DCBOOKS
Malayalam News Literature Website

പണത്തോടുള്ള ആര്‍ത്തിക്കാരി എന്നു മറ്റുള്ളവര്‍ വിലയിരുത്തുമ്പോള്‍, സ്വന്തം വീടിന്റെ സ്ഥിതി മെച്ചപ്പെടുത്താനായുള്ള നെട്ടോട്ടത്തിലായിരുന്നു അവര്‍!

NISABDASANCHARANGAL By : BENYAMIN
NISABDASANCHARANGAL
By : BENYAMIN

പുതിയ തലമുറയിലെ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിന് ശേഷം എഴുതിയ നോവലാണ് നിശബ്ദ സഞ്ചാരങ്ങൾ… ഒച്ചയും ബഹളവും ആരവങ്ങളും ഇല്ലാതെ പുരുഷനും മുൻപേ ആഗോള സഞ്ചാരം ആരംഭിച്ചവരാണ് മലയാളി നഴ്സുമാർ… ലോകത്തിൻറെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിധ്യമുണ്ട്… അവരാണ് കേരളത്തിലെ വലിയ ഒരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്… ഇന്നത്തെ പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച ഒരു നഴ്സിന്റെയും അവരുടെ പിൻതലമുറയുടെയും ലോക ജീവിതമാണ് നോവലിലൂടെ ആവിഷ്കരിക്കുന്നത്… മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ഈ നോവലിൽ അടയാളപ്പെടുത്തുന്നു…

വളരെ മനോഹരമായി എഴുതിയിരിക്കുന്ന നോവൽ ഒറ്റയിരുപ്പിന് ശ്വാസമടക്കി വായിച്ചു തീർത്തത്… wonderful narration…

മനു എന്ന ചെറുപ്പക്കാരനിൽ നിന്നാണ് കഥ പറഞ്ഞു തുടങ്ങുന്നത്… അയാൾക്കും നാലു തലമുറകൾക്ക് മുൻപ് ഉള്ള മറിയാമ്മ യോഹന്നാൻ എന്ന മന്തളിരിൽ നിന്നും ആദ്യമായി പുറംലോകത്തേക്ക് യാത്രയായ മലയാളി നേഴ്സ്നെ തേടിയുള്ള യാത്രകളാണ് നിശബ്ദ സഞ്ചാരങ്ങൾ എന്ന നോവലിന്റെ ഇതിവൃത്തം… നാലു തലമുറയിലും നഴ്സുമാർ ഉണ്ടായിരുന്നിട്ടും അവരുടെ നിശബ്ദമായ യാത്രകളോ… അനുഭവിച്ച ജീവിതമോ ഇന്നേ നാളിതുവരെ മനു കണ്ടതേ ഇല്ലായിരുന്നു… പഴയ വീടിൻറെ അലമാരയിൽ നിന്നും കിട്ടുന്ന കിട്ടുന്ന ഒരു കത്താണ് അയാളുടെ ചിന്തകളെ വഴിതിരിച്ചുവിടുന്നത്……

ഓരോ തലമുറയിലെയും എത്രയധികം സംഭവങ്ങളും അനുഭവങ്ങളും ആണ് ഇങ്ങനെ ചിലരുടെ അഹന്ത കാരണം, അലസത കാരണം മങ്ങി പോകുന്നത്…. നാം അറിയാത്ത എന്തെല്ലാം ചരിത്രങ്ങൾ, എന്തെല്ലാം കഥകൾ, എന്തെല്ലാം ജീവിതങ്ങൾ, എന്തെല്ലാം അനുഭവങ്ങൾ, നിറമില്ലാത്ത അപ്പൂപ്പൻതാടികൾ പോലെ അവയെല്ലാം നമുക്കുചുറ്റും അദൃശ്യമായി ചുറ്റി പറക്കുന്നു…. അവയിൽ ചിലതെങ്കിലും കണ്ടെത്തിയാൽ നമ്മുടെ ജീവിതം എത്ര മാറി പോകുമായിരുന്നു എന്ന് എഴുത്തുകാരൻ ചേർത്തിരിക്കുന്നു…

