DCBOOKS
Malayalam News Literature Website

ജീവിച്ചിരിക്കെ അഭിമാനിക്കുവാൻ ഒന്നും നേടാതെപോയ ഒരു ജന്മത്തെ മനുഷ്യനെന്ന് എങ്ങനെ നിർവചിക്കാനാകും !

MANUSHYANU ORU AAMUKHAM
MANUSHYANU ORU AAMUKHAM

“പൂർണ്ണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ!” – അത്തരത്തിൽ വളർച്ചയുടെ പടവുകൾ താണ്ടവേ കാൽകുഴഞ്ഞു നിശ്ചലമായ മനുഷ്യന്റെയും മനുഷ്യരുടെയും ജീവിത ജന്മങ്ങളുടെ ഒരു ആമുഖം തന്നെയാണ് സുഭാഷ് ചന്ദ്രൻ എഴുതിയ ‘മനുഷ്യന് ഒരു ആമുഖം’ എന്ന അവിസ്മരണീയ നോവൽ. ഇനി എന്താണ് ഈ അവിസ്മരണീയമാക്കുന്ന ഘടകം എന്നതിലേക്ക് വരാം..

മലയാളികളുടെ വൈകാരിക ചരിത്രമാണ് ഈ നോവൽ അവതരിപ്പിക്കുന്നത് എന്നതിനുമപ്പുറം ലോകമാനവന്റെ ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ജീവിതത്തിൽ അർത്ഥം നൽകുന്ന അതേ ഘടകങ്ങളെ, കൃത്യമായ ഭാഷാ ആഖ്യാന അവതരണ ശൈലികൊണ്ടു വരച്ചിടുമ്പോൾ, ഈ നോവൽ വായിക്കുന്ന ഏതൊരു മനുഷ്യനും അവന്റെ ജീവിതം തന്നെയോ അല്ലെങ്കിൽ അവന്റെ തലമുറയുടെ ജീവിതം തന്നെയോ ദർശിക്കാനാക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

ഒരു ഉദാഹരണമെടുത്താൽ ജിതൻ എന്ന ജിതേന്ദ്രന്റെ ജനനത്തിനും രണ്ടു ദശാബ്ദങ്ങൾക്കിപ്പുറം ജനിച്ച എനിക്കുപോലും ജിതന്റെ കൗമാരകൗതുക ജീവിതവുമായി സ്വജീവിതത്തെ താദാത്മ്യപ്പെടുത്തി സ്‌മൃതികളെ വീണ്ടെടുക്കുവാനും ചെറിയ തോതിലെങ്കിലും ഒരു ഗൃഹാതുരത്വം അനുഭവിക്കുവാനും സാധിക്കുന്നു. എഴുപതുകളുടെ ആദ്യത്തിൽ ജനിച്ച ജിതന്റെ കൗമാരത്തിൽ വൈദ്യുതിയും ടെലിവിഷനും മലയാളനാട്ടിലേക്ക് എത്തിയപ്പോൾ Textഅമ്പരന്നുനിന്ന അതേ വികാരം തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ജനിച്ച എനിക്കും അനുഭവിക്കാനായിട്ടുണ്ട്. എന്റെ നന്നേ ചെറുപ്പത്തിലാണ് വീട്ടിൽ വൈദ്യുതിബന്ധം ആദ്യമായി എടുക്കുന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ടെലിവിഷൻ വാങ്ങുകയും അതിലൂടെ ദൂരദർശൻ എന്ന ഏക ചാനൽ വഴി ദൃശ്യവിനിമയങ്ങൾ കാണുന്നതും. കേബിൾ എന്ന മായാജാലം വരാനും മൊബൈൽ എന്ന ഇന്ദ്രജാലം വരുവാനും വർഷക്കണക്കുകൾ പിന്നെയും താണ്ടി. ആ ഒരു പുതുമ അനുഭവിക്കാനായത് എന്റെ വൈകാരിക ജീവിതത്തിന്റെ അഭിമാനം തുളുമ്പുന്ന ഒരു ഭാഗം തന്നെയാണ്. മലയാളി എന്നും ഗൃഹാതുരത്വത്തിന്റെ ഭക്തനാണ്. വിദേശനാടുകളിൽ ചെന്ന് പോലും നാം മലയാളികളെ ബോധപൂർവമല്ലെങ്കിൽ പോലും അറിയാതെ തേടുന്നു. നാട്ടിൽ ജീവിക്കാൻ അവസ്ഥ തരപ്പെടാതെ വിദേശത്തുപോയി സമ്പാദിക്കുന്നതിനിടയിലും നാട്ടിലേക്കു വരുവാൻ വിരോധാഭാസപരമായി ആഗ്രഹിക്കുന്നവരല്ലേ നാം?!

