ഒരു ദേശചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കഥകളും ഉപകഥകളും കൊണ്ട് വർത്തമാനത്തിന്റെ അനിവാര്യതയ അടയാളപ്പെടുത്തുന്ന ‘പുറ്റ് ‘
വർത്തമാനകാലത്തെ നേരിടാനുള്ള ഉപാധിയായിരുന്നു സി. വിക്ക് ഭൂതകാലം എന്ന് സി. വി. രാമൻപിള്ളയുടെ നോവലുകളെ പഠിക്കുമ്പോൾ പി. കെ.രാജശേഖരൻ എഴുതുന്നുണ്ട്. പെരുമ്പാടിയിലെ മാധ്യസ്ഥചരിത്രത്തിന്റെ ലിഖിതരേഖയെന്നോളം വിനോയ്തോമസ് നിർമ്മിച്ച ‘പുറ്റ്’ നോവലിന്റെ രചനാതന്ത്രം ഇതിൽ നിന്ന് ഭിന്നമല്ല. ഒരു ദേശചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കഥകളും ഉപകഥകളും കൊണ്ട് വർത്തമാനത്തിന്റെ അനിവാര്യതയെ എഴുത്തുകാരൻ അടയാളപ്പെടുത്തുന്നു. ശാപം കിട്ടിയ മനുഷ്യരായ പെരുമ്പാടിക്കാർക്ക് നിയമവും വ്യവസ്ഥകളും തീർപ്പുകളും കല്പിച്ചുനൽകുന്ന ജറമിയാസ് ആണ് പുറ്റിലെ നായകൻ (റാണി). തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ വേരുകൾ അയാളെ ചുഴന്നു നിൽക്കുന്നു. ചിന്നയുടെ സഹോദരീ ഭർത്താവിന്റെ വിത്തിൽ നിന്ന് തലപൊക്കിയ പോൾ, പോളിന്റെ സന്തതി ജെറമിയാസ്, ജറമിയാസിന്റെ രക്തം അരുൺ. ഈ മൂന്ന് തലമുറകൾ ചരിത്രത്തിൽ മൂന്ന് ഘടനയുള്ള ശിലകളായി അവരോഹിക്കപ്പെടുന്നു.
മതം, ലിംഗം, കുടുംബം, ഭരണകൂടം, മിത്ത്, തൊഴിലിടങ്ങൾ, വാമൊഴിചരിത്രം എന്നിവയുടെ സ്ഥാപനവൽക്കരണം ദേശചരിത്രത്തിന്റെ വികാസഗതിയിൽ ചാലകങ്ങളാകുന്നതെങ്ങനെ എന്ന് പുറ്റ് ചർച്ച ചെയ്യുന്നു. ഇതിനെ ആകെ നിയന്ത്രിച്ചു കൊണ്ട് ലൈംഗികത നായകത്വം കൈവരിക്കുന്നു. പെരുമ്പാടിയിലെ വിചിത്രമായ ലൈംഗികജീവിതത്തിന്റെ വാഹകരോ പ്രചാരകരോ ആകുകുന്നുണ്ട് പലപ്പോഴും ഇതിലെ കഥാപാത്രങ്ങൾ. ഇതിൽ പലതും പ്രത്യക്ഷപ്പെടുന്നത് തികച്ചും ഫോക്ലോറിക്കൽ ആയ കാരണങ്ങൾ കൊണ്ടാണ്. മനുഷ്യർ അടിസ്ഥാനപരമായി ഒളിഞ്ഞുനോട്ടത്തിൽ, വളഞ്ഞുപിടിത്തത്തിൽ, തിരിഞ്ഞുകേൾവിയിൽ ആനന്ദം കണ്ടെത്തുന്നു. പല കഥാപാത്രങ്ങൾക്കും ഇക്കഥകൾ കുപ്പായങ്ങൾ പോലെ നോവലിസ്റ്റ് അണിയിക്കുന്നത് ശ്രദ്ധിക്കുക.
കഥാപാത്രങ്ങളെ സ്വതന്ത്രമായ ഓരോരോ കഥകളായി തന്നെ അവതരിപ്പിക്കുന്നു വിനോയ് തോമസ്. സൂക്ഷ്മാർത്ഥത്തിൽ പെരുമ്പാടിയെ കൂട്ടുചരിത്രമായി പിന്നീട് വികസിപ്പിക്കുന്ന ഒറ്റയൊറ്റയായ കണ്ണികൾ. നീറുകുഴി അച്ചൻ, കൊടംകാച്ചി അപ്പച്ചൻ, കൊച്ചരാഘവൻ, ചിട്ടൻ കണിശൻ, ചായക്കട പ്രസന്നൻ, കുഞ്ഞാണ്ടി, ഭവാനിദൈവം, നീരു, വത്സചേടത്തി ബൗസിലി വക്കീൽ, ധൂപേഷ് – അനുകരിക്കാൻ ശ്രമിക്കുന്നവർ അമ്പേ പരാജയപ്പെട്ടു പോകാവുന്ന കഥാപാത്രനിർമ്മിതിയാണ് വിനോയ് തോമസിന്റെ എഴുത്തിൽ ബലം .
ഒരു ദേശം എന്നത് ഭൂമിശാസ്ത്രപരമായ ഏകകങ്ങൾ കൊണ്ട് മാത്രമായി തിട്ടപ്പെടുത്താവുന്ന ഒന്നല്ല. ഭൗതികമായി ഒരേ സ്ഥലപരിധിക്കുള്ളിൽ വരുമ്പോഴും അദൃശ്യമായ അതിരുകൾ കൊണ്ട് പലയിടങ്ങളിൽ പാർക്കേണ്ടി വരുന്ന ജനത എന്നത് ഇക്കാലത്തിന് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ്. ഒരു ദേശത്തിന്റെ കൂട്ടുജീവിതം അപഗ്രഥിക്കുക പുറ്റുകൾക്കുള്ളിലെ അറകൾ എണ്ണിയെടുക്കാൻ ഒരുമ്പെടും പോലെ സങ്കീർണമാണ്. ആ ശ്രമത്തിന്റെ വിജയമായി ഈ നോവലിനെ സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്താം.
ഇനിയും വായിക്കാനുള്ളവരുടെ ആസ്വാദനത്തിന് തടസമുണ്ടാക്കാൻ ഉദ്ദേശമില്ല. വായിക്കുക. മറ്റു പോംവഴികളില്ല.
വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ ‘പുറ്റിന്’ അമൽരാജ് പാറേമ്മൽ എഴുതിയ വായനാനുഭവം
പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.