അതുകൊണ്ടാണ് പൈങ്കിളീ എന്ന് വിളിച്ചിട്ടും മതിവരാതെ, തേൻകിളീ എന്ന് തന്നെ നീട്ടി വിളിക്കുന്നത്
അന്തരിച്ച ജനപ്രിയ സാഹിത്യകാരന്‍ സുധാകര്‍ മംഗളോദയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍.
ലിജീഷ് കുമാര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
അതുകൊണ്ടാണ്
പൈങ്കിളീ എന്ന് വിളിച്ചിട്ടും മതിവരാതെ,
തേൻകിളീ എന്ന് തന്നെ നീട്ടി വിളിക്കുന്നത് !!
………………………………………………………..
പെട്ടന്നാണ് ടോയ്ലറ്റിന്റെ വാതില്‍ തുറക്കപ്പെട്ടത്. ഒരു ടവ്വല്‍ മാത്രം ചുറ്റി അളക. അവള്‍ മെല്ലെ അരികിലെത്തി. അമിതിന് ശ്വാസം മുട്ടി.
”ആമി ഇന്നു മുഴുവന്‍ എന്റെയൊപ്പം ഉണ്ടാവണം” അളക അറിയിച്ചു. ”ഈ രാവ് മുഴുവന്‍… അല്ലെങ്കില്‍ എന്നെ കൊന്നു കളഞ്ഞിട്ടു പോകണം ….”
അമിത് ശബ്ദിച്ചില്ല. അളക കൈ നീട്ടി. ആ കൈ കവരാന്‍ അമിതിന്റെ ഉള്ളം ത്രസിച്ചു.
പൊടുന്നനെ അളകയുടെ ദേഹത്തു ചുറ്റിയിരുന്ന ടവ്വല്‍ അഴിഞ്ഞു താഴെ !!
അമിതിന്റെ ശ്വാസം നിലച്ചു പോയി.
(തുടരും)
സത്യം, പിന്നെ ഒരാഴ്ച അത് തുടർന്നു. ഡോക്ടർമാർക്ക് പോലും ശരിപ്പെടുത്താൻ പറ്റിയില്ല. എത്ര ശ്രമിച്ചിട്ടും ശ്വാസം കിട്ടിയതേയില്ല. ഞാൻ സുധാകർ മംഗളോദയത്തിനെഴുതി, ”വെള്ളിത്തിരയുടെ കഴിഞ്ഞ അദ്ധ്യായം വായിച്ചു പോയി. പറ്റുമെങ്കിൽ എനിക്കതു മുഴുവന്‍ ഒറ്റയടിക്ക് വായിക്കാൻ തരണം, ഒരു രാവ് കൊണ്ട് മുഴുവനാക്കാൻ. അല്ലെങ്കില്‍ എന്നെ കൊന്നു കളഞ്ഞിട്ടു പോകണം !!
അതിൻ്റെ മറുപടി സുധാകർ മംഗളോദയമെഴുതുന്നത് ‘ചുവപ്പുകൂടാരങ്ങള്‍’ എന്ന നോവലിലാണ്. എനിക്കുള്ള മറുപടിയാണ്, ഉൾപ്പുളകത്താടെ ചെമന്ന മഷി കൊണ്ട് ഞാനതിനടിവരയിട്ടു. അയാൾ എഴുതി, ”എനിക്കു നിന്നെ ഇഷ്ടമാണ്. ആ ഇഷ്ടം മൂലമാണ് ഞാനൊരു തെറ്റുചെയ്തത്. ക്ഷമിക്കുമല്ലൊ ?” അയാൾക്ക് എന്നെ ഇഷ്ടമാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ, എഴുതാനിരിക്കുമ്പോൾ അയാൾക്കു കാണാം. അയാൾക്ക് എന്റെ ഇഷ്ടങ്ങളറിയാം. എവിടെ തൊട്ടാൽ എനിക്ക് കുളിരുമെന്നറിയാം. എവിടെ വെച്ച് – എങ്ങനെ എൻ്റെ ശ്വാസം നിലയ്ക്കുമെന്നും.
”എന്തിനാണിത്ര പരത്തിപ്പറയുന്നത് ?” ഒരു ദിവസം നേരിട്ട് കാണുമ്പോൾ ചോദിക്കണമെന്ന് കരുതി ഉള്ളിൽ സൂക്ഷിച്ച ചോദ്യമായിരുന്നു അത്. അതിനും അന്നെനിക്കുത്തരം കിട്ടി. അയാൾക്ക് നമ്മളെയെല്ലാം ഇഷ്ടമാണ്. ഇഷ്ടം കൂടിയാൽ ഒരുപാട് പറയാനുണ്ടാവും. ഇഷ്ടം കൂടിയാൽ പിന്നെ നിർത്താൻ പറ്റില്ലെന്നേ !
”അണ്ണാച്ചിയേ… പെണ്ണിനെ കണ്ടമാനം നോവിക്കല്ലേ…” എന്ന് മുത്താച്ചിയമ്മ വിളിച്ചു പറയുമ്പോൾ, ”ഇല്ലീമ്മ” എന്ന് മറുപടി പറഞ്ഞിട്ടും, ചെയ്യുന്നത് നിർത്താൻ കഴിയാത്ത ഒരു പരമേശ്വരന്‍ അണ്ണാച്ചിയുണ്ട് സുധാകർ മംഗളോദയത്തിൻ്റെ പാഞ്ചാലിയിൽ. ”പേടിക്കണ്ടമ്മാ… ഇദോ തീര്‍ന്നു.” എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പരമേശ്വരന്‍ അണ്ണാച്ചി. എന്തിനാണിത്ര പരത്തിപ്പറയുന്നത് എന്ന ചോദ്യത്തിൻ്റെ ഉത്തരം പരമേശ്വരന്‍ അണ്ണാച്ചിയാണ്. ആനന്ദ ദായകനായ ഒരാൾക്ക് സമയം വേണം എന്ന അണ്ണാച്ചിയുടെ പാഠമായിരുന്നു സുധാകർ മംഗളോദയത്തിന് എഴുത്ത്.
”നിന്റൊപ്പം ഒരു നിമിഷംകൂടി കൂടുതല്‍ കിട്ടുമെങ്കില്‍ എനിക്കത് വേണം. അത്ര കൊതിയുണ്ട് എനിക്ക്. എനിക്ക് മതി വന്നില്ല. പറയാനുള്ളതൊന്നും ഞാന്‍ പറഞ്ഞില്ല. അറിയാനുള്ളതൊന്നും ഞാന്‍ കേട്ടില്ല !!” പൂമഞ്ചത്തിലെ നായകൻ്റെ ഈ ഡയലോഗ് വായിച്ചപ്പോൾ, ‘സുധാകരാ…’ എന്നുച്ചത്തിൽ വിളിച്ച് ഞാനൊറ്റയ്ക്ക് ചിരിച്ചിട്ടുണ്ട്.
തുടരും എന്ന ഒറ്റ വാക്കിൻ്റെ വാലേൽ തൂങ്ങി നിങ്ങളെ കാത്തിരുന്നത്രയും ജീവിതത്തിൽ ഒരാളെയും കാത്തിരുന്നിട്ടുണ്ടാവില്ല പലരും. അപ്പോൾ ഞങ്ങൾ എന്തനുഭവിച്ചു എന്ന കൗതുകമല്ല എനിക്കുള്ളത്, അന്നേരങ്ങളിൽ നിങ്ങൾ അനുഭവിച്ചതറിയാനുള്ള ത്വരയാണ്. ഇതൊരു ക്രീഡയല്ലേ, രസിപ്പിക്കുന്നയാൾക്കുമുണ്ടാവില്ലേ രസങ്ങൾ. നിഗൂഢമായ ചില ആനന്ദങ്ങൾ. അതുകൊണ്ടല്ലേ, നാമിനിയും ഇത് തുടരും എന്ന് പറഞ്ഞ് മാത്രം കളിയവസാനിപ്പാക്കാൻ കഴിയുന്നത് ?
ചാരുലത എന്നൊരു നോവലുണ്ട് സുധാകർ മംഗളോദയത്തിൻ്റെ. അതിലാണ്, നായികയെ പരിചയപ്പെടുത്തിക്കൊണ്ട് സുധാകർ മംഗളോദയം എഴുതി: ‘ചാരുലത മോഹങ്ങളുടെ ഭണ്ഡാരമായിരുന്നു. ഓർമ്മയുടെ തുടക്കം തൊട്ടേ അവളറിഞ്ഞിരുന്നു താനൊരതിമോഹിയാണെന്ന്.’ വീണ്ടും എനിക്ക് ‘സുധാകരാ…’ എന്നു വിളിച്ച് ചിരിക്കാൻ തോന്നി.
മോഹങ്ങളുടെ ഭണ്ഡാരമായിരുന്നു ആ മനുഷ്യൻ. അതുകൊണ്ടാണ് അയാൾക്ക് തൻ്റെ മനുഷ്യരെ അത്രമേൽ മോഹിപ്പിക്കാൻ കഴിഞ്ഞത്. അയാൾ എഴുതിയതൊന്നും ചരിത്രത്തിൽ അവശേഷിക്കുക കൃതികൾ എന്നല്ല, വികൃതികളെന്നാണ്. കഥ പറയും കാസനോവയുടെ കളിപ്പേരാണ് പൈങ്കിളി !
‘നോക്കെത്താ ദൂരത്തു കണ്ണും നട്ടു’ എന്ന സിനിമയിൽ ബിച്ചു തിരുമല എഴുതിയൊരു പാട്ടുണ്ട്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന് തുടങ്ങുന്ന പാട്ട്. ജെറി അമൽദേവായിരുന്നു സംഗീതം. മഞ്ഞു വീണതറിഞ്ഞില്ല / വെയിൽ വന്നുപോയതറിഞ്ഞില്ല / ഓമലേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ /പൈങ്കിളീ മലർ തേൻകിളീ എന്ന പാട്ട്. മഞ്ഞു വീണതോ, വെയിൽ വന്നുപോയതോ അറിയാതെ, വന്നെത്തുന്ന നാളുമെണ്ണിയിരുന്ന മനുഷ്യർ ഒരിക്കൽ സ്നേഹാധിക്യത്താൽ നീട്ടി വിളിച്ച പേരാവും ‘പൈങ്കിളീ’ എന്നത്. അതുകൊണ്ടാണ് പൈങ്കിളീ എന്ന് വിളിച്ചിട്ടും മതിവരാതെ തേൻകിളീ എന്ന് തന്നെ നീട്ടി വിളിക്കുന്നത്.
സുധാകർ മംഗളോദയം എന്ന തേൻകിളി ഇനി ഇല്ല. ഇന്നലെ അച്ചടിച്ചു വന്ന സന്ദേശത്തിൻ്റെ അടിയിൽ തുടരും എന്നില്ല. ആയിരം കണ്ണുമായി ഒരുപാടു കാലം അയാളെ കാത്തിരുന്ന മനുഷ്യരോടാണ്, നിങ്ങളുടെ പൈങ്കിളി അതാ പറന്നുപോകുന്നു. പറന്നു പറന്ന് !!
Comments are closed.