എം ഗോവിന്ദന്റെ ‘പുതിയ മനുഷ്യന് പുതിയ ലോകം’; ജന്മശതാബ്ദി പതിപ്പ് പുറത്തിറങ്ങി
ആധുനികസാഹിത്യത്തെയും പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജ്ജവത്തോടെ നിരീക്ഷിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്ത ചിന്തകനായിരുന്നു എം. ഗോവിന്ദന്. കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ലക്ഷ്യങ്ങളെ എന്നും പ്രശ്നവല്‍ക്കരിച്ചിട്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായിരുന്നു ആ ചിന്തകള്‍. മാനവികതയുടെ ആശയങ്ങളും വിശ്വാസങ്ങളുമായിരുന്നു അതിന്റെ മുഖമുദ്ര. അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം. ഗോവിന്ദന്റെ മൗലികചിന്തകളുടെ ക്രോഡീകരണമാണ് പുതിയ മനുഷ്യന് പുതിയ ലോകം . മലയാളസാഹിത്യമണ്ഡലത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ പുസ്തകം എഡിറ്റുചെയ്തത് സി.ജെ.ജോര്‍ജാണ്. പുസ്തകത്തിന്റെ നവീകരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പുസ്തകത്തിന് സി ജെ ജോര്‍ജ് എഴുതിയ ആമുഖത്തില്‍ നിന്നും ഒരു ഭാഗം
മനുഷ്യന്റെ ഭാവനയും ചിന്തയും സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളാണ്. സരളവും ഹൃദ്യവുമായ ഈ സംഗതി എം. ഗോവിന്ദന് മലയാളികളോടു പറഞ്ഞു.
മനുഷ്യന് ഇന്നോളം സൃഷ്ടിച്ചതൊക്കെയും സ്വാതന്ത്ര്യത്തിന്റെ സ്മാരകങ്ങളായി നമ്മുടെ മുന്നിലുണ്ട്. സ്ഥാപനങ്ങളായിത്തീര്‍ന്ന അവയെ പുണര്‍ന്നുകഴിഞ്ഞുകൂടുന്നതിലല്ല, അവ സൃഷ്ടിച്ച മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ അഥവാ മാനുഷികതയുടെ മുദ്രയുള്ളത്. മനുഷ്യചരിത്രം കാണിച്ചുതരുന്ന പാഠം അതാണ്. സിദ്ധികളില്‍നിന്ന് സാദ്ധ്യതകളിലേക്കു മുന്നേണ്ടറുക. മതങ്ങളും കലയും ശാസ്ത്രവും ചിന്തയും സമ്പാദിച്ച മാനുഷികമൂല്യങ്ങള്‍ പുനരവലോകനം ചെയ്തും പുതുക്കിയും കൂടുതല്‍ മാനവികവും സദാചാരപരവും ധാര്‍മ്മികവുമായ ഒരു ലോകത്തെ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു; അതിന്റെ സൃഷ്ടികര്‍ത്താക്കളാകേണ്ടതും സൃഷ്ടിയായിപ്പരിണമിക്കേണ്ടതും തങ്ങള്‍തന്നെയാണെന്ന ബോധ്യത്തോടെ. മൂല്യങ്ങളുടെ സ്രഷ്ടാണ്ടവായ മനുഷ്യനാണ് പരമമായ മൂല്യം എന്ന ബോധ്യമാണിവിടെയുള്ളത്. സ്വാതന്ത്ര്യം പാപമാണെന്നു വിശ്വസിക്കുകയും ചിന്തയ്ക്കും ഭാവനയ്ക്കും കടിഞ്ഞാണിടണമെന്നു വാദിക്കുകയും ചെയ്യുന്ന മതാത്മകപ്രത്യയശാസ്ത്രങ്ങള്‍ക്കും മറ്റ് അധികാരരൂപങ്ങള്‍ക്കും അതിനുള്ള വഴി കാണിച്ചുതരാനാവില്ല. എന്നാല്‍, മനുഷ്യന്റെ ചിന്താശക്തിക്ക് അതിനുള്ള കഴിവുണ്ട് – അരനൂറ്റാണ്ടുകാലം ഗോവിന്ദന് മലയാളികളോടു സംസാരിച്ചതിന്റെ പൊരുളും ബലവും അതായിരുന്നു.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
