അപൂർവ്വ സിദ്ധികൾ കൈവശമുള്ളപ്പോഴും തീർത്തും മാനുഷിക ഗുണങ്ങളുള്ളവരാണവർ!
രാജീവ് ശിവശങ്കറിന്റെ നാഗഫണം എന്ന നോവലിന് രശ്മി അനുരാജ് എഴുതിയ വായനാനുഭവം.
മഹാഭാരതം ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിലൊന്നാണ്. വ്യാസഭാരതത്തിൽ എല്ലാമുണ്ട് എന്ന പഴമൊഴി വെറും വാക്കല്ല. ചരിത്രവും ഭൂമിശാസ്ത്രവും ജന്തുശാസ്ത്രവും എല്ലാം ഉണ്ടതിൽ. അതിനോട് താരതമ്യപ്പെടുത്തുമ്പോൾ ഗ്രീക്കുകാരുടെ ഇലിയഡ് നിഷ്പ്രഭമാവും.മനുഷ്യസ്വഭാവത്തി
ഈ നോവലിൻ്റെ ഭൂമിക എന്ന് പറയാവുന്നത് ഹസ്തിനപുരിയും നാഗ ലോകവുമാണ്. കുരുക്ഷേത്രയുദ്ധത്തിന് ശേഷം അഭിമന്യുവിൻ്റെ പുത്രനും അർജുനൻ്റെ പൗത്രനുമായ പരീക്ഷിത്ത് മഹാരാജാവ് ഹസ്തിനപുരി ഭരിക്കുന്ന കാലഘട്ടം. ഏഴു ദിവസത്തിനകം നാഗരാജാവായ തക്ഷകനാൽ വധിക്കപ്പെടുമെന്ന മുനി ശാപമേറ്റ് പരീക്ഷിത്ത് ഭയചകിതനാവുന്നു. രാജ്ഞിയായ മാദ്രവതിയുടെ മേൽനോട്ടത്തിൽ കടലിനു നടുവിൽ സുരക്ഷിതമായ ഏഴു നില മാളിക പണികഴിപ്പിച്ച് സർവ്വ സന്നാഹങ്ങളോടെയും അവിടെ കഴിയുന്നു. എന്നാൽ വിധിയെ തടുക്കാൻ മനുഷ്യന് സാധ്യമല്ല എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഒരു പുഴുവിൻ്റെ രൂപത്തിൽ പഴത്തിനുള്ളിൽ ഒളിച്ചു വന്ന തക്ഷകൻ രാജാവിനെ വധിക്കുന്നു.
തൻ്റെ അച്ഛൻ്റെ മരണത്തിനു പിന്നിലെ രഹസ്യം അറിയാതെയാണ് പുത്രനായ ജനമേജയൻ വളരുന്നത്. പിന്നീട് രാജാവായ ശേഷം മുനി കുമാരനായ ഉത്തങ്കനിലൂടെ അതേക്കുറിച്ച് അറിയാനിടയായ ജനമേജയൻ കോപത്താൽ ജ്വലിച്ചു. തക്ഷകനോടുള്ള പ്രതികാരത്താൽ നാഗങ്ങളെ മുഴുവൻ അമർച്ച ചെയ്യാനായി സർപ്പസത്രം നടത്തുവാൻ തീരുമാനിച്ചു. നാഗങ്ങളോരോന്നായി മന്ത്രശക്തിയിൽ ആവാഹിക്കപ്പെട്ട് ഹോമാഗ്നിയിൽ വന്ന് വീണു മരിച്ചു. തക്ഷകനും രക്ഷയില്ല എന്ന അവസ്ഥയായി. ആ ഘട്ടത്തിൽ ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ കൊട്ടാരത്തിൽ എത്തി ജനമേജയനോട് അഭ്യർത്ഥിച്ച് സർപ്പസത്രം അവസാനിപ്പിച്ചു.
ചിരപരിചിതമായ ഈ മഹാഭാരത കഥ നാഗഫണം എന്ന തൻ്റെ നോവലിലൂടെ വായനക്കാരൻ്റെ മുന്നിലേയ്ക്ക് വയ്ക്കുമ്പോൾ രാജീവ് ശിവശങ്കർ എന്ന എഴുത്തുകാരൻ അതിൽ തൻ്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ മറന്നിട്ടില്ല. പൗരാണിക കാലഘട്ടത്തിലെ വ്യവസ്ഥികളുടെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തു കടന്ന് തൻ്റെ കഥാപാത്രങ്ങളെ തീർത്തും സാധാരണ മനുഷ്യരായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പരീക്ഷിത്ത്, മാദ്രവതി, ഉത്തങ്കൻ,ജനമേജയൻ, ആദിശേഷൻ, വാസുകി, തക്ഷകൻ തുടങ്ങി ഓരോരുത്തരുടേയും മാനസികവ്യാപാരങ്ങളുടെ അതിസൂക്ഷ്മവും യുക്തിപൂർവ്വവുമായ ചിത്രീകരണത്തിലാണ് ‘നാഗഫണ’ ത്തിൻ്റെ സൗന്ദര്യം മുഴുവൻ ഇരിക്കുന്നത്. അയത്നലളിതമായ ഭാഷയും ഒഴുക്കുള്ള ശൈലിയും വായനക്കാരനെ ഈ പുസ്തകത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു.
‘നാഗഫണ’ ത്തിൽ നാഗ ലോകവും അവിടത്തെ ജീവിതവും കഥകളുമെല്ലാം വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വ സിദ്ധികൾ കൈവശമുള്ളപ്പോഴും തീർത്തും മാനുഷിക ഗുണങ്ങളുള്ളവരാണവർ. നാഗ ലോകത്തിൻ്റെ അധിപനായി അധികാരം ദുരുപയോഗം ചെയ്യുന്ന ആദിശേഷനും, ആ ദുർഭരണം അവസാനിപ്പിക്കാൻ തക്കം പാർത്തു കഴിയുന്ന സഹോദരനായ വാസുകിയും ഇന്ദ്രനോടുള്ള സൗഹൃദത്തിൻ്റെ പേരിൽ എന്തും ചെയ്യാനൊരുങ്ങുന്ന തക്ഷകനുമെല്ലാം ദേഷ്യവും വൈരാഗ്യവും നിസ്സഹയതയും അങ്ങനെ എല്ലാ വികാരങ്ങളുമുള്ള സാധാരണ മനുഷ്യരാണ്.
തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതി ശക്തികളെയും ജീവജാലങ്ങളേയും മനുഷ്യൻ എന്നും ആരാധിക്കുകയും പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഫണത്തിനുള്ളിൽ ചെറിയ വിഷസഞ്ചിയുമായി മണ്ണിൽ ഇഴയുന്ന ,ഒരു ദംശനത്താൽ തന്നെ എത്ര വലിയ മൃഗത്തേയും കാലപുരിക്കയക്കാൻ ശേഷിയുള്ള നാഗങ്ങളെ മനുഷ്യൻ ദേവതകളായി കണ്ട് ആരാധിച്ചത് വെറുതെയല്ല. സർപ്പക്കാവുകളും നാഗാരാധനയുമെല്ലാം നമ്മുടെ സംസ്കാരത്തിൻ്റെ തന്നെ ഭാഗമായിരുന്നു. കേട്ടു പഴകിയ മഹാഭാരതകഥയുടെ പശ്ചാത്തലത്തിൽ നാഗ ലോകത്തെ ,പുതിയ രീതിയിലൂടെ ആവിഷ്കരിച്ചതിലൂടെ രാജീവ് ശിവശങ്കർ എന്ന എഴുത്തുകാരൻ്റെ നാഗഫണം എന്ന നോവൽ വ്യത്യസ്തമാവുന്നു .
Comments are closed.