അദൃശ്യമായ സാമൂഹിക നിയമങ്ങൾ ജന്മാന്തര വാസനകളെ അടിച്ചമർത്തുകയും ചിലനേരം ശിക്ഷിക്കുകയും ചെയ്യുന്നു !
ചില പുസ്തകങ്ങൾ ഒരിക്കലും നമ്മെ വിട്ടു പോവുകയില്ല. ഓർമ്മകളായും വാക്കുകളായും വേദനകളായും ചിലപ്പോഴൊക്കെ ഭ്രാന്തായും , ഒരു കടൽപ്പായൽവള്ളി പോലെ ജീവിതത്തെ ചുറ്റിപ്പിണഞ്ഞു അങ്ങിനെ കിടക്കും .യയാതി അത്തരം ഒരു പുസ്തകമാണ്.കോളേജിൻ്റെ ലൈബ്രറി വിശാലതയിൽ ഒറ്റ കോപ്പി മാത്രമുള്ള പുസ്തകമായി ആണ് യയാതി ആദ്യമെന്നിലേക്ക് കടന്നു വരുന്നത്. അതിനു മുൻപ് എവിടെയോ വായിച്ചറിഞ്ഞിരുന്നു .മറാത്തി സാഹിത്യത്തെക്കുറിച്ച് അന്നും ഇന്നും വലിയ പിടിയൊന്നുമില്ല.ലൈബ്രറിയിൽ തിരക്കി ചെന്നപ്പോൾ പുസ്തകം മറ്റാരുടെയോ കയ്യിലാണ്. രേഖകളിൽ നിന്നും ഡിപ്പാർട്ട്മെൻ്റിൽ തന്നെയുള്ള എൻ്റെ പ്രിയപ്പെട്ട അധ്യാപികയാണ് കക്ഷിയെന്നു കണ്ടെത്തി. തിരികെ കൊണ്ടു വയ്ക്കുമ്പോൾ എടുക്കാൻ കാത്തിരുന്നു.പക്ഷേ ഞാൻ എത്തുന്നതിനിപ്പുറം പുസ്തകം കൈ മറിഞ്ഞു പോയി.പിന്നെ പുസ്തകം കാണുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ആണ് .ഇത്തവണ ഭാഷയായി വില്ലൻ .പുസ്തകം ഹിന്ദി പരിഭാഷയാണ് !.ഹിന്ദി മലയാളം നിഘണ്ടുവും ഹിന്ദി സിനിമ കണ്ടുള്ള പരിചയവും (ദൂരദർശൻ്റെ സഹായം ) വെച്ചു ഒരു ശ്രമം നടത്തി.രണ്ടുദിവസത്തെ മൽപ്പിടുത്തത്തിനുശേഷം പരാജയം സമ്മതിച്ച് തിരികെ കൊണ്ടു വച്ചു.വായിക്കാനുള്ള ആഗ്രഹം പൂർത്തിയായത് പിന്നെയും കുറെ കഴിഞ്ഞാണ് .ഒരു മാതൃഭൂമി പുസ്തകമേളയിൽ ആരും ഇനി വില്ലനാകാത്തവിധം ഞാനതങ്ങു സ്വന്തമാക്കി.
പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
‘തേവർ മകൻ’ സിനിമയെക്കുറിച്ച് ഒരിക്കൽ കമലഹാസൻ പറഞ്ഞിരുന്നു, സ്നേഹിക്കപ്പെടുന്ന സ്ത്രീകൾക്കിടയിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ആ സിനിമയിലേക്ക് നയിച്ചത് എന്ന് .യയാതിയുടെ സമ്മർദങ്ങളും ആ സ്നേഹത്തിൻ്റെ ഉപോൽപ്പന്നം ആണെങ്കിലും കുറേക്കൂടി സങ്കീർണ്ണവും രാഷ്ട്രീയവുമാണ്.പ്രണയത്തിൻ്റെ രാഷ്ട്രീയം യയാതി തിരിച്ചറിയുന്നുണ്ട്. മുകുളികയിലൂടെ , അളികയിലൂടെ എന്തിനേറെ ദേവയാനി യിലൂടെ പോലും.രാജ തന്ത്രത്തിലെ നീതിയാണ് ഇവിടെ പ്രണയത്തിൻ്റെ രസതന്ത്രത്തിനു ഉൽപ്രേരകമാകുന്നത് .ഹൃദയത്തിൻ്റെ ഭാഷയ്ക്കും നിയമങ്ങൾക്കും അതീതമായി അത് വർത്തിക്കുന്നു.ദേവയാനിയ്ക്കും ശർമ്മിഷ്ഠയ്ക്കും അതിൽ നിന്നും വിടുതലില്ല. കചൻ്റെ നിരാസവും ശർമിഷ്ഠയുമായുള്ള പടല പിണക്കവും വൈരാഗ്യവും മനുഷ്യനേക്കാൾ മനുഷ്യൻ നിർമ്മിച്ച അധികാര നിയമ സംവിധാനങ്ങളുടെ നിസംഗതലേക്കാണ് നമ്മെ നയിക്കുന്നത് .അച്ഛനു യൗവ്വനം നൽകിയ മകനും ആ സാമൂഹിക നീതിയ്ക്ക് ഇരയായി കൊണ്ട് മഹത്തായ തത്വചിന്തകളുടെ സഹായത്താൽ സ്വയം ന്യായീകരിക്കുകയും അച്ഛനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നു.
അദൃശ്യമായ സാമൂഹിക നിയമങ്ങൾ ജന്മാന്തര വാസനകളെ അടിച്ചമർത്തുകയും ചിലനേരം ശിക്ഷിക്കുകയും ചെയ്യുന്ന മനുഷ്യ ജീവിതങ്ങളാണ് യയാതിയിലുള്ളത്. വിടുതലിനായി കൊതിക്കുന്ന അബോധ തൃഷ്ണകൾക്ക് സാധ്യമാകുന്നത് കൂടുതൽ സമസ്യ സൃഷ്ടികളാണ്. ഫൂക്കോവിയൻ, ഫ്രോയിഡിയൻ ചിന്താധാരകൾക്ക് പഠനവിധേയമാക്കാവുന്ന, എക്കാലവും പ്രസക്തിയുള്ള ചോദ്യങ്ങളും പ്രശ്നങ്ങളുമാണ് യയാതി മുന്നോട്ടുവയ്ക്കുന്നത്. സമൂഹം ആണധികാരത്തിൻ്റേയും ദ്വന്ദങ്ങളുടേതുമാകുമ്പോൾ പിടഞ്ഞു തീരുന്ന മനസ്സുകൾക്ക് ആൺ പെൺ ഭേദമില്ല ,മറിച്ച് മനുഷ്യൻ മാത്രമാണിവിടെ താൻ തന്നെ നിർമ്മിച്ച രാവണൻ കോട്ടകളിൽ തളയ്ക്കപ്പെടുന്നത് എന്ന് യയാതി ഓർമ്മപ്പെടുത്തുന്നില്ലേ??
പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
വി എസ് ഖാണ്ഡേക്കറിന്റെ ‘യയാതി ‘ എന്ന നോവലിന് ജേക്കബ് തോമസ് എഴുതിയ വായനാനുഭവം.
Comments are closed.