DCBOOKS
Malayalam News Literature Website

ഡോ. എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മവാര്‍ഷികദിനം

M. S. Subbulakshmi
M. S. Subbulakshmi

കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയ അത്ഭുതപ്രതിഭയായിരുന്നു എം.എസ് സുബ്ബലക്ഷ്മി. പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങള്‍ കൊയ്‌തെടുത്ത ഇതിഹാസമായിരുന്നു എം.എസ് സുബ്ബലക്ഷ്മി.’ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്. ‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അവരെ സംബോധന ചെയ്തത്.

തമിഴ്‌നാട്ടിലെ മധുരയില്‍ പരമ്പരാഗത സംഗീതകുടുംബത്തില്‍ 1916 സെപ്റ്റംബര്‍ 16-നായിരുന്നു സുബ്ബലക്ഷ്മിയുടെ ജനനം. മധുരൈ ഷണ്‍മുഖവടിവ്, ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴിലായിരുന്നു ശിക്ഷണം. പതിനേഴാം വയസ്സില്‍ മദ്രാസ് സംഗീത അക്കാദമിയിലെ കച്ചേരിയോടെയാണ് സുബ്ബലക്ഷ്മി പൊതുരംഗത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.

ഒട്ടേറെ ദേശീയ-അന്താരാഷ്ട്ര വേദികള്‍ പാടാനുള്ള അവസരം സുബ്ബലക്ഷ്മിക്ക് ലഭിച്ചിരുന്നു. 1966-ലെ ഐക്യരാഷ്ട്ര സഭാ ദിനത്തില്‍ പൊതുസഭയ്ക്ക് മുന്നില്‍ പാടാനും അവര്‍ക്ക് സാധിച്ചു. രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായി സുബ്ബലക്ഷ്മി അറിയപ്പെട്ടു. 1998-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാഷ്ട്രം എം.എസ് സുബ്ബലക്ഷ്മിയെ ആദരിച്ചു. 2004 ഡിസംബര്‍ 11-ന് സുബ്ബലക്ഷ്മി അന്തരിച്ചു.

Comments are closed.