DCBOOKS
Malayalam News Literature Website

മുഖ്യമന്ത്രിക്കും ശൈലജ ടീച്ചർക്കും തുറന്ന കത്ത്

C. S. Chandrika
C. S. Chandrika
സി.എസ്​. ചന്ദ്രിക

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, 
സർക്കാർ ഒരു മഹാമാരിക്കു മുന്നിൽ ജീവന്മരണ പോരാട്ടത്തിലാണ്. അതി​െൻറ വലിയ പ്രയാസങ്ങളറിയാം. എങ്കിലും ഇങ്ങനെയൊരു പരസ്യമായ അപേക്ഷ ഈ കോളത്തിലൂടെ അടിയന്തരമായി എഴുതുന്നത് പാലത്തായിയിൽ, നാലാം ക്ലാസിൽ പഠിക്കുന്ന സ്​കൂൾ ബാലികക്കുനേരെ നടന്ന ബലാത്സംഗക്കേസിൽ ൈക്രംബ്രാഞ്ച് അന്വേഷണ മേൽനോട്ട ഉദ്യോഗസ്​ഥൻ ഗുരുതരമായ പക്ഷപാതിത്വം കാണിച്ചിരിക്കുന്നു എന്ന സ്​ത്രീകളുടെ മനസ്സിലാക്കലും നടുക്കവും ആശങ്കയും ആവശ്യവും  അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ്.

കുട്ടിയുടെ സ്​കൂളിലെ അധ്യാപകനും ബി.ജെ.പിയുടെ നേതാവുംകൂടിയായ പ്രതിസ്​ഥാനത്തുള്ള പത്മരാജനെതിരെ ആദ്യഘട്ടത്തിൽത്തന്നെ പോക്സോ കേസ്​ ഉൾപ്പെടുത്താത്തതിലും അതിനാൽ ജാമ്യം ലഭിച്ചതിലും ഉള്ള സൂചന ആപൽക്കരമാണ്.  പെൺകുഞ്ഞി​െൻറ അമ്മ അങ്ങേക്ക് അതുസംബന്ധിച്ച് പരാതി നൽകിയിട്ടുള്ളതും തുടർന്ന് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതും അറിഞ്ഞിട്ടുണ്ട്.

എങ്കിലും ഈ അന്വേഷണസംഘത്തി​െൻറ മേൽനോട്ടം ഇപ്പോഴും ഐ.ജി ശ്രീജിത്തിൽത്തന്നെ നിക്ഷിപ്തമാണ്. ബി.ജെ.പിയുടെ കടുത്ത രാഷ്​ട്രീയസ്വാധീനങ്ങൾക്കും സമ്മർദങ്ങൾക്കും നൂറു ശതമാനവും സാധ്യതയുള്ള കേസാണ് ഇതെന്ന് എല്ലാവർക്കുമറിയാം. മജിസ്​ട്രേറ്റിനു നൽകിയ കുട്ടിയുടെ മൊഴിയുടെ സ്വകാര്യതക്ക് നിയമപരമായി കിട്ടേണ്ടതായ പരിരക്ഷ തീർത്തും ലംഘിക്കപ്പെടുന്ന തരത്തിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി ശ്രീജിത്തി​െൻറ ശബ്​ദത്തിലുള്ള ഫോൺസംഭാഷണം സമൂഹമാധ്യമങ്ങളിൽ ബോധപൂർവം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് ഇത്തരത്തിൽ സ്​ത്രീകൾ സംശയിക്കാനും ശ്രീജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെടാനും കാരണം.

