മഴക്കാലം പനിക്കാലം കൂടിയാകുമ്പോൾ …!
മഴക്കാലമായാൽ പനിക്കാലമായി എന്നാണല്ലോ നമ്മുടെ നാട്ടിലെ ഒരു വിശ്വാസം. വർഷകാലത്ത് ഏറ്റവും സാധാരണയായി കാണുന്ന പനികൾ ഏതൊക്കെയാണെന്ന് നോക്കാം.
🔵ഡെങ്കിപ്പനി🔵
👉ഡെങ്കി വൈറസ് ഉണ്ടാക്കുന്ന രോഗം, പകർത്തുന്നത് കൊതുക്.
📌ലക്ഷണങ്ങൾ:
👉പനിയോടൊപ്പം ശക്തമായ ശരീര വേദന (പ്രധാനമായും സന്ധി വേദന)
👉തലവേദന
👉ശരീരത്തിൽ ചുവന്ന പാടുകൾ
📌രോഗ നിർണയം
👉രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ (5 ദിവസം വരെ) NS1 ആന്റിജൻ ടെസ്റ്റ്, അതു കഴിഞ്ഞാൽ IgM ഡെങ്കി ആന്റിബോഡി ടെസ്റ്റ്. രക്തത്തിലെ കൗണ്ട് നോക്കുമ്പോൾ ശ്വേത രക്താണുക്കളും (WBC) പ്ളേറ്റ്ലറ്റും കുറയുന്നത് വളരെ സാധാരണമാണ്. ലിവർ ഫങ്ക്ഷൻ ടെസ്റ്റിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്. (ALT, AST 40 നും 100നും ഇടയിൽ അളവ്)
📌സങ്കീർണതകൾ:
👉രക്തസ്രാവം – ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നും രക്തസ്രാവം ഉണ്ടാകാം.
👉ഷോക്ക് – രക്തസമ്മർദ്ദം കുറഞ്ഞു പോകുന്ന അവസ്ഥ. നിർജലീകരണം കൊണ്ടോ, രക്തസ്രാവം കൊണ്ടോ, രക്തക്കുഴലുകളിൽ നിന്നു ജലാംശം ലീക് ആയി പോകുന്നത് കൊണ്ടോ ആവാം.
👉പ്ലേറ്റ്ലെറ്റിന്റെ കുറവ് – രക്തത്തിൽ പ്ലേറ്റ്ലറ്റ് കുറയുന്നത് സർവസാധാരണം ആണെങ്കിലും അതുകൊണ്ട് മാത്രമായി ഒരു അപകടസാധ്യത കുറവാണ്.
👉കരളിന്റെ തകരാറ് – കരളിന്റെ പ്രവർത്തനം മോശമാകാം. കരളിന്റെ എൻസയ്മുകളായ SGPT(ALT), SGOT (AST) ഏന്നിവയുടെ അളവുകൾ കൂടി, കരളിന്റെ സമ്പൂർണ പരാജയം വരെ സംഭവിക്കാം (liver failure)
👉മസ്തിഷ്ക ജ്വരം(encephalitis)- അപൂർവം ചില രോഗികളിൽ മസ്തിഷ്കത്തെ ബാധിച്ച് അബോധാവസ്ഥ, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം.
📌ചികിത്സ :
👉പനിക്കും വേദനകൾക്കും പാരസെറ്റമോൾ ദിവസം നാല് നേരം വരെ കഴിക്കാം.
👉നന്നായി വെള്ളം കുടിക്കണം.
👉വിശ്രമം വേണം.
👉പ്ലേറ്റ്ലെറ്റ് വർദ്ധിപ്പിക്കാൻ പ്രത്യേക മരുന്നോ ഭക്ഷണമോ നിലവിലില്ല. സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താം. പ്ലേറ്റ്ലെറ്റ് വല്ലാതെ കുറഞ്ഞു പോവുകയോ (20,000 ൽ താഴെ) പ്ലേറ്റ്ലെറ്റ് കുറവിൻ്റെ കൂടെ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ മാത്രമേ പ്ലേറ്റ്ലെറ്റ് ശരീരത്തിലേക്ക് കയറ്റാറുള്ളൂ.
📌ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
👉വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ, മൂത്രം കുറയുന്ന അവസ്ഥ, നീണ്ടു നിൽക്കുന്ന ക്ഷീണം, രക്തസ്രാവം, വിട്ടു മാറാത്ത പനി, കഠിനമായ വയറു വേദന, ഛർദി, പെരുമാറ്റത്തിലോ ബോധത്തിലോ ഉള്ള മാറ്റം
ഇവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ആശുപത്രിയിൽ പോകൽ നിർബന്ധം.