അറിയും തോറും പുതിയ പുതിയ കാര്യങ്ങൾ അറിയാനുള്ള ത്വര….ചരിത്രത്തിനു അങ്ങനെയൊരു സവിശേഷത ഉണ്ടെന്നു തോന്നുന്നതായും എഴുത്തുകാരൻ പറഞ്ഞിരിക്കുന്നു… പ്രത്യേകിച്ച് നമുക്കറിയാവുന്ന മനുഷ്യരെ കുറിച്ച്… അവരുടെ ജീവിതങ്ങൾ, അതിൻറെ സഞ്ചാരപദങ്ങൾ, ഗതിവിഗതികൾ, ഭംഗികൾ, യാദൃശ്ചികതകൾ, ഭാഗ്യനിർഭാഗ്യങ്ങൾ, ഇവയെല്ലാം അന്വേഷിച്ചുള്ള യാത്രകൾ ആയിരുന്നു നോവലിലുടനീളം….

രണ്ടാം ലോകമഹായുദ്ധകാലത്ത് പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ അവിടെ എത്തിച്ചേർന്ന മറിയാമ്മ യോഹന്നാൻന്റെ ജീവിതം പലരുടെയും കത്തുകളിലൂടെയും ഡയറിക്കുറിപ്പുകളുടെയും വരച്ചിട്ടിരിക്കുന്നു… ഒട്ടും ശബ്ദമില്ലാതെ… കത്തുകളിലൂടെ മാത്രം തന്റെ എല്ലാ വികാരങ്ങളെയും വരച്ചിട്ടിരിക്കുന്ന നിശബ്ദ സഞ്ചാരിണി… രണ്ടാം ലോകമഹാ യുദ്ധത്തെകുറിച്ചും യുദ്ധക്കെടുത്തികളെക്കുറിച്ചുമെല്ലാം വളരെ നന്നായി നോവലിൽ പറഞ്ഞിരിക്കുന്നു…. അതേ യുദ്ധത്തി നോടനുബന്ധിച്ച് മരിച്ചുപോയ ഒരാളുടെ രക്തത്തിൻറെ വിലകൊടുത്ത് പണിത ഒരു വീടും അന്നാട്ടിൽ ഉണ്ടായിരുന്നു… തൻറെ പ്രിയപ്പെട്ടവന്റെ ഓർമ്മയ്ക്കായി ആയി മറിയാമ്മ യോഹന്നാൻ തൻറെ ഹൃദയത്തിൻറെ വേരുകൾ കുഴിച്ചിട്ട വീട്…അവർ നട്ടുവച്ച ആ ബോഗാൻവില്ല ആകട്ടെ അവരുടെ നിശബ്ദ പ്രണയത്തെക്കുറിച്ച് ആകാശമേഘങ്ങളോട് വിളിച്ചുപറയുന്നു…. 70 വർഷം മുന്പുള്ള ആ ഇഷ്ടം ലോകം മുഴുവൻ അറിയട്ടെ എന്ന മട്ടിൽ മുറ്റം വിട്ട് റോഡിലേക്കും വളർന്നിരിക്കുന്നു….ഇഷ്ടങ്ങളുടെയും പ്രണയങ്ങളുടെയും അങ്ങനെ ഒരു വിശുദ്ധ കാലം….