കുറ്റവാളിയെ സംരക്ഷിക്കാൻ പൊലീസ്​ ഉദ്യോഗസ്​ഥ​​െൻറ  ഭാഗത്തുനിന്നുള്ള വ്യഗ്രത ആ ഓഡിയോ ക്ലിപ്പ് കേൾക്കുമ്പോൾ ഉടനീളം ബോധ്യമാകും. ബലാത്സംഗം ചെയ്യപ്പെട്ട ഒരു കുട്ടിയുടെ മാനസിക-ശാരീരിക നില ഇനിയും തകരാതെ കാത്തുസൂക്ഷിക്കാൻ, രാഷ്​ട്രീയ സ്വാധീനങ്ങൾക്കു വഴങ്ങാത്ത സത്യസന്ധതയുടെ ഔദ്യോഗിക റെക്കോഡുള്ള ഉദ്യോഗസ്​ഥയെയാണ് ഈ കേസിൽ മേൽനോട്ടം ഏൽപിക്കേണ്ടത്. പ്രതിസ്​ഥാനത്തുള്ളത് ബി.ജെ.പി  നേതാവായതുകൊണ്ട് അന്വേഷണ സംഘത്തിനുമേൽ പല കോണുകളിൽനിന്നും ഇനിയും സമ്മർദങ്ങൾ വളരെ വലുതായിരിക്കും. ഈ മഹാമാരിയുടെ കാലത്ത് അത് കുറെക്കൂടി എളുപ്പവുമാണ്.
മാത്രമല്ല, ഓരോ തവണയും അന്വേഷണ ഉദ്യോഗസ്​ഥർ കുട്ടിയെ സന്ദർശിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുമ്പോൾ, 10 വയസ്സുള്ള  ഒരു പെൺകുഞ്ഞ് ത​​െൻറ നേർക്ക് നടന്ന ബലാത്സംഗമെന്ന ഹിംസയെ വീണ്ടും വീണ്ടും ഓർക്കുകയും പേടിക്കുകയും ത​േൻറതല്ലാത്ത കാരണത്താൽ ആശയക്കുഴപ്പത്തിലാവുകയും ഒറ്റപ്പെടുകയും മുറിപ്പെടുകയുമാണ്.

ബലാത്സംഗക്കേസുകളിൽ, വിശേഷിച്ച് പോക്സോ കേസുകളിൽ പൊലീസ്​ ഉദ്യോഗസ്​ഥരുടെ ഭാഗത്തുനിന്ന് കേസന്വേഷണ പ്രക്രിയകൾ ദുരുപയോഗം ചെയ്യപ്പെടാനും സങ്കീർണമാകാനും ഒരിക്കലും ഇടയാകരുത്. യഥാർഥത്തിൽ ആ അക്രമത്തി​െൻറ ശാരീരിക-മാനസിക ആഘാതത്തെ എത്രയും വേഗം മറക്കാനാണ് മുതിർന്നവർ- സർക്കാറും നല്ല മനുഷ്യസമൂഹവും അവളെ സഹായിക്കേണ്ടത്; സാമൂഹികജീവിതത്തിലേക്ക്​ മുമ്പത്തെപ്പോലെ ഉൗർജസ്വലതയോടെ തിരികെ കൊണ്ടുവരാനും.

ബലാത്സംഗ കുറ്റവാളികളെ സമൂഹത്തിൽനിന്ന് എത്രയും വേഗം പുറത്താക്കാനും ജയിലിലടക്കാനും അതിവേഗത്തിൽ നടപടിയുണ്ടാവുകയും വേണം. ബലാത്സംഗ കുറ്റവാളികൾ പുറത്തിറങ്ങിനടക്കുന്നത് ലൈംഗികാക്രമണങ്ങളുടെ സാമൂഹികവ്യാപനം എളുപ്പമാക്കും. ആവശ്യമുള്ള മുൻകരുതലുകളെടുത്താൽ കോവിഡിൽനിന്ന് ജനങ്ങൾക്ക് സ്വയം രക്ഷപ്പെടാനാവും.  എന്നാൽ, നാട്ടിലും വിദ്യാലയങ്ങളിലും കുറെയധികം വീടുകളിൽത്തന്നെയും എത്ര മുൻകരുതലെടുത്താലും പെൺകുട്ടികൾക്കും സ്​ത്രീകൾക്കും രക്ഷപ്പെടാനാവുന്നില്ല.