ആരോഗ്യം സംബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി സന്ദർശിക്കുക
📌പ്രതിരോധം
👉ഏതുവിധേനയും കൊതുകുകടി ഏൽക്കാതെ നോക്കുക !
🔵എലിപ്പനി🔵
📌ഉണ്ടാക്കുന്നത് ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗം; ഏറ്റവും സാധാരണം എലിമൂത്രത്താൽ മലിനമായ വെള്ളവുമായി പെരുമാറുന്നതിലൂടെ. മറ്റു പല മൃഗങ്ങളും കാരണം ആവാം.
📌ലക്ഷണങ്ങൾ:
👉പനിയോടൊപ്പം ശക്തമായ ശരീര വേദന (പേശീ വേദന)
👉കണങ്കാൽ
👉തുട പോലത്തെ പേശികളിൽ കൈ കൊണ്ട് അമർത്തുമ്പോൾ വേദന
👉കണ്ണിൽ ചുവപ്പ്
📌രോഗനിർണ്ണയം :
👉ശ്വേത രക്താണുക്കൾ (WBC) കൂടുകയും പ്ളേറ്റ്ലറ്റ് കുറയുകയും ആണ് സാധാരണം.
👉ESR കൂടാറുണ്ട്.
👉രോഗം സ്ഥിരീകരിക്കാൻ IgM ആന്റിബോഡി ടെസ്റ്റ് ഉപയോഗിക്കും. ലക്ഷണങ്ങൾ തുടങ്ങി ഒരാഴ്ച കഴിയുമ്പോഴേ ടെസ്റ്റ് പോസിറ്റീവ് ആവുകയുള്ളൂ.
📌സങ്കീർണതകൾ :
👉വൃക്കകളുടെ തകരാറ് – മൂത്രത്തിന് ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറയുക, ശരീരത്തിൽ നീര് പ്രത്യക്ഷപ്പെടുക. ഇവയെല്ലാം വൃക്കകളുടെ പ്രവർത്തനം മോശമാകുന്നതിന്റെ ലക്ഷണങ്ങൾ ആണ്.
👉കരളിന്റെ തകരാറ്. മൂത്രത്തിനോ കണ്ണിനോ മഞ്ഞ നിറം പ്രത്യക്ഷപ്പെടാം. ലിവർ ഫങ്ക്ഷൻ ടെസ്റ്റിൽ അപാകതകൾ കാണാം. (കൂടിയ ബിലിറൂബിൻ, ALT, AST, ALP അളവുകൾ)
👉ഹൃദയത്തിന്റെ തകരാറ് – മയോകാർഡൈറ്റിസ് എന്ന് വിളിക്കുന്ന ഹൃദയത്തെ ബാധിക്കുന്ന പ്രശ്നം വന്നാൽ പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞു പോവുക, ശ്വാസം മുട്ടുണ്ടാവുക തുടങ്ങിയവ ഉണ്ടായേക്കാം. വളരെ അപകടകരമാണ്.
👉ശ്വാസകോശ പ്രശ്നങ്ങൾ – എലിപ്പനിയിൽ അത്യന്തം ഗുരുതരം ആണ് ശ്വാസം മുട്ട്. ARDS എന്ന പ്രശ്നം ഉണ്ടായി രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു പോകാം.
മസ്തിഷ്കം, പാൻക്രിയാസ്, തുടങ്ങിയ അവയവങ്ങളെയും അപൂർവമായി ബാധിക്കാം.
📌ചികിത്സ:
👉ചെറിയ ലക്ഷണങ്ങൾ ഉള്ള രോഗികളിൽ ഡോക്സി സൈക്ലിൻ ഗുളികകൾ. കൂടുതൽ ഗൗരവമേറിയവരിൽ പെനിസിലിൻ ഇൻജെക്ഷൻ. വളരെ കൂടുതൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ഓക്സിജൻ, ഡയാലിസിസ്, വെന്റിലേറ്റർ തുടങ്ങിയ ചികിത്സകളൊക്കെ വേണ്ടി വന്നേക്കാം
📌പ്രതിരോധം
👉 മലിനജലവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കണം.
👉ഡോക്സിസൈക്ലിൻ ഗുളികകൾ പ്രതിരോധത്തിനായി കഴിക്കാം.
