ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്തിട്ട് ഒരു നൂറ്റാണ്ട്
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി പിറവിയെടുത്തിട്ട് ഒരു നൂറ്റാണ്ട്. രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ് കമ്യൂണിസം .
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യ വിട്ടുപോവുകയും ബോള്‍ഷെവിക് വിപ്ലവനായകന്‍ ലെനിനുമായി ബന്ധം പുലര്‍ത്തുകയും ചെയ്തവരാണ് പാര്‍ട്ടി രൂപീകരണത്തിന് മുന്‍കൈ എടുത്തത്. 1920 ഒക്ടോബര്‍ 17ന് താഷ്‌കെന്റില്‍ ചേര്‍ന്ന രൂപീകരണയോഗം മുഹമ്മദ് ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എന്‍ റോയി ആയിരുന്നു മുഖ്യസംഘാടകന്‍. എവലിന്‍ റോയ്, അബനി മുഖര്‍ജി, റോസ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, ആചാര്യ എന്നിവരും പങ്കെടുത്തു.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച പാര്‍ട്ടി പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചു. അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കി. സാര്‍വദേശീയ ഗാനാലാപനത്തോടെയാണ് യോഗം സമാപിച്ചത്. താഷ്‌കെന്റില്‍ പരിശീലനകേന്ദ്രം തുടങ്ങി. ഇന്ത്യയില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് പരിശീലനം നേടിയവരില്‍ ഏറിയപങ്കും. മോസ്‌കോ സര്‍വകലാശാലയിലും ഇവര്‍ ഒത്തുചേര്‍ന്നു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരില്‍ 10 പേരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു. കേസുകളില്‍ കുടുക്കി ജയിലിലടച്ചു. പെഷവാര്‍, കാണ്‍പുര്‍, മീററ്റ് ഗൂഢാലോചനക്കേസുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചമച്ചത് ഇക്കാലത്താണ്.
ഇന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഇത് തളര്‍ത്തിയില്ല. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായ യുവാക്കള്‍ ഭയരഹിതരായി മുന്നോട്ടുവന്നു. മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1921-22 കാലത്ത് അന്നത്തെ ബോംബെ, കല്‍ക്കത്ത, മദ്രാസ്, ലാഹോര്‍, കാണ്‍പുര്‍ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിച്ചു. രാജ്യമെമ്പാടും പ്രസ്ഥാനം പടര്‍ന്നു.
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ
തിരുവനന്തപുരത്ത് 1931 മാർച്ചിൽ കമ്യൂണിസ്റ്റ് ലീഗ് എന്ന പേരിൽ സംഘടന രൂപീകരിച്ചു. എൻ.സി.ശേഖർ, പൊന്നറ ശ്രീധർ, എൻ.പി.കുരുക്കൾ, തിരുവട്ടാർ താണുപിള്ള, ശിവശങ്കരപ്പിള്ള, ആർ.പി.അയ്യർ, തൈക്കാട് ഭാസ്കരൻ എന്നിവരായിരുന്നു അംഗങ്ങൾ. എൻ.പി.കുരുക്കൾ സെക്രട്ടറിയായിരുന്നു. 1934ൽ പട്നയിലാണ് ജയപ്രകാശ് നാരായണൻ, ഇഎംഎസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങളുള്ള കോൺഗ്രസ് പ്രവർത്തകരായിരുന്നു ഈ പ്രസ്ഥാനത്തിനു പിന്നിൽ.
1939 ജൂൺ 16 മുതൽ 18 വരെ തലശ്ശേരിയിൽ ചേർന്ന സിഎസ്പി സമ്മേളനമാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിലേക്കെത്തിയത്. 1939 ഡിസംബറിൽ തലശേരിയിലെ പിണറായിയിലെ പാറപ്പുറത്ത് ചേർന്ന യോഗത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി. ഇഎംഎസ്, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്നു പാർട്ടി രൂപീകരിച്ചത്. പാറപ്പുറം സമ്മേളനത്തിനു രണ്ടു വർഷം മുൻപ്, കോഴിക്കോട്ട് പി.കൃഷ്ണപിള്ള, ഇഎംഎസ്, എൻ.സി.ശേഖർ, കെ.ദാമോദരൻ എന്നിവരടങ്ങുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.
1964 ഏപ്രിൽ 14, സിപിഐ പിളർന്ന്, ദേശീയ കൗൺസിലിൽ ആകെയുള്ള 110 അംഗങ്ങളിൽ 32 പേർ ഇറങ്ങിപ്പോയി, സിപിഎം രൂപീകരിച്ചു. കേരളത്തിൽ നിന്ന് ഇഎംഎസ്, എകെജി, എ.വി.കുഞ്ഞമ്പു, സി.എച്ച്.കണാരൻ, ഇ.കെ.നായനാർ, ഇമ്പിച്ചിബാവ, വി.എസ്.അച്യുതാനന്ദൻ എന്നിവരാണുണ്ടായിരുന്നത്. ഇതിൽ വി.എസ്.അച്യുതാനന്ദൻ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്.
വിവരങ്ങള്‍ക്ക് കടപ്പാട്
Comments are closed.