതൃപ്ത കുടുംബ ജീവിതത്തിന്റെ കൊടുമുടികൾ, ജീവിത വിജയത്തിന്റെ കൊടുമുടികൾ, പരാജയത്തിന്റെ താഴ് വരകൾ എല്ലാം ചേർന്നതായിരിക്കും ആ പർവ്വത നിര- നമ്മുടെ ദൃഷ്ടി കോണുകൾ – ഫോക്കസ് ചെയ്യുന്നതി നന്നുസരിച്ച് നമുക്ക് കൊടുമുടി – താഴ് വര കാഴ്ചകൾ ദൃശ്യഭേദ്യമാകും എന്നു മാത്രം.
രണ്ട് മൂന്ന് ജീവിതങ്ങളുടെ വിവരണങ്ങളിലൂടെ ജീവിതം എങ്ങനെ തിരിച്ചു പിടിക്കാമെന്ന് പുറ്റിലെ കഥകൾ വെളിവാക്കുന്നു. കൂടോത്ര ഭയത്താൽ മാനസികമായി തകർന്ന പ്രസന്നൻ നാടുവിട്ടെങ്കിലും – സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള മാനസ്സികാവസ്ഥ പാകപ്പെടുത്തുമ്പോൾ അത് ഒരു സാധാരണക്കാരന്റെ നേർ ജീവിതത്തിന്റെ നേർവരതന്നെയാകുന്നു. തന്റെ പ്രിയതമ ആയിഷയുടെ കമ്മൽ വിറ്റ പണം മൂലധനമാക്കി വലിയ ബിസിനസ് സാമ്രാജ്യം കെട്ടി പൊക്കിയ ഷുക്കൂറാജിയും – ഷോപ്പിംഗ് കോംപ്ലക്സ് പണിത് പാപ്പരാകുന്ന ഷുക്കൂറാ ജിയും ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങൾ വെളിവാക്കുന്നു. പണക്കാരന് ചുറ്റും അനേകം പേർ ചക്കപ്പഴത്തിന് ചുറ്റും ഈച്ച കൂടുന്നതു പോലെ ഒത്തു കൂടും . പണമില്ലാത്തവൻ പിണമാകുമെന്നും എന്നാൽ അപ്പോഴും കലർപ്പിലാത്ത പ്രണയത്തിന് – പണം – ഒരു പ്രതിബദ്ധമല്ലെന്നും ആയിഷ – ഷുക്കൂർ പ്രണയത്തിന്റെ തുടർച്ച വിവരിക്കുന്നതോടെ വായനക്കാരിലെത്തിക്കാൻ കഥാകാരന് കഴിയുന്നു.
ആടിന് പച്ചില കാട്ടുന്നത് പോലെ ഇടക്ക് കൊതിപ്പിച്ചും ഇടക്ക് തീറ്റിച്ചും അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുചെന്ന് വലിയ സാമ്രാജ്യം സ്ഥാപിക്കാൻ സ്ത്രീ ലൈംഗികതയ്ക്ക് കഴിയുന്നു എന്നതിന്റെ സൂചകങ്ങളും ദൃഷ്ടാന്തങ്ങളും നല്കി കൊണ്ട് ഫിലോമിന മദറിനെയും അവിരാച്ചൻ പിതാവിനെയും കഥാകാരൻ വായനാ കോടതിയുടെ കൂട്ടിനകത്ത് കയറ്റി നിർത്തുന്നു. അധികാര കേന്ദ്രങ്ങളിൽ നട്ടെല്ലു വളച്ച് അനവസരങ്ങളിൽ ഉരിയാടാതെ നിന്ന് അവസരം കിട്ടുമ്പോൾ ആഞ്ഞടിക്കുന്ന പുത്തൻ ബിസിനസ്സ് മാനേജ്മെന്റിന്റെ ഉദാത്ത ഉദാഹരണമാണ് ലൂയിസിന്റെ വളർച്ച . ഇത്തിൾ കണ്ണികളുടെ ഉപദേശം നടപ്പാക്കി ഷുക്കൂറാജിയുടെ ബിസിനസ് തകർന്നതും ഇത്തിൾ കണ്ണികളെ പടിക്ക് പുറത്ത് നിർത്തി ലൂയിസ് വളർന്നതും പുത്തൻ ബിസിനസ് മാനേജ്മെന്റ് തത്ത്വശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിൽ അയാൾക്കുള്ള കഴിവു കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല. അമ്മ, അപ്പം മേരിയുടെ ഉപദേശം മനസ്സാ വരിച്ച് കിട്ടിയ അവസരം മുതലാക്കി കച്ചവടക്കാരൻ പ്രസന്നന്റെ മകന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയ പ്രസീതയുടെ പ്രായോഗികതയും ശ്ലാഘനീയമാണ്. ഭർത്താവ് രഞ്ജിത്ത് ഹോട്ടലിലെ അടുക്കളക്കാരി റസിയയോടൊപ്പം ഇറങ്ങി പോയിട്ടും – പ്രതിസന്ധികളെ തരണം ചെയ്ത് കാര്യപ്രാപ്തിയോടെ കച്ചവട ജീവിതം തുടർന്ന പ്രസീത ഒരു സാധരണ ക്കാരിയുടെ ജീവിത വിജയത്തിന്റെ പ്രതീകം തന്നെയാകുന്നു. ഇത്തരം കൊച്ചു കൊച്ചു ജീവിത വിജയങ്ങൾ തന്നെയാണ് സാധരണക്കാരനെ അത്രമേൽ ജീവിക്കാൻ കൊതിയുള്ളവനാക്കി തീർക്കുന്നത്. വാർധക്യ കാലത്ത് അവഗണിക്കപ്പെടുന്നുവെങ്കിലും തന്റെ കൊച്ചുമക്കളെ കണ്ടും അവരുടെ ജീവിത വളർച്ചയിൽ പങ്കാളിയായും ജീവിതം മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന പ്രസന്നനും – കൂടെ നിർത്തുന്ന പ്രസീതയുമെല്ലാം “കുടുംബം ” എന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന കഥാപാത്രങ്ങൾ തന്നെ. തനിക്ക് കിട്ടാത്ത കുടുംബ ജീവിതം തന്റെ മകൻ ആസ്വദിക്കുന്നതു കണ്ട് – ജീവിതത്തിലുടനീളം മകനായ അണുങ്ങ് രാജനും ഭാര്യ ഷൈലക്കും ഒരു സ്വൈര്യ ജീവിതം കൊടുക്കാത്ത അമ്മയായിരുന്നു ഭവാനി ദൈവമെങ്കിലും ആ അമ്മയെ വാർദ്ധക്യവശതാ കാലത്ത് പരിചരിക്കാൻ ഷൈലക്കും അവരുടെ ചികിത്സക്കായി ഓടി പാഞ്ഞ് നടക്കാൻ അണുങ്ങു രാജനും കഴിയുന്നത് കൂടുമ്പോൾ ഇമ്പമാണ് കുടുംബം എന്നത് കൊണ്ട് തന്നെയാകുന്നു. ജീവിതത്തിന്റെ തകർച്ചയിൽ പതറി ഒരു നിമിഷം മരണത്തെ ആഗ്രഹിച്ചപ്പോഴും – ജീവിതം ജീവിച്ചു തീർക്കാൻ – ശരീരം വില്ക്കാൻ ഒരു നിമിഷം മനസ്സ് ചിന്തിച്ചപ്പോഴും നീരു ജോസഫിനെ തിരിച്ചു വിളിച്ചത് – തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈകോർക്കപ്പെടുന്ന – കുടുംബത്തിന്റെ വിളക്കാകേണ്ടുന്ന അമ്മ എന്ന ബോധ്യമാണ്.
ഡോ: പ്രിസ് അഗസ്തിൻസ് ക്ലിനിക്ക് എന്ന അധ്യായത്തിൽ പ്രിസ് അഗസ്തിന്റെ കാഴ്ചപ്പാടിലൂടെ നോവലിസ്റ്റ് കിറു കൃത്യമായി ഈ നോവലിലൂടെ വായനക്കാരോട് സംവദിക്കാനുദ്ദേശിച്ച കാര്യം സംക്ഷിപ്തമായി രേഖപ്പെടുത്തുന്നുണ്ട്.
