ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ?
കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയെന്നും ആർസനിക്കം ആൽബം 30C എന്നാണ് അതിൻറെ പേര് എന്നും അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വാട്സാപ്പിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെതിരെ പ്രതിരോധ മരുന്നുകളൊന്നും നിലവിലില്ല എന്ന വാർത്ത അംഗീകൃത മാധ്യമങ്ങളെല്ലാം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സന്ദേശം ആളുകളിൽ സംശയങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സംശയങ്ങൾക്ക് മറുപടിയായാണ് ഈ ചെറു കുറിപ്പ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
1. എന്താണ് ആർസനിക്കം ആൽബം ?
ഹോമിയോപ്പതിയിലെ പ്രധാനപ്പെട്ട മരുന്നുകളിൽ ഒന്നാണ് ആർസനിക്കം ആൽബം. ആർസനിക് ട്രയോക്സൈഡിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു മരുന്ന് ആണിത്. കീടനാശിനികളുടെയും കളനാശിനികളുടെയും ഗ്ലാസിൻറെയുമൊക്കെ നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു കൊടും വിഷമാണ് ആർസെനിക് ട്രയോക്സൈഡ്. കടുത്ത വിഷസ്വഭാവം കാരണം ഈ രാസവസ്തുവിന്റെ നിർമ്മിതിയും വിതരണവും പല ലോക രാജ്യങ്ങളിലും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഈ രാസവസ്തുവിനെ പലമടങ്ങ് നേർപ്പിച്ചാണ് ആർസനിക്കം ആൽബം ഉണ്ടാക്കുന്നത്. ആകാംക്ഷാ രോഗം, ഉദരസംബന്ധമായ പ്രശ്നങ്ങൾ, സിഫിലിസ്, പൊള്ളുന്നതു പോലെയുള്ള വേദന ഉണ്ടാക്കുന്ന മറ്റു രോഗങ്ങൾ എന്നിവയ്ക്കൊക്കെ ഇത് മരുന്നായി ഉപയോഗിക്കാം എന്നാണ് ഹോമിയോപ്പതി പറയുന്നത്.
ആരോഗ്യം സംബന്ധിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
2. എങ്ങിനെയാണ് ആർസനിക്കം ആൽബം നിർമ്മിക്കുന്നത് ?
ഗ്ലിസറിൻ, ആൽക്കഹോൾ, ജലം എന്നിവയുടെ ഒരു മിശ്രിതത്തിൽ ആർസെനിക് ട്രയോക്സൈഡ് കലർത്തിയോ ആർസെനിക് ലോഹം ജലത്തിൽ വാറ്റിയോ ആണ് ഈ മരുന്നിൻറെ പ്രാഥമികരൂപം ഉണ്ടാക്കുന്നത്. തുടർന്ന് അതിൽ നിന്ന് ഒരു മില്ലി എടുത്ത് 99 മില്ലി ജല-ആൽക്കഹോൾ മിശ്രിതത്തിൽ കലക്കുന്നു. ഇത് നന്നായി കുലുക്കുന്നു. അപ്പോൾ നൂറിലൊന്ന് ഡയല്യൂഷൻ ആയി. ഇങ്ങനെ 30 തവണ ചെയ്താൽ 30C ഡയല്യൂഷൻ ആകും. ഇതാണ് കോവിഡിനെതിരായ മരുന്ന് എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഇത്രയും തവണ നേർപ്പിച്ചാൽ ആർസെനിക് ട്രയോക്സൈഡിന്റെ ഒരു തൻമാത്ര പോലും ഈ മരുന്നിൽ ഉണ്ടാകില്ല. എങ്കിലും അതിനു ഫലമുണ്ടാകും എന്നാണ് ഹോമിയോപ്പതി ചികിത്സകരുടെ വിശ്വാസം. നേർപ്പിക്കുന്തോറും മരുന്നിൻറെ ശക്തി ( പൊട്ടൻസി) കൂടി വരുന്നു എന്നാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ ഒന്ന് എന്നതാണ് ഈ വിശ്വാസത്തിൻറെ കാരണം.
3. ആർസനിക് വിഷമാണോ ?
കാർ ബാറ്ററികളിൽ മുതൽ ആയുധങ്ങളിൽ വരെ ഉപയോഗിക്കുന്ന, വളരെ വാണിജ്യപ്രാധാന്യമുള്ള ഒരു ലോഹമാണ് ആർസനിക്. കംപ്യൂട്ടറും മൊബൈൽ ഫോണുകളും നിർമിക്കാൻ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിൽ പോലും ആർസെനിക്കിന് ഉപയോഗമുണ്ട്. എന്നാൽ കടുത്ത വിഷമാണ് ആർസെനിക് എന്നതിനാൽ സാവധാനം ആർസെനിക്കിനെ ഈ ഉപയോഗങ്ങളിൽ നിന്ന് മാറ്റാൻ ധാരണയുണ്ട്. ലോകത്ത് പലയിടങ്ങളിലും കുടിവെള്ളം ഉപയോഗശൂന്യമാകാൻ കാരണം ആർസനിക് മാലിന്യം കലരുന്നതാണ്.