🔵ശ്വാസകോശ അണുബാധകൾ🔵
📌അണുബാധ ശ്വാസനാളത്തിന്റെ മുകൾ ഭാഗത്ത്, അതായത് മൂക്ക്, മൂക്കിന്റെ ഇരുവശങ്ങളിലും ഉള്ള സൈനസ്, തൊണ്ട, ശ്വാസനാളത്തിന്റെ മുകൾ ഭാഗം തുടങ്ങിയ ഭാഗങ്ങളിൽ മാത്രമാവാം. (Upper respiratory tract infection). അല്ലെങ്കിൽ ശ്വാസനാളത്തിന്റെ താഴ്ഭാഗവും ശാസകോശവും അടങ്ങിയ ഭാഗങ്ങൾ ആവാം. (Lower respiratory tract infection).
മുകൾ ഭാഗം ആണ് സർവസാധാരണം ആയി കാണുന്നത്. വൈറസുകൾ ആണ് കൂടുതലും കാരണക്കാർ. നിരവധി വൈറസുകൾ ഈ കൂട്ടത്തിൽ ഉണ്ട്. ബാക്റ്റീരിയകളും ചിലപ്പോൾ കാരണം ആയേക്കാം.
ആരോഗ്യം സംബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി സന്ദർശിക്കുക
📌ലക്ഷണങ്ങൾ:
👉പനിയുടെ കൂടെ തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ എന്നിവയാണ് ലക്ഷണങ്ങൾ. മൂന്നു നാല് ദിവസം കൊണ്ട് ലക്ഷണങ്ങൾ അപ്രത്യക്ഷമാകും.
📌ചികിത്സ:
👉പനിക്ക് പാരസെറ്റമോൾ, ചുമക്യ്ക്കും ജലദോഷത്തിനും സെട്രിസിൻ പോലത്തെ അലർജി ഗുളികകൾ മതിയാകും.
👉രോഗനിർണയത്തിന് ടെസ്റ്റുകൾ പോലും ആവശ്യം ഇല്ല.
👉പുറത്തിറങ്ങി നടക്കാതെ, തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറച്ചും , എപ്പോഴും മാസ്ക് ധരിച്ചും ആർക്കും പകരാതെ നോക്കുക ആണ് ഏറ്റവും പ്രധാനം.
👉നാലോ അഞ്ചോ ദിവസം കൊണ്ട് രോഗം പൂർണമായും ഭേദമാകും.
🦠വൈറസ് മൂലമുള്ള ശ്വാസകോശരോഗങ്ങൾ🦠
📌ഇവരിൽ ഏറ്റവും പ്രമുഖരായ രണ്ട് വൈറസുകളാണ് എച് 1എൻ 1 ഉം കോവിഡും.
ഈ രണ്ടു വൈറസുകൾക്കും താല്പര്യം ശ്വാസ നാളവും ശ്വാസകോശങ്ങളുമാണ്. രണ്ടിലും ചെറിയൊരു ശതമാനം രോഗികളിൽ വൈറസ് ശ്വാസനാളത്തിന്റെ താഴെ ഭാഗത്തേക്ക് ആക്രമിച്ചു ന്യൂമോണിയ ഉണ്ടാക്കാം. ശ്വാസംമുട്ടാണ് പ്രധാന ലക്ഷണം. ഇവർക്ക് രക്തത്തിലെ ഓക്സിജൻ കുറഞ്ഞു പോകാനും സാധ്യത ഉണ്ട്. പ്രധാനമായും പ്രായം കൂടിയവർ, പ്രമേഹം, ദീർഘ കാലം മറ്റു രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് അപകട സാധ്യത കൂടുതൽ.
🦠ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയകൾ🦠
ചില ബാക്റ്റീരിയകളും ന്യൂമോണിയ ഉണ്ടാക്കാം. ലക്ഷണങ്ങൾ ഏതാണ്ട് ഒരേ പോലെ തന്നെ ആയിരിക്കും. ടെസ്റ്റ് ന്റെ ഫലങ്ങളും ചികിത്സകളും വിത്യസ്തമാണ്. ശക്തമായ പനി, ചുമ, ചുമക്കുമ്പോൾ നെഞ്ച് വേദന, ന്യൂമോണിയ കൂടുതൽ അളവിൽ ഉണ്ടെങ്കിൽ ശ്വാസം മുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നെഞ്ചിന്റെ എക്സ് റെ യിലൂടെ രോഗം കണ്ടെത്താൻ കഴിയും. സാധാരണ ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയകളിൽ രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം കൂടുകയും വൈറസ് ന്യൂമോണിയകളിൽ കൗണ്ടുകൾ നോർമൽ ആയി തുടരുകയും ചെയ്യും. ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധകളിൽ മാത്രമാണ് ആന്റിബയോടിക് ഉപയോഗിച്ച് ചികില്സിക്കുന്നത്. H1N1 അണുബാധയിൽ ഒസെൽറ്റാമിവിർ എന്ന ആന്റി വൈറൽ മരുന്ന് ഉപയോഗപ്രദമാണ്.