“മനുഷ്യന്റെ മനസ്സ് സാഹചര്യങ്ങളോട് പാകപ്പെട്ട് പ്രതികരിക്കാൻ പറ്റാത്ത വിധം മരവിച്ച് പോകുന്നത്”
“ഇരയാകലിനോടുള്ള മനുഷ്യന്റെ സമരസപ്പെടൽ ”
” കുടുംബം എന്നത് പുരുഷാധിപത്യപരമായ സംവിധാനമാണ് ” “ജനിതക പരമായി സ്ത്രീകളിൽ രൂപപ്പെട്ടു എന്നു പറയുന്ന വിധേയത്വ മനോഭാവം ”
” മതാതിഷ്ടമായ സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനം ” തുടങ്ങിയ വിഷയങ്ങളുടെ വിപുലീകരണമാണ് പുറ്റിലെ ഓരോ ജീവിതവും എന്ന് നമുക്ക് മനസ്സിലാക്കാം – നീനു ജോസഫും ,അപ്പം മേരിയും ,ചിന്നയും, ഡോ: പ്രിസ് അഗസ്തിന്റെ അമ്മയും മേൽ ആശയങ്ങൾക്ക് സാധൂകരണം നല്കുന്ന കഥാപാത്രങ്ങളായി കഥാപർവത്തിൽ ജീവിക്കുന്നു
ജോൺസൺ മാഷിന്റെ ഏതോ സുഹൃത്തുക്കളുടെ” ആണും പെണ്ണും കുറേ സമയം ഒരു സ്ഥലത്തിരുന്നാൽ മറ്റേ പണിയല്ലാതെ മറ്റെന്ത് നടക്കാനാണ് ” എന്ന ചിന്ത ഈ നോവലിൽ ഉൾ ചേർന്നിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നത് എന്റെ പരന്ന വായനയുടെ കുറവ് കൊണ്ടാണോ ? എന്തായാലും ശക്തിമത്തായ – തുണിയുരിയുന്നത് ചൊറുക്കാൻ കഴിയുന്ന ഒരു സ്ത്രീ കഥാപാത്ര മെങ്കിലും നോവലിൽ ഉണ്ടാകുമെന്ന എന്റെ പ്രതീക്ഷ നീനുവിന്റെ തുണിയുരിയപ്പെട്ടതോടെ വെറുതെയായി. എങ്കിലും ചൂഷണത്തോടുള്ള സമരസപ്പെടലിൽ നിന്ന് കുതറി തെറിക്കുന്ന റോസയും പ്രീതയും സമൂഹത്തിലെ ഒറ്റപ്പെട്ട തുരുത്തുകളും തിരുത്തലുകളുമായി നോവലിൽ മിന്നാമിന്നി വെട്ടം വിതറുന്നു.
ഇലുമ്പൻപുളിമരവും, ഉറുമ്പുകളുടെ പ്രണയവും , മേനച്ചോടി പശുക്കളും ഈ നോവലിന്റെ പ്രമേയത്തെ വ്യത്യസ്ഥ തലങ്ങളിലേക്ക് ഉയർത്തുന്നുണ്ട് . സചേതന വും ജൈവികവുമായ സകലതും പെരുംമ്പാടിയുടെ സാംസ്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്നു. കല്ലിനും മുള്ളിന്നും പുഴുവിനും പുൽച്ചാടിക്കും – പെരുമ്പാടിയുടെ ചരിത്രത്തിൽ ഇടമുണ്ട്. എല്ലാവരുടേതുമാണ് ഈ ലോകം എന്ന വിശാലാ മായ ചിന്തയെ ബഷീർ തന്റെ കഥകളിൽ ഉയർത്തിപ്പിടിക്കുന്നതു പോലെ വിനോയ് തോമസും ഈ നോവലിൽ ഉദ്ഘോഷിക്കുന്നത് മറ്റൊന്നല്ല. ഈ നോവലിനെ ഞാൻ വായിച്ച മറ്റ് നോവലുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന മറ്റൊരു കാര്യം ഇതിൽ പ്രയോഗിച്ച ഭാഷയാണ്. തനി നാട്ടു ഭാഷാ പ്രയോഗങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയിത്തം കല്പിച്ച് ഭാഷാ പണ്ഠിതർ സാഹിത്യ ലോകത്ത് നിന്ന് മാറ്റി നിർത്തിയ “പച്ച മലയാള ” ത്തെ ഈ നോവൽ പച്ചവിരിപ്പിട്ട് സ്വീകരണ മുറിയിൽ സൽക്കരിച്ചിരുത്തിയിട്ടുണ്ട്. കൊച്ച രാഘവന്റെ മകൻ ബിജുവിന്റെ “അവരാതിയമ്മയ്ക്ക് നീർ നായകേറിയുണ്ടായ പരവെട്ടിപ്പൂറി മോനെ , ഇനി ഒരിടത്തും ആ വിത്തിറക്കാൻ നിന്നെ ഞാൻ വിടൂല്ലെടാ “എന്ന ഭാഷാ പ്രയോഗം അതിലൊരുദാഹരണം മാത്രം. ഈ നോവലിലെ ഇത്തരത്തലിലുള്ള ഭാഷാ പ്രയോഗങ്ങൾ നാളെ സാഹിത്യ ഗവേഷക വിദ്യാർത്ഥികൾക്ക് “സാഹിത്യത്തിലെ വികാരങ്ങളും ; പച്ച മലയാളവും ” എന്ന വിഷയത്തിൽ വിശദമായ ഒരു പഠനം നടത്താൻ ഉതുകുന്നതാണ്.
Comments are closed.