യഥാർഥത്തിൽ, കോവിഡിനെ നേരിടുന്നതിനേക്കാൾ യുദ്ധകാലാടിസ്​ഥാനത്തിൽ ദീർഘകാലം സർക്കാറുകൾ എല്ലാ ദിവസവും അതിജാഗ്രതയോടെ കൈകാര്യംചെയ്യേണ്ട ആഭ്യന്തര, സാമൂഹികാരോഗ്യപ്രശ്നമാണ് ലൈംഗികാക്രമണങ്ങൾ. കേരളത്തിലെ സ്​ത്രീകൾ സാക്ഷരതയിലും ആയുസ്സിലും മാതൃമരണനിരക്ക് കുറഞ്ഞിരിക്കുന്നതിലും മുന്നിൽതന്നെയാണ്.

സ്​ത്രീകളുടെ നേർക്ക് അക്രമങ്ങളില്ലാത്ത കേരളത്തെ സ്​ത്രീകൾ വലുതായി ആഗ്രഹിക്കുന്നു. സാമൂഹികവികസനത്തി​െൻറ ഏറ്റവും മുൻഗണനയിൽ പരിഗണിക്കേണ്ട ഈ സൂചികയെ ആശ്രയിച്ചാണ് സമൂഹത്തിലെ സ്​ത്രീകളുടെയും പെൺകുഞ്ഞുങ്ങളുടെയും  മാനസികാരോഗ്യവും സന്തോഷവും അളക്കപ്പെടേണ്ടത്.

അതിനായി പുരുഷാധിപത്യം ദുർബലപ്പെടുത്തുകയും ലിംഗനീതിയും ജനാധിപത്യവും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നീക്കങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലാണ് ലൈംഗിക കുറ്റവാളികളെ  സംരക്ഷിക്കാൻ സർക്കാർ ആരെയും അനുവദിക്കാതിരിക്കുക എന്നത്. അതിനായി, ഈ മഹാമാരിക്കാലത്ത് കേരളത്തിലുയർന്നുവന്ന പോക്സോ ബലാത്സംഗക്കേസിൽ മുഴുവൻ പെൺകുട്ടികൾക്കും ആശ്വാസം കൊടുക്കുന്ന വിധി വരാനുള്ള ജാഗ്രത അങ്ങയുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് അഭ്യർഥിക്കുന്നു.

പ്രിയപ്പെട്ട ശൈലജ ടീച്ചർക്ക്, 
കോവിഡ് വൈറസ്​ പോലെതന്നെ  ബലാത്സംഗക്കാർ ലോകത്തെവിടെയുമുണ്ടെന്ന് ടീച്ചറോട് പറയേണ്ടതില്ലല്ലോ. കേരളത്തിലും പുരുഷാധികാര വ്യവസ്​ഥയും സ്​ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും വളരെ ശക്തമാണ്. ഈ  ജീവിതകാലത്ത്  ഞാൻ നേരിൽ കണ്ട  പ്രമാദമായ ലൈംഗികപീഡനക്കേസുകൾതന്നെ നിരവധി. സൂര്യനെല്ലി കേസ്​ ഉണ്ടായതു മുതൽ ഓരോ കേസും അടുത്തുനിന്നും അകലെയിരുന്നും വിടാതെ പിന്തുടരാറുണ്ട് ഞാൻ.