🔵ഹെപ്പറ്റൈറ്റിസ് എ🔵
മഴക്കാലം തുടങ്ങിയാൽ വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരു അണുബാധയാണ് മഞ്ഞപ്പിത്തം എന്ന് സാധാരണ വിളിക്കുന്ന ഹെപ്പറ്റൈറ്റിസ് A. ഇതേ പേരിൽ അറിയപ്പെടുന്ന ഒരു വൈറസ് ആണ് രോഗകാരണം. വൃത്തിയില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരും.
📌ലക്ഷണങ്ങൾ:
👉പനിയോടൊപ്പം കലശലായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. കണ്ണിലും മൂത്രത്തിലും മഞ്ഞ നിറം കണ്ടു തുടങ്ങാൻ ഒരാഴ്ചയോളം വൈകും.
📌രോഗ നിർണയം
👉ലിവർ ഫങ്ക്ഷൻ ടെസ്റ്റ് ആണ് രോഗ നിർണയത്തിൽ പ്രധാനം. SGPT(ALT) വളരെ കൂടിയ അളവിൽ കാണാം (പലപ്പോഴും ആയിരത്തിനു മുകളിൽ). ക്രമേണ ബിലിറൂബിന്റെ അളവും കൂടും. വളരെ അപൂർവം കരളിന്റെ പരാജയത്തിൽ കലാശിക്കാറുണ്ട്.
📌ചികിത്സ:
👉ശരീരത്തിൽ ജലാംശം നില നിർത്തുക എന്നതാണ് പ്രധാന ചികിത്സ. വെള്ളം കുടിക്കാൻ പറ്റാത്ത രീതിയിൽ ഛർദിയും ഓക്കാനവും ഉണ്ടെങ്കിൽ ഡ്രിപ്പ് വഴി നിർജലീകരണം തടയേണ്ടി വരും.
🔵ടൈഫോയ്ഡ് (Enteric fever )🔵
📌സാൽമൊണെല്ല കുടുംബത്തിലെ ബാക്റ്റീരിയകളാണ് രോഗാണു. പകരുന്നത് മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും.
📌ലക്ഷണങ്ങൾ:
👉പനിയുടെ കൂടെ തലവേദന, വയറു സംബന്ധമായ ബുദ്ധിമുട്ടുകൾ, വയറിളക്കം, ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഒരാഴ്ചയിൽ കൂടുതൽ പനി നീണ്ടു നിൽക്കുമ്പോഴാണ് സാധാരണ ടൈഫോയ്ഡ് പനി സംശയിക്കുന്നത്.
📌രോഗ നിർണയം
👉ബാക്ടീരിയ ഉണ്ടാക്കുന്ന പനി ആണെങ്കിലും ബ്ലഡ് കൗണ്ടുകൾ അധികം കൂടാറില്ല. ആന്റിബോഡി ഉപയോഗിച്ചുള്ള ടെസ്റ്റുകൾ ലഭ്യമാണ്.
📌ചികിത്സ:
👉സെഫ്ട്രിയക്സോൺ, സെഫിക്സിം, അസിത്രോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികില്സിക്കുന്നത്.
മഴക്കാലമാകുമ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും സാധാരണയായി കാണുന്ന ചില അണുബാധകളാണ് ഇവിടെ പരാമർശിച്ചത്. ഇവയുടെ എല്ലാം ഒരു പൊതു പ്രത്യേകത നാം ശ്രദ്ധിച്ചാൽ തടയാൻ കഴിയുന്നവയാണ് ഇവ എന്നത് കൂടിയാണ്.
👍കൊതുക് കടി ഏൽക്കാതെ നോക്കുക
👍പരിസരം ശുചിയായി സൂക്ഷിക്കുക
👍തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
👍പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകി മാത്രം കഴിക്കുക
👍ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മറയ്ക്കുക
👍രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരിൽ നിന്നും മാറി നിൽക്കുക, ഇവർ നിർബന്ധമായും മാസ്ക് ധരിക്കുക
തുടങ്ങിയ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചാൽ ഒരു പരിധി വരെയെങ്കിലും ഈ അണുബാധകൾ നമുക്ക് തടയാൻ കഴിയും.
ആരോഗ്യം സംബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി സന്ദർശിക്കുക
എഴുതിയത് : ഡോ. ഷമീർ വി കെ
ഇൻഫോ ക്ലിനിക്
Comments are closed.