സംഭവബഹുലമായ ജീവചരിത്രം, ഒപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രവും!
നോവൽ ഭാവനയും ചരിത്രം യാഥാർഥ്യവുമാണെന്ന ധാരണയെ പുതിയ നോവലുകൾ മറികടക്കുന്നു. ചരിത്രവും നോവലും തമ്മിലുള്ള അന്തരങ്ങൾ പതുക്കെ ഇല്ലാതാവുകയാണ്. ആദ്യകാല ചരിത്ര നോവലുകൾ ചരിത്രത്തെ പശ്ചാത്തലമായി മാത്രം കണ്ടപ്പോൾ പുതിയ നോവലുകൾ ഒരു കാലഘട്ടത്തിൻ്റെ ചരിത്ര നിർമിതി എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
ടി. കെ അനിൽകുമാറിൻ്റെ ഞാൻ വാഗ്ഭടാനന്ദൻ എന്ന നോവൽ അദ്ദേഹത്തിൻ്റെ സംഭവബഹുലമായ ജീവചരിത്രത്തോടൊപ്പം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ ജനതയുടെ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും അനാവരണം ചെയ്യുന്നു.
ശ്രീ നാരായണ ഗുരു, ബ്രഹ്മാനന്ദ ശിവയോഗി ,അയ്യത്താൻ ഗോപാലൻ, കുമാരനാശാൻ, ഉള്ളൂർ, എം.ടി.കുമാരൻ, കുഞ്ഞേക്കു ഗുരിക്കൾ, സുകുമാർ അഴീക്കോട് തുടങ്ങിയ ഉൽപതിഷ്ണുക്കളായ നിരവധിയാളുകൾ നോവലിൽ കടന്നു വരുന്നു. ഹരിഹര സ്വാമികളെപ്പോലെ സനാതന ധർമ വിശ്വാസികൾ വാഗ്ഭടാനന്ദനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന സൂചനയും നോവലിലുണ്ട്. പെരളശ്ശേരിയിലും കൊട്ടിയൂരിലും കോഴിക്കോട്ടുമെല്ലാം ദൈവ വിശ്വാസികളെ ഒറ്റക്ക് വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച അദ്ദേഹത്തിൻ്റെ ധൈര്യം ഇപ്പോഴും നമുക്ക് ആവേശംതരും.
നോവലിൽ നിന്ന് ഫിക്ഷൻ്റെ അംശങ്ങൾ മാറ്റി വെച്ച്ചരിത്രവസ്തുതകൾ കണ്ടെത്തുക ഏറെ ശ്രമകരമാണെന്ന് പറയാറുണ്ട്. എന്നാൽ ഈ നോവലിൽ ഫിക്ഷൻ്റെ അംശങ്ങൾ വളരെ കുറവാണെന്നാണ് എനിക്ക് തോന്നിയത്. ഏറെക്കാലത്തെ ഗവേഷണത്തിന് ശേഷമാണ് നോവലിലെ ഓരോ അധ്യായവും ചിട്ടപ്പെടുത്തിയതെന്ന് ആദ്യവായനയിൽ തന്നെ മനസിലാവും. ജനാധിപത്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വെല്ലുവിളികൾ നേരിടുന്ന കാലത്താണ് അനി മാഷിൻ്റെ പുസ്തകം വരുന്നത് എന്നത് ഏറെ സന്തോഷം നൽകുന്നു.
നമുക്കും പാടാം
ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ
ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
ടി.കെ. അനില്‍കുമാറിന്റെ ഞാന്‍ വാഗ്ഭടാനന്ദന് എന്ന നോവലിന് ജയേഷ് വരയില്‍ എഴുതിയ വായനാനുഭവം.
Comments are closed.