പരസ്യമാക്കാതിരിക്കാനാവാത്ത രഹസ്യങ്ങൾ… ബിജു പുതുപ്പണം എഴുതുന്നു
1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘. പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.
മലയാള നോവല്‍ സാഹിത്യമാലയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പുസ്തകത്തെക്കുറിച്ച് ബിജു പുതുപ്പണം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം.
“നാദാപുരം മുഴുവനടച്ച് പീട്യ തൊറന്നിറ്റ് ഇപ്പൊ ഒരു മാസായി. തുന്നിവെച്ച ഡ്രസ്സ് വാങ്ങാനൊന്നും ആരും വരുന്നില്ല”
പറയുന്നത് സുരേഷ് ബാബുവെന്ന ബാബുവേട്ടനാണ്.
വയസ്സ് 43. ജോലി ടെയ്ലറിംങ്, വിദ്യാഭ്യാസം പത്താം ക്ലാസ് പൂർത്തിയാക്കിയില്ല. വായിച്ച പുസ്തകങ്ങൾ – 1000 ൽ അധികം. സ്വന്തമായുള്ള നോവൽ കളക്ഷൻ മാത്രം 400ൽ അധികം വരും.
അമർ ചിത്രകഥ വായിച്ച് തുടങ്ങിയതാണ്.ഇന്ന് വിശ്വസാഹിത്യത്തിലെ കസാൻ സാക്കിസും കുന്ദേരയും യോസയും പാമുക്കും പൗലോ കൊയ് ലോയും ………സരമാഗോ…… മനു ജോസഫ് ,അനിതാ നായർ… എന്നിങ്ങനെ പരന്ന വായന… മലയാളത്തിലെ ഒട്ടുമിക്ക നോവലുകളും വായിച്ചു കൊണ്ടിരിക്കുന്നു.
എട്ടാംക്ലാസിലെ കൊല്ലപരീക്ഷയുടെ തലേദിവസം കിടന്നുറങ്ങുന്ന മണ്ണിന്റെ ഒരു ഭാഗം ആണ്ടുപോയതുപോലെയാണ് അച്ഛന്റെ പെട്ടന്നുള്ള വേർപാടെന്ന് ബാബുവേട്ടൻ.കൂട്ടിന് അമ്മയുണ്ടെങ്കിലും ഏകാന്തതയുടെ തുരുത്തിൽ പെട്ടു പോയ ആ ഒറ്റ മകനെ വായനയുടെ ലോകത്തേക്ക് ആരും കൈ പിടിച്ചുയർത്തിയതല്ല.വീട്ടിൽ നിന്നും ഒരു പാട് അകലെയുള്ള വായനശാലയിലേക്ക് സ്വയം അന്വേഷിച്ച് എത്തുകയായിരുന്നു.ഇന്ന് ഭാര്യ അജിമ കൂടിയുണ്ട്.
ഇയാളെക്കുറിച്ച് ഇങ്ങിനെ ഓർക്കാൻ കാരണം മറ്റൊന്നാണ്.
തന്റെ ഗ്രാമമുൾപെടെ മുഴുവൻ സ്ഥലങ്ങളും കണ്ടയ്മന്റ് സോണിൽ നിശ്ചലമായിക്കൊണ്ടിരിക്കേ അയാൾ ഇന്നലെ തലശ്ശേരി ഡിസി ബുക്സിൽ വന്നതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളു. ഡേറ്റ് കഴിയുന്നതിന് മുമ്പ് ‘നോവൽ സാഹിത്യമാല ‘ ഒന്ന് ബുക്ക് ചെയ്യണം.
ഇയാളിത് ബുക്ക് ചെയ്യുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കാരണം അയാളുടെ കൈവശമില്ലാത്ത നോവലൊന്നും എവിടെയുമുണ്ടാവില്ല!
ബ്രോഷർ മറിച്ച് നോക്കി കൊണ്ട് ബാബുവേട്ടൻ
” പ്രളയവും കൊറോണയും പണവും വരും പോവും.. വീണ്ടും വരുമായിരിക്കും. ന്നാ… ഇതു പോലുള്ള സുവർണ്ണാവസരം ഒരിക്കലേ വരാറുള്ളു”
എന്റെയുള്ളിൽ അതു വരെ തോന്നാതിരുന്ന ആത്മവിശ്വാസത്തിന്റെ ലഡു പൊട്ടി..
“പഞ്ഞകാലത്ത് പായസം കുടിക്കാനാവുന്നതും ഒരു ഭാഗ്യമാണ് ” – എന്ന് പറഞ്ഞു കൊണ്ട് 500 ന്റെ ഒരു നോട്ടും പത്തിന്റെയും 20 ന്റെ യും100 ന്റെ യും നോട്ടു കളുമായി ബാക്കി എണ്ണിയെടുക്കുമ്പോൾ എന്റെ ഹൃദയത്തിൽ തുന്നൽ മെഷീന്റെ ശബ്ദം ശക്തമായി മിടിച്ചു. ബാബുവേട്ടന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ ചക്രം കറങ്ങി.
“ഞാൻ ആയിരുറുപ്യ ഈ സമയത്ത് പുസ്തകത്തിന് കൊണ്ടോന്ന് അടച്ചൂന്നറിഞ്ഞാ നാട്ടുകാരെന്നെ തല്ലും.തൽക്കാലം ഇത് രഹസ്യമായി ഇരുന്നോട്ടെ.
എന്നെപോലെ ഒരുപാട് വായിച്ചവർക്കാണ് ഇത് നന്നായി ഉപകാരപ്പെടുക. ചെറിയ സമയം കൊണ്ട് വായിച്ച മുഴുവനും ഓർത്തെടുക്കാം. ഇതുവരെ വായിക്കാത്തവർക്ക് ഏത് വായിക്കണമെന്ന് തീരുമാനിക്കാം. സംഗതി കിടിലനാണ് കേട്ടോ!! ”
ഇതൊക്കെ ഞാനല്ലേ അങ്ങോട്ട് പറയണ്ടെതെന്ന് തോന്നി.ഇതുപോലുള്ള വായനക്കാരാണ് ഞങ്ങളെപ്പോലെയുള്ള വില്പനക്കാരുടെ ഗുരുവെന്ന് ഞാൻ പതുക്കെ പറഞ്ഞു.
റസിപ്റ്റ് കൊടുക്കുമ്പോൾ ഒരു ഫോട്ടോ എടുക്കാൻ ഞാൻ താൽപര്യപ്പെട്ടു. തൽക്കാലം മാസ്ക് മാറ്റി. ഞാൻ മൊബൈലിൽ ഒരു ഫോട്ടോയെടുത്തു. തിരിച്ച് പോവുമ്പോൾ പോക്കറ്റിൽ കരുതിയ സാനിറ്റൈസർ കൈയിൽ തൂകി. പോക്കറ്റിൽ അതേയിപ്പഴുള്ളു.
കെട്ട കാലത്തും വരാൻ l പോവുന്ന ഒരു നല്ല പുസ്തകത്തെ ബാബു വേട്ടൻ എന്ന തുന്നൽക്കാരൻ ഇപ്പഴേ തുന്നി കൂട്ടിക്കഴിഞ്ഞിട്ടുണ്ടെന്ന് അയാളുടെ കണ്ണുകളിലെ പ്രതീക്ഷ കാണിച്ചു തരുന്നു.😍🤝
Comments are closed.