കഥകള്‍ക്കു പിന്നില്‍, വി ജെ ജയിംസ് എഴുതുന്നു
ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി പുറപ്പാടിന്റെ പുസ്തകം ഡി സി ബുക്സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ പുരസ്കാരം നേടിക്കൊണ്ടാണ് പുറത്തെത്തിയത്. പിന്നീടിങ്ങോട്ട് മലയാള നോവല്‍ സാഹിത്യത്തിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക, നിരീശ്വരന് തുടങ്ങിയ നോവലുകള്‍ക്കും പ്രണയോപനിഷത്ത് എന്ന കഥാസമാഹാരത്തിനും ശേഷം പുറത്തിറങ്ങിയ പുസ്തകമാണ് കഥകള്‍ വി ജെ ജയിംസ്. കഴിഞ്ഞ രണ്ടരദശാബ്ദത്തിന്റെ കഥാജീവിതത്തിനിടയില്‍ രചിക്കപ്പെട്ട ജാലം, ഞങ്ങള്‍ ഉല്ലാസയാത്രയിലാണ്, ജംബോ, ജന്മാന്തരം തുടങ്ങി മുപ്പത്തിയാറ് കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്;
നിഗ്രഹാനുഗ്രഹ ശേഷിയുള്ള ദിവ്യാസ്ത്രമാണ് കഥ. എപ്പോഴാണത് എന്നില്‍ വന്ന് തറച്ചതെന്ന് കൃത്യമായി പറയുകവയ്യ. എന്തൊക്കെയോ എന്തിനു വേണ്ടിയോ എപ്പൊഴൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു. ഏതാണ്ടൊരു മൂര്‍ത്തരൂപം അതിന് കൈവരുന്നത് പ്രീഡിഗ്രി പഠനകാലത്താണെന്ന് പറയാം. പി. ഭാസ്കരന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ദീപിക ആഴ്ചപ്പതിപ്പില്‍ ഇടയ്ക്കിടെ സൃഷ്ടികള്‍ അയച്ചുകൊടുക്കേണ്ട വിലാസം പ്രത്യക്ഷപ്പെട്ടിരുന്നതോര്ക്കുന്നു. വരുംവരായ്കകള്‍ ആലോചിക്കാതെ ഒരു കഥയെഴുതി ഞാനുമങ്ങ് അയച്ചുകൊടുത്തു. ഉപയോഗിക്കാത്ത മാറ്റര്‍ തിരിച്ചുകിട്ടണമെങ്കില്‍ വിലാസമെഴുതിയ കവര്‍ വയ്ക്കണമെന്ന നിര്‍ദ്ദേശവും അക്ഷരംപ്രതി പാലിച്ചിരുന്നു. എന്നാല്‍ സംഗതി ഭ്രമണപഥത്തില്‍ എത്തിയതുമില്ല, തിരികെയൊട്ട് വന്നതുമില്ല. എവിടെയോ എരിഞ്ഞടങ്ങിയ ആ പരാജിത വിക്ഷേപണമായിരുന്നു ആദ്യത്തെ കഥാപരിശ്രമം. പിന്നീട് കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളജിലെത്തി ഹോസ്റ്റല്‍ ജീവിതം തുടങ്ങുമ്പോഴാണ് മാതൃഭൂമി, കലാകൗമുദി, മലയാളനാട്, കുങ്കുമം തുടങ്ങിയ ആനുകാലികങ്ങള്‍ പരിചയപ്പെടുന്നതും സാഹിത്യത്തിന്റെ വ്യത്യസ്ത മാനങ്ങളെക്കുറിച്ചുള്ള ധാരണ ഉറയ്ക്കുന്നതും. കോളജിലെ ‘സാഹിത്യ’ എന്ന സംഘടനയുടെ ഉദ്ഘാടനത്തിന് വായിക്കാനായി എഴുതിയ ‘സംഘം ചേര്‍ന്നവരുടെ സങ്കീര്‍ത്തനം’ എന്ന കഥയായിരുന്നു വായനക്കാരിലേക്ക്, അല്ല ശ്രോതാക്കളിലേക്ക് എത്തിയ എന്റെ ആദ്യകഥ. ഫ്രെഡി റോബര്‍ട്ട് എന്ന നായകനെ ഭ്രമണം ചെയ്യുന്ന പഞ്ചപണ്ഡവസംഘത്തിന്റെ ആ കഥയാണ് പിന്നീടൊരു കാലം ദത്താപഹാരം എന്ന നോവലായി പരിണമിച്ചത്. അന്ന് കേരളാ യൂണിവേഴ്സിറ്റിയില്‍ തിരുവനന്തപുരം, കൊല്ലം, കോതമംഗലം എന്നിവിടങ്ങളിലുള്ള മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ മാത്രം. ആദ്യ മൂന്ന് റാങ്കുകളിലൊന്ന് പ്രതീക്ഷയുണ്ടായിരുന്നതിനാല്‍ പഠനത്തിനായിരുന്നു പ്രഥമ പരിഗണന. അപ്പോഴും എഴുത്ത് ഉള്ളിലെവിടെയോ ഒരു ഉരസല്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. ബിരുദം നേടി ഐ.എസ്. ആര്. ഒ യിലെ ജോലി ലഭിച്ചശേഷമാണ് പുറപ്പാടിന്റെ പുസ്തകം എന്ന നോവല്‍ എഴുതാനുള്ള സാഹചര്യം രൂപപ്പെട്ടുവന്നതും ഞാനതില്‍ വ്യാപൃതനായതും. നോവലെഴുത്ത് പുരോഗമിക്കുമ്പോള്‍തന്നെ ഇടയ്ക്കിടെ കഥകളെഴുതുകയും മുഖ്യ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെതുകൊണ്ടിരുന്നു. എഴുത്തിലെ മിക്ക തുടക്കക്കാരെയുംപോലെ അവയൊക്കെ പരുക്കുകളോടെ മടങ്ങിയെത്തുകയോ പാതിവഴിയില്‍ അപ്രത്യക്ഷമാകുകയോ ആയിരുന്നു പതിവ്. തിരിച്ചുവരുന്നത് മറ്റുള്ളവരറിയുന്നതിന്റെ നാണക്കേടൊഴിവാക്കാന്‍ പിന്നെപ്പിന്നെ മടക്കത്തിനുള്ള കവറോ സ്റ്റാമ്പോ വയ്ക്കാതെ അയച്ചുതുടങ്ങി. എന്നിട്ടും സ്റ്റാമ്പൊട്ടിച്ച് ചിലതൊക്കെ തിരിച്ചയക്കാന്‍ മാത്രം മഹാമനസ്കത കാട്ടി ചില പത്രാധിപന്മാര്.
അതിനിടെ ‘കഥ’ ദൈ്വവാരികയില്‍ ആദ്യകഥ അച്ചടിച്ചുവന്നു. പിന്നാലെ കുങ്കുമത്തില്‍ രണ്ട് കഥകള്‍ കൂടി. കഥയെ അനുമോദിച്ചുകൊണ്ടും വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും കുങ്കുമത്തില്‍ നിന്ന് കത്ത് വന്നത് തുടരെഴുത്തിന് പ്രചോദനമായതും ഓര്‍ക്കുന്നു. 1990-ലായിരുന്നു അത്. പിന്നെ കുറെക്കാലം നോവലിലായി പൂര്‍ണ ശ്രദ്ധ. പുറപ്പാടിന്റെ പുസ്തകം എന്ന ആദ്യനോവല്‍ ഡി സി നോവല്‍ അവാര്‍ഡ് നേടിയതോടെ പ്രമുഖ ആനുകാലികങ്ങളുടെ താളുകളില്‍ എന്റെ കഥകള്‍ക്ക് ഇടം ലഭിക്കാന്‍ തുടങ്ങി.