ആ കേസുകളിലെ കുറ്റവാളികളായി സമൂഹം മനസ്സിലാക്കിയിട്ടുള്ള വലിയ രാഷ്​ട്രീയനേതാക്കളും ഉദ്യോഗസ്​ഥരുമൊക്കെ സമ്പത്തി​​െൻറയും രാഷ്​ട്രീയത്തി​​െൻറയും സ്വാധീനത്താൽ എളുപ്പം രക്ഷപ്പെട്ടുപോന്നു.  പെൺകുട്ടികളും അവരുടെ കുടുംബങ്ങളും മാത്രം എന്നന്നേക്കുമായി ഒറ്റപ്പെട്ടു. കേരളത്തിലെ തൊഴിൽസ്​ഥലത്തെ ലൈംഗികപീഡനങ്ങളെക്കുറിച്ച് ഞാൻ നടത്തിയ പഠനഫലങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഗാർഹികാതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനവിവരങ്ങളും നമ്മുടെ മുന്നിലുണ്ട്.

അത്​ എല്ലാ കാലത്തും ഇവിടെയുണ്ട്. ഈ കോവിഡ്കാലത്ത്  അതിൽ പിന്നെയും വർധനയുണ്ടായിരിക്കുന്നു; കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലാകെയും.  ഏറ്റവും ബീഭത്സമായി നമ്മെ തുറിച്ചുനോക്കുന്ന ലൈംഗികകുറ്റകൃത്യങ്ങൾ പെൺകുഞ്ഞുങ്ങളുടെ നേർക്കുള്ളതുകൂടിയാണ്. വീടുകളിലും സ്​കൂളുകളിലും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭയപ്പെടുത്തി നിശ്ശബ്​ദമാക്കുകയും ചെയ്യുന്ന ബന്ധുക്കളും അധ്യാപകരും അയൽവാസികളുമുണ്ട് പെൺകുഞ്ഞുങ്ങൾക്കു ചുറ്റും.

ഇതിനൊരു അറുതിവരുത്താൻ എന്താണ് കേരളത്തിന് ചെയ്യാൻ സാധിക്കുക? പാലത്തായിയിലെ കുഞ്ഞിന് എങ്ങനെയാണ് നീതി ലഭ്യമാക്കുക? അത്തരം നീക്കത്തിന് കേരളത്തിലെ ലക്ഷക്കണക്കിന്  സ്​ത്രീകൾ ടീച്ചർക്കൊപ്പമുണ്ടാവും. ആരോഗ്യരംഗത്ത് ആരോഗ്യപ്രവർത്തകരുടെ ശാസ്​ത്രീയ അറിവുകളുടെ പിൻബലത്തിൽ അഹോരാത്രം പണിയെടുത്ത് തളരാതെ നിൽക്കുന്ന ടീച്ചറെ ഞങ്ങൾ കാണുന്നുണ്ട്.

പലവിധ വെല്ലുവിളികളെ നേരിട്ടു കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.  സമാനമായി, കേരളത്തിൽ  ലിംഗനീതി സ്​ഥാപിച്ചെടുക്കുന്നതിനും സമൂഹത്തെ സ്​ത്രീസൗഹൃദമാക്കിയെടുക്കുന്നതിനും അത്യന്തം യുദ്ധസമാനമായ കരുതലുകളും പ്രതിരോധപ്രവർത്തനങ്ങളും ആവശ്യമുണ്ട്.

പാലത്തായിയിലെ പത്തുവയസ്സുകാരിയായ പെൺകുഞ്ഞ് കേരളത്തി​െൻറ കുഞ്ഞു മകൾ ആണ്. ഈ മഹാമാരിക്കാലത്ത്  അവളെ സംരക്ഷിക്കാനായും പൊലീസ്​ അന്വേഷണ സംവിധാനത്തിൽ ടീച്ചറുടെ ഭാഗത്തുനിന്നുള്ള കരുതലും ജാഗ്രതയും ഉണ്ടാകണമെന്ന് ഒട്ടേറെ സ്​ത്രീപ്രവർത്തകർക്കുവേണ്ടി അഭ്യർഥിക്കുന്നു.

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് ; മാധ്യമം ഓൺലൈൻ

Comments are closed.