മനുഷ്യബന്ധങ്ങളെയും ആ ബന്ധങ്ങൾ കാലക്രമേണ തീർക്കുന്ന വേലിക്കെട്ടുകളെയും അതും പോരാതെ തീർക്കുന്ന വൻമതിലുകളെയും കാലത്തിന്റെ താളുകളിൽ എഴുത്തുകാരൻ കുറിച്ചിടുന്നു. നാറാപിള്ളമാർക്ക് ഇന്നും കുറവില്ലാത്ത ലോകമല്ലേ ഇത്! ജാതി മത വർഗ വിദ്വേഷങ്ങൾ വീണ്ടും നാടിനെ ദുർഗന്ധപൂർണമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനായി പുതിയ കാലത്തിന്റെ നാറാപിള്ളമാർ നേതൃത്വം വഹിക്കുന്നു.

ഈ നോവലിൽ ചേർക്കാത്തതോ പ്രതിപാതിക്കാത്തതോ ആയ ഏതെങ്കിലും വൈകാരിക വികസന നവോത്ഥാന രംഗങ്ങൾ ഈയൊരു നൂറ്റാണ്ടിനിടെ കേരളത്തിൽ അരങ്ങേറിയിട്ടുണ്ടോയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോവുകയാണ്. അയ്യാട്ടുമ്പിള്ളിയും തച്ചനക്കര ഗ്രാമവും മുഴുവൻ കേരളീയ സമൂഹത്തെയും പകർന്നാടുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.

ജനനവും പ്രണയവും രതിയും മരണവും മാത്രം മനുഷ്യനെ നിർവചിക്കുമ്പോൾ സ്വന്തം കാൽപാടുകൾ ഈ ലോകത്തിൽ പതിപ്പിക്കാതെ മൺമറിഞ്ഞു പോവേണ്ടി വരുന്നതിനെ ഏതൊരു മനുഷ്യനെപ്പോലെയും ജിതേന്ദ്രൻ ഭയപ്പെടുന്നു. നമുക്കും ആ ഭയമില്ലേ?!

“ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യ ശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചു പോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല.” – എന്ന് ജിതൻ തന്റെ ജീവിതസഖിയോട് പറയുമ്പോൾ ജീവിച്ചിരിക്കെ അഭിമാനിക്കുവാൻ ഒന്നും നേടാതെപോയ ഒരു ജന്മത്തെ മനുഷ്യനെന്ന് എങ്ങനെ നിർവചിക്കാനാകുമെന്ന് ജിതനെപ്പോലെ നമ്മളും വ്യാകുലപ്പെടുന്നു.

മനുഷ്യന് ഒരു ആമുഖം ഒരേ സമയം ഗൃഹാതുരത്വം നൽകുകയും ഓർമ്മപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത് ഒരു നദി പോലെ ഒഴുക്കോടെ പ്രവഹിക്കുകയാണ്. വായിക്കുന്ന ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിന്റെയും പോയകാലത്തിന്റെയും ആമുഖം ദർശിക്കാനാകുന്നു എന്നിടത്ത് ഈ കൃതി അനശ്വരമാകുകയാണ്…

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് ഷോൺ ജോയ് എഴുതിയ വായനാനുഭവം

Comments are closed.