പൂജാവിഗ്രഹങ്ങളും പൂജാരിമാരും ഭക്തന്മാരും ചേര്‍ന്ന ലോകം സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയൊരുക്കുമെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെ ഗോവിന്ദന് സംശയിക്കുകയും മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍കൊണ്ടു നേരിടുകയും ചെയ്തു. ഹ്മആരുടെ ചേരിയില്ത്സ എന്ന് ചോദിച്ചു വിരട്ടുന്നവരോട് അദ്ദേഹം മനുഷ്യന്റെ ചേരിയില്‍ എന്നു പ്രതിവചിച്ചു. അവിടെ നിന്നില്ല; അല്പം ചിന്തിച്ചാലെന്ത് എന്നു തിരികെ ചോദിക്കുകയും ചെയ്തു. സന്ദര്‍ഭവശാല്‍, കുഴക്കുകയും വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നതായി ഈ ചോദ്യം. നീ ഹ്മമനുഷ്യത്സ നെ കൊല്ലരുത് എന്ന് താക്കീതുചെയ്തുകൊണ്ടാണ് ഈ ചോദ്യംചെയ്യല്‍ പരിസമാപ്തിയിലെത്തിയിരുന്നത്. ഇതിനു വിപുലമായ വിവക്ഷകളാണുണ്ടായിരുന്നത്. മനുഷ്യനെക്കുറിച്ചുള്ള ദര്‍ശനം അതിനു പിന്‍ബലമായുണ്ടായിരുന്നു. ആധുനികതയില്‍ പ്രചരിപ്പിക്കപ്പെട്ട വിഭാഗീയവും അധികാരപരവും നിരാകരണപ്രവണവുമായ അരഗന്റ് ഹ്യൂമനിസമായിരുന്നില്ല അത്. എം.എന്‍ റോയി തെളിച്ചെടുത്ത സമഗ്രമനുഷ്യന്റെ ദര്‍ശനവുമായാണ് അതിന് ചാര്‍ച്ച. സ്ഥലകാലങ്ങളില്‍ ആണ്ടുപടര്‍ന്ന വേരും പുതിയ ആകാശത്തില്‍ പടര്‍ന്ന ശാഖകളുമുള്ള ഒരു സങ്കല്പമായിരുന്നു ഗോവിന്ദന് മനുഷ്യന്. അതില്‍ സര്‍വ്വത്ര വ്യാപിച്ച ഒരു തത്ത്വമായി സ്വാതന്ത്ര്യത്തെ അദ്ദേഹം സങ്കല്പിച്ചു.
മനുഷ്യന്റെ സൃഷ്ട്യുന്മുഖസ്വഭാവവുമായി ഇണക്കിയാണ് സ്വാതന്ത്ര്യത്തെ ഗോവിന്ദന് മനിലാക്കിയത്. നിര്‍മ്മാണശക്തിയുടെ വിത്തും അതിനു വിടരാനുള്ള പരിസരവും ആ സങ്കല്പനത്തില് സമ്മേളിക്കുന്നു. തീര്‍ച്ചയായും വ്യക്തിയിലുള്ള ഒരു ഊന്നല്‍ ഗോവിന്ദന്റെ സ്വാതന്ത്ര്യചിന്തകളിലുണ്ട്. മനുഷ്യന്റെ സാമൂഹികസ്വഭാവത്തെ നിരാകരിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. വ്യക്തിക്കു പുറത്ത് ഒരെതിര്‍ധ്രുവമായി നിലകൊള്ളുന്ന സംഗതിയായി സമഷ്ടിയെ പരിഗണിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല എന്നുമാത്രം. വ്യക്തിയില്‍ പ്രകാശിക്കേണ്ടതും വ്യക്തിയുടെ അനുഭവമായിത്തീരേണ്ടതുമാണ് സ്വാതന്ത്ര്യമെന്ന ഭാവം. കലയും രാഷ്ട്രീയവുമൊക്കെ സുന്ദരമായിത്തീരുന്നത് ഈ മൂല്യത്തെ സാക്ഷാത്കരിക്കുമ്പോഴാണ്. അപ്പോള്‍ അതിനു സര്‍ഗ്ഗാത്മകം എന്നു വിശേഷണമാവാം. നവീനത എന്നും അതിനെ കുറിക്കാം. അധികാരം എന്ന മനോരോഗമാകുന്നു അതിന്റെ എതിരി. പരിണാമത്തിന്റെ പാതയില്‍ മൃഗതലത്തില്‍ വിരമിക്കാതെ മനുഷ്യനിലേക്കു കടന്നുവന്ന ആധിപത്യപ്രവണതയാണത് എന്നു ഗോവിന്ദന് പറയും. ദൈവത്തോടൊപ്പം ണ്ടഅതുണ്ട്; പഴേതും പുതീതുമായ സകല തിരുമേനിമാരോടും പുരോഹിതന്മാരോടും ഒപ്പവും. അധികാരത്തിന്റെ രൂപകമായിരുന്നു ഗോവിന്ദനു ദൈവം. ദൈവത്തെ മനുഷ്യനിലേക്ക് പകര്‍ത്തുമ്പോള്‍ ഈ വ്യാധിയുടെ സംക്രമണമാണ് സംഭവിക്കുന്നത്. മനുഷ്യന് മനുഷ്യനായിരിക്കേണ്ടതിന്, പറുദീസയില്‍നിന്നു പിടിച്ചുവാങ്ങിയ സര്‍ഗ്ഗാത്മകതയെ കെടാതെ കാക്കുണ്ടന്നതിന,് അധികാരമെന്ന തിന്മയില്നിന്ന് ഓടിയകലേണ്ടതുണ്ടെന്ന് അദ്ദേഹം കരുതി.