എം.ടി. ഒരിക്കല്‍ എഴുതിയിട്ടുണ്ടെന്നാണൊര്മ്മ, ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചേര്‍ന്നപ്പോള്‍ താന്‍ മുന്‍പെഴുതിയ പ്രസിദ്ധീകരിക്കപ്പെടാതെ പോയ കഥ അവിടെ നിന്ന് കണ്ടുകിട്ടിയിട്ടുണ്ടെന്ന്. എനിക്കുമുണ്ടായി കൗതുകകരമായ ഒരനുഭവം. മുന്‍പ് പ്രസിദ്ധീകരിക്കപ്പെടാതെ പോയകഥ, അതേ വാരികയില്‍ത്തന്നെ അച്ചടിച്ചുവരുന്നത് കാണാനുള്ള ഭാഗ്യമായിരുന്നു അത്. 2000-ല്‍ മാത്രം എട്ടു കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് ഇപ്പോള്‍ കഥകള്‍ സമാഹരിക്കുമ്പൊഴാണറിയുന്നത്. അന്ന് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലുണ്ടായിരുന്ന ടി. ബാലകൃഷ്ണന് സാര്‍ എനിക്ക് കത്തുകളെഴുതുകയും ഓണപ്പതിപ്പിലേക്ക് കഥകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നത് സ്നേഹപൂര്‍വം ഓര്‍ക്കുന്നു. ‘ഭാഷാപോഷിണി’ എഡിറ്റര്‍ കെ സി നാരായണന്‍സാറും, മനോരമയിലെ മണര്‍കാട് മാത്യുസാറും വാര്ഷികപ്പതിപ്പിലേക്ക് കഥകള്‍ ചോദിച്ചപ്പോള്‍ എനിക്കൊരു ധൈര്യമൊക്കെ വന്നു. നോവല്‍രചനയും കഥാരചനയും സമാന്തരമായി മുന്നേറിയ കാലമായിരുന്നു പിന്നീട് – ചോരശാസ്ത്രം, ലെയ്ക്ക, ദത്താപഹാരം, ഒറ്റക്കാലന്‍കാക്ക, നിരീശ്വരന്, ആന്റിക്ലോക്ക് എന്നിങ്ങനെ 7 നോവലുകള്‍ രചിക്കുന്നതിനിടെ അന്‍പതോളം ചെറുകഥകളും പ്രകാശിതമായി എന്നത് തിരിഞ്ഞുനോക്കുമ്പോള്‍ എന്നെത്തന്നെ അമ്പരപ്പിക്കുന്നുണ്ട്. എഴുത്തിനോട് പരമാവധി ആത്മാര്‍ത്ഥത കാട്ടുക, പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുക്കുക എന്നീ കര്‍മ്മങ്ങള്‍ക്കപ്പുറം അവ പരമാവധി വായനക്കാരിലേക്കോ നിരൂപക ശ്രദ്ധയിലോ എത്തിക്കുന്നതിലേക്ക് ഏതെങ്കിലും പ്രത്യേക പരിശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതുകൊണ്ടോഎന്തോ നോവലുകളുള്‍പ്പെടെ ഒരു കൃതിപോലും ചിലപ്പോള്‍ വര്‍ഷങ്ങളോളം മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥയേയും അഭിമുഖീകരിക്കേണ്ടിവന്നതോര്ക്കുന്നു. അപ്പോഴും അക്ഷരത്തില്‍ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു. എഴുത്തിന് കരുത്തുണ്ടെങ്കില്‍ അത് സ്വയം അതിജീവിച്ചുകൊള്ളുമെന്ന ദൃഢവിശ്വാസം. അല്ലാത്തപക്ഷം അതിന് നിലനില്ക്കാന് അര്‍ഹതയില്ലെന്ന് ആശ്വസിക്കുകതന്നെ.