അന്നത്തെ കാലത്ത് അവരുടെ കത്തുകളിൽ പറഞ്ഞിരിക്കുന്നതുപോലെ അവരവർക്കു അനുവദിച്ചു കിട്ടിയിരിക്കുന്നത അലമാരയുടെ കതകിൽ വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ ഒട്ടിച്ചു വച്ചിരുന്നു… ഇന്ന് സ്വന്തം ഫോണിലെ വാൾപേപ്പറുകൾ നോക്കി കൊച്ചരിപ്പല്ലുകൾ കാണിച്ചു ചിരിക്കുന്ന സ്വന്തം കുഞ്ഞിൻറെ ഫോട്ടോ ഡ്യൂട്ടിയുടെ തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ നോക്കി സായൂജ്യമടയുന്ന അമ്മമാർ… അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ നാട്ടിൽനിന്ന് വരുന്ന വീഡിയോയിലൂടെ മാത്രം കണ്ടു കണ്ണുനിറക്കാൻ വിധിക്കപ്പെട്ടവർ… ജനിച്ച് ഒരു മാസത്തിനകം കുഞ്ഞിനെ നാട്ടിൽ ഏൽപ്പിച്ചു തിരിച്ചു പ്രവാസലോകത്തേക്ക് വരുന്നവളുടെ മാനസികാവസ്ഥ… പണത്തോടുള്ള ആർത്തിക്കാരി എന്നു മറ്റുള്ളവർ വിലയിരുത്തുമ്പോൾ, സ്വന്തം വീടിന്റെ സ്ഥിതി മെച്ചപ്പെടുത്താനായുള്ള നെട്ടോട്ടത്തിലായിരുന്നു അവളെന്ന്‌ എത്ര പേർക്ക് മനസ്സിലാക്കാനാവും… കുത്തി നോവിക്കാൻ എല്ലാവർക്കും എളുപ്പമാണ് …അതിനു മുൻപായി അവരുടെ വികാരത്തെകുറിച്ച്, മാനസികാവസ്ഥയെക്കുറിച്ച് ഒരു മിനിറ്റ് ചിന്തിക്കുന്നത് നന്നായിരിക്കും…ശ്രീ ബെന്യാമിന്റെ തന്നെ ആടുജീവിതത്തിൽ പറഞ്ഞിരിക്കുന്ന പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ്… സ്വന്തം കുഞ്ഞിന് കൊടുക്കേണ്ടിയിരുന്ന മുലപ്പാൽ പുറത്തേക്ക് ഒഴുകി കളയേണ്ടിവരുന്ന അവളുടെ ദൈന്യത അത് അവളോട് ചേർന്ന് നിൽക്കുന്നവർക്ക് അല്ലാതെ മാറ്റാർക്കു മനസ്സിലാവാൻ..

പണ്ടുകാലത്തെ മലയാളികളുടെ കോൺസെപ്റ്സ് എല്ലാം മാറി… ഇപ്പോൾ ഒരു നേഴ്സ് ആണെന്ന പറയുന്നത് ആർക്കും ഒരു അഭിമാനക്ഷതം ഉള്ള കാര്യമല്ല… നാട്‌ മാറി, നാടിനെ മാറ്റാൻ ഞങ്ങൾ നേഴ്സുമാരുടെ കഠിനാധ്വാനത്തിനു കഴിഞ്ഞു… ഞങ്ങൾ അഹങ്കാരികൾ ആണ്, തന്നിഷ്ടക്കാരികൾ ആണ്… പക്ഷേ ആ അഹങ്കാരവും തന്നിഷ്ടവും എത്ര വീട്ടിലെ പട്ടിണി മാറ്റിയെന്നും എത്ര വീടുകളിലെ അഭിമാനം ഉയർത്തിയെന്നും ആരും അന്വേഷിക്കുന്നില്ല… പറയുന്നുമില്ല… സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു ഞങ്ങളെ അഹങ്കാരികളും തന്നിഷ്ടക്കാരികളും ആക്കിമാറ്റിയത്…

Textനാട്ടിൽ നൽകുന്ന ഒരു സ്ത്രീക്കും വിദേശത്ത് ജോലി ചെയ്യുന്ന ഒരു നഴ്സിനും തമ്മിൽ പല കാര്യങ്ങളിലും പല അന്തരങ്ങളും ഉണ്ടായിരുന്നു… ഒരു കുഞ്ഞിനെ പ്രസവിച്ചു പോറ്റുന്നതിൽ പ്രത്യേകിച്ചും.. നാട്ടിൽ അമ്മയുടെയും മറ്റു ബന്ധുക്കളുടെയും പരിചരണത്തിൽ കഴിഞ്ഞു വരുന്ന ഒരു ഗർഭിണിയായ സ്ത്രീക്ക് അത് എത്രത്തോളം മനസ്സിലാക്കാൻ കഴിയുമെന്ന് അറിയില്ല ഇല്ല പ്രസവം കഴിഞ്ഞാൽ 56 ദിവസത്തേക്ക്പിന്നെ പലവിധ പ്രസവ രക്ഷകൾ…