മനുഷ്യന് എന്ന മൂല്യത്തെ വിശാലതയോടെ മനിലാക്കേണ്ടതുണ്ട്. നാളെയെക്കുറിച്ചു ഭാവനചെയ്യാനും ജിജ്ഞാസയോടെ അന്വേഷിക്കുവാനുമൊക്കെയുള്ള പ്രചോദനത്തിന്് അതാവശ്യമാണ്. മാനുഷികമൂല്യങ്ങളെ മുന്‍നിറുത്തിയുള്ള വിവേകപൂര്‍ണ്ണമായ വിചാരരീതിയുടെ അനിവാര്യത അങ്ങനെ വന്നുചേരുന്നു. ഗോവിന്ദന്റെ രീതിശ്ശാസ്ത്രം അതായിരുന്നു. ഇതല്ലാതെ വേറെയും വഴികളുണ്ട്; ചെത്തി വെടിപ്പാക്കിയ വഴികള്‍. മനുഷ്യനെ പ്രഭുവായോ അടിമയായോ കല്പിച്ച് വന്ധ്യമായ ഉത്തരങ്ങളിലേക്കു നയിക്കുന്നവ. ഈ വഴിത്താരകളിലൂടെയാണ് അരഗന്റ് ഹ്യൂമനിസവും ആന്റിഹ്യൂമനിസവും ചരിച്ചത്; ചരിച്ചുകൊണ്ടിരിക്കുന്നത്. ആണയിട്ടുറപ്പിച്ച ഉത്തരങ്ങളുമായി ജീവിക്കുന്ന തരക്കാരെപ്പറ്റി ഗോവിന്ദന് എഴുതിയത് ഈ മാര്‍ഗ്ഗഭേദങ്ങളെപ്പറ്റിയുള്ള അറിവോടെയാണ്. മൂല്യങ്ങളുടെ സ്രഷ്ടാവും പ്രയോക്താവും മാത്രമല്ല മാനദണ്ഡവും മനുഷ്യനാകുന്നു എന്നദ്ദേഹം മനിരുത്തി.
മനുഷ്യനെ അടിമയായി സങ്കല്പിക്കുന്ന പഴയ മതചിന്തയുടെ തിരിച്ചുവരവാണ് അധികാരോന്മുഖവും സമഗ്രാധിപത്യപരവുമായ ആധുനികപ്രത്യയശാസ്ത്രങ്ങളില്‍ ഗോവിന്ദന് കണ്ടത്. ആ അര്‍ത്ഥത്തില്‍ പുതിയ മതങ്ങളാണവ. അവയില്‍നിന്ന് വിമുക്തമായി ചിന്തയുടെ തലത്തില്‍ മാനവതാവാദപരമായ ഒരു പാതയില്‍ മുന്നോട്ടുപോവുന്നതിലൂടെ ആധുനികത സര്‍ഗ്ഗാത്മകമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. അതിന്റെ പ്രാഥമികമായ പടി വിചാരപരമായ നവീകരണമാണ്. മനുഷ്യനെന്ന മൂല്യത്തെ പരമപ്രധാനമായി സങ്കല്പിക്കുന്ന ഒരു വിചാരരീതിയുടെ വേരൂന്നല്‍. ദാര്‍ശനികമായ വിപ്ലവം. ഇതു സാധ്യമാക്കേണ്ടത് സ്വതന്ത്രരായ കലാകാരന്മാരും ശാസ്ത്രജ്ഞരും ചിന്തകരുമാണ്. ബുദ്ധിജീവികളാണ്. മനുഷ്യന് ഒരു സാംസ്കാരികജീവിയാകയാല്‍ സംസ്കാരത്തിന്റെ മണ്ഡലത്തിലാണ് മാറ്റങ്ങള്‍ പ്രാഥമികമായി സംഭവിക്കേണ്ടത്. കൂടുതല്‍ മാനവികമായ മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന സൃഷ്ടിപരമായ മാറ്റങ്ങള്‍. പുതിയ ലോകത്തിന്റെ സാക്ഷാത്കാരം. ഉന്നതമായ മൂല്യബോധത്തിന്റെ അഭാവത്തില്‍ സംഭവിക്കുന്ന അധികാരപരമായ അഴിച്ചുപണിയലുകള്‍ വിപ്ലവമെന്നൊക്കെ വിളിക്കപ്പെട്ടേക്കാമെങ്കിലും അതിന്റെ ഗതി ശോഭനമായിരിക്കാനിടയില്ല. ചരിത്രം നല്കുന്ന പാഠം മറ്റൊന്നല്ല.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
Comments are closed.