ഫേസ് ബുക്കുള്‍പ്പെടെ നവമാധ്യമങ്ങള്‍ സജീവമായിത്തുടങ്ങിയതോടെ നിരൂപകന്റെ സ്ഥാനം വായനക്കാരന് സ്വയം ഏറ്റെടുക്കുന്നൊരു പ്രതിഭാസമുണ്ടായി. വായനക്കാരന്തന്നെ പുസ്തകങ്ങളെക്കുറിച്ച് കുറിപ്പുകളിടാന്തുടങ്ങിയത് മറഞ്ഞുകിടന്നവയ്ക്ക് വീണ്ടും പുതുജീവനായി. നേരില്‍ പരിചിതരല്ലാത്ത അജ്ഞാതവായനക്കാരും അവരില്‍ നിന്ന് കേട്ടറിഞ്ഞവരും ചേര്‍ന്ന് ഊതിത്തെളിച്ചപ്പോള് ചാരം മൂടിക്കിടന്ന പല കനലുകളും തെളിഞ്ഞുവന്നു. കൃതികളുടെ പുതിയ പുതിയ പതിപ്പുകള്‍ ഇറങ്ങാനും വായിക്കപ്പെടാനും തുടങ്ങി. മറഞ്ഞുകിടന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ എട്ടും ഒന്‍പതും പത്തും പതിപ്പുകളിലേക്ക്പുരോഗമിക്കുമ്പോള് നന്ദി പറയാനുള്ളത് ഈ അജ്ഞാതവായനക്കാരുടെ സത്യസന്ധമായ വായനാതൃഷ്ണയോടാണ്. ഒരുവേള വായനക്കാരിലേക്ക് വൈകി മാത്രം എത്താന്‍ ഇടയായ എഴുത്തുകാരില്‍ ഒരുവനാണ് ഞാന്‍. അടുത്തിടെ പ്രസിദ്ധീകരിച്ചതായ കഥകള്‍ മിക്കതും പുതുതലമുറ വായിച്ചിരിക്കാമെങ്കിലും അതിനു മുന്പുള്ളവ പലരിലും എത്തിയിട്ടില്ലെന്നറിയാം. 1990-ല്‍ കുങ്കുമത്തില്‍ വന്ന ‘ഞങ്ങള്‍ ഉല്ലാസയാത്രയിലാണ്’ തുടങ്ങി 2015-ല്‍ മാതൃഭൂമി ഓണപ്പതിപ്പില്‍ വന്ന ‘വാഷിംഗ്ടന്‍ ഡീ.സി’ വരെയുള്ള കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഥകള്‍ അവ പ്രസിദ്ധീകൃതമായ കാലത്തിനനുസരിച്ച് രേഖീയമായി അടുക്കുവാനാണ് തോന്നിയത്. അതിനുവേണ്ടി വീണ്ടും അവയിലൂടെ കടന്നുപോവുമ്പോള്‍ കഥയെഴുതാനുണ്ടായ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും മനസ്സ് പിന്നാക്കം പാഞ്ഞു. കഥയെ തന്നെ ധ്യാനിച്ചുകിടന്ന് സ്വപ്നത്തിലൂടെപോലും കഥയിറങ്ങിവന്ന അനുഭവങ്ങള്‍. ചുറ്റുപാടുകളിലൊക്കെ കഥ സംഭവിച്ചുകിടക്കുകയാണെന്ന് ബോദ്ധ്യപ്പെടുത്തിയ കഥയനുഭവങ്ങള്‍.
ഏഷ്യാനെറ്റ് ടി.വി. സംപ്രേക്ഷണം ചെയ്തിരുന്ന ടി.എന്‍.ഗോപകുമാറിന്റെ ‘കണ്ണാടി’ എന്ന പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോള്‍ നഗ്നരായ അനാഥശവങ്ങളെ സ്വന്തം തോളില്‍ ചുമന്നുകൊണ്ടുപോയി കുഴിച്ചിടുന്ന ഒരു യുവാവിന്റെ ജീവിതം കണ്ട പകപ്പില്‍ നിന്നായിരുന്നു ‘ശവങ്ങളില്‍ പതിനാറാമന്‍’ എന്ന കഥ പിറന്നത്. മനസ്സില്‍ ആഞ്ഞു തറഞ്ഞ ആ ചിത്രം എഴുത്തുമേശയിലേക്ക് എന്നെ അപ്പോള്‍ത്തന്നെ നിര്‍ബന്ധിച്ചുകൊണ്ടു പോവുകയായിരുന്നു. വി.എസ്.എസ്.