DCBOOKS
Malayalam News Literature Website

ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രപുസ്തകങ്ങളിലൊന്ന്, ‘കോസ്‌മോസ്’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി

Carl Sagan
Carl Sagan

മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്റെ ക്ലാസിക് കൃതി കോസ്‌മോസിന്റെ മലയാള പരിഭാഷ ‘കോസ്‌മോസ്’ ഇപ്പോള്‍ വായനക്കാര്‍ക്ക് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം. ഡോ. വിവേക് പൂന്തിയിലാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

മനുഷ്യന്റെ ഉദയവും വളര്‍ച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികള്‍, ബഹിരാകാശയാത്രകള്‍, അന്യഗ്രഹജീവികള്‍, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നല്‍കുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാള്‍ സാഗന്‍ പുസ്തകത്തില്‍ ഒരുക്കിയിരിക്കുന്നത്.

പുസ്തകത്തിന് കാള്‍ സാഗന്‍ എഴുതിയ ആമുഖം വായിക്കാം

പുരാതനകാലത്ത് നിത്യജീവിതത്തിലെ നിസ്സാരകാര്യങ്ങള്‍ പോലും മഹത്തായ പ്രപഞ്ചസംഭവങ്ങളുമായി ബന്ധിപ്പിക്കപ്പെടാറുണ്ടായിരുന്നു. ഇതിന്റെ ഒരു മനോഹരമായ ഉദാഹരണമാണ് പല്ലുവേദനയ്ക്ക് കാരണമായിരുന്നു എന്ന് കരുതപ്പെട്ടിരുന്ന പുഴുവിനെതിരെ ബി.സി. 1000-ത്തില്‍ അസ്സീരിയക്കാര്‍ ചൊല്ലിയിരുന്ന ഒരു മന്ത്രം. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി പല്ലുവേദനയ്ക്കുള്ള ഒരു പ്രതിവിധി നല്കി അത് അവസാനിക്കുന്നു:
അനു സ്വര്‍ഗം സൃഷ്ടിച്ചതിനുശേഷം,
സ്വര്‍ഗം ഭൂമിയെ സൃഷ്ടിച്ചതിനുശേഷം,
ഭൂമി നദികളെ സൃഷ്ടിച്ചതിനുശേഷം,
നദികള്‍ തോടുകളെ സൃഷ്ടിച്ചതിനുശേഷം,
തോടുകള്‍ ചതുപ്പുനിലങ്ങളെ സൃഷ്ടിച്ചതിനുശേഷം,
ചതുപ്പുനിലം പുഴുവിനെ സൃഷ്ടിച്ചതിനുശേഷം,
കരഞ്ഞുകൊണ്ട് പുഴു ഷമാഷിന്റെ അടുത്തേക്കുപോയി,
തന്റെ കണ്ണുനീര്‍ ഇയെയുടെ മുമ്പില്‍ ഒഴുക്കിക്കൊണ്ട് അത് ചോദിച്ചു:
”അങ്ങ് എന്താണ് എനിക്ക് ഭക്ഷണമായി നല്കുക,
അങ്ങ് എന്താണ് എനിക്ക് കുടിക്കാനായി നല്കുക?”
”ഞാന്‍ നിനക്ക് ഉണങ്ങിയ അത്തിപ്പഴവും
ആപ്രിക്കോട്ടും തരാം.”
”ഇവകൊണ്ട് എനിക്കെന്ത് കാര്യം? ഉണങ്ങിയ അത്തിപ്പഴവും
ആപ്രിക്കോട്ടും!
എന്നെ ഉയര്‍ത്തു, പല്ലുകളുടെയും മോണകളുടെയും
ഇടയില്‍ ഞാന്‍ ജീവിക്കട്ടെ!…”
ഇതു നീ പറഞ്ഞതിനാല്‍, ഓ പുഴുവേ,
ഇയെ അദ്ദേഹത്തിന്റെ ഉഗ്രകരങ്ങളാല്‍
നിന്നെ കൊല്ലട്ടെ!
(പല്ലുവേദനയ്‌ക്കെതിരെയുള്ള മന്ത്രം)

Carl Sagan-Cosmosഇതിന്റെ ചികിത്സ: രണ്ടാം തരം ബിയറും എണ്ണയും നിങ്ങള്‍ ഒരുമിച്ച് കലര്‍ത്തുക;
മന്ത്രം മൂന്നു തവണ ചൊല്ലിയതിനു ശേഷം മരുന്ന് പല്ലില്‍ തേക്കുക.
നമ്മുടെ പൂര്‍വികര്‍ ലോകത്തെ മനസ്സിലാക്കുവാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനുള്ള ശരിയായ രീതി അവര്‍ക്ക് അറിയുമായിരുന്നില്ല. ഭംഗിയും വൃത്തിയുമുള്ള ചെറിയ ഒരു പ്രപഞ്ചമാണ് നമ്മുടേതെന്നും അതിലെ പ്രബലമായ ശക്തികള്‍ അനു, ഷമാഷ്, ഇയെ പോലുള്ള ദൈവങ്ങളാണെന്നും അവര്‍ കരുതി. പ്രപഞ്ചത്തില്‍ മനുഷ്യന് പ്രധാനപ്പെട്ട ഒരു വേഷമുണ്ടെന്നും പ്രകൃതിയുമായി നാം ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. രണ്ടാം തരം ബിയര്‍ ഉപയോഗിച്ചുള്ള പല്ലുവേദനയ്ക്കുള്ള ചികിത്സ പ്രപഞ്ച നിഗൂഢതകളുമായി ബന്ധപ്പെട്ടിരുന്നു.

പ്രപഞ്ചത്തെ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കുന്ന ശക്തവും മനോഹരവുമായ ഒരു രീതി ഇന്ന് നമുക്കുണ്ട്. അത് ശാസ്ത്രമാണ്. ഇത് ഉപയോഗിച്ച് പ്രപഞ്ചം ഒരുപാടൊരുപാട് വിശാലവും പുരാതനവുമാണെന്നും മനുഷ്യവ്യവഹാരങ്ങള്‍ അതില്‍ കാര്യമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുകയില്ല എന്നും നാം മനസ്സിലാക്കിയിരിക്കുന്നു. പ്രപഞ്ചം നമ്മുടെ ദൈനംദിന കാര്യങ്ങളില്‍നിന്നും ഒരുപാട് അകലെയാണെന്നും അപ്രസര്‍മ്മാണെന്നും നമുക്ക് തോന്നിയിരുന്നു. പക്ഷേ, പ്രപഞ്ചത്തിന് നമുക്കൊരുപാട് ആനന്ദം നല്കുവാന്‍ കെല്പുള്ള
പ്രതാപമുണ്ടെന്നും പ്രപഞ്ചത്തെ മനുഷ്യമനസ്സിന് മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും കൂടാതെ സത്യവും പരമവുമായ ഒരു അര്‍ത്ഥത്തില്‍ നാം പ്രപഞ്ചത്തിന്റെ ഭാഗമാണെന്നും ശാസ്ത്രം ഇന്നു കണ്ടെത്തിയിരിക്കുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ സംഭവങ്ങളും അതുപോലെ മനുഷ്യജീവിതത്തിലെ അതിനിസ്സാരമായ കാര്യങ്ങളും പ്രപഞ്ചവുമായും പ്രപഞ്ചത്തിന്റെ ഉത്ഭവവുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ പ്രപഞ്ച കാഴ്ചപ്പാടിനെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം.

കാള്‍ സാഗന്‍, 1984

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.