DCBOOKS
Malayalam News Literature Website

പത്മശ്രീ ഡോ. പി. ആർ കൃഷ്ണകുമാര്‍ അന്തരിച്ചു

പാലക്കാട്:  അവിനാശിലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായിരുന്ന  പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാര്‍ അന്തരിച്ചു.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്.  കൂടാതെ ആഗസ്റ്റ് 29ന്  അദ്ദേഹത്തിന്  കോവിഡ്‌  സ്ഥിരീകരിച്ചിരുന്നു.

ആര്യ വൈദ്യ ഫാര്‍മസി സ്ഥാപകനായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജം വാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23-ന് കോയമ്പത്തൂരിലായിരുന്നു  ജനനം. കസ്തൂരി വാരസ്യാര്‍, ഗീത വാരസ്യാര്‍, രാജന്‍ വാര്യര്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍, പരേതയായ തങ്കം വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ ആയുര്‍വേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യന്‍ രാമവാര്യര്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ആയുര്‍വേദയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍, കെയര്‍ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാര്‍ വഹിച്ചിരുന്നു.

ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. 2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2016ല്‍ ധന്വന്തരി പുരസ്‌കാരവും ലഭിച്ചു. 

Comments are closed.