നോവലിലെ ഒരു കഥാസന്ദർഭം കണ്ടപ്പോൾ എൻറെ സ്വന്തം അനുഭവം എനിക്ക് എൻറെ മനസ്സിലേക്ക് ഓടി വന്നു…ഡെലിവറി ഡേറ്റ് നോട് അനുബന്ധിച്ചു പ്രത്യേക ചില കുടുംബ സാഹചര്യങ്ങൾ കൊണ്ട് നാട്ടിൽ നിന്ന് പെട്ടെന്ന് ആർക്കും പെട്ടെന്ന് വരാൻ പറ്റാത്ത അവസ്ഥ ഡെലിവറി ഡേറ്റ് തലേ ദിവസം പോലും ഡ്യൂട്ടിക്ക് പോയിരുന്നു… ആദ്യത്തെ ഡെലിവറി ആണ് അതിന്റെ ടെൻഷൻ വേറെ.. ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ മുതൽ ചെറിയ വേദന
… പിറ്റേന്ന് രാവിലെ എല്ലാം പാക്ക് ചെയ്തു ഹോസ്പിറ്റലിൽ പോയി… ആ വേദന എനിക്കിപ്പോഴും മറക്കാനാവുന്നില്ല…നട്ടെല്ല് പൊട്ടിയകലുന്ന പോലെ… ഓരോ വേദനയും നടുവിൽ കൂടം കൊണ്ടിടിക്കുന്ന പോലെ… അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ നിമിഷങ്ങൾ… കഠിനമായ വേദനയിലും നാണക്കേടോർത്തു ശബ്ദമില്ലാതെ കരഞ്ഞു… എന്തുചെയ്യണമെന്നറിയാതെ ദൂരെ മാറി നിൽക്കുന്ന ഭർത്താവിനെ ദയനീയമായി നോക്കി തീർത്ത മണിക്കൂറുകൾ…

കുഞ്ഞിന് ഭാരം കൂടുതലാണ്.. പോരാതെ uterine fibroid ന്റെ കംപ്ലിക്കേഷനും.. സിസേറിയനു തീരുമാനിച്ചു … സ്പൈനൽ അനസ്തേഷ്യയുടെ സുഖം അതുവരെയുണ്ടായിരുന്ന വേദന ഉരു ക്കിക്കളഞ്ഞു… കാലിൽ നിന്നും അരിച്ചുകയറുന്ന സുഖമുള്ള ചൂട്… കണ്ണുകൾ അടഞ്ഞുപോകുന്നു… മഞ്ഞവെളിച്ചത്തിൽ നീല തുണികളും അടുക്കിവെച്ചിരിക്കുന്ന ഇൻസ്ട്രുമെൻസിന്റെ തിളക്കവും മാത്രം… നിഴലുകൾ അങ്ങുമിങ്ങും ചലിച്ചുകൊണ്ടിരുന്നു…

വയറിനു മുകളിൽ ഏതൊക്കെയോ കൈകൾ ഓടുന്നു.. ബേബി ഗേൾ, ടൈം ഓഫ് ഡെലിവറി 18:25 ആരോ വിളിച്ചു പറയുന്നത് കേട്ടു… കണ്ണുകൾ പിന്നെയും അടയുന്നു… കുറച്ചകലെ നിന്നും ഒരു കുഞ്ഞി നിർത്താതെയുള്ള കരച്ചിൽ കണ്ണുതുറന്നപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞു ചുരുണ്ട മുടിയും ഉണ്ട കണ്ണുകളുമുള്ള വെളുത്തുരുണ്ട ഒരു കുഞ്ഞു മുഖം… കുഞ്ഞിനെ നെഞ്ചിൽ നിന്നടർത്തി കൊണ്ടു പോയപ്പോൾ എന്തോ പോലെ തോന്നി… കുറച്ചുനാളായി ശരീരത്തിൻറെ ഭാഗമായിരുന്നു എന്തോ ഒന്ന് മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ….