സി യില്‍ ജോലിക്ക് ചേര്‍ന്ന ആദ്യകാലത്ത് ഔദ്യോഗികാവശ്യാര്‍ത്ഥം ബാംഗ്ലൂരില്‍ കുറച്ചുദിവസം അടുപ്പിച്ച് താമസിക്കേണ്ടിവന്നപ്പോള്‍ ഉള്ളില്‍ തറഞ്ഞ മറ്റൊരു ചിത്രത്തില്‍ നിന്നായിരുന്നു ‘ജംബോ’ പിറവി കൊണ്ടത്. മജെസ്റ്റിക്ക് സര്‍ക്കിളിലുള്ള മയൂരാ ഹോട്ടലില്‍ നിന്ന് നിത്യേന രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചുവരുമ്പോള്‍ കിഡ്സ് കെം എന്നൊരു പാവക്കട കാണാം. അതിനു മുന്നില്‍ എന്നും ഓരോരോ പാവവേഷം ധരിച്ച് ഒരു മനുഷ്യജീവി കടയിലേക്ക് സ്വാഗതം ചെയ്ത് നില്ക്കുമായിരുന്നു. ചിലപ്പോള്‍ ഡൊണാള്‍ഡ് ഡക്ക്, ചിലപ്പോള്‍ ജംബോ, ചിലപ്പോള്‍ മിക്കിമൗസ് അങ്ങനെയങ്ങനെ. പാവവേഷം ധരിച്ച് സ്വയമൊരു പാവയായി മാറുന്നത് മൂകനായൊരുകുട്ടി ആണെങ്കിലോ എന്ന് സങ്കല്പ്പിച്ചിടത്തുനിന്നായിരുന്നു കഥയുടെ തുടക്കം. എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ ജോലിക്കാരിയായൊരു കൊച്ചുപെണ്‍കുട്ടിയെ വീട്ടുകാര്‍ പൂട്ടിയിട്ടിട്ടുപോയതും അവള് പട്ടിണി കിടന്ന് അവശയായതുമായ പത്രവാര്‍ത്ത കണ്ടതോടെ കഥ മൂര്‍ത്തരൂപം പ്രാപിച്ചു.
‘വിപിനചന്ദ്രന്റെ വാരഫലങ്ങള്‍’ക്ക് പിന്നിലുമുണ്ട് കൗതുകമുള്ളൊരു അനുഭവം. എം.കൃഷ്ണന്‍നായരുടെ ഉഗ്രശേഷിയുള്ള സാഹിത്യവാരഫലത്തെ, എഴുതിത്തുടങ്ങുന്നവര്‍ മാരകമായി ഭയന്നിരുന്ന കാലമാണ് കഥയുടെ ഭൂമിക. അന്നോളം എന്റെ ഒരു കഥയെങ്കിലും സാഹിത്യവാരഫലത്തിലൂടെ വിചാരണ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കൃഷ്ണന്‍നായര്‍ കഥാപാത്രമായി വരുന്ന വിപിനചന്ദ്രന്റെ വാരഫലങ്ങള്‍ മാതൃഭൂമി ഓണപ്പതിപ്പില്‍ വന്നതോടെ ചില സുഹൃത്തുക്കള്‍ പറഞ്ഞു, നോക്കിക്കോ ജയിംസിന്റെ കഥ അടുത്ത സാഹിത്യവാരഫലത്തില്‍ ചോരയൊലിപ്പിച്ച് കിടക്കും എന്ന്. ശരിക്കും അതുതന്നെ സംഭവിച്ചു. മാതൃഭൂമിയില്‍ വന്ന എന്റെ അടുത്ത കഥയ്ക്ക് അതിനിശിതമായ വിമര്‍ശനം ഏറ്റുവാങ്ങാനായിരുന്നു വാരഫലം. എന്നാല്‍ രസകരമായ ഒരു പിന്നാമ്പുറമുണ്ടായിരുന്നു ആ കഥയ്ക്ക്. തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ‘തീരശബ്ദം’ മാസിക വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നല്കപ്പെട്ട കഥയായിരുന്നു അത്. അന്ന് കഥാമത്സരത്തിന്റെ വിധികര്ത്താവായിരുന്നതോ സാക്ഷാല്‍ എം. കൃഷ്ണന്‍നായരും. അദ്ദേഹം ഒന്നാം സ്ഥാനം നല്കിയ കഥയെ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം തന്നെ നിശിതമായി വിമര്‍ശിച്ച കാര്യമോര്ക്കുമ്പൊഴും സ്വര്‍ഗ്ഗീയനായ ആ മഹാത്മാവിനോട് എനിക്കിപ്പൊഴും ആദരം മാത്രം.
