ബഹിരാകാശത്ത് റെക്കോര്‍ഡുകള്‍ കുറിച്ച സുനിത വില്യംസിന് ജന്മദിനാശംസകള്
കല്പന ചൗളയ്ക്ക് ശേഷം ബഹിരാകാശയാത്രയ്ക്ക് നാസ തെരഞ്ഞെടുത്ത രണ്ടാമത്തെ വനിതയായിരുന്നു ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. അമേരിക്കന്‍ പൗരത്വമുള്ള സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഇന്ത്യാക്കാരനാണ്. 1965 സെപ്റ്റംബര്‍ 19ന് അമേരിക്കയിലെ ഓഹിയോയിലായിരുന്നു സുനിതയുടെ ജനനം.
1998-ലാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്കവറി എന്ന ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യ ബഹിരാകാശയാത്രയ്ക്ക് തുടക്കമിട്ടു.2007 ജനുവരി 31ന് അവര്‍ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളില്‍ രണ്ടു നടത്തങ്ങള്‍ കൂടിയുണ്ടായി. ഒമ്പതു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു പ്രാവശ്യമായി ഇവര്‍ ആറ് മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവര്‍ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തു നടന്ന് പുതിയ റെക്കോര്‍ഡിനുടമയായി. 2007 ഡിസംബര്‍ 18ന് പെഗ്ഗി വിറ്റ്സണ്‍ 32 മണിക്കൂറും 32 മിനിറ്റും പൂര്‍ത്തിയാക്കുന്നതു വരെ ഈ റെക്കോര്‍ഡ് ഇതു നിലനിന്നു.
2007 ഏപ്രില്‍ 16-ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലില്‍ ഓടിക്കൊണ്ട് അവര്‍ 2007 ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുത്തു. നാലു മണിക്കൂറും 24 മിനിറ്റുമാണ് അവര്‍ അവിടെ ഓടിത്തീര്‍ത്തത്. അങ്ങനെ അദ്യമായി ബഹിരാകാശത്തുകൂടി ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോണ് മത്സരത്തില്‍ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.
Comments are closed.