രാത്രി മുഴുവൻ അവൾ നിർത്താതെ കരഞ്ഞു… ശരീരം രണ്ടായി മുറിച്ച് ഇട്ടിരിക്കുന്ന അവസ്ഥ.. അനാസ്തെഷ്യയുടെ എഫക്ട് മുഴുവനായി തീർന്നു… ബെഡിൽ ചേർത്തുവച്ചു വരിഞ്ഞുകെട്ടിയ പോലെ….പാതിരാത്രി എപ്പോഴോ കിട്ടിയ പെതിഡിന്റെ മയക്കത്തിൽ കുഞ്ഞിന്റെ കരച്ചിൽ നേർത്തു നേർത്തു വന്നു… ഞാനിപ്പോൾ ഒരു താഴ്വരയിലാണ്… ചുറ്റും പൂക്കൾ.. പാദങ്ങൾ നിലത്തു തൊടാതെ പറന്നു പറന്നു അങ്ങനെ പോകുന്നു… ആകാശത്തിന് ചുവപ്പുനിറം …. ദൂരെയെവിടുന്നോ സുഖമുള്ള പാട്ട്… കുഞ്ഞിനെ ഫീഡ് ചെയ്യണം … pethidine തന്നതുകൊണ്ട് സുഖമായി ഒന്ന് ഉറങ്ങി അല്ലേ … രാത്രി ഡ്യൂട്ടി ഉള്ള മലയാളി നഴ്സ് ഏതൊക്കെ മരുന്നുകൾ I V പോളിൽ തൂക്കിയിടുന്നു … രണ്ടുദിവസം കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴും കുഞ്ഞിനെ നോക്കാൻ മറ്റാരുമില്ല….ആ ദിവസങ്ങൾ എങ്ങനെ മാനേജ് ചെയ്തു എന്നുള്ളത് ഇപ്പോഴും അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ… 45 ദിവസം കഴിഞ്ഞു ജോലിക്ക് തിരിച്ചുകയറി …

ഇതു എന്റെ മാത്രം അനുഭവമല്ല… പ്രവാസ ലോകത്തുള്ള ഏറെക്കുറെ എല്ലാ മലയാളി നഴ്സുമാരുടെ ജീവിതം ഇതുപോലെ തന്നെ ആയിരിക്കും… രാവിലെ എഴുന്നേറ്റു വേണ്ടതെല്ലാം ഉണ്ടാക്കി കുഞ്ഞുങ്ങളെ ബേബി സിറ്റിംഗ് ഏൽപ്പിച്ചു ജോലിക്കായി ഓടുന്ന അമ്മമാർ…ഡ്യൂട്ടിക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ breast pumb ഉം ബോട്ടിലുകളും ആയി ഏതെങ്കിലും ഒഴിഞ്ഞ മൂലകൾ കണ്ടെത്താൻ ശ്രമിക്കുന്നവർ…

എൻറെ ജോലിയിൽ വളരെയധികം സന്തോഷം കണ്ടെത്താൻ എനിക്കു കഴിയുന്നു …ഭാഗ്യം കൊണ്ട് ഞാൻ ഒരു ലേബർ റൂം നഴ്സാണ്… ഒരു ഹോസ്പിറ്റലിലെ ഏറ്റവും സന്തോഷമുള്ള ഇടം… ഒരു കുഞ്ഞിൻറെ ജനനത്തിനായി അവർക്കു വേണ്ട സപ്പോർട്ട് കൊടുത്ത് അവർക്കു കൂട്ടായിരിക്കുന്നവൾ… നമുക്കാവും വിധം അവരുടെ വേദനയെ ലഘുകരിക്കാൻ ശ്രേമിക്കാറുണ്ട് ഞങ്ങൾ ഓരോരുത്തരും.. എത്രയെത്ര കുഞ്ഞുങ്ങളെയാണ് ഓരോ ദിവസവും കൈകളിൽ കിട്ടുന്നത്… ആ സമയത്തെ അവരുടെ ആ സന്തോഷത്തിനു പകരം വയ്ക്കാൻ ഭൂമിയിൽ മറ്റൊന്നിനും കഴിയില്ല… മനസ്സറിഞ്ഞു തരുന്ന അവരുടെ ഓരോരുത്തരുടെയും അനുഗ്രഹങ്ങൾ ആണ് ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തെ ഇത്രയും മനോഹരമാക്കുന്നതെന്നു കരുതുന്നു….

നോവലിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന പോലെ…

They may forget your name… but they will never forget how you made them feel…❤️

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍ ‘ എന്ന നോവലിന്  അമ്പിളി നായര്‍ എഴുതിയ വായനാനുഭവം

Comments are closed.