ഓര്‍ത്തെടുക്കാന്‍ നിന്നാല്‍ ഇങ്ങനെ ഒരുനൂറ് കാര്യങ്ങളുണ്ടാവും എന്നതിനാല്‍ ആ വഴിക്ക് അധികം സഞ്ചരിക്കുന്നില്ല. കഥകളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അപ്പപ്പോള്‍ നവമാധ്യമങ്ങളിലൂടെ എഴുത്തുകാരനെ തേടിയെത്തുന്ന കാലമാണിത്. എഴുത്തുകാരനും വായനക്കാരനുമിടയിലെ അദൃശ്യദൂരം പ്രായേണ അസ്തമിച്ചു. ‘പ്രണയോപനിഷത്തും’ ‘വോള്‍ഗയും’ ‘അനിയത്തിപ്രാവും’ ‘യക്ഷി’യുമൊക്കെ വായനയ്ക്കും എഴുത്തിനുമിടയില്‍ പാലങ്ങള്‍ പണിയുന്നതിന് അനുഭവസാക്ഷിയാണ് ഞാന്‍. ഇനിയുമത് തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. ഈ സമാഹാരത്തിലെ ഭൂരിപക്ഷം കഥകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. മലയാളം വാരിക, കലാകൗമുദി, ഭാഷാപോഷിണി, മനോരമ വാര്‍ഷികപ്പതിപ്പ്, മാധ്യമം ഇവയിലൂടെ പ്രകാശിതമായവയാണ് ബാക്കിയധികവും. കഥകള്‍ക്ക് മഷിയും വര്‍ണങ്ങളും പകര്‍ന്ന മാതൃഭൂമിയിലെ കമല്‍റാം സജീവ്, മലയാളം വാരികയിലെ സജി ജയിംസ്, എസ്. കലേഷ്, കലാകൗമുദിയുടെ സാരഥികളായ എന്‍.ആര്.എസ്. ബാബുസാര്‍, പ്രസാദ് ലക്ഷ്മണ്സാര് എന്നിവരെയും ഹൃദയപൂര്‍വം സ്മരിക്കുന്നു. പലയിടങ്ങളില്‍ ചിതറിക്കിടന്നവര്‍ ഒരേ കൂരയ്ക്ക് കീഴെ വസിക്കുന്നതിന്റെ ഇമ്പം കഥകളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഉണ്ടാവുന്നുണ്ട്. കഥകള്‍ സ്വയം ഒരവകാശവാദവും ഉന്നയിക്കുന്നില്ല. വായനയെ അനുഭവമാക്കിമാറ്റുന്നതാണ് കഥയുടെ വിജയമെങ്കില്‍ അതിന്റെ വിധാതാക്കള്‍ തീര്‍ച്ചയായും വായനക്കാര്‍ തന്നെയാണല്ലോ.
ചൂണ്ടുവിരലില്‍ ആദ്യാക്ഷരത്തിന്റെ പൂഴിമണ്ണ് തൊടുവിച്ച മാമച്ചേടത്തി എന്ന ആശാട്ടിയുടെ പാദം തൊട്ട് നിറുകയില്‍ വയ്ക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ മലയാളംപരീക്ഷയുടെ ഉത്തരക്കടലാസ് പെണ്‍കുട്ടികളുടെ ക്ലാസ്സില്‍ കൊണ്ടുപോയി ഓരോ കുട്ടിയുടെയും കൈയിലൂടെ സഞ്ചരിപ്പിച്ച ചമ്പക്കുളം സെന്റ്. മേരീസ് സ്കൂളിലെ അദ്ധ്യാപിക മേരിമത്തായി ടീച്ചറെയും ആദരവോടെ ഓര്‍ക്കുന്നു. അക്ഷരത്തിന്റെ പൊന്‍വെളിച്ചത്താല്‍ ഭാഷയെ ജാജ്ജ്വല്യമാനമായി നിലനിര്‍ത്തുന്ന പൂര്‍വസൂരികളുടെ സ്മരണയ്ക്കുമുന്നില്‍ കഥയുടെ ഈ ചെപ്പ് സാദരം വച്ച് വണങ്ങുന്നു.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വി.ജെ. ജയിംസിന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
Comments are closed.