വിക്ടോറിയൻ കാലത്തെ ബ്രിട്ടനിൽ ആർസെനിക് ട്രയോക്സൈഡ് വിനാഗിരിയിലും ചോക്കിലും കലർത്തി അകത്താക്കുന്ന ഒരു ശീലമുണ്ടായിരുന്നു. വനിതകളായിരുന്നു ഇത് ചെയ്തിരുന്നത്. ഇതുമൂലമുണ്ടാകുന്ന വിളർച്ച അവരെ കൂടുതൽ വെളുത്തതായി തോന്നിച്ചു എന്നതു കൊണ്ടാണ് ഇത്തരം അപകടകരമായ ഒരു ശീലം വളർന്നുവന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ചായങ്ങൾ നിർമിക്കാനും ആർസെനിക് ഉപയോഗിച്ചിരുന്നു എങ്കിലും ഇതിൻറെ വിഷസ്വഭാവം മനസ്സിലാക്കിയതിനെത്തുടർന്ന് സാവധാനം ഉപേക്ഷിക്കുകയായിരുന്നു. സെന്റ് ഹെലെനാ ദ്വീപിൽ തടവിലാക്കപ്പെട്ട നെപ്പോളിയനെ ബ്രിട്ടീഷുകാർ സാവധാനം ആർസനിക് തീറ്റിച്ചു കൊല്ലുകയായിരുന്നു എന്ന വിവാദമായ സിദ്ധാന്തവും ചരിത്രത്തിന്റെ ഭാഗമാണ്.
ഇന്ത്യയിൽ പല നാട്ടു മരുന്നുകളിലും ആർസെനിക്കിന്റെ സാന്നിധ്യം ഉയർന്ന തോതിൽ കണ്ടു വന്നിരുന്നതിനാൽ ആർസെനിക് വിഷബാധ സാധാരണമായിരുന്നു. ആർസനിക് ലോഹം, ആർസെനിക് സൾഫേറ്റ്, ആർസനിക് ട്രയോക്സൈഡ് എന്നിവ കടുത്ത വിഷമായാണ് കണക്കാക്കപ്പെടുന്നത്. ഇവ ക്യാൻസറിനും കാരണമാകാം.
ആരോഗ്യം സംബന്ധിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
4. ആർസനിക് വിഷബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
കടുത്ത വയറിളക്കം, ഛർദ്ദി, വയറുവേദന, ഇരുണ്ട നിറത്തിലുള്ള മൂത്രം, തലചുറ്റൽ, വിളർച്ച, നിർജ്ജലീകരണം എന്നിവയൊക്കെയാണ് ആർസെനിക് വിഷബാധയുടെ ലക്ഷണങ്ങൾ. കോളറയ്ക്കു സമാനമാണ് ആർസനിക് വിഷബാധയുടെ ലക്ഷണങ്ങൾ എന്നു പറയാറുണ്ട്. ഇതുകൊണ്ടുതന്നെ, ഇന്ത്യയിൽ കോളറ സാധാരണയായിരുന്ന കാലത്ത് ആളുകളെ കൊല്ലാൻ ആർസനിക് ഉപയോഗിച്ചിരുന്നു എന്നു പറയപ്പെടുന്നു. കോളറയുമായി തെറ്റിദ്ധരിക്കപ്പെടുന്നതിനാൽ കൊലപാതകമാണെന്നു കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്നതാണ് ഇത്തരമൊരു ദുരുപയോഗം വന്നുചേരാൻ കാരണമായത്.
5. പുതുതായി കണ്ടെത്തിയ ഒരു രോഗത്തിന് എങ്ങനെയാണ് പണ്ടേ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ഒരു മരുന്ന് ഫലപ്രദമാണെന്ന് പറയുക ? ആരാണ് ഇങ്ങനെ അവകാശപ്പെട്ടത് ?
ഹോമിയോപ്പതിയിൽ പുതിയ രോഗങ്ങളോ രോഗാണു സിദ്ധാന്തമോ ഇല്ല. എല്ലാ രോഗങ്ങൾക്കും കാരണം ‘ജീവശക്തി’യുടെ അസന്തുലിതാവസ്ഥയാണെന്നാണ് ഹോമിയോപ്പതിയിലെ വിശ്വാസം. ഹോമിയോപ്പതിയുടെ പിതാവായ ഹാനിമാൻ ഏതാണ്ട് ഇരുനൂറു കൊല്ലം മുൻപ് രൂപപ്പെടുത്തിയ സിദ്ധാന്തമാണ് ഇത്. മയാസം എന്നാണ് ഈ അസന്തുലിതാവസ്ഥയെ പറയുന്നത്. വിവിധ തരത്തിലുള്ള അസന്തുലിതാവസ്ഥകൾ വിവിധ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നുള്ള സിദ്ധാന്തമനുസരിച്ച് വിവിധ മരുന്നുകൾ പ്രയോഗിക്കുന്നു.
ആർസനിക്കം ആൽബം കോവിഡ് രോഗത്തിന് ചികിത്സയായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ടത് ഇൻഡ്യൻ സർക്കാരിന്റെ ആയുഷ് വിഭാഗമാണ്. ആധുനിക വൈദ്യശാസ്ത്രം ഒഴിച്ചുള്ള ‘ചികിത്സാ രീതിക’ളുടെ പ്രചാരത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിഭാഗമാണ് ഇത്. 2020 മാർച്ച് ആറിനു പുറത്തിറക്കിയ കോവിഡ് നേരിടാനുള്ള നിർദ്ദേശങ്ങളിൽ സെക്ഷൻ ‘ഐ’ സബ്സെക്ഷൻ ‘ഹോമിയോപ്പതി’യിലാണ് ആർസെനിക്കം ആൽബം കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് അവകാശപ്പെടുന്നത്.
6. ഈ മരുന്ന് ഉപയോഗിക്കുന്നതു കൊണ്ട് കോവിഡ് മാറാനോ വരാതിരിക്കാനോ ചെറിയ സാധ്യതയെങ്കിലും ഉണ്ടോ ?
ഈ മരുന്ന് കോവിഡിനോ മറ്റേതെങ്കിലും രോഗത്തിനോ ഫലപ്രദമാണ് എന്നതിനുള്ള യാതൊരു ശാസ്ത്രീയമായ തെളിവുകളും നമുക്കില്ല. ഈ മരുന്നു മാത്രമല്ല ഹോമിയോപ്പതി ചികിത്സ പൂർണമായും അശാസ്ത്രീയമായ സിദ്ധാന്തങ്ങളിലൂന്നിയുള്ളതും ഒരു രോഗത്തിനും ഫലപ്രദമായ ചികിത്സയില്ലാത്തതുമാണ് എന്ന വീക്ഷണമാണ് ആധുനികശാസ്ത്രം വച്ചുപുലർത്തുന്നത്. ഹോമിയോപതിയുടെ ഫലപ്രാപ്തിയ്ക്കു വേണ്ടി നടത്തിയ ശാസ്ത്രീയ പഠനങ്ങളിൽ ഈ ചികിത്സാ രീതിയുടെ ഫലപ്രാപ്തി തെളിയിക്കാൻ സാധിക്കാതിരുന്നതും ശാസ്ത്രത്തിലെ അടിസ്ഥാന സങ്കൽപങ്ങൾക്കുതന്നെ എതിരായ സിദ്ധാന്തങ്ങൾ വച്ചുപുലർത്തുന്നതുമാണ് ഹോമിയോപ്പതിയെ ഒരു “കപടശാസ്ത്രം” അഥവാ സ്യൂഡോ സയൻസ് എന്നു പൊതുവേ വിശേഷിപ്പിക്കാൻ ഇടയായിട്ടുള്ളത്. ഇന്ത്യയിൽ സർക്കാർ അംഗീകൃത ചികിത്സാരീതിയാണ് ഹോമിയോപ്പതി. സർക്കാർ നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ ചികിത്സാരീതി അഭ്യസിപ്പിക്കുന്നുമുണ്ട്. എന്നാൽ ഫലപ്രദമാണെന്ന് തെളിവില്ലാത്തതിനാൽ ചില രാജ്യങ്ങളിൽ ഹോമിയോപ്പതി ചികിത്സകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
7. ആർസെനിക്കം ആൽബം കഴിച്ചാൽ വിഷബാധ ഉണ്ടാകുമോ ?
30 C വരെ നേർപ്പിച്ചാണ് ഈ മരുന്ന് വിതരണം ചെയ്യുന്നത് എന്നും ഇതിൽ ആർസനിക്കിന്റെ ഒരു കണിക പോലും ഉണ്ടാകില്ല എന്നും നേരത്തെ വിശദീകരിച്ചല്ലൊ. അതുകൊണ്ട് ഈ മരുന്ന് കഴിക്കുന്നതിൽ നിന്ന് വിഷബാധ ഉണ്ടാകുമെന്നു പേടിക്കേണ്ടതില്ല. എന്നാൽ കൃത്യമല്ലാത്ത രീതിയിൽ നിർമിച്ച ഹോമിയോമരുന്നുകൾ വിഷബാധ ഉണ്ടാക്കിയതായി ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി ഉണ്ടാക്കിയതല്ലെങ്കിൽ സുരക്ഷ ഉറപ്പു പറയാനാകില്ല.
ആരോഗ്യം സംബന്ധിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
ഡോ. അരുൺ മംഗലത്ത്.
Info Clinic